

സ്കോളർഷിപ്പുകൾ സ്വപ്നങ്ങൾക്ക് ചിറകേകുന്നു
കേന്ദ്ര സാമൂഹ്യനീതി- ശാക്തീകരണ വകുപ്പ് സെക്രട്ടറി
ഇന്ത്യയിലെ ഗ്രാമങ്ങളിൽ നിന്നും ചെറിയ പട്ടണങ്ങളിൽ നിന്നും ഓക്സ്ഫഡിന്‍റെയും ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെയും ഇടനാഴികളിലേക്കും പൂന്തോട്ടങ്ങളിലേക്കും, ഭൂഖണ്ഡങ്ങൾക്കപ്പുറമുള്ള സ്വപ്നയാത്രകൾക്ക് ""നാഷണൽ ഓവർസീസ് സ്കോളർഷിപ്പ് '' (എൻഒഎസ്) പദ്ധതി കരുത്തേകുകയാണ്.
ത്രിപുരയിലെ വിദൂരവും പിന്നാക്കവുമായ ഒരു ഗ്രാമത്തിൽ അന്താരാഷ്‌ട്ര വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുണ്ടാകാറുള്ള സാധാരണ അവസരങ്ങളിൽ നിന്നെല്ലാം ഒരുപാട് അകലെ വളർന്നിട്ടും, ഒരു ആർക്കിടെക്റ്റ് ആകാൻ ദിപായൻ ഭൗമിക് സ്വപ്നം കണ്ടിരുന്നു. എന്നാൽ, കഠിനാധ്വാനത്തിലൂടെയും നാഷണൽ ഓവർസീസ് സ്കോളർഷിപ്പിന്‍റെ പിന്തുണയോടെയും ദിപായൻ ജർമനിയിലെ സ്റ്റട്ട്ഗാർട്ട് സർവകലാശാലയിൽ "മാസ്റ്റർ ഓഫ് സയൻസ് ഇൻ ആർക്കിടെക്ചർ ആൻഡ് അർബൻ ഡിസൈൻ' ഉപരിപഠനത്തിനായി ചേർന്നു.
ജർമനിയിലെ ജീവിതവും പഠനവും ജോലിയും അദ്ദേഹത്തിന് ഒരു അന്താരാഷ്‌ട്ര അന്തരീക്ഷം പരിചയപ്പെടുത്തി. ഇത് അക്കാദമികമായ അറിവിനെ മാത്രമല്ല, മറിച്ച് സമൂഹത്തോടും സുസ്ഥിരതയോടും നഗര വികസനത്തോടുമുള്ള അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടിനെ തന്നെ മാറ്റിമറിച്ചു. വാസ്തുവിദ്യയിലും നഗര രൂപകൽപ്പനയിലുമുള്ള ഇന്ത്യൻ, ജർമൻ ശൈലികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, തന്‍റെ അറിവ് പ്രയോജനപ്പെടുത്തണമെന്ന ഉറച്ച തീരുമാനത്തോടെ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി. ഇന്ന് ദിപായൻ സ്വന്തമായി ഒരു ആർക്കിടെക്ചറൽ സ്ഥാപനം നടത്തുകയും, തന്‍റെ തൊഴിലിലൂടെ സമൂഹത്തിന് സംഭാവനകൾ നൽകുന്നതോടൊപ്പം മറ്റുള്ളവർക്ക് അവസരങ്ങൾ നൽകുകയും ചെയ്യുന്നു.
ഉന്നത വിദേശ സർവകലാശാലകളിലെ ബിരുദാനന്തര ബിരുദ, പിഎച്ച്ഡി പഠനങ്ങൾക്ക് ധനസഹായം നൽകുന്ന കേന്ദ്ര പദ്ധതിയായ നാഷണൽ ഓവർസീസ് സ്കോളർഷിപ്പ് വഴി ജീവിതഗതിയിൽ വലിയ മാറ്റമുണ്ടായ നൂറുകണക്കിന് പട്ടികജാതി വിദ്യാർഥികളിൽ ഒരാളാണ് അദ്ദേഹം. ഈ പദ്ധതി ട്യൂഷൻ ഫീസ്, യാത്രാ ചെലവ്, ജീവിത ചെലവ്, മറ്റ് അക്കാദമിക ആവശ്യങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നു; ഒരു ലോകോത്തര സർവകലാശാലയിൽ പ്രവേശനം നേടുന്നത് ഒരു വിദ്യാർഥിയുടെ കുടുംബത്തിന്‍റെ സാമ്പത്തിക സാഹചര്യങ്ങളെ ആശ്രയിച്ചല്ല എന്ന് ഇത് ഉറപ്പാക്കുന്നു.
ഒരു കുടുംബത്തിൽ ആദ്യമായൊരു പാസ്പോർട്ട് കാണുന്ന നൂറുകണക്കിന് കഥകളും, തങ്ങൾ ഈ നാട്ടിലെ ഒരു കോളെജിൽ പോലും കാലുകുത്തിയിട്ടില്ലെങ്കിലും മക്കളെ ദൂരദേശങ്ങളിലേക്ക് അയയ്ക്കുന്ന നിരവധി മാതാപിതാക്കളുടെ ഉദാഹരണങ്ങളും ഇങ്ങനെയുണ്ട്.
2014 മുതൽ പ്രതിവർഷം 8 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാർഥികളെ യുകെ, ജർമനി, യുഎസ്, ഓസ്‌ട്രേലിയ ഉൾപ്പെടെ 21 രാജ്യങ്ങളിലെ സർവകലാശാലകളിൽ പഠിക്കാൻ എൻഒഎസ് പദ്ധതി സഹായിച്ചിട്ടുണ്ട്. ഇത്തരം പല കുടുംബങ്ങൾക്കും ഒരു വിദേശ സർവകലാശാലയിൽ പ്രവേശനത്തിന് അപേക്ഷിക്കാൻ പോലും അടുത്തുള്ള സൈബർ കഫേയെ ആശ്രയിക്കേണ്ടി വന്നിരുന്നു.
അമേരിക്കയിലെ ഒക്ക്‌ലഹോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് രസതന്ത്രത്തിൽ പിഎച്ച്ഡി നേടിയ മുതിർന്ന ശാസ്ത്രജ്ഞനായ ഡോ. വൈത്തിലിംഗം രാജേന്ദ്രൻ ദിവസക്കൂലിക്കാരായ മാതാപിതാക്കളുടെ മകനായാണ് വളർന്നത്. സമീപത്തെ ഗവൺമെന്‍റ് സ്ഥാപനങ്ങളിലായിരുന്നു അദ്ദേഹം സ്കൂൾ വിദ്യാഭ്യാസവും ബിരുദ പഠനവും പൂർത്തിയാക്കിയത്. ഉപരിപഠന കാലത്ത് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളോട് പോരാടേണ്ടി വന്നു. എന്നിരുന്നാലും, നിശ്ചയദാർഢ്യത്തോടെയും അശ്രാന്ത പരിശ്രമത്തിലൂടെയും അദ്ദേഹം തന്‍റെ ഡോക്റ്ററേറ്റ് പഠനം വിജയകരമായി പൂർത്തിയാക്കുകയും, പിൽക്കാലത്ത് ശാസ്ത്രരംഗത്ത് ഉന്നതവും ശ്രദ്ധേയവുമായ ഒരു ഔദ്യോഗിക ജീവിതം കെട്ടിപ്പടുക്കുകയും ചെയ്തു.
ഈ വിദ്യാർഥികൾ തിരികെ കൊണ്ടുവരുന്നത് ഒരു ബിരുദമോ ഉയർന്ന ശമ്പളമുള്ള ജോലിയോ മാത്രമല്ല, മറിച്ച് അവരുടെ സമൂഹത്തിലുള്ള ആളുകൾക്കായുള്ള പ്രതീക്ഷകളും നിരവധി അവസരങ്ങളും വലിയ ആഗ്രഹങ്ങളുമാണ്. നാഷണൽ ഓവർസീസ് സ്കോളർഷിപ്പ് പോലുള്ളവ പലപ്പോഴും വെറുമൊരു സാമ്പത്തിക സഹായ പദ്ധതിയായിട്ടാണ് കാണാറുള്ളത്. എന്നാൽ യഥാർഥത്തിൽ, അവ മനുഷ്യ വിഭവശേഷിയിലും വിജ്ഞാന നിർമിതിയിലുമുള്ള ദീർഘകാല നിക്ഷേപങ്ങളാണ്. വികസിത രാജ്യങ്ങൾ കെട്ടിപ്പടുക്കുന്നത് റോഡുകളോ പാലങ്ങളോ വിമാനത്താവളങ്ങളോ കൊണ്ടു മാത്രമല്ല, അവ ക്ലാസ് മുറികളിലും കൂടിയാണ് രൂപപ്പെടുന്നത്. ഇത്തരം സ്കോളർഷിപ്പുകളോടെ അതിർത്തികൾ കടക്കുന്ന ഓരോ വിദ്യാർഥിയും 2047ഓടെ വികസിത ഭാരതം എന്ന രാജ്യത്തിന്‍റെ ദീർഘവീക്ഷണത്തിലേക്ക് സംഭാവന ചെയ്യാനുള്ള ആത്മവിശ്വാസവും കഴിവുകളുമായാണ് മടങ്ങിയെത്തുന്നത്. ഇതാണ് ഒരൊറ്റ സ്കോളർഷിപ്പ് നൽകുന്ന ഇരട്ടി മധുരമുള്ള പ്രതിഫലം.
വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്നതിൽ മാത്രമല്ല, ആദ്യമായി അക്കാദമികവും സാമൂഹികവുമായ ലോകങ്ങളിൽ സഞ്ചരിക്കുന്ന വിദ്യാർഥികൾക്ക് ചുറ്റും സ്ഥിരതയുടെ ഒരു ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിലും സ്കോളർഷിപ്പുകളുടെ പ്രാധാന്യം സ്ഥിതി ചെയ്യുന്നു. ഒരു കുടുംബത്തിൽ നിന്ന് ആദ്യമായി ഉന്നത വിദ്യാഭ്യാസത്തിന് എത്തുന്ന ഭൂരിഭാഗം വിദ്യാർഥികളെയും സംബന്ധിച്ചിടത്തോളം പ്രവേശനം നേടുന്നതിൽ മാത്രം വെല്ലുവിളി ഒതുങ്ങുന്നില്ല. ചെലവേറിയ നഗരങ്ങളിലെ ജീവിതച്ചെലവുകൾ കൈകാര്യം ചെയ്യുക, പുസ്തകങ്ങളോ ഡിജിറ്റൽ ഉപകരണങ്ങളോ വാങ്ങുക, താമസസൗകര്യത്തിനും ഇത്തരം അവസരങ്ങൾക്കൊപ്പം ഉണ്ടാകുന്ന മറ്റ് ആവശ്യങ്ങൾക്കും പണം കണ്ടെത്തുക തുടങ്ങി അതിനു ശേഷമുള്ള യാത്ര നിലനിർത്തിക്കൊണ്ടുപോവുക എന്നതു കൂടിയാണ്. ഇത്തരം ദൈനംദിന വെല്ലുവിളികളെക്കുറിച്ച് ഓർത്ത് വിഷമിക്കുന്നതിനു പകരം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന സുപ്രധാനമായൊരു താങ്ങായി സ്കോളർഷിപ്പുകൾ വർത്തിക്കുന്നു.
ഈ സ്കോളർഷിപ്പ് പദ്ധതി വലിയ ആർഭാടങ്ങളോ പരസ്യ കോലാഹലങ്ങളോ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. ഇതിനായി തിളക്കമാർന്ന പ്രചാരണങ്ങളോ പ്രമുഖ വ്യക്തികളുടെ സാക്ഷ്യപ്പെടുത്തലുകളോ ഇല്ല. 12 വർഷത്തിനിടെ ഏറ്റവും പ്രശസ്തമായ അന്താരാഷ്‌ട്ര കോളെജുകളിൽ പ്രവേശനം നേടാൻ 764 വിദ്യാർഥികളെ അവരുടെ അക്കാദമിക മികവിന്‍റെ മാത്രം അടിസ്ഥാനത്തിൽ തെരഞ്ഞെടുത്തിട്ടുണ്ട്. പല രീതിയിലും നാഷണൽ ഓവർസീസ് സ്കോളർഷിപ്പ് പദ്ധതി ഓരോ വിദ്യാർഥിക്കും നൽകുന്ന പിന്തുണയുടെ കാര്യത്തിൽ തികച്ചും വ്യത്യസ്തമാണ്. ലോകത്തെ മുൻനിര സർവകലാശാലകളിൽ ഉപരിപഠനം നടത്തുന്ന ഒരൊറ്റ വിദ്യാർഥിക്ക് കോഴ്സിന്‍റെ കാലാവധിയിലുടനീളം ട്യൂഷൻ ഫീസ്, ജീവിതച്ചെലവ്, വിമാനക്കൂലി, ഇൻഷ്വറൻസ്, മറ്റ് അക്കാദമിക ആവശ്യങ്ങൾ എന്നിവയുൾപ്പെടെ നൽകുന്ന ആകെ സാമ്പത്തിക സഹായം പലപ്പോഴും ഒരു കോടി രൂപയിലധികമാകും, ചിലപ്പോൾ രണ്ടുകോടി രൂപ വരെയായി ഉയരും.
സാമൂഹികമായി മുന്നേറാൻ ആഗ്രഹിക്കുന്ന പശ്ചാത്തലത്തിൽ നിന്നുള്ള ഒരു വിദ്യാർഥിക്കു വേണ്ടി ഇത്രയധികം തുക നിക്ഷേപിക്കുന്ന പൊതുമേഖലാ സ്കോളർഷിപ്പ് പദ്ധതികൾ ലോകത്തു തന്നെ വളരെ കുറവാണ്. ഈ പിന്തുണയുടെ പ്രാധാന്യം നൽകുന്ന സാമ്പത്തിക സഹായത്തിൽ മാത്രമല്ല, മറിച്ച് ഇത് എന്താണ് ലക്ഷ്യമിടുന്നത് എന്നതിലും കൂടിയാണ്. ചില പ്രത്യേക വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് അവരുടെ സാമ്പത്തിക സാഹചര്യങ്ങൾ കാരണം അവസരങ്ങൾ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ദേശീയ പ്രതിബദ്ധതയാണ് ഇത് വിഭാവനം ചെയ്യുന്നത്. വ്യക്തിഗതമായ മനുഷ്യ വിഭവശേഷി വികസിപ്പിക്കാൻ വിദ്യാഭ്യാസ രംഗത്ത് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപ ഉദാഹരണങ്ങളിൽ ഒന്നാണിത്.
ഇന്ത്യയിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദേശ വിദ്യാഭ്യാസവും ഉൾപ്പെടുന്ന, പട്ടികജാതി വിദ്യാർഥികൾക്കായുള്ള ഇന്ത്യയിലെ സ്കോളർഷിപ്പ് സംവിധാനം ഈ ദീർഘവീക്ഷണത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. പല ഗ്രാമങ്ങളിലും ചെറുകിട പട്ടണങ്ങളിലും, ഒരൊറ്റ വിദ്യാർഥിയുടെ വിജയം ഒരു തലമുറയുടെ മുഴുവൻ ചിന്താഗതിയെയും മാറ്റിയെഴുതുന്നു. അതോടെ, ഇളയ സഹോദരങ്ങൾ കൂടുതൽ ആത്മവിശ്വാസത്തോടെ മത്സര പരീക്ഷകൾക്കായി തയാറെടുക്കാൻ തുടങ്ങുന്നു. ഒരു അന്താരാഷ്‌ട്ര വിദ്യാഭ്യാസം എന്നത് അസാധ്യമായ ഒരു സ്വപ്നമല്ല, മറിച്ച് എത്തിപ്പിടിക്കാൻ കഴിയുന്ന ഒരു ലക്ഷ്യസ്ഥാനമാണെന്ന് ഒരു ഗ്രാമം തിരിച്ചറിയുന്നു. ഓക്സ്ഫഡ്, എംഐടി അല്ലെങ്കിൽ കൊളംബിയ തുടങ്ങിയ സർവകലാശാലകളുടെ ക്ലാസ് മുറികൾ ഇന്ത്യയിലെ ഗ്രാമങ്ങളിൽ നിന്നും ചെറുകിട പട്ടണങ്ങളിൽ നിന്നും ഭൂമിശാസ്ത്രപരമായി വളരെ അകലെയായിരിക്കാം. എന്നാൽ, നാഷണൽ ഓവർസീസ് സ്കോളർഷിപ്പ് പോലുള്ള പദ്ധതികളിലൂടെ ഈ ദൂരങ്ങൾ പതുക്കെ ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്.നാഷണൽ ഓവർസീസ് സ്കോളർഷിപ്പിനായുള്ള അപേക്ഷകൾ കൈകാര്യം ചെയ്യുന്നത് കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയമാണ്. നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്.