2024 ഒക്റ്റോബർ 23: അന്ന് വൈകിട്ട് വിഴിഞ്ഞത്ത് തീരക്കടലിനോട് ചേർന്ന് അപൂർവ ജലസ്തംഭം രൂപപ്പെട്ടു. കാലവർഷവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഒരു അസാധാരണ ചുഴലിയാണ് ജലസ്‌തംഭം. ഇത് അരമണിക്കൂറോളം തുടർന്നു. ജാഗ്രതാ നിർദേശമുണ്ടായിരുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോയില്ല. ഇത് വലിയ ദുരന്തം ഒഴിവാക്കിയെന്നാണ് വിലയിരുത്തൽ. ഓഖിക്ക് തൊട്ടുമുമ്പും ജലസ്തംഭം രൂപപ്പെട്ടിരുന്നു. അതോടെ, കേരളത്തിന്‍റെ കാലാവസ്ഥ ഓഖിക്ക് മുമ്പും പിമ്പും എന്ന് മാറി.
"ചിങ്ങത്തിലെ മഴ ചിണുങ്ങിച്ചിണുങ്ങി, മകരത്തില്‍ മഴ പെയ്താല്‍ മലയാളം മുടിയും' എന്നിങ്ങനെ പഴഞ്ചൊല്ലുകൾക്കു പോലും വഴങ്ങിയ കാലാവസ്ഥയാണ് ഓഖിക്കു ശേഷം ശാസ്ത്രജ്ഞർക്കു പോലും പിടികൊടുക്കാതെ വഴുതി മാറിക്കൊണ്ടിരിക്കുന്നത്.
അറബിക്കടലിലെ ഉപരിതല താപനില വളരെ ഉയർന്നതിനാൽ അന്തരീക്ഷത്തിലെ പെട്ടെന്നുള്ള മർദവ്യത്യാസങ്ങൾ മൂലം ഒറ്റ ദിവസം കൊണ്ട് രണ്ടുമൂന്ന് സ്റ്റേജ് കടക്കാൻ ശേഷിയുള്ള ചുഴലിക്കാറ്റുകളാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് "കുസാറ്റ്' അഡ്വാൻസ്ഡ് സെന്‍റർ ഫോർ അറ്റ്മോസ്ഫിയറിക് റഡാർ റിസർച്ച് ഡയറക്റ്റർ ഡോ. എസ്. അഭിലാഷ് ചൂണ്ടിക്കാട്ടി. ഓഖി ചുഴലിക്കാറ്റെല്ലാം അങ്ങനെ സംഭവിച്ചിട്ടുള്ളതാണ്. സമുദ്ര താപനില ഉയർന്നു നിൽക്കുന്നത് കൊണ്ടും ആഗോളതാപനം കൊണ്ടുമാണ് ഇത് സംഭവിക്കുന്നത്. സമുദ്രത്തിൽ നിന്നാണ് ചുഴലിക്കാറ്റിനുള്ള ഊർജം എടുക്കുന്നത്. സ്ഥിരമായി ഇങ്ങനെ ഊർജം കിട്ടുന്നതോടെ ചുഴലി വളരെ അപകടകരവും വളരെ പെട്ടന്ന് വേഗത കൂടുന്നതുമാകുന്നു. വേഗത വളരെ പെട്ടന്ന് തന്നെ രണ്ട് മൂന്ന് മടങ്ങ് വർധിച്ച് രണ്ട് മൂന്ന് സ്റ്റേജ് മറികടക്കുമ്പോൾ അതിനെ നേരിടാനുള്ള സമയം കൃത്യമായി ലഭിക്കുന്നില്ല എന്നത് കൊണ്ടാണ് അപകട നില വർധിക്കുന്നത്. രണ്ട് മൂന്ന് ദിവസമെടുത്താണ് വേഗത കൂടുന്നതെങ്കിൽ ഓരോ ദിവസത്തെയും കാറ്റിന്‍റെ വേഗത കണക്കാക്കി മുൻകരുതലുകൾ സ്വീകരിക്കാൻ കഴിയും. എന്നാൽ ഒരു ദിവസം കൊണ്ട് വളരെ വേഗത്തിൽ കാറ്റഗറി 1 ൽ നിന്ന് 4 ലേക്ക് ചുഴലിക്കാറ്റെത്തുമ്പോൾ മുൻകരുതൽ സ്വീകരിക്കാൻ കഴിയുന്നില്ല. ചില സമയങ്ങളിൽ ചുഴലിക്കാറ്റ് കാറ്റഗറി 5ൽ വരെ എത്തുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.
