വിനോദ് കുമാർ ടി. വി.
'ഗണപതി ബപ്പാ മോറിയാ
മംഗള മൂർത്തീ മോറിയാ
ഗണപതി ബപ്പാ മോറിയാ
മംഗള മൂർത്തീ മോറിയാ.....'
ഗണപതിയിലാണ് തുടക്കം, അഥവാ ഗണപതിയില്ലെങ്കിൽ തുടക്കമേയില്ല. അതിപ്പോൾ കോർപ്പറേറ്റാണെങ്കിലും സർക്കാർ ആണെങ്കിലും വിഘ്നങ്ങൾ അകറ്റാനുള്ള പ്രാർത്ഥനയോടെയാണ് തുടങ്ങുന്നത്. ഗണേശോത്സവം ഇന്ത്യയിലെ ഒരു പ്രധാന ഉത്സവമാണ്. പ്രത്യേകിച്ച് മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും. പക്ഷേ മുംബൈ മഹാനഗരത്തെ സംബന്ധിച്ച് ഗണേശോത്സവം ഒരു വികാരമാണ്.
ഗണപതി ഭഗവാന്‍റെ ജന്മദിനമാണ് മഹാനഗരം ജാതിമത വർണ്ണ ഭേദമില്ലാതെ ആഘോഷിക്കുന്നത്. ഈ വർഷത്തെ ഗണേശോത്സവ ആഘോഷങ്ങൾ സെപ്റ്റംബർ ഏഴിനാണ്. ഗണേശോത്സവം ആഘോഷിക്കുന്നതിന്‍റെ പിന്നിലെ കഥകൾക്ക് ഉപരിയായി സമൂഹത്തിലെ നാനാജനങ്ങളെയും ഒന്നിച്ചു ചേർക്കുന്ന ഒരു ആഘോഷമായി ഇത് മാറിയിരിക്കുന്നു.
നഗരം ഇനി ഗണേശ്വരന് സ്വന്തം
വലിയ ഗണേശ വിഗ്രഹങ്ങൾ നഗരത്തിലെത്തുന്ന കാഴ്ച്ച ഈ നഗരത്തിന്‍റെ ചരിത്രത്തിന്‍റെ ഭാഗമാണ്. ഗണേശ വിഗ്രഹങ്ങൾ സ്ഥാപിക്കുക എന്നതാണ് ഉത്സവത്തിന്‍റെ ആദ്യപടി. ഗണേശ വിഗ്രഹങ്ങൾ പല വലുപ്പത്തിലും ഭാവത്തിലും രൂപത്തിലും വിഭിന്നങ്ങളായ നിറങ്ങളിലും സ്ഥാപിക്കാറുണ്ട്. ഇത്തരം വിഗ്രഹങ്ങൾ സ്ഥാപിച്ച സ്ഥലങ്ങൾ ഗണേശ മണ്ഡപങ്ങൾ എന്ന പേരിലാണ് അറിയപ്പെടുന്നത്.
ലോകമാന്യ ബാല ഗംഗാധര തിലകൻ ഈ മണ്ഡലികളെയാണ് സ്വാതന്ത്ര്യ സമരത്തിന്‍റെ തീജ്വാലകളാക്കി മാറ്റിയത്.
നഗരത്തിൽ ഇത്തരം സ്ഥലങ്ങൾ മിക്കവാറും നാല് റോഡുകൾ കൂടിച്ചേരുന്ന സ്ഥലങ്ങളിലാവും. ഇതുപോലെ തന്നെ ഗണേശ വിഗ്രഹങ്ങൾ വീടുകളിലും സ്ഥാപിക്കാറുണ്ട്.
കുടിലിലും കൊട്ടാരത്തിലും ഗണേശനെത്തുന്ന ദിനം
വിഗ്രഹങ്ങൾ ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ പത്ത് ദിവസങ്ങളിലേക്കും സ്ഥാപിക്കുന്ന വ്യത്യസ്തമായ ആചാരമാണ് മുംബൈയിൽ. ഇതിന്‍റെ ഭാഗമായി മണ്ഡപങ്ങളിൽ സംഗീത അർച്ചനകളും മറ്റ് കലാപരിപാടികളും അവതരിപ്പിക്കാറുണ്ട്. ഇത്തരം ഗണേശ വിഗ്രഹങ്ങൾ സ്ഥാപിക്കപ്പെട്ട സ്ഥലങ്ങൾ പുണ്യസ്ഥലങ്ങളായി മാറ്റപ്പെടുന്നു. ഇവിടങ്ങളിൽ പ്രസാദ വിതരണവും നടത്താറുണ്ട്. ഗണപതി ഭഗവാന് ഏറ്റവും പ്രിയപ്പെട്ട മോദകമാണ് പ്രസാദം. മഹാരാഷ്ട്രയിൽ പല സ്ഥലങ്ങളിലായി വലിയ ഗണപതി വിഗ്രഹങ്ങൾ സ്ഥാപിച്ച് പൂജകൾ നടത്തി വരാറുണ്ട്. അത്തരത്തിൽ ഉള്ളതാണ് മുംബൈ ലാൽബാഗിലെ ഗണേശമണ്ഡപം.
ലക്ഷക്കണക്കിന് ഭക്തർ ഈ മണ്ഡപത്തിൽ ഗണപതി ദർശനത്തിനായി എത്താറുണ്ട്. മുംബൈയിലെ പ്രധാന ഗണപതി മണ്ഡപവും ഇതുതന്നെ.
ഇവിടെ സിനിമ വ്യവസായ മേഖലകളിലെ പ്രമുഖരും മറ്റു അറിയപ്പെടുന്ന പ്രശസ്തരായ വ്യക്തികളും എത്തി ഗണേശോത്സവത്തിൽ പങ്കുകൊള്ളാറുണ്ട്.
നിമജ്ജനത്തോടെ തിരശീല
ഇത്തരം പൂജകൾ അവസാനിക്കുന്ന ദിവസം ഗണേശ വിഗ്രഹങ്ങൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി കൊണ്ടുപോയി പുഴയിലോ അത്തരം ഒഴുക്ക് ഉള്ള വെള്ളത്തിലോ നിമജ്ജനം ചെയ്ത് ഭഗവാനെ യാത്രയാക്കുന്നതോടെ ഗണേശോത്സവങ്ങൾക്ക് തിരശീല വീഴുകയായി. മഹാനഗരത്തിൽ മഴയ്ക്കും തിരശീല വീഴുന്നത് ഈ ഉത്സവത്തോടെയാണ്.
പിന്നെ അടുത്ത വർഷം സ്വന്തം ദേവൻ വരുന്നതിനായുള്ള കാത്തിരിപ്പിലായിരിക്കും നഗരം...