പവര്‍കട്ടിന് കാരണം തേടി...

കേരളത്തില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കൃത്യമായ മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ വരുത്തിയ വീഴ്ചയാണ് ഇപ്പോഴുണ്ടായ പ്രതിസന്ധിക്ക് കാരണം
Searching for the reason for the power cut...

പവര്‍കട്ടിന് കാരണം തേടി...

Updated on

കേരളം എല്‍നിനോ മുന്നറിയിപ്പുകള്‍ കാര്യമായി എടുത്തില്ല എന്നതാണ് യാഥാർഥ്യം. കേരളത്തിലെ വൈദ്യുതി കൈകാര്യം ചെയ്യുന്ന കെഎസ്ഇബി ഒക്റ്റോബര്‍ മാസത്തിലെ വൈദ്യുതി ഉപയോഗത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. ശക്തമായ നിലപാടെടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ല.

വിജയ് ചൗക്ക്|സുധീര്‍ നാഥ്

കേരളം ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് ലോഡ് ഷെഡ്ഡിങ്, പവര്‍കട്ട് എന്നീ സാഹചര്യങ്ങളെ കുറിച്ചാണ്. വൈദ്യുതിയേ ഇല്ലാത്ത ഒരു കാലം നമുക്കുണ്ടായിരുന്നു നമുക്ക്. അന്നും ജീവിതം വളരെ സുഗമമായി മുന്നോട്ടു പോയിരുന്നു. ഇന്ന് എല്ലാ പ്രദേശങ്ങളിലും വൈദ്യുതി എത്തിയിരിക്കുന്നു. വൈദ്യുതി ഇല്ലാതെ ജീവിക്കുവാന്‍ പറ്റാത്ത ഒരു അവസ്ഥയിലേക്ക് മനുഷ്യർ മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ വലിയ പ്രതിസന്ധി തന്നെയാണ് പവര്‍കട്ട് മൂലം ജനങ്ങള്‍ അനുഭവിക്കുന്നത്. ലഭ്യതയെക്കാള്‍ കൂടുതല്‍ ഉപയോഗം ഉണ്ടാകുന്ന സാഹചര്യത്തിലാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുന്നത്. അതാണ് ഇപ്പോള്‍ കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്ന് ചര്‍ച്ച ചെയ്യേണ്ട സമയം തന്നെയാണ് ഇപ്പോള്‍. ഇതിന് കുറ്റം പറയേണ്ടത് ഭരണപക്ഷത്തെ ആണോ..? അതോ, മുന്‍പ് ഭരിച്ചവരും ഇപ്പോള്‍ പ്രതിപക്ഷത്ത് ഇരിക്കുന്നവരെയുമാണോ..?

ആര് സര്‍ക്കാരിനെ ഭരിക്കുന്നു, അല്ലെങ്കില്‍ നയിക്കുന്നു എന്നതല്ല വൈദ്യുതി നിയന്ത്രണം ഉണ്ടാകാനുള്ള കാരണം. കേരളത്തില്‍ വൈദ്യുതി നിയന്ത്രിക്കുന്ന കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡിലെ (കെഎസ്ഇബി) ഉദ്യോഗസ്ഥര്‍ കൃത്യമായ മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ വരുത്തിയ വീഴ്ചയാണ് ഇപ്പോഴുണ്ടായ പ്രതിസന്ധിക്ക് കാരണം. അതിശക്തമായ എല്‍നിനോ എന്ന കാലാവസ്ഥാ വ്യതിയാന പ്രതിഭാസം ഉണ്ടാകുമെന്നും, അത് വലിയ ഊര്‍ജ പ്രതിസന്ധിക്ക് കാരണമാകുമെന്നും വളരെ മുമ്പു തന്നെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗം എല്ലാ സംസ്ഥാനങ്ങളെയും അറിയിച്ചിരുന്നു. എല്‍നിനോ പ്രതിഭാസം മൂലം ഉണ്ടായിരിക്കുന്ന ഊര്‍ജ പ്രതിസന്ധി എല്ലാ സംസ്ഥാനങ്ങള്‍ക്കുമുണ്ട്. അവരെല്ലാം ഈ മുന്നറിയിപ്പ് വളരെ ഗൗരവത്തില്‍ എടുക്കുകയും പ്രതിവിധിക്കായി അപ്പോള്‍ തന്നെ നീക്കങ്ങള്‍ നടത്തുകയും ചെയ്തു എന്നുള്ളിടത്ത് വിജയിക്കുകയും ചെയ്തു.