2017 നവംബര്‍ 29ന് രാത്രിയില്‍ ഉള്‍ക്കടലില്‍ 185 കിലോ മീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച ഓഖി കാറ്റില്‍ 52 പേര്‍ മരിക്കുകയും 104 പേരെ കാണതാവുകയും ചെയ്‌തെന്നാണ് സര്‍ക്കാര്‍ കണക്ക്. അടിമലത്തുറ മുതല്‍ വേളി വരെയുള്ള തീരത്തെ മത്സ്യത്തൊഴിലാളികളുടെ ജീവനുകളാണ് ഓഖിയില്‍ പൊലിഞ്ഞത്. ഏറ്റവും കൂടുതല്‍ നാശമുണ്ടായത് പൂന്തുറയിലും വിഴിഞ്ഞത്തുമാണ്. കേരളതീരം ഒരു സുരക്ഷിത തീരമാണ് എന്ന ധാരണയെ തകിടംമറിച്ചുകൊണ്ടായിരുന്നു, തികച്ചും അപ്രതീക്ഷിതമായി ഗതിമാറി തീരത്തേക്ക് എത്തി നാശംവിതച്ച ഓഖി ചുഴലിക്കാറ്റ്.
ഓഖിയിൽ മരണപ്പെടുകയോ കാണാതാകുകയോ ചെയ്ത 143 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും 20 ലക്ഷം രൂപ വീതം 28.6 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ലഭ്യമാക്കി. ഇതിൽ 52 പേർ മരണമടഞ്ഞവരുടെ പട്ടികയിലും 91 പേർ മൃതദേഹങ്ങൾ കണ്ടെത്താനാകാത്തതിനാൽ കാണാതായവരുടെ പട്ടികയിലുമാണ് ഉൾപ്പെട്ടിട്ടുള്ളത്. നിലവിലുള്ള നിയമവ്യവസ്ഥ പ്രകാരം കാണാതായവരെ മരിച്ചുപോയവരായി കണക്കാക്കി എന്തെങ്കിലും ആനുകൂല്യം നൽകുന്നതിന് 7 വർഷം കഴിയേണ്ടതുണ്ട്. ഇവിടെ, സർക്കാർ ദുരന്തത്തിൽ അകപ്പെട്ട് കാണാതായ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സഹായിക്കാനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തി.
ദുരന്തത്തിലുണ്ടായ നഷ്ടം വിലയിരുത്താൻ കേന്ദ്രം നിയോഗിച്ച സംഘം അടിയന്തര സഹായമായി സംസ്ഥാനത്തിന് 416 കോടി രൂപ ശുപാർശ ചെയ്തു. പക്ഷെ, കേവലം 111 കോടി രൂപയാണ് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലേക്ക് കേന്ദ്രസർക്കാർ അനുവദിച്ചത്.
കാലാവസ്ഥാ വകുപ്പ് 2017 നവംബർ 29 ന്, ഉച്ചയ്ക്ക് രണ്ടരയോടെ "കടലിൽ പോകരുത്' എന്ന് മത്സ്യത്തൊഴിലാളി സമൂഹത്തോട് പ്രത്യേക നിർദ്ദേശങ്ങളോടെ തലേദിവസത്തെ കനത്ത മഴയ്ക്കും കാറ്റിനും മുന്നറിയിപ്പ് നൽകി. ആഴക്കടലിലെ മത്സ്യത്തൊഴിലാളികൾ മടങ്ങിവരാൻ സാധാരണ 25 മുതൽ 45 ദിവസം വരെ എടുക്കുന്നതിനാൽ, അതിനകം കടലിൽ പോയവർക്ക് മുന്നറിയിപ്പ് നൽകുന്നത് അപ്രായോഗികമായി.തമിഴ്‌നാട്, കേരള സംസ്ഥാനങ്ങളിലായി 35,000- ത്തിലധികം ആളുകളെ ബാധിച്ച ഓഖി ചുഴലിക്കാറ്റിൽ 365 പേർ മരിച്ചു. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലാണ് ഏറ്റവും തീവ്രമായ ആഘാതം അനുഭവപ്പെട്ടത്.അവിടെ 177 ജീവനുകൾ നഷ്ടപ്പെട്ടു.
ഓഖിക്ക് ശേഷം കാലാവസ്ഥാ പ്രവചനവുമായി ബന്ധപ്പെട്ട് ചില നല്ല മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. തുടർച്ചയായി കാലാവസ്ഥാ പ്രവചനങ്ങൾ നൽകുന്നു. പ്രാദേശിക സംവിധാനങ്ങൾ വഴി കാലാവസ്ഥാ വിവരങ്ങൾ നൽകുന്ന ചില മാതൃകകളും ഉണ്ട്. കാലാവസ്ഥ മനസിലാക്കാനുള്ള മത്സ്യത്തൊഴിലാളികളുടെ താല്പര്യവും കൂടി.മുന്നറിയിപ്പുകൾ കേരളത്തിന് പൊതുവായി നല്കപ്പെടുന്നവയാണെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി. പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള എല്ലാ മത്സ്യതൊഴിലാളികൾക്കും ഒരുമിച്ചുള്ള മുന്നറിയിപ്പുകൊണ്ട് കാര്യമില്ല. ചില സർക്കാരിതര സംവിധാനങ്ങൾ കൂടുതൽ പ്രാദേശികാടിസ്ഥാനത്തിൽ, മത്സ്യത്തൊഴിലാളികളുമായി ആശയവിനിമയം നടത്തി, അവർക്കാവശ്യമായ സമയത്തെയും, സ്ഥലത്തെയും വിവരങ്ങൾ നല്കുന്നുണ്ട്. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയും, ബ്രിട്ടനിലെ സസെക്‌സ് സർവകലാശാലയും ചേർന്ന് പ്രവർത്തിക്കുന്ന "ഫോർകാസ്റ്റിംഗ് വിത്ത് ഫിഷേസ്'സംവിധാനം ഉദാഹരണം. ഇന്ത്യൻ നാഷണൽ സെന്‍റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (ഇൻകോയിസ് ) തിരുവനന്തപുരത്തെ ലാൻഡിംഗ് സെന്‍റേഴ്‌സിൽ പ്രാദേശിക കൃത്യതയോടെ കാലാവസ്ഥാ വിവരങ്ങൾ ലഭ്യമാക്കുന്നു. എന്നാൽ, മൽസ്യത്തൊഴിലാളികളിലേക്ക് നേരിട്ട് ഇവ എത്തുന്നില്ല എന്നതാണ് പോരായ്മ.
ഓഖിയെ തുടർന്ന് സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് അടിയന്തരഘട്ടത്തിൽ ഉപയോഗിക്കാൻ, ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷന്‍റെയും ഇൻകോയ്‌സിന്‍റെയും സഹായത്തോടെ തയ്യാറാക്കിയ ഉപഗ്രഹാധിഷ്ഠിത മുന്നറിയിപ്പ് സംവിധാനമാണ് നാവിക്. മത്സ്യത്തൊഴിലാളികൾ മൊബൈൽ ഫോണുമായി ബന്ധിപ്പിച്ച് ഉപയോഗിക്കുന്ന രീതിയിൽ സജ്ജീകരിച്ചിട്ടുള്ളതാണിത്. ശാന്തമായ കാലാവസ്ഥയിൽ ആൻഡ്രോയിഡ് ഫോണുകളിലേ മത്സ്യത്തൊഴിലാളികൾക്ക് ഇത് ഉപയോഗിക്കാൻ സാധിക്കൂ. ഇത് ഉപഭോക്തൃ സൗഹൃദപരം അല്ലെന്നാണ് പ്രധാന പരാതി. കടൽ പ്രക്ഷുബ്ധമാവുമ്പോൾ ഇത് ഉപയോഗിക്കുക പ്രായോഗികമല്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. 15,000ത്തിലേറെപ്പേർക്ക് നാവിക് നൽകിയതായി അധികൃതർ അവകാശപ്പെടുന്നു. ഇത് എത്രത്തോളം ഫലപ്രദമാണെന്ന് സർക്കാർ തലത്തിൽ പഠനം നടത്തേണ്ടതുണ്ട്.
അടിയന്തര സാഹചര്യത്തിൽ ആശയവിനിമയം സാധ്യമാക്കുവാൻ 1,000 മത്സ്യത്തൊഴിലാളികൾക്ക് സാറ്റലൈറ്റ് ഫോൺ നൽകുന്നതിന് 9.42 കോടി രൂപ അനുവദിച്ചു. തമിഴ്നാട്ടിൽ ഓഖിക്ക് ശേഷം സാറ്റലൈറ്റ് ഫോൺ വിതരണം ചെയ്തു. ഇവിടെ ഉദ്യോഗസ്ഥർ അതിനായി നടപടി എടുത്തുകൊണ്ടേയിരിക്കുകയാണ്!
കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിനായി 3 മറൈൻ ആംബുലൻസുകൾ ലഭ്യമാക്കി. ഇവ ഹാർബറുകളിൽ കെട്ടിയിട്ടിരിക്കുകയാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.14 നോട്ടിക്കൽ മൈൽ ഒരു മണിക്കൂറിൽ സഞ്ചരിക്കാൻ മാത്രം ശേഷിയുള്ള യാനങ്ങളാണ് ഇവ. ഈ മറൈൻ ആംബുലൻസ് ഉപയോഗിച്ചുകൊണ്ട് ദ്രുതഗതിയിൽ നമുക്ക് ജീവൻരക്ഷാ പ്രവർത്തനം നടത്തുക സാധ്യമല്ല. അപകടം നടക്കുമ്പോൾ ഇപ്പോഴും നമ്മുടെ മീൻപിടുത്ത ബോട്ടുകൾ തന്നെയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അതിന് കാരണം മത്സ്യബന്ധന യാനങ്ങൾക്ക് മറൈൻ ആംബുലൻസുകളെക്കാൾ വേഗതയുണ്ട് എന്നതാണ്. മറൈൻ ആംബുലൻസിന്‍റെ നടത്തിപ്പ് ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനാണ്. ഇവർ ഈ ചുമതല മറ്റൊരു ഏജൻസിക്ക് ഔട്സോഴ്സ് ചെയ്തു. അതിലെ ജീവനക്കാരൊന്നും കടലുമായി ബന്ധപ്പെട്ട് പ്രായോഗിക അറിവുള്ളവരല്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഒരു ആംബുലൻസിന് ആറരക്കോടിയാണ് നിർമ്മാണ ചെലവ്. അതുപോലെ ഇതിൽ ജോലി ചെയ്യുന്നവർക്ക് ലക്ഷങ്ങൾ ശമ്പളവും നൽകുന്നുണ്ട്. അതിനപ്പുറം ഇതുകൊണ്ടുള്ള പ്രയോജനം പഠിക്കാൻ അധികൃതർ തയ്യാറാവണം. അല്ലെങ്കിൽ ഇത് വെള്ളാനയായി ഖജനാവ് മുടിക്കുന്നത് തുടരും.
കടകംപള്ളി സുരേന്ദ്രൻ ,കെ ആൻസലൻ,എം നൗഷാദ്,ഒ എസ് അംബിക എന്നിവർക്ക് ഫിഷറീസ് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ 2024 ജൂൺ 25ന് നൽകിയ മറുപടി ഇങ്ങനെ: ഓഖിയെ തുടർന്ന് 178 മത്സ്യ തൊഴിലാളി യുവാക്കളെ കോസ്റ്റൽ പൊലീസ് സ്റ്റേഷനുകളിൽ ഗാർഡുമാരായി നിയമിച്ചു.ഫിഷറീസ് വകുപ്പ് അനുവദിച്ച 76.22 കോടിയിൽ ചെലവഴിച്ചത് 50.46 കോടി.10.56 കോടി തിരിച്ചടച്ചു! മരിച്ചവരുടെ ആശ്രിതരിൽ 49 പേർക്ക് തൊഴിൽ നൽകി.ഇതിൽ 2 പേർക്ക് ആരോഗ്യവകുപ്പിൽ സ്റ്റാഫ് നഴ്സ് ആയി നിയമനം നൽകി.ഓഖി ദുരന്തത്തിൽ വീട് പൂർണമായും നഷ്ടപ്പെട്ട 72 മത്സ്യത്തൊഴിലാളികൾക്ക് അവ പുനസ്ഥാപിച്ച് നൽകുന്നതും ഭാഗികമായി കേടുപാടുവന്ന 458 വീടുകൾക്ക് സഹായം നൽകുന്നതും ഉൾപ്പെടെ13 ഇനങ്ങളിൽ 7 വർഷത്തിനുശേഷവും നടപടി സ്വീകരിച്ചുവരുന്നതേയുള്ളൂ!
കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ കടലില്‍ അപകടങ്ങങ്ങളില്‍പെട്ട് മരിക്കുന്നത് ഓഖിക്കുശേഷം കൂടിയതായാണ് കണക്ക്.
കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ കടലില്‍ അപകടങ്ങങ്ങളില്‍പെട്ട് മരിക്കുന്നത് ഓഖിക്കുശേഷം കൂടിയതായാണ് കണക്ക്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ സംസ്ഥാനത്ത് കടലില്‍ മീൻപിടിത്തിനിടെ അപകടങ്ങളില്‍ മരിച്ചത് 327 പേരാണ്. കൂടുതല്‍ പേര്‍ മരിച്ചത് തിരുവനന്തപുരം ജില്ലയിൽ -145 പേര്‍.
ഐപിസിസിയുടെ ആറാമത്തെ വിലയിരുത്തൽ റിപ്പോർട്ടിൽ, കാലാവസ്ഥാ വ്യതിയാനം ഉത്കണ്ഠ, വിഷാദം, കടുത്ത ആഘാതകരമായ സമ്മർദ്ദം എന്നിവയുൾപ്പെടെ മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഞെട്ടിപ്പിക്കുന്നതോ ഭയപ്പെടുത്തുന്നതോ അപകടകരമായതോ ആയ സംഭവങ്ങൾ അനുഭവിച്ച ചില ആളുകളിൽ കാണപ്പെടുന്ന മാനസിക വൈകല്യമായ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (പിടിഎസ് ഡി), ആത്മഹത്യ, ലഹരിവസ്തുക്കളുടെ ദുരുപയോഗം, ഉറക്ക പ്രശ്‌നങ്ങൾ എന്നിവകാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട അവസ്ഥ വരെ ഉണ്ടാവുന്നതായാണ് ചൂണ്ടിക്കാണിച്ചത്.ഓഖിയിൽ നിന്നും രക്ഷപ്പെട്ട പൂന്തുറയിലെ 78 പേരിൽ നല്ലൊരു പങ്ക് ഗുരുതര രോഗങ്ങളുടെയും മാനസിക വിഭ്രാന്തിയുടെയുടെയും പിടിയിലാണ്. ചിലർ രോഗബാധിതരായി മരിച്ചു. ഇത് ഇനിയും ഗൗരവമായെടുക്കാൻ ആരും തയ്യാറായിട്ടില്ല.
"ഓഖി വഴി മുണ്ടക്കൈ, ചൂരൽമല വരെ' എന്ന് ഈ അധ്യായത്തിന് തലക്കെട്ടിടണമെന്നാണ് ആഗ്രഹിച്ചത്. നിലവിലെ സാഹചര്യങ്ങളിൽ ചൂരൽമലയിൽ കാലാവസ്ഥാ വെല്ലുവിളി അവസാനിക്കുന്നില്ല. ഓഖിയുടെ പുനരധിവാസം 7 കൊല്ലം കഴിഞ്ഞിട്ടും പൂർണമാകാത്തതെന്താണ്? നമുക്ക് ഇനിയും അതിൽ നാണക്കേട് തോന്നതിന് കാരണമെന്താണ്? പുനരധിവാസം കേവലം ഉദ്യോഗസ്ഥ സംവിധാനമായി ഒതുങ്ങിപ്പോവുന്നതാണ് ഇതിനു കാരണം. ഒരപകടമുണ്ടാവുമ്പോൾ ഉണ്ടാകുന്ന ശ്രദ്ധയും താല്പര്യവും പിന്നീട് അതിനോട് ഉണ്ടാകാത്തതും "മുത്തപ്പന്‍റെ വഞ്ചി മൂന്നു പുത്തൻകൂലി എത്തുമ്പോഴെത്തും' എന്ന നിലയിൽ പോവാൻ ഉദ്യോഗസ്ഥ സംവിധാനത്തിന് കരുത്തുപകരുന്നു. അതുകൊണ്ടാണ്, സുനാമി പുനരധിവാസ പദ്ധതികൾ കടൽ ഇല്ലാത്ത, മലയോര ഇടങ്ങളിൽപോലും സാധ്യമാവുന്നത്!
1924ലെ വലിയ വെള്ളപ്പൊക്കത്തിനുശേഷം 2018ലാണ് ആ രീതിയിൽ വലിയ ദുരന്തം ഉണ്ടായത്. 2004ലായിരുന്നു സുനാമി . 2017ൽ ഓഖി. തൊട്ടടുത്ത വർഷം 2018ൽ വലിയ പ്രളയം, 2019ൽ കവളപ്പാറയിലും പുത്തുമലയിലും ഉരുൾപൊട്ടൽ, 2020ൽ പെട്ടിമുടി ഉരുൾപൊട്ടൽ, 2024 മുണ്ടക്കൈ, ചൂരൽമല...
ഓഖി പുനരധിവാസത്തിന്‍റെ അവസ്ഥ കണ്ടതാണല്ലോ. 2018 ലെ ദുരന്തത്തെ തുടർന്നുള്ള പുനരധിവാസം ഇപ്പോഴും പൂർണമായിട്ടില്ല. അതിനർഥം, ഒരു ദുരന്തം കഴിയുമ്പോൾ പുനരധിവാസത്തിനുള്ള സമയം പോലും കിട്ടാത്തവിധത്തിൽ അടുത്ത ദുരന്തം വലിഞ്ഞുമുറുക്കുകയാണ്. സാധാരണ കേരളം പോലെ വികസന സൂചികകളിൽ മുന്നോക്കം നിൽക്കുന്ന ഒരു സ്ഥലത്തു ദുരന്ത ഫലമായി ഇത്രയും നഷ്ടങ്ങൾ ഉണ്ടാവാൻ പാടില്ലാത്തതാണ്. ഇത് നമ്മൾ ആഘോഷിക്കുന്ന കേരളത്തