നിലപാടെടുക്കാൻ വലയുന്ന ദേശീയ കോൺഗ്രസ്

ഒരു കാലഘട്ടത്തിൽ വന്ദേമാതരം പാടുന്നത് ബ്രിട്ടീഷ് ഭരണകൂടം നിരോധിക്കുകയും, അതിനെ എതിർത്ത സ്വാതന്ത്ര്യസമര സേനാനികൾ ജയിലിലടയ്ക്കപ്പെടുകയും ചെയ്തിട്ടുണ്ട്
national congress vande matharam stand

നിലപാടെടുക്കാൻ വലയുന്ന ദേശീയ കോൺഗ്രസ്

Updated on

ജ്യോത്സ്യൻ

സ്വാതന്ത്ര്യ സമരകാലഘട്ടം മുതൽ ജനവികാരങ്ങളെ ഉണർത്തുകയും രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും നിലനിർത്തുന്നതിന് പ്രചോദനമാവുകയും ചെയ്ത ഗാനങ്ങളാണ് വന്ദേമാതരവും ജനഗണമനയും. ബങ്കിം ചന്ദ്ര ചാറ്റർജി ബംഗാളി ഭാഷയിൽ എഴുതിയ ദേശഭക്തി ഗാനമാണ് വന്ദേമാതരം. 1896ലെ കോൺഗ്രസ് സമ്മേളനത്തിൽ മഹാകവി രവീന്ദ്രനാഥ് ടാഗോർ ഈ കവിത ആലപിച്ചതോടെയാണ് ഗാനം ഏറെ ശ്രദ്ധേയമായത്.

മറുവശത്ത്, രവീന്ദ്രനാഥ് ടാഗോർ രചിച്ച "ജനഗണമന'യാണ് ഇന്ത്യ ദേശീയ ഗാനമായി അംഗീകരിച്ചത്. 1950 ജനുവരി 24നാണ് ഇന്ത്യൻ ഭരണഘടനാ അസംബ്ലി ജനഗണമന ഔദ്യോഗികമായി ദേശീയഗാനമായി അംഗീകരിച്ചത്. 1911 ഡിസംബർ 27ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ കൊൽക്കത്ത സമ്മേളനത്തിലാണ് ഇത് ആദ്യമായി പരസ്യമായി ആലപിച്ചത്. ഔദ്യോഗിക നിയമപ്രകാരം 52 സെക്കൻഡ് കൊണ്ടാണ് ജനഗണമന പാടിത്തീരേണ്ടത്.

സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള മോചനത്തിനായി നടന്ന പോരാട്ടങ്ങളിൽ ജനങ്ങൾ ആവേശത്തോടെ വന്ദേമാതരം മുഴക്കി. അങ്ങനെ ദേശീയ സ്വാതന്ത്ര്യത്തിന്‍റെയും ഐക്യദാർഢ്യത്തിന്‍റെയും പ്രതീകമായി വന്ദേമാതരം മാറി. ഒരു കാലഘട്ടത്തിൽ വന്ദേമാതരം പാടുന്നത് ബ്രിട്ടീഷ് ഭരണകൂടം നിരോധിക്കുകയും, അതിനെ എതിർത്ത സ്വാതന്ത്ര്യസമര സേനാനികൾ ജയിലിലടയ്ക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

വന്ദേമാതരത്തിന്‍റെ ആദ്യ രണ്ട് ഖണ്ഡികകൾ കഴിഞ്ഞാൽ വലിയ വർഗീയ- മത വികാരങ്ങൾ കടന്നുവരുന്നു എന്ന പരാതിയെ തുടർന്ന്, എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിച്ചു നിർത്താൻ ടാഗോറിന്‍റെ നിർദേശപ്രകാരം ജവഹർലാൽ നെഹ്‌റു, മഹാത്മാ ഗാന്ധി തുടങ്ങിയ നേതാക്കൾ ചേർന്ന് 1937ൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽ ഒരു തീരുമാനമെടുത്തു. ആർക്കും എതിർപ്പില്ലാത്തതും പ്രകൃതിവർണന മാത്രം അടങ്ങിയതുമായ ആദ്യത്തെ രണ്ട് ഖണ്ഡികകൾ മാത്രം ഔദ്യോഗികമായി ആലപിക്കുക എന്നതായിരുന്നു അത്.

കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വന്നതോടുകൂടി വന്ദേമാതരം പൂർണമായി ദേശീയ പരിപാടികളിൽ പാടണമെന്ന നിലപാട് സ്വീകരിക്കുകയും, കഴിഞ്ഞ പാർലമെന്‍റ് സമ്മേളനത്തിൽ ഇതു സംബന്ധിച്ച് നിയമ നിർമാണം നടത്തുകയും ചെയ്തു. എന്നാൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഈ തീരുമാനത്തോട് വിയോജിക്കുകയാണുണ്ടായത്. വർഗീയ വിചാരങ്ങൾ ആളിക്കത്തിക്കുന്നതിനും രാജ്യത്തിന്‍റെ അഖണ്ഡതയും ഐക്യവും തകർക്കുന്നതിനും ഇത് കാരണമാവുമെന്ന് അവർ ഭയപ്പെട്ടു.

ഈ വർഷത്തെ സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ വന്ദേമാതരം പൂർണമായി ആലപിക്കുകയുണ്ടായി. എഐസിസി ആസ്ഥാനത്ത് ആദ്യത്തെ രണ്ട് ഖണ്ഡികകൾ മാത്രം പാടാൻ തീരുമാനിച്ച കോൺഗ്രസിന്, ഇതു സംബന്ധിച്ച് വ്യക്തമായ നിർദേശം അണികൾക്കും ഉദ്യോഗസ്ഥർക്കും, മറ്റ് സംസ്ഥാനങ്ങൾക്കും നൽകാൻ കഴിഞ്ഞില്ല. ഫലത്തിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വന്ദേമാതരവും ജനഗണമനയും മുഴുവനായി ആലപിച്ചു. കോൺഗ്രസ് ഭരിക്കുന്ന കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും വന്ദേമാതരം ആലപിക്കപ്പെട്ടു. എന്നാൽ കേരളത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണ മുന്നണി സ്വാതന്ത്ര്യ ദിനത്തിൽ വന്ദേമാതരം പാടിയതേയില്ല.

എഐസിസി ആസ്ഥാനത്ത് മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവർ പങ്കെടുത്തു നടന്ന സ്വാതന്ത്ര്യദിന പരിപാടിയിൽ ഗായകസംഘം വന്ദേമാതരം രണ്ട് സ്റ്റാൻസകൾ പാടി മുന്നോട്ട് പോയപ്പോൾ, സോണിയ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഗായകർ ആദ്യ നിർദേശപ്രകാരം മുഴുവൻ ഗാനവും പാടുകയാണുണ്ടായത്. കോൺഗ്രസ് നേതാക്കളുടെ ഈ നിലപാടിനെതിരേ ബിജെപിയും മറ്റ് ഇതര മുന്നണികളും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി.

പല കാര്യങ്ങളിലും വ്യക്തമായ നിലപാടെടുക്കാൻ കഴിയാത്ത സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ തുടരെയുള്ള പരീക്ഷാ തകർച്ചകൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സിജെപി പോലുള്ള നവയുവജന സംഘടനകൾ ബഹുജന സമരവുമായി രംഗത്തിറങ്ങുമ്പോൾ, പ്രതിപക്ഷം എന്ന നിലയിൽ കോൺഗ്രസ് കൂടുതൽ ജാഗ്രത പുലർത്തേണ്ടതാണ്. ദേശീയ പരീക്ഷകളിൽ തുടർച്ചെ ഉണ്ടായിട്ടുള്ള പാളിച്ചകൾ കൃത്യമായി സർക്കാരിന് മുന്നിൽ അവതരിപ്പിച്ച് ശാശ്വത പരിഹാരം കാണേണ്ട ബാധ്യത പ്രതിപക്ഷത്തിനുണ്ട്.

സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ജനകോടികൾക്ക് വ്യക്തമായ ദിശാബോധം നൽകിയ പാർട്ടിയാണ് കോൺഗ്രസ്. മഹാത്മാ ഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്രു, രാജാജി, രാജേന്ദ്ര പ്രസാദ്, സർദാർ വല്ലഭായ് പട്ടേൽ തുടങ്ങിയ കരുത്തരായ നേതാക്കളാണ് അന്ന് കോൺഗ്രസിനെ നയിച്ചിരുന്നത്. എന്നാൽ ഇന്നത്തെ കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷ നിരയിൽ അത്തരത്തിലുള്ള ഒരു ശക്തമായ നേതൃത്വത്തെ കാണാൻ കഴിയുന്നില്ലെന്നത് രാഷ്‌ട്രീയ നിരീക്ഷകരെയും ജനങ്ങളെയും ഒരുപോലെ ദുഃഖിപ്പിക്കുന്നുണ്ടെന്നാണ് ജോത്സ്യന് പറയാനുള്ളത്

logo
Metro Vaartha
www.metrovaartha.com