കേരളം എല്‍നിനോ മുന്നറിയിപ്പുകള്‍ കാര്യമായി എടുത്തില്ല എന്നതാണ് യാഥാർഥ്യം. കേരളത്തിലെ വൈദ്യുതി കൈകാര്യം ചെയ്യുന്ന കെഎസ്ഇബി ഒക്റ്റോബര്‍ മാസത്തിലെ വൈദ്യുതി ഉപയോഗത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. ശക്തമായ നിലപാടെടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ല. അതിന് പല കാരണങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. കെഎസ്ഇബി ഭരിക്കുന്നത് ട്രേഡ് യൂണിയന്‍ നേതാക്കളാണ്. ബോര്‍ഡ് ചെയര്‍മാനെയോ മന്ത്രിയെ പോലുമോ നിയന്ത്രിക്കാന്‍ വരെ യൂണിയന്‍ നേതൃത്വത്തിന് സാധിക്കുമായിരുന്നു. ബോര്‍ഡ് എടുക്കുന്ന ഏത് തീരമാനങ്ങള്‍ക്കും കെഎസ്ഇബിയിലെ അതിശക്തമായ ഇടതു യൂണിയന്‍റെ അംഗീകാരം വേണം. ട്രാന്‍സ്ഫര്‍ ലിസ്റ്റ് മുതല്‍ പ്രമോഷന്‍ ലിസ്റ്റ് തയാറാക്കുന്നതും മറ്റു പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതും യൂണിയന്‍ നേതൃത്വമായിരുന്നു.

കെഎസ്ഇബി ഇപ്പോഴും പ്രതീക്ഷിക്കുന്നത് ഒക്റ്റോബറില്‍ മഴ വരുമ്പോള്‍ പ്രതിസന്ധി തന്നെ മാറിക്കിട്ടും എന്നാണ്.അവർ പ്രതീക്ഷിക്കുന്നത് എന്നു പറയുന്നതിനേക്കാള്‍ ഉചിതം ഒക്റ്റോബറില്‍ മഴ ലഭിക്കുമ്പോള്‍ പ്രതിസന്ധി മാറും എന്ന പ്രതീതി സൃഷ്ടിക്കണം. എങ്കില്‍ മാത്രമേ ഊർജക്കച്ചവടം നടക്കൂ. എങ്കിലേ കമ്മീഷന്‍ ലഭിക്കൂ. സെപ്റ്റംബറിൽ എങ്ങിനെ മുന്നോട്ടുപോകാം എന്നതിനെക്കുറിച്ചു മാത്രമാണ് ചര്‍ച്ചകള്‍ ഇപ്പോള്‍ നടക്കുന്നത്. എല്‍നിനോ പ്രതിഭാസം ഫെബ്രുവരി വരെ നീണ്ടുനില്‍ക്കും എന്നാണ് ശാസ്ത്രലോകം ചൂണ്ടിക്കാണിക്കുന്നത്. അത് അംഗീകരിക്കാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥ തലത്തില്‍ തയാറാകാത്തത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍ ആവര്‍ത്തിക്കുക മാത്രമാണ് മുകളിലുള്ളവര്‍ ചെയ്യുന്നത്.

എന്താണ് എല്‍നിനോ പ്രതിഭാസം എന്നും അറിഞ്ഞിരിക്കണം. വര്‍ഷങ്ങള്‍ കൂടുമ്പോള്‍ സമുദ്രാന്തരീക്ഷങ്ങള്‍ക്ക് സ്വതവേയുള്ള ബന്ധം മാറുന്നതു കൊണ്ടുണ്ടാകുന്ന കാലാവസ്ഥയാണ് എല്‍നിനോ. 2026ന്‍റെ ശേഷിക്കുന്ന കാലയളവില്‍ എല്‍നിനോയുടെ അവസ്ഥ കൂടുതല്‍ ശക്തമാകുമെന്ന് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ എല്‍നിനോകളില്‍ ഒന്നായിരിക്കുമെന്നാണ് പറയുന്നത്. 1950 മുതല്‍ ഉണ്ടായ എല്‍നിനോ പ്രതിഭാസങ്ങള്‍ 1850നും 1950നും ഇടയിലുള്ളതിനേക്കാള്‍ ശക്തമാണെന്ന് ഐക്യരാഷ്‌ട്ര സഭയുടെ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു. എല്‍നിനോയുടെ ആഘാതങ്ങള്‍ ദീര്‍ഘകാല കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഘാതങ്ങള്‍ക്ക് പുറമേയായിരിക്കും. ഇത് കൂടുതല്‍ കഠിനമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് കാരണമാകും.

കിഴക്കന്‍ ശാന്തസമുദ്ര പ്രദേശത്ത് പ്രത്യക്ഷപ്പെട്ട് ക്രമേണ ആഗോളതലത്തില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള പ്രതിഭാസമാണിത്. 15 മാസത്തോളം ദുരിതം വിതക്കാന്‍ എല്‍നിനോക്കാവും. ഉണ്ണി യേശുവിനെ സൂചിപ്പിക്കുന്ന "ശിശു' എന്ന അർഥമാണ് സ്പാനിഷ് ഭാഷയില്‍ എല്‍നിനോ എന്ന പേരിനുള്ളത്. ഈ പ്രതിഭാസവുമായി ബന്ധപ്പെട്ട് ശാന്തസമുദ്രത്തിന്‍റെ തെക്കേ അമെരിക്കയോടു ചേര്‍ന്നുള്ള ഭാഗങ്ങളില്‍ ഉണ്ടാകുന്ന താപവർധന ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്രിസ്മസ് കാലത്തോടനുബന്ധിച്ച് പെറു തീരത്തുള്ള മത്സ്യത്തൊഴിലാളികളാണ് സമുദ്രത്തിലെ ഈ താപവ്യതിയാനം ആദ്യമായി ശ്രദ്ധിച്ചത്. അതാണ് ഈ പേര് വരാനുള്ള കാരണം.

2010 മാര്‍ച്ചിന് ശേഷം പെസഫിക്കില്‍ 2015ലാണ് എല്‍നിനോ ശക്തിപ്പെട്ടത്. ലോകത്തെ വിവിധ പ്രദേശങ്ങളില്‍ വരള്‍ച്ച ഉണ്ടാകാനും, ദക്ഷിണേന്ത്യയില്‍ മണ്‍സൂണ്‍ ദുര്‍ബലപ്പെടാനും ഇത് കാരണമായി. യൂറോപ്പില്‍ ചൂടുകൂടിയ ശരത്കാലത്തിനും, കൂടുതല്‍ ശൈത്യമേറിയ തണുപ്പുകാലത്തിനുമാണ് എല്‍നിനോ കാരണമായത്. കനത്ത മഴയും ചുഴലിക്കാറ്റും വിതയ്ക്കുന്ന ദുരിതങ്ങള്‍ക്ക് പുറമേ, ലോകത്തിന്‍റെ പല ഭാഗങ്ങളിലും വന്‍തോതിലുള്ള വിളനാശത്തിനും കൃഷിയുടെ താളംതെറ്റലിനും എല്‍നിനോ വഴിവയ്ക്കും. ഇത് കാര്‍ഷിക സമ്പദ് വ്യവസ്ഥയ്ക്ക് ലോകതലത്തിലും തിരിച്ചടിയുണ്ടാക്കും. മത്സ്യമേഖലയേയും എല്‍നിനോ പ്രതികൂലമായി ബാധിക്കും. എല്‍നിനോയുടെ ഫലമായാണ് നാം ഇന്ന് അനുഭവിക്കുന്ന വൈദ്യുതി നിയന്ത്രണം.

രണ്ടു വര്‍ഷത്തിലൊരിക്കലാണ് സാധാരണ എല്‍നിനോയുടെ വരവ്. ഇന്ത്യ, ഇന്‍ഡൊനീഷ്യ, ഓസ്ട്രേലിയ, പെറു തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ മണ്‍സൂണ്‍ മഴയുടെ ശക്തി കുറയ്ക്കുന്നത് കാരണം കടുത്ത വരള്‍ച്ചയ്ക്കും കുടിവെള്ള ക്ഷാമത്തിനും കാരണമാകുന്നു. മഴ കുറയുന്നത് കാര്‍ഷിക മേഖലയെയും വിളവെടുപ്പിനെയും ഗുരുതരമായി ബാധിക്കും. രാജ്യത്ത് എല്‍നിനോ പ്രതിഭാസം കൂടുതല്‍ ശക്തിപ്രാപിക്കുമ്പോള്‍ സമുദ്രജീവികള്‍ എല്‍നിനോയില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. സമുദ്രത്തിലെ ഓക്സിജന്‍റെ അളവ് കുറയുന്നത് മത്സ്യസമ്പത്തിന്‍റെ വളര്‍ച്ചയെ തടസപ്പെടുത്തുമെന്നും മത്സ്യ ഉത്പാദനത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.

എല്‍നിനോയെ കുറിച്ച് പറയുന്നതിനൊപ്പം ലാനിനയെ കുറിച്ചും പറയേണ്ടതുണ്ട്. എല്‍നിനോയുടെ വിപരീത പ്രതിഭാസമാണ് ലാനിന. ഭൂമധ്യരേഖാ പ്രദേശത്ത് ശാന്തസമുദ്രത്തിലെ ജലത്തിന്‍റെ താപനില ക്രമാതീതമായി താഴുന്നതാണ് ഈ പ്രതിഭാസം. ആഗോള കാലാവസ്ഥയിലും കടല്‍ ജലത്തിന്‍റെ താപനിലയിലും എല്‍നിനോ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ക്ക് വിപരീതമായാണ് ലാനിനയുടെ പ്രവര്‍ത്തനം. അമെരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ ശൈത്യകാലത്തും ഉഷ്ണകാലത്ത് എന്ന പോലെ ഉയര്‍ന്ന താപ വര്‍ധനവിന് ഈ പ്രതിഭാസം കാരണമാകാറുണ്ട്. എല്‍നിനോ പോലെ നിശ്ചിത ഇടവേളകളില്‍ ആവര്‍ത്തിക്കുന്ന പ്രതിഭാസമല്ല ലാനിന. അലാസ്കയുടെയും ഉത്തര അമെരിക്കയുടെയും പടിഞ്ഞാറന്‍ തീരങ്ങളില്‍ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും കാരണമാകുന്നതുകൂടാതെ അറ്റ്ലാന്‍റിക് സമുദ്രത്തിലെ ചുഴലിക്കൊടുങ്കാറ്റുകള്‍ക്ക് പതിവില്‍ കവിഞ്ഞ തീവ്രത നല്‍കുന്നതും ലാനിനയുടെ പ്രവര്‍ത്തനങ്ങളാണ്. 2010- 2011 കാലഘട്ടത്തിലുണ്ടായ ലാനിനയാണ് ഇതുവരെയുണ്ടായതില്‍ വച്ച് ഏറ്റവും ശക്തം. ഓസ്ട്രേലിയയുടെ കിഴക്കന്‍ തീരങ്ങളെ തകര്‍ത്തു കളയാന്‍ മാത്രം ശക്തമായിരുന്നു ഈ പ്രതിഭാസം.

ഈ ലേഖകൻ കേന്ദ്ര ഊര്‍ജ മന്ത്രിയായിരുന്ന പി.എം. സെയ്ദിന്‍റെ മാധ്യമ ഉപദേശകനായ സമയത്ത് അന്നത്തെ കേരളത്തിന്‍റെ ഊര്‍ജ മന്ത്രി ആര്യാടന്‍ മുഹമ്മദ് ഒരു സത്യം തുറന്നു പറഞ്ഞു- ""വൈദ്യുതി രംഗത്ത് കേരളത്തില്‍ വികസനം കൊണ്ടുവരണമെന്നുള്ള ആഗ്രഹത്തിന് അവിടെയുള്ള യൂണിയനുകള്‍ എപ്പോഴും തടസമാണ്. അതിനെ മറികടക്കാന്‍ ആര്‍ക്കു സാധിക്കുമോ അന്നു മാത്രമായിരിക്കും കേരളം വൈദ്യുതി രംഗത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണൂ''.

കാലമേറെ കഴിഞ്ഞിട്ടും സ്ഥിതി ഇപ്പോഴും അങ്ങനെ തന്നെ നില്‍ക്കുന്നു എന്നത് വളരെ ദയനീയമാണ്. കേരളത്തിന്‍റെ വൈദ്യുതി പ്രശ്നം എങ്ങനെ പരിഹരിക്കാന്‍ സാധിക്കുമെന്നത് എല്ലാ കക്ഷി നേതാക്കള്‍ക്കും, അവിടുത്തെ യൂണിയന്‍ നേതാക്കള്‍ക്കുമറിയാം. പക്ഷേ, പരിഹാരം നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നത് അവിടുത്തെ ചിലരുടെ താത്പര്യങ്ങള്‍ക്കു വിരുദ്ധമാകും എന്നതു കൊണ്ടു മാത്രമാണ്.

(മുന്‍ കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി പി.എം. സെയ്ദിന്‍റെ മാധ്യമ സെക്രട്ടറി ആയിരുന്നു ലേഖകന്‍)

logo
Metro Vaartha
www.metrovaartha.com