

ഭൂഗുരുത്വ ആകർഷണത്തിനെതിരേ കലാകാരൻ
അക്ഷരജാലകം| എം.കെ. ഹരികുമാർ
സർഗാത്മകതയുടെ ഏറ്റക്കുറച്ചിൽ എഴുത്തുകാരെ പ്രതിസന്ധിയിലാക്കാറുണ്ട്. ചിലർ ധാരാളം പ്രസംഗിക്കും. രാഷ്‌ട്രീയ, ബാഹ്യ വിഷയങ്ങളെക്കുറിച്ചെല്ലാം എഴുതും. ചാനലുകളിൽ പോയി സകലതിനെക്കുറിച്ചും പ്രസംഗിക്കും. എന്നാൽ സർഗാത്മകമായി പിന്നിലായിരിക്കും. ഇത് അവർ അറിയണമെന്നില്ല. സർഗാത്മകതയുടെ ഏറ്റവും ഉന്നതമായ തലത്തെക്കുറിച്ചു അവർ ചിന്തിക്കുന്നതു പോലുമുണ്ടാകില്ല. അവർ പക്ഷേ ഒരു പരാധീനത അനുഭവിക്കുന്നുണ്ടാവും. വളരെ ഇടത്തരമായ, താഴ്ന്ന നിലവാരത്തിലുള്ള അഭിപ്രായങ്ങളായിരിക്കും ഇക്കുട്ടരെ നയിക്കുന്നത്. സ്ഥാനത്തും അസ്ഥാനത്തും അവർ അംബേദ്കർ, ഗാന്ധി എന്നെല്ലാം പറഞ്ഞുകൊണ്ടിരിക്കും. 19ാം നൂറ്റാണ്ടിലെ മനുഷ്യാവസ്ഥയല്ല ഇപ്പോഴുള്ളത്. ഒരിടത്ത് ജനിച്ച് അവിടെത്തന്നെ മരിക്കുന്ന രീതിക്ക് മാറ്റം വന്നു. ഇപ്പോൾ ആളുകൾ അവരുടെ കഴിവ് ഉപയോഗിക്കുന്നു. പൗരനാവുക എന്നാൽ സാങ്കേതിക വൈദഗ്ധ്യം നേടുക എന്നാണർഥം.
തൊഴിലാളികളുടെ നൈതിക, ധാർമിക മൂല്യങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു. മിസൈൽ നിർമിക്കുന്ന വ്യവസായ സ്ഥാപനങ്ങളിൽ പണിയെടുക്കുന്നവർ തൊഴിലാളി എന്ന പരിഗണനയിൽ വരികയില്ല. അവർ ചെയ്യുന്ന തൊഴിലിന്‍റെ സാമൂഹികമായ പ്രത്യാഘാതത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. ചിന്തിക്കുന്നത് അപകടമാണ്. എല്ലാ വഴിയും റോബോട്ടിനെ ഏൽപ്പിക്കാം. മാനവരാശിയുടെ ശാപം, പ്രാക്ക് ഏറ്റുവാങ്ങാൻ റോബോട്ട് ഉണ്ടല്ലോ. ഇനി എഐ ആ പഴി ഏറ്റെടുത്തു കൊള്ളും. തൊഴിലാളികളെക്കുറിച്ചുള്ള 19ാം നൂറ്റാണ്ടിലെ മാർക്സിസ്റ്റ് ചിന്തകൾ ഇപ്പോൾ പ്രാവർത്തികമല്ല. ഒരു തൊഴിലാളി, മുതലാളി സംഘർഷമല്ല ഇപ്പോഴുള്ളത്. തൊഴിലാളിക്ക് ആധുനിക നാഗരികതയുടെ സൗഭാഗ്യങ്ങൾ നൽകുന്നത് മുതലാളിത്തമാണ്. വലിയ നഗരങ്ങളിലെ തൊഴിലാളിയുടെ സൗഭാഗ്യങ്ങൾ ഗ്രാമങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. മുതലാളിത്തം തൊഴിലാളിയെ ഒരു അതിഥിയായി കാണുകയാണ്. അവന്/ അവൾക്ക് വിശിഷ്ടമായ യൂണിഫോം കൊടുക്കുന്നു.
രോഗി വിശിഷ്ട വ്യക്തി
ആശുപത്രിയിൽ ചെല്ലുന്ന രോഗി തൊഴിലാളിയുടെ ഗണത്തിലാണുള്ളത്. രോഗം എന്ന വ്യവസായത്തെ നിലനിർത്തുന്ന തൊഴിലാളിയാണയാൾ. അതുകൊണ്ട് അയാൾക്ക് ആശുപത്രിയിൽ ഫൈവ് സ്റ്റാർ പദവി ലഭിക്കുന്നു. വിശ്രമ മുറിയിൽ ടിവിയും ഇൻറർനെറ്റും ഫോണും എസിയും ഉറപ്പാക്കിയിട്ടുണ്ട്. രോഗി ഒരു വിശിഷ്ട വ്യക്തിയാണ്. അയാളെ സാറേ എന്ന് വിളിച്ച് പരിചരിക്കാൻ പ്രത്യേക മുഖഭാവം നേടിയ മറ്റു തൊഴിലാളികൾ ഉണ്ടാവും. അത് നല്ലതാണ്. ഇത് സാധ്യമാക്കിയത് പുതിയ മനുഷ്യാവസ്ഥയും ശാസ്ത്രസങ്കേതികതയുമാണ്. രോഗി എന്ന തൊഴിലാളിക്ക് ആശുപത്രിമുതലാളിയെ നേരിട്ട് ബന്ധപ്പെടേണ്ടതില്ല. ആശുപത്രിയുടെ മുഖം മിനുക്കുന്ന സവിശേഷ പെരുമാറ്റ രീതിയാർജിച്ച പ്രത്യേക ആളുകൾ അവിടെയുണ്ടാകും. രോഗിയുടെ ശ്വാസത്തിനും രക്തത്തിനും മറ്റു വസ്തുക്കൾക്കും തീപിടിച്ച വിലയാണ്. അതാണ് രോഗി എന്ന തൊഴിലാളിയെയും രോഗം എന്ന വ്യവസായത്തെയും നിലനിർത്തുന്ന ഘടകം.
ആധുനിക മുതലാളിത്തത്തിന്‍റെ വർധിച്ച ഗുണഫലങ്ങൾ അനുഭവിച്ചു ശീലിച്ച നമുക്ക് രോഗി എന്ന സ്റ്റാറ്റസ് ഉപേക്ഷിക്കാനാവില്ല. അതുകൊണ്ട് രോഗിയാവുക എന്നതാണ് നമ്മുടെ മുന്നിലുള്ള ഏറ്റവും കണ്ണഞ്ചിപ്പിക്കുന്ന വഴി. ആ വഴിയെ പോയാൽ മതി, നാം രോഗം എന്ന സംസ്കാരത്തിന്‍റെ ഉപയോക്താക്കളായി മാറും. ഈ രോഗാവസ്ഥയെ സ്വന്തം മാനസികാനുഭവമാക്കി കൊണ്ടുനടന്ന കലാകാരന്മാർ, ചിലർ ഉന്നതമായ സർഗാത്മക കഴിവുകളുള്ളവരായതു കൊണ്ട് സകലനോടും കലഹിക്കുകയും എതിരിടുകയും ചെയ്തു. അനീതി കണ്ടാൽ എതിർക്കുക എന്നു പറഞ്ഞാൽ അവരുടെ സഹജമായ സ്വഭാവമായിരുന്നു. അവർ അനീതിക്കെതിരെ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുമായിരുന്നു. അവർക്ക് നേടാൻ ധാരാളം കാര്യങ്ങൾ ഇല്ലാതിരുന്നതുകൊണ്ടാണ് ഇത് സാധ്യമായത്.
അനീതി കണ്ടിട്ടും മിണ്ടാതിരിക്കാനാണ് ഇന്നത്തെ കലാകാരന്മാരുടെ വിധി. ഇവർ അനുരഞ്ജനക്കാർ മാത്രമല്ല; പലതും നഷ്ടപ്പെടരുതെന്ന ബോധമുള്ളതു കൊണ്ടാണ് അങ്ങനെ ഒതുങ്ങുന്നത്. ആധുനികതയുടെ വക്താക്കളായ പലരും തങ്ങൾക്ക് നേടാനുള്ള പട്ടികയ്ക്ക് പ്രാധാന്യം കൊടുത്തതുകൊണ്ട് യാതൊരു അനീതിയും കാണാൻ കണ്ണില്ലാത്തവരായി മാറി. "പ്രതിഷേധിക്കുന്ന തലമുറ' എന്ന പേരിൽ കെ.പി. അപ്പൻ എഴുപതുകളിൽ ഒരു ലേഖനമെഴുതി. എന്നാൽ ആ ലേഖനം, ഇപ്പോൾ അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ പ്രതിസന്ധിയിലാക്കിയേനെ. പ്രതിഷേധിക്കാത്ത തലമുറ എന്ന ലേഖനമെഴുതാൻ അദ്ദേഹം ഒരുമ്പട്ടേനെ.
ഭാവന ചെയ്ത് മുന്നോട്ട്
സ്വന്തം ആത്മപ്രകൃതത്തിൽ താനെന്ന ഭാവം ഒട്ടിച്ചു, മറ്റൊന്നിനോടും യോജിച്ചു പോകാതെ അലഞ്ഞ കവികളും എഴുത്തുകാരും അവരുടെ നേരുകൾക്ക് പ്രാധാന്യം കൊടുത്തു. കേശവദേവിനെ ഓർക്കാം. സാഹിത്യത്തിന്‍റെ വ്യവസ്ഥാപിതത്വത്തെയും അദ്ദേഹം എതിർത്തു. സാമൂഹ്യമായ അനീതിക്കെതിരെ അദ്ദേഹം പ്രതിഷേധിച്ചുകൊണ്ടിരുന്നു. കഥയെന്ന വ്യവസ്ഥാപിതത്വത്തെ ദേവ് മനുഷ്യന്‍റെ പവിത്രതയിലും പോരാട്ടത്തിലും ദർശിച്ചു.
ഇടപ്പള്ളിയെ നിരാശ പിടികൂടി. ജീവിതസൗന്ദര്യം അത്രമാത്രം ഭീകരമായിരുന്നു. ഭാവനയിലൂടെ ഈ പ്രതിസന്ധി മറികടക്കാൻ ശ്രമിച്ച കവിയാണദ്ദേഹം. ഭാവന സ്വാതന്ത്ര്യമാണെന്ന് പ്രമുഖ വിമർശകനായ കോളിൻ വിത്സൻ പറഞ്ഞത് ഓർക്കണം.
അദ്ദേഹത്തിന്‍റെ വാക്കുകൾ: "നിസംശയം പറയാം, ഭാവന സ്വാതന്ത്ര്യമാണ്. അത് മനുഷ്യജീവികളുടെ പുതിയൊരു മാനമാണ്. അസംബന്ധത്തിനെതിരായ ശക്തിയാണത്. അത് ഭൂഗുരുത്വ ആകർഷണത്തിനെതിരായ ഒരു മാർഗമാണ്. അത് മനുഷ്യനെ ആകാശത്തിലേക്ക് ഉയർത്തും, ഒരു ഇന്ത്യൻ സന്യാസിയെ പോലെ. എല്ലാം അവന് എതിരായിരിക്കാം, അവൻ ബ്ലേക്കിനെ പോലെ ഭൗതിക ജീവിതത്തിൽ വലിയ പരാജയമായിരിക്കാം, പണമോ പ്രശസ്തിയോ ഇല്ലാതെ അവന്‍റെ ചിത്രങ്ങൾ മോശമാണെന്ന് പറഞ്ഞ് പലതും തള്ളിക്കളഞ്ഞേക്കാം. അവന്‍റെ കവിതകൾ ഭ്രാന്തന്‍റെ ജല്പനങ്ങളായി വിലയിരുത്തപ്പെടാം. ഏതൊരു സ്വാഭാവികമായ പരാധീനതയും അവനെ പിന്നിലേക്ക് തള്ളുന്നുണ്ടാകാം. എന്നാൽ അവൻ ഫിസിക്സിലെ നിയമത്തെ നിരസിച്ചുകൊണ്ട് മുന്നോട്ടു കുതിക്കുകയാണ് ചെയ്യുന്നത്'.
സുരാസു ജീവിതത്തെയും കലയെയും മെരുക്കുന്നതിനിടയിൽ സിനിമയിൽ അഭിനയിക്കുകയും "വിശ്വരൂപം' എന്ന നാടകം എഴുതുകയും ചെയ്തു. എന്തിനാണ് നാടകം? സ്വന്തം അസ്തിത്വത്തിന്‍റെ തകർന്ന വ്യവസ്ഥയ്ക്കകത്തു നിന്ന് ഭാവനയിലൂടെ മുകളിലോട്ടു കുതിക്കുന്നതിന്‍റെ ലക്ഷണമാണത്. കലാകാരൻ സൃഷ്ടിക്കുന്ന ലോകം അയാളുടെ അതീതമായ കാഴ്ചയാണ്. അത് ഭൂഗുരുത്വ ആകർഷണത്തിനെതിരായ സമരമാണ്. അസുഖകരമായത് കണ്ടാൽ അത് ദീർഘവീക്ഷണത്തോടെ വിളിച്ചു പറയുന്നു. കാഴ്ചയുടെ ഭാരം, അയാൾ ഒറ്റയ്ക്ക് എടുക്കുന്നു. സമകാലിക സമൂഹം ആ കാഴ്ചയുടെ സൗന്ദര്യം അനുഭവിക്കുകയാണ് വേണ്ടത്.
പുതിയ അനുഭവങ്ങൾ
സർഗാത്മകതയുടെ വർധിതമായ ധാരയിൽ ഒരു കലാകാരന് തന്‍റെ മനസിന്‍റെ മേലുള്ള നിയന്ത്രണത്തിൽ അയവ് വന്നേക്കാം. ഇതിനെയാണ് "കിറുക്ക്' എന്ന് വിളിക്കുന്നത്. ഈ രോഗം മറ്റുള്ളവരുടെ തോളിൽ കയറിയിരുന്ന് കാണാനുള്ള സിദ്ധിയാണ്. പ്രമുഖ അമേരിക്കൻ നാഡീവ്യൂഹശാസ്ത്രജ്ഞയായ നാൻസി ആൻഡ്രിയാസൻ സർഗാത്മകതയും മാനസികരോഗവും എന്ന വിഷയത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. ഒരു വലിയ സർഗാത്മക കലാകാരന് മാനസിക തകർച്ച ഉണ്ടാകാം. അയാൾ അസാധാരണമായി പെരുമാറിയേക്കാം.
ചിത്രകാരൻ വാൻഗോഗ്, "ക്രൂരതയുടെ നാടകവേദി'യുടെ ഉപജ്ഞാതാവ് അഥൊന അർത്തോ തുടങ്ങിയവർ ലോകത്തിലെ ഏറ്റവും മികച്ച കലാകാരന്മാരായിരിക്കെ തന്നെ മാനസിക രോഗാശുപത്രിയിൽ കഴിഞ്ഞിട്ടുണ്ട്, പലവട്ടം. പ്രതിഭാധനരായ വ്യക്തികൾക്ക് പല സവിശേഷതകൾ ഉണ്ടായിരിക്കും. അവർ ചിലപ്പോൾ ദുർബലരായിരിക്കും. പുതിയ അനുഭവങ്ങൾ അവർ ഇഷ്ടപ്പെടുന്നു. മുൻവിധികളില്ലാതെ ലോകത്തെ അവർ സ്വപ്നം കാണുന്നു. ഈ ഇലാസ്തികത പുതിയ കാര്യങ്ങൾ ഭാവന ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നു. ലോകത്തെ ഇന്നലത്തെ പോലെയല്ല കലാകാരൻ ഇന്ന് കാണുന്നത്. ഒരു മാറ്റം സംഭവിച്ചിട്ടുണ്ട്. ആ മാറ്റത്തിന്‍റെ സുവിശേഷമാണ് അവൻ എഴുതുന്നത്. ഇത് സർഗാത്മകതയുടെ പ്രത്യേകതയാണ്. സർഗാത്മകതയുടെ അർഥം എന്തിനെയും പുതുതായി കാണുക എന്നതിൽ അടങ്ങിയിരിക്കുന്നു. പുതിയതായി കാണുക മാത്രമല്ല, പുതിയ മൂല്യാന്വേഷണവും വേണം. ആരും കാണാത്ത മൂല്യം കാണിച്ചുകൊടുക്കണം. പുതിയ രൂപം, ഉള്ളടക്കം, മൂല്യം, ശൈലി, ഭാഷ എന്നിവ ഒത്തുവരുമ്പോഴാണ് സർഗാത്മകത എന്ന വാക്കിന് അർഥം ലഭിക്കുന്നത്.
"സർഗാത്മകമായ സിദ്ധി തീരെ കുറഞ്ഞ വ്യക്തികൾക്ക് എന്തിനും പെട്ടെന്ന് ഉത്തരങ്ങൾ തരാനാവും. അവർക്ക് ഒരു സംശയവും ഉണ്ടായിരിക്കില്ല. ഇതെല്ലാം അവരെ അധികാരികളും രക്ഷിതാക്കളും അധ്യാപകരും മതമേലധികാരികളും പറഞ്ഞു പഠിപ്പിച്ചിട്ടുള്ളതായിരിക്കും'- ആൻഡ്രിയാസൻ പറയുന്നു. പ്രതിഭ തിങ്ങി നിറഞ്ഞ ഒരാൾക്ക് കൂടുതൽ ചോദ്യങ്ങളുണ്ടാകും, ഉത്തരങ്ങൾ കുറവായിരിക്കും. അവർക്ക് ചുറ്റും ഒരു നക്ഷത്രവ്യൂഹമാണുള്ളത്. അവർ ചോദ്യങ്ങൾ ചോദിക്കുന്നത് കൊണ്ട് വിമർശനങ്ങൾ നേരിടേണ്ടി വരും. അവർ നിരാകരിക്കപ്പെട്ടേക്കാം. അവർ സാമ്പ്രദായികമല്ലാത്ത ചിന്തകൾ വഹിക്കുന്നത് കൊണ്ട് ഒറ്റപ്പെടുന്നു. ഇത് അവരെ മാനസിക തകർച്ചയിലേക്കും ആത്മഹത്യയിലേക്കും നയിക്കാം. ജീവിക്കാൻ കൊതിയുള്ളതു കൊണ്ടാണ് ആത്മഹത്യ ചെയ്യാത്തത്. ആ കൊതി നഷ്ടപ്പെട്ടാൽ ആത്മഹത്യ ചെയ്യാനുള്ള വാസന തെളിഞ്ഞുവരും.
വിക്ടർ യുഗോ
ആൻഡ്രിയാസൻ എഴുതുന്നു: "എല്ലാ മനുഷ്യരും മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. അവരുടെ അഞ്ച് ഇന്ദ്രിയങ്ങളും ചേർന്ന് തലച്ചോറിന് കൈകാര്യം ചെയ്യാവുന്നതിനേക്കാൾ അധികം വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അതുകൊണ്ട് നമുക്ക് ചുറ്റിനും സംഭവിക്കുന്ന കാര്യങ്ങളിൽ ഭൂരിപക്ഷവും നാം ഒഴിവാക്കേണ്ടതുണ്ട്. എന്നാൽ വലിയ പ്രതിഭയുള്ളവർ അസുഖകരമായതും കേൾക്കുന്നു. "അവർക്കത് നിയന്ത്രിക്കാനാവുന്നില്ല. പലതരം സന്ദേശങ്ങൾക്ക്, അവർ ചെവികൊടുക്കുന്നു. ഈ പ്രശ്നത്തെ മറികടക്കാൻ വിക്റ്റർ യുഗോ 1830ൽ "നോത്രദാമിലെ കൂനൻ' എന്ന നോവലെഴുതിക്കൊണ്ടിരുന്നപ്പോൾ തന്‍റെ വസ്ത്രങ്ങളെല്ലാം ഒരു പെട്ടിയിലാക്കി പൂട്ടിവച്ചു എന്ന് എഴുതിയിട്ടുണ്ട്. വസ്ത്രമൊന്നും ധരിക്കാതെ ഒരു ഷാൾ മാത്രം തോളിലിട്ടുകൊണ്ടാണ് അദ്ദേഹം നോവലെഴുതിയത്. വസ്ത്രം കണ്ടാൽ പുറത്തുപോകാൻ തോന്നുമത്രേ!
"വസന്തം കഴിഞ്ഞു' എന്ന കവിതയിൽ ഇടപ്പള്ളി ഇങ്ങനെ എഴുതി:
"ഇരുളിന്നടിത്തട്ടിലെത്രയെത്ര
കരളുകൾ തേങ്ങിക്കരഞ്ഞെന്നാലും
കരിയുവാനുള്ള സുമങ്ങളെല്ലാം
വിരിയും വിതറും സുന്ധസാരം
തകരും ഞാൻ- ജീവിതമാകമാനം
പകരാവൂ പാവനപ്രേമഗാനം'.
പ്രതീക്ഷ നഷ്ടപ്പെടുമ്പോഴും ഭാവനയിലൂടെ മുകളിലോട്ടു കുതിക്കാൻ കവി വഴി തേടുന്നു.
രജത രേഖകൾ
1) രാജൻ കൈലാസ്
ഒരു പൂവ്, പൂവ് മാത്രമാണ്. അതിൽ മനുഷ്യൻ കയറിയിരിക്കേണ്ട. രാജൻ കൈലാസ് എഴുതിയ "ബന്തിയാവൽ' (കലാപൂർണ, മാർച്ച്) എന്ന കവിതയിൽ ജനിതക മാറ്റത്തിലൂടെ റോസാപ്പൂവ് വിരിയാൻ അനുവദിക്കാത്ത ബന്തിയെക്കുറിച്ചാണ് എഴുതുന്നത്. പൂവിന് അനന്യതയുണ്ട്. പൂവ് പൂവിലാണുള്ളത്. എന്നാൽ പൂവിന്‍റെ മേൽ കവികൾ ഭാരം കയറ്റി വയ്ക്കുന്നു. രാജൻ കൈലാസ് അത് തിരിച്ചറിഞ്ഞിരിക്കുന്നു.
"ഞാനൊരു പാവം ബന്തി...
എന്‍റെ സന്തോഷവും സാഫല്യവും
ആ ബന്തിയാകൽ മാത്രമാണ്'.
2) ലെനിന്‍റെ അസഭ്യ വാക്കുകൾ
തൊഴിലാളികളുടെ മനസിലേക്ക് എതിരാളികളുടെ പ്രതിരൂപം തള്ളിക്കയറ്റുന്നതിന് റഷ്യൻ കമ്യൂണിസിസ്റ്റ് നേതാവായിരുന്ന വ്ലാഡിമിർ ലെനിൻ പരുഷമായ വാക്കുകൾ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. വൃത്തികെട്ട, ആഭാസൻ, നികൃഷ്ടൻ, വിഡ്ഢി, രാഷ്‌ട്രീയ വേശ്യ, കാളച്ചാണകം, റൗഡി, തെമ്മാടി, മൂക്കൊലിപ്പിക്കുന്നവൻ തുടങ്ങിയ മാർദവമില്ലാത്ത പ്രയോഗങ്ങൾ ലെനിൻ എതിരാളികൾക്കു നേരെ ധാരാളമായി പ്രയോഗിച്ചിട്ടുണ്ട്. കൂടെയുള്ള പാർട്ടി അണികളിൽ ശത്രുവിനെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാട് വ്യക്തമായി പ്രതിഫലിപ്പിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം ഇങ്ങനെയുള്ള പദപ്രയോഗങ്ങൾ ഉപയോഗിച്ചത്.
3) ബോർഹസ്
അർജന്‍റയിൻ കഥാകൃത്ത് ലൂയി ബോർഹസിന്‍റെ കഥകൾ ഒരു പിരിയൻ ഗോവണിയിലൂടെ കഷ്ടപ്പെട്ട് താഴേക്ക് ഇറങ്ങുന്നതിനു സമാനമായ അനുഭവമാണ് തരുന്നത്. എന്നാൽ നമുക്ക് ഒരിക്കലും താഴെ പടികൾ അവസാനിക്കുന്നിടത്ത് എത്തിച്ചേരാനാവുകയില്ല. മുകളിലേക്കോ താഴേക്കോ പൊയ്ക്കൊണ്ടിരിക്കാം. ഒരിടത്തും എത്തുകയില്ല. അവസാനിക്കാത്ത പിരിയൻ ഗോവണി യാത്രയ്ക്കിടയിൽ, ആ യാത്രയെക്കുറിച്ചു തന്നെ പുനരന്വേഷണം നടത്തും. ഗോവണിയുടെ സത്താ മീമാംസ അപഗ്രഥിക്കും. അതിനിടെ ഗോവണി നിലനിൽക്കുന്നുണ്ടോ എന്ന സന്ദേഹം ബലപ്പെടുത്തിക്കൊണ്ടുവരും. അത് കാലത്തിന്‍റെ അനിശ്ചിതത്വത്തിലായിരിക്കും. ഭൂതകാലത്തിലാണോ വർത്തമാനത്തിലാണോ ആ യാത്രയെന്ന് സംശയിക്കുന്ന വിധം ആഖ്യാനത്തിനുള്ളിൽ മറ്റൊരു ആഖ്യാനം വികസിപ്പിക്കും. ഒരു പ്രവൃത്തിയുടെ അനന്തമായ സാധ്യതകളാണ് അദ്ദേഹത്തെ കുഴയ്ക്കുന്നത്. ദ് അലെഫ്, ദ് ബുക്ക് ഓഫ് സാൻഡ്, ദ് ഡെഡ്മാൻ, ദ് ലൈബ്രറി ഓഫ് ബാബേൽ തുടങ്ങിയ കഥകൾ ഉദാഹരണം.
4) എസ്. ഭാസുരചന്ദ്രൻ
നോവലിസ്റ്റ് പി.കെ. ബാലകൃഷ്ണനെക്കുറിച്ച് എസ്. ഭാസുരചന്ദ്രൻ എഴുതിയ ലേഖനത്തിൽ (അതുല്യപ്രതിഭയുടെ ശതാബ്ദി പൂർണത, പ്രഭാതരശ്മി, മാർച്ച്) ഇങ്ങനെ വായിക്കാം: "കുന്ദംകുളത്തെ പതിനാലിന്‍റെയും മുപ്പത്തിമൂന്നിന്‍റെയും നൂറ്റിയഞ്ചിന്‍റെയും ഒറ്റ നോട്ടുകളിറക്കി മലയാള നോവലിൽ കച്ചവടം പൊടിപൊടിക്കുന്ന ഇട്ടിക്കോര വലിയൊരു നോവലിസ്റ്റാണെന്ന് നിങ്ങൾക്ക് തോന്നുന്നത് ബഷീറിന്‍റെ ശബ്ദങ്ങളിലെ നിശബ്ദതയും ബഷീറിന്‍റെ മതിലുകൾക്ക് മുകളിലെ മതിലുകളില്ലാത്ത ആകാശവും വായിക്കാതെ പോകുന്നതുകൊണ്ടാണ്. ഞാൻ കഴിഞ്ഞ പത്തു വർഷത്തിനിടയിൽ വായിച്ച ഏറ്റവും മോശപ്പെട്ട മലയാള നോവലാണ് തപോമയി അവളുടെ അച്ഛനെക്കുറിച്ച് എഴുതിയ നോവൽ'.
ഇങ്ങനെയുള്ള വ്യക്തിപരമായ വിമർശനങ്ങളും വേണം. ചില അവാർഡ് കമ്മിറ്റിക്കാരുടെയും രാഷ്‌ട്രീയ പാർട്ടികളുടെ അനുയായികളുടെയും ഗൂഢതന്ത്രത്തിന്‍റെ ഭാഗമായി എഴുത്തുകാരന്‍റെ മേൽവിലാസം നിർമിക്കപ്പെടുന്നത് ശരിയല്ല.
5) പി. രവികുമാർ
"മലയാള കഥയിൽ കാരൂരിനെ പോലെ, ബഷീറിനെ പോലെ എന്നെ ഏറെ വിസ്മയിപ്പിച്ചിട്ടുള്ളത് ടി. പദ്മനാഭൻ മാത്രമാണ്. നാലാമതൊരാൾ എന്‍റെ വായനയിലില്ല' - പി. രവികുമാർ എഴുതുന്നു (ടി. പദ്മനാഭൻ മലയാള കഥയുടെ എം. ഡി. രാമനാഥൻ, പ്രഭാതരശ്മി, ഫെബ്രുവരി). ഈ പ്രസ്താവനയിൽ തെറ്റും ശരിയുമുണ്ട്. കാരൂർ, ബഷീർ തുടങ്ങിയവരുടെ ചരിത്രപരമായ പ്രാധാന്യം അംഗീകരിക്കുന്നു. എന്നാൽ അവരുടെ കഥകൾ അവതരിപ്പിക്കുന്ന യാഥാർഥ്യം ഇന്നത്തെ പശ്ചാത്തലത്തിൽ നോക്കിയാൽ ആധുനികമല്ല. ഇന്ന് അത്തരം കഥകൾ വായിക്കുമ്പോൾ ചില പരിമിതികൾ നേരിടുന്നുണ്ട്. എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളല്ല, അറിയാത്ത കാര്യങ്ങൾക്കാണ് സാഹിത്യരചനയിൽ പ്രസക്തി. ഇന്നത്തെ സുശിക്ഷിതനായ വായനക്കാരന് പുതിയ ക്രാഫ്റ്റും ഭാഷയും ഉള്ളടക്കവും ആവശ്യമാണ്.
കാക്കനാടൻ, സക്കറിയ, യു. പി. ജയരാജ്, വി. പി. ശിവകുമാർ തുടങ്ങിയവരുടെ ജീവിതവിചാരവും അതിന്‍റെ നിലീനമായ രഹസ്യാത്മകതയും കലയുടെ യൗവ്വനം കാണിച്ചുതരുന്നുണ്ട്. ഇത് ആസ്വാദിക്കുന്ന വായനക്കാരൻ പുതിയ കാലത്തിന്‍റെ സാഹിത്യസംസ്കാരം ഉൾക്കൊള്ളുന്നു. ആധുനികമായ അവബോധമാണ് ഇവിടെ ഉണ്ടാവേണ്ടത്. ടി. പദ്മനാഭനിൽ ഒരു സംഗീതാസ്വാദകനുണ്ടെന്ന നിരീക്ഷണം പ്രസക്തമാണ്, അത് പുതിയ ഒരു കണ്ടെത്തലല്ലെങ്കിലും. പദ്മനാഭൻ ജീവിതത്തെ സാത്വികമായ പരിതാപ പ്രണയമായി കാണുകയാണ്. അതുകൊണ്ട് അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങൾ സ്നേഹത്തിനു വേണ്ടി നിലകൊള്ളുന്നു, ഓർമകളിൽ സുഖം കണ്ടെത്തുന്നു. സ്നേഹം എന്ന വികാരം പ്രശ്നാധിഷ്ഠിതമല്ലാതാകുമ്പോഴാണ് അതിനു മൂല്യമേറുന്നത്. അത് ഗണിത യുക്തിയിൽ അധിഷ്ഠിതമല്ല. പദ്മനാഭന്‍റെ "ഗൗരി', "കത്തുന്ന ഒരു രഥചക്രം' എന്നീ കഥകൾ ഒരു ഗാനാലാപനം പോലെ വികാരതീവ്രമാണ്. ഇത് ചിട്ടപ്പെടുത്തിയ സംഗീതമല്ല; പ്രകൃതിയുടെയും മനസിന്‍റെയും സംഗീതമാണ്.