
നരേന്ദ്ര മോദിയും ഡോണൾഡ് ട്രംപും
യുഎസുമായുള്ള ഇന്ത്യയുടെ ബന്ധം നിലവിൽ അത്ര ഊഷ്മളമല്ല. ഇന്ത്യക്ക് 50 ശതമാനം താരിഫ് ചുമത്താനുള്ള യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തീരുമാനം ഇന്ത്യയുമായുള്ള ബന്ധത്തെ ഉലച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപിനുണ്ടായിരുന്ന സൗഹൃദവും ഏറെക്കുറേ തകർന്ന മട്ടാണ്. ഇന്ത്യ- പാക് വെടി നിർത്തലിനു ഇടനിലക്കാരനായത് താനാണെന്ന ട്രംപിന്‍റെ അവകാശവാദം ഇന്ത്യ നിരന്തരമായി തള്ളിയതാണ് പ്രശ്നങ്ങളുടെ മൂലകാരണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജൂണിലാണ് ഇതുമായി ബന്ധപ്പെട്ട് ട്രംപും മോദിയും അവസാനമായി സംസാരിച്ചത്. അതിനു ശേഷം ഇരുവരും പരസ്പരം സംസാരിച്ചിട്ടില്ലെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ- പാക് സംഘർഷം പരിഹരിച്ചതിലൂടെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം കൈക്കലാക്കാനുള്ള ശ്രമത്തിലായിരുന്നു ട്രംപ്. എന്നാൽ ഇന്ത്യ ഇക്കാര്യം അംഗീകരിച്ചു കൊടുക്കാത്തതിനാൽ ആ സ്വപ്നം യാഥാർഥ്യമാകുന്നത് അത്ര എളുപ്പമായിരിക്കില്ല.
ജൂൺ 17ന് ട്രംപും മോദിയും തമ്മിൽ ടെലഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അന്ന് 35 മിനിറ്റാണ് ഇരുവരും സംസാരിച്ചത്. ഇന്ത്യ- പാക് സൈനിക നീക്കം അവസാനിപ്പിച്ചതിൽ താൻ അത്യന്തം അഭിമാനിക്കുന്നുവെന്നും പാക്കിസ്ഥാൻ തന്നെ നൊബേൽ പുരസ്കാരത്തിനായി ശുപാർശ ചെയ്യുമെന്നും അന്ന് ട്രംപ് മോദിയോട് പറഞ്ഞിരുന്നു. മോദിയും അക്കാര്യം അംഗീകരിച്ച് നൊബേൽ പുരസ്കാരത്തിനായി ശുപാർശ ചെയ്യണമെന്ന് പറയാതെ പറയുകയായിരുന്നു ട്രംപ് എന്ന് നിരീക്ഷകർ പറയുന്നു.
എന്നാൽ ഇന്ത്യയും പാക്കിസ്ഥാനും നേരിട്ടാണ് പ്രശ്നം പരിഹരിച്ചതെന്നും യുഎസ് അക്കാര്യത്തിൽ യാതൊന്നും ചെയ്തിട്ടില്ലെന്നുമുള്ള നിലപാടിൽ മോദി ഉറച്ചു നിന്നു. മോദിയുടെ നിലപാടിൽ ട്രംപിന് അതൃപ്തിയുണ്ടായിരുന്നു. ആ ടെലിഫോൺ കോളിനു ശേഷം ആഴ്ചകൾക്കുള്ളിലാണ് ഇന്ത്യക്ക് 50 ശതമാനം താരിഫ് ഏർപ്പെടുത്താമെന്ന തീരുമാനം യുഎസ് നടപ്പിലാക്കിയത്.
അതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകളെല്ലാം മരവിച്ചു. പിന്നീട് മോദിയും ട്രംപുമായി സംസാരിച്ചിട്ടുമില്ല. ജൂൺ 17നുണ്ടായ ഫോൺ സംസാരത്തിനു പിന്നാലെ കാനഡയിൽ ജി7 ഉച്ചകോടിക്കിടെ പ്രഖ്യാപിച്ചിരുന്ന മോദി-ട്രംപ് കൂടിക്കാഴ്ച ട്രംപ് റദ്ദാക്കി. പിന്നീട് ട്രംപ് മോദിയെ വാഷിങ്ടണിലേക്ക് ക്ഷണിച്ചുവെങ്കിലും മോദി ആ ക്ഷണം നിരസിച്ചു. ക്രൊയേഷ്യൻ സന്ദർശനമായിരുന്നു അതിനു കാരണമായി മോദി ചൂണ്ടിക്കാട്ടിയത്. മോദിയെ ക്ഷണിച്ച അതേ സമയത്ത് തന്നെ പാക്കിസ്ഥാന്‍റെ സൈനിക മേധാവി അസിം മുനീറിനെയും ട്രംപ് വാഷിങ്ടണിലേക്ക് ക്ഷണിച്ചിരുന്നു. മോദി ക്ഷണം സ്വീകരിച്ചിരുന്നുവെങ്കിൽ പാക് സൈനിക മേധാവിക്കൊപ്പം ഒരു ഫോട്ടോ സെഷൻ നടത്താനായിരുന്നു ട്രംപിന്‍റെ ഉദ്ദേശമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നത്തിന്‍റെ ചരിത്രത്തെക്കുറിച്ചോ വിഷയത്തിന്‍റെ സങ്കീർണതയെക്കുറിച്ചോ അൽപം പോലും ബോധ്യമില്ലാതെയായിരുന്നു ട്രംപിന്‍റെ ഇത്തരം ശ്രമങ്ങളെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
നൊബേൽ ഇപ്പോഴും ട്രംപിന്‍റെ സ്വപ്നമാണ് ഇന്ത്യ- പാക്കിസ്ഥാൻ, റഷ്യ-യുക്രൈൻ, ഇറാൻ- ഇസ്രയേൽ തുടങ്ങി ആറു സംഘർഷങ്ങൾ താനിടപെട്ട് പരിഹരിച്ചുവെന്നാണ് അതിനായി ട്രംപ് അവകാശപ്പെടുന്നത്. റുവാണ്ട, കോംഗോ, സെർബിയ, കൊസോവോ എന്നിവിടങ്ങളിലെ പ്രശ്നങ്ങളിലും ട്രംപ് ഇടപെട്ടിരുന്നു.