

ഇന്ത്യയിൽ എഥനോൾ കലർത്തിയ പെട്രോൾ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചത് 2001ലാണ്
വീണ്ടുവിചാരം|ജോസഫ്എം. പുതുശേരി
എഥനോൾ കലർത്തിയ പെട്രോളിന്റെ ഗുണനിലവാരം പരിശോധിക്കുവാൻ താരതമ്യത്തിനായി കലർപ്പില്ലാത്ത പെട്രോൾ നൽകാൻ എണ്ണക്കമ്പനികൾ തയാറാകുന്നില്ലെന്ന റിപ്പോർട്ടുകളാണ് ഒടുവിൽ പുറത്തുവന്നിരിക്കുന്നത്. എണ്ണക്കമ്പനികളുടെ ഈ നിലപാടിന് എന്തു ന്യായീകരണമാണുള്ളത്? പരിശോധന ആവശ്യപ്പെടുമ്പോൾ ആവശ്യമായ അടിസ്ഥാനസൗകര്യം തന്നെ നിഷേധിക്കുന്നത് എന്തു തരം ഉത്തരവാദിത്വബോധമാണ്? പ്രത്യേകിച്ചും ഉപയോക്താവിന്റെ വാഹനത്തിന്റെയും പണത്തിന്റെയും സുരക്ഷയെ ബാധിക്കുന്നതിനൊപ്പം, പൊതുജനങ്ങളെ ബാധിക്കുന്ന ഒരു നയത്തിന്റെ നടപ്പാക്കലിൽ സർക്കാർ, എണ്ണക്കമ്പനികൾ, പരിശോധനാ സംവിധാനങ്ങൾ എന്നിവയ്ക്കുള്ള ഉത്തരവാദിത്വം കൂടിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.
ഇതു സംബന്ധിച്ച ആക്ഷേപങ്ങൾ നാളുകളായി ഉയർന്നുവന്നിരുന്ന പശ്ചാത്തലത്തിലാണ് കർണാടക സർക്കാർ പരിശോധനയ്ക്ക് മുതിർന്നത്. അനുവദനീയമായ 20 ശതമാനത്തിനു പകരം 31 ശതമാനം വരെ എഥനോൾ കണ്ടെത്തിയെന്നതായിരുന്നു കർണാടകയുടെ പരിശോധനാഫലം. ഇതേത്തുടർന്നാണ് കേരളത്തിലും പരിശോധനയ്ക്കു നിർദേശമുയർന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ഒമ്പതു പെട്രോൾ പമ്പുകളിൽ നിന്ന് സാംപ്ളുകൾ ശേഖരിക്കുകയും ചെയ്തു. കേരളത്തിലെ കെമിക്കൽ എക്സാമിനേഴ്സ് ലാബോറട്ടറി എഥനോള് അളവ് കൃത്യമായി കണ്ടെത്താൻ ഗ്യാസ് ക്രോമാറ്റൊഗ്രഫി ഉൾപ്പെടെ പരിശോധനകൾക്കുള്ള തയാറെടുപ്പുകളും നടത്തി. ഇതിനുള്ള താരതമ്യ പഠനത്തിന് എഥനോള് കലർത്താത്ത ശുദ്ധമായ പെട്രോൾ ആവശ്യമാണ്. അതിനായി എണ്ണക്കമ്പനികളെ സമീപിച്ചപ്പോഴാണ് യുക്തിയും ന്യായവും ഇല്ലാത്ത തരത്തിൽ കമ്പനികൾ ചുവപ്പുകാർഡ് ഉയർത്തിയിരിക്കുന്നത്.
ഇന്ധന ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യത്തിന്റെ സാമ്പത്തിക ബാധ്യത കുറയ്ക്കുക, വിദേശനാണ്യച്ചെലവ് നിയന്ത്രിക്കുക, കർഷകർക്ക് അധിക വരുമാനമാർഗം തുറക്കുക, പരിസ്ഥിതി മലിനീകരണം കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പെട്രോളിൽ എഥനോൾ കലർത്തുന്ന പദ്ധതി ഇന്ത്യയിൽ നടപ്പാക്കിയത്. ലക്ഷ്യങ്ങൾ കേൾക്കുമ്പോൾ ആർക്കും എതിർപ്പുണ്ടാകേണ്ട കാര്യമില്ല. എന്നാൽ, നല്ല ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചതുകൊണ്ടുമാത്രമായില്ല, അതു ജനോപകാരപ്രദമാകണം. അതിന്റെ നടപ്പാക്കൽ സുതാര്യവും ശാസ്ത്രീയവും ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതുമാകണം.
ഇന്ത്യയിൽ എഥനോൾ കലർത്തിയ പെട്രോൾ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചത് 2001ലാണ്. 2002 സെപ്റ്റംബറിൽ സർക്കാർ പദ്ധതി പ്രഖ്യാപിക്കുകയും 2003 ജനുവരി മുതൽ ഒമ്പത് സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലും അഞ്ച് ശതമാനം എഥനോൾ കലർത്തിയ പെട്രോൾ വിൽപ്പന ആരംഭിക്കുകയും ചെയ്തു. 2006ൽ ഇത് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു. എന്നാൽ ആദ്യഘട്ടത്തിൽ പദ്ധതി പ്രതീക്ഷിച്ച വേഗത്തിൽ മുന്നോട്ടുപോയില്ല. 2013-14 കാലത്ത് ശരാശരി എഥനോൾ കലർത്തൽ ഒന്നര ശതമാനത്തോടടുത്തു മാത്രമായിരുന്നു. പിന്നീട് 2018-ലെ ദേശീയ ജൈവ ഇന്ധന നയവും തുടർന്നുള്ള സർക്കാർ ഇടപെടലുകളും പദ്ധതിക്ക് പുതിയ വേഗം നൽകി.
2020ൽ തയാറാക്കിയ നീതി ആയോഗിന്റെ റോഡ് മാപ്പ് 2030ഓടെ പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുക എന്ന ലക്ഷ്യം മുന്നോട്ടുവച്ചു. പിന്നീട് 2020 ഡിസംബറിൽ 2025 -26 എഥനോൾ സപ്ലൈ വർഷമായി പ്രഖ്യാപിച്ചു ഈ ലക്ഷ്യം നേരത്തെയാക്കി. 2022ൽ ഭേദഗതി ചെയ്ത ദേശീയ ജൈവ ഇന്ധന നയവും ഇതിന് കാരണമായി. 2022 ജൂണിൽ പത്ത് ശതമാനം കലർത്തൽ ലക്ഷ്യം കൈവരിച്ചു. തുടർന്ന് 2023-24ൽ ശരാശരി 14.60 ശതമാനവും 2024-25-ൽ ഏകദേശം 19 ശതമാനവും എത്തി. 2025-26ൽ 20 ശതമാനം ലക്ഷ്യത്തിലേക്ക് രാജ്യം നീങ്ങി.
പഞ്ചസാര വ്യവസായത്തിലെ ഉപോത്പന്നമായ മൊളാസസിൽനിന്നും കരിമ്പിൻ നീരിൽനിന്നും മിച്ചമുള്ള അരിയിൽനിന്നും ചോളത്തിൽനിന്നുമൊക്കെ എഥനോൾ ഉത്പാദിപ്പിക്കാം. പെട്രോളിന് പകരമായി ഒരു ഭാഗം എഥനോൾ ഉപയോഗിക്കുമ്പോൾ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ ആവശ്യകത കുറയ്ക്കാൻ കഴിയുമെന്നാണ് സർക്കാർ വാദം. ഇതോടൊപ്പം കരിമ്പ് കർഷകർക്കും പഞ്ചസാര വ്യവസായത്തിനും ധാന്യ ഉത്പാദകർക്കും പുതിയ വിപണി സൃഷ്ടിക്കപ്പെടുന്നു. പരമ്പരാഗത ഇന്ധനങ്ങളെ അപേക്ഷിച്ച് കാർബൺ പുറന്തള്ളൽ കുറയ്ക്കാമെന്ന പരിസ്ഥിതി വാദവും പിൻബലമായി ഉയർത്തി.
എന്നാൽ നേട്ടങ്ങളുടെ ഈ പട്ടികക്കൊപ്പം മറ്റൊരു വശം കൂടി പരിശോധിക്കേണ്ടതുണ്ട്. എഥനോൾ കലർത്തിയ ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഇന്ധനക്ഷമത, എൻജിൻ ഘടകങ്ങളുടെ ആയുസ്, റബർ ഭാഗങ്ങളുടെയും ഇന്ധനവിതരണ സംവിധാനത്തിന്റെയും സുരക്ഷ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ. പ്രത്യേകിച്ചും ഇ20 ഇന്ധനത്തിന് അനുയോജ്യമായി രൂപകൽപ്പന ചെയ്യുകയോ ക്രമീകരിക്കുകയോ ചെയ്യാത്ത പഴയ വാഹനങ്ങളിൽ ഇന്ധനക്ഷമത കുറയാനുള്ള സാധ്യതയുണ്ട്. വാഹനത്തിന്റെ നിർമാണവർഷവും എൻജിൻ രൂപകൽപ്പനയും അനുസരിച്ച് ഇതിന്റെ തോത് വ്യത്യാസപ്പെടും. അതുകൊണ്ടുതന്നെ എല്ലാ വാഹനങ്ങൾക്കും ഒരേ അനുഭവമായിരിക്കില്ല.
രാജ്യത്തെ വാഹനവിപണിയിൽ കോടിക്കണക്കിന് പഴയ വാഹനങ്ങൾ നിലനിൽക്കുമ്പോൾ, അവയുടെ ഉടമകൾക്ക് ഉണ്ടാകാവുന്ന അധിക സാമ്പത്തിക ബാധ്യതയെക്കുറിച്ച് സർക്കാർ എത്രമാത്രം ഗൗരവത്തോടെ ആലോചിച്ചുവെന്ന പ്രധാന ചോദ്യമാണ് ഇവിടെ ഉയരുന്നത്. നയപരമായ മാറ്റത്തിന്റെ ചെലവ് ഉപയോക്താക്കളുടെ ചുമലിൽ മാത്രം കെട്ടിവയ്ക്കുന്നത് നീതിയാണോ?
എഥനോൾ കലർത്തിയ പെട്രോളിന് ബിഐഎസ് നിശ്ചയിച്ചിരിക്കുന്ന ഇ20 ഗുണനിലവാര മാനദണ്ഡമനുസരിച്ച് എഥനോൾ അളവ് 20 ശതമാനമാണ്. ഈ പരിധി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടത് എണ്ണക്കമ്പനികളുടെയും നിയന്ത്രണ സംവിധാനങ്ങളുടെയും ഉത്തരവാദിത്വമാണ്. എന്നാൽ കർണാടകയിൽ നടത്തിയ പരിശോധനകൾ ഈ ഉറപ്പിനെയാണ് ചോദ്യം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ ഏഴ് ജില്ലകളിൽനിന്ന് ശേഖരിച്ച 63 സാമ്പിളുകളിൽ ചിലതിൽ 26 മുതൽ 31.2 ശതമാനം വരെ എഥനോൾ കണ്ടെത്തിയെന്നാണ് കർണാടക സർക്കാരിന്റെ പരിശോധനാഫലം. പരിശോധിച്ച പമ്പുകളിൽ വലിയൊരു വിഭാഗത്തിൽ അനുവദനീയമായ അളവിൽ കൂടുതൽ എഥനോൾ ഉണ്ടായിരുന്നുവെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി.
നിസാരമായ ഒരു സാങ്കേതികപ്പിഴവായി ഇതിനെ തള്ളിക്കളയാനാവില്ല. 20 ശതമാനം വരെ എഥനോൾ കലർത്തിയ ഇന്ധനം ഉപയോഗിക്കാമെന്ന് ഉപയോക്താവിനെ അറിയിച്ചശേഷം അതിനേക്കാൾ ഉയർന്ന അളവിലുള്ള ഇന്ധനം വിൽക്കുന്നത് വഞ്ചനയാണ്. കർണാടകയുടെ പരിശോധനാഫലങ്ങൾ എണ്ണക്കമ്പനികൾ അംഗീകരിച്ചിട്ടില്ല. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖലാ കമ്പനികൾ 2026 നവംബർ ഏഴിനു പുറത്തുവിട്ട വിശദീകരണത്തിൽ, 27 സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരിശോധിച്ച 893 സാംപ്ളുകളും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് അവകാശപ്പെട്ടു. കർണാടകയിൽനിന്നുള്ള 56 സാംപ്ളുകളിൽ എഥനോൾ അളവ് 19 മുതൽ 20 ശതമാനം വരെയാണെന്നും അവർ പറഞ്ഞു.
സാംപ്ളുകൾ ശേഖരിച്ച രീതിയിലും പരിശോധനയുടെ സാങ്കേതിക നടപടിക്രമങ്ങളിലും അപാകതയുണ്ടെന്നാണ് കമ്പനികളുടെ വാദം. അതിനാൽ കർണാടകയുടെ കണ്ടെത്തലുകൾ അന്തിമമായി അംഗീകരിക്കാനോ കമ്പനികളുടെ വിശദീകരണം മാത്രം വിശ്വസിച്ച് തള്ളിക്കളയാനോ കഴിയില്ല. സംശയങ്ങൾക്കു പരിഹാരം കണ്ടെത്താൻ സ്വതന്ത്രവും സുതാര്യവുമായ പരിശോധനയാണ് വേണ്ടത്. ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ പരിശോധനാനീക്കം.
ഉപയോക്താക്കൾ വാങ്ങുന്ന ഇന്ധനത്തിന്റെ ഗുണനിലവാരം അറിയാനുള്ള അവകാശം അവർക്കുണ്ട്. അതുകൊണ്ടുതന്നെ ഈ പരിശോധന സ്വാഗതാർഹമാണ്. അതു സർക്കാരിന്റെ ഉത്തരവാദിത്വവുമാണ്. ആവശ്യമായ സാംപ്ൾ ലഭ്യമാക്കേണ്ടത് അതിന്റെ ശാസ്ത്രീയ നടത്തിപ്പിന് അനിവാര്യമാണെന്നിരിക്കെ ഇന്ധനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കേണ്ട എണ്ണക്കമ്പനികൾ താരതമ്യ പഠനത്തിന് ആവശ്യമായ അടിസ്ഥാനസാംപ്ൾ ലഭ്യമാക്കുന്നതിൽ എന്തിനാണ് മടി കാണിക്കുന്നത്? ഉപയോക്താക്കളുടെ ആശങ്ക പരിഹരിക്കാൻ സഹായിക്കേണ്ട സ്ഥാപനങ്ങൾ തന്നെ പരിശോധനയ്ക്ക് തടസ്സമാകുന്ന സാഹചര്യം ആർക്കും അംഗീകരിക്കാനാവില്ല.
കർണാടകയിലെ പരിശോധനയെക്കുറിച്ച് കേന്ദ്രവും എണ്ണക്കമ്പനികളും ഉന്നയിച്ച പ്രധാന വിമർശനങ്ങളിലൊന്നും ഇത്തരം താരതമ്യ പരിശോധനയുടെ അഭാവമായിരുന്നു. അങ്ങനെയിരിക്കെ, അതേ താരതമ്യ പരിശോധന നടത്താൻ കേരളം ശ്രമിക്കുമ്പോൾ ആവശ്യമായ സാംപ്ൾ നൽകുന്നതിൽ വിമുഖത കാണിക്കുന്നത് വിരോധാഭാസമല്ലേ? യഥാർഥത്തിൽ എണ്ണക്കമ്പനികളും ഈ പരിശോധനയിൽ പങ്കെടുത്ത് സംശയനിവാരണം നടത്തി അഗ്നിശുദ്ധി വരുത്തുകയല്ലേ വേണ്ടത്?
ശുദ്ധമായ പെട്രോൾ ലഭിക്കാത്ത സാഹചര്യത്തിൽ പരമ്പരാഗത രാസപരിശോധനകൾ നടത്തി ഫലം പ്രസിദ്ധീകരിക്കാനുള്ള നീക്കത്തിലാണ് കേരളത്തിലെ അധികൃതർ. എന്നാൽ ഈ പരിശോധനയുടെ ഫലങ്ങൾക്കെതിരെ പിന്നീട് സാങ്കേതികമായ ആക്ഷേപങ്ങൾ ഉയരാതിരിക്കണമെങ്കിൽ പരിശോധനയുടെ രീതി, ഉപയോഗിക്കുന്ന മാനദണ്ഡങ്ങൾ, സാംപ്ളുകളുടെ ഉറവിടം, ലബോറട്ടറിയുടെ അംഗീകാരം എന്നിവയെല്ലാം സുതാര്യമായിരിക്കണം.
എണ്ണക്കമ്പനികൾക്കും പരിശോധനയിൽ പങ്കെടുക്കാനും സാംപ്ൾ പകർപ്പുകൾ പരിശോധിക്കാനും അവസരം നൽകാം. അതേസമയം പരിശോധനയെ സ്വാധീനിക്കാനോ തടസപ്പെടുത്താനോ ആർക്കും അവസരം ഉണ്ടാകരുത്.
പരിശോധനാഫലം പുറത്തുവന്നാൽ അതിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരായ സ്ഥാപനങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കുകയും ഉപയോക്താക്കൾക്കുണ്ടായ നഷ്ടം വിലയിരുത്തുകയും വേണം. എഥനോൾ കലർത്തൽ പദ്ധതിയുടെ നേട്ടങ്ങളെക്കുറിച്ച് സർക്കാർ നിരന്തരം പ്രചാരണം നടത്തുമ്പോൾ അതിന്റെ ദോഷവശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകേണ്ട ബാധ്യതയും സർക്കാരിനുണ്ട്. വാഹനങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ, ഇന്ധനക്ഷമതയിലെ കുറവ്, അറ്റകുറ്റപ്പണികൾക്കുള്ള അധിക ചെലവ്, അനുവദനീയമായതിലും കൂടുതൽ എഥനോൾ കലർത്തിയാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ എന്നിവയെല്ലാം സ്വതന്ത്രമായി പഠിക്കണം.
20 ശതമാനം എഥനോൾ കലർത്തിയ ഇന്ധനം ഉപയോഗിക്കാൻ വാഹനങ്ങൾ പ്രാപ്തമാണെന്ന് പറയുന്നതും അതിൽ കൂടുതൽ അളവ് കലർത്തിയാലും കുഴപ്പമില്ലെന്ന് പറയുന്നതും രണ്ടാണ്. നിശ്ചയിച്ചിരിക്കുന്ന പരിധി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ബാധ്യതയാണ് കമ്പനികൾക്ക് പ്രഥമവും പ്രധാനവുമായുള്ളത്. അതിനു കഴിയാത്തപക്ഷം ആ നിയന്ത്രണസംവിധാനത്തിന്റെ പ്രസക്തി എന്താണ്? എഥനോൾ ഉത്പാദകരുടെയും പഞ്ചസാര വ്യവസായത്തിന്റെയും എണ്ണക്കമ്പനികളുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്നതുപോലെ തന്നെ വാഹന ഉടമകളുടെയും സാധാരണ ഉപയോക്താക്കളുടെയും താതൽപര്യങ്ങളും സംരക്ഷിക്കപ്പെടണം.
കർഷകരുടെ വരുമാനം വർധിപ്പിക്കാനും വിദേശനാണ്യച്ചെലവ് കുറയ്ക്കാനും പരിസ്ഥിതി സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള ഒരു പദ്ധതിയെ എതിർക്കേണ്ടതില്ല. എന്നാൽ ആ ലക്ഷ്യങ്ങൾ നേടുന്നതിന്റെ പേരിൽ ഉപയോക്താക്കളുടെ അവകാശങ്ങൾ ബലികഴിക്കാനാവില്ല.
കേരളത്തിലെ പരിശോധനാഫലം എന്തായിരിക്കുമെന്നത് കാത്തിരുന്ന് കാണാം. ആവശ്യമായ ശുദ്ധമായ പെട്രോൾ നൽകാൻ എണ്ണക്കമ്പനികൾ തയാറാകുന്നില്ലെങ്കിൽ സർക്കാർ അത് നിയമപരമായി ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണം. ആവശ്യമെങ്കിൽ കോടതിയുടെ ഇടപെടലും തേടണം. പെട്രോളിൽ എത്ര എഥനോൾ കലർത്തണമെന്ന് തീരുമാനിക്കാനുള്ള അധികാരം സർക്കാരിനുണ്ടാകാം. എന്നാൽ അനുവദനീയമായ അളവിൽ കൂടുതൽ കലർത്തി ഉപയോക്താക്കളെ വഞ്ചിക്കാനുള്ള അധികാരം ആർക്കുമില്ല. അതിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള അവകാശം സർക്കാരിനും ജനങ്ങൾക്കും നിഷേധിക്കാൻ എണ്ണക്കമ്പനികൾക്കും അവകാശമില്ല. ജനങ്ങളുടെ പണം വാങ്ങി ഇന്ധനം വിൽക്കുന്ന സ്ഥാപനങ്ങൾ ജനങ്ങളോടും ജനാധിപത്യപരമായ പരിശോധനാ സംവിധാനങ്ങളോടും ഉത്തരവാദിത്തമുള്ളവരായിരിക്കണം. അധികാരത്തിന്റെ അഹന്തയല്ല, ഉത്തരവാദിത്വത്തിന്റെ സുതാര്യതയാണ് ഇവിടെ വേണ്ടത്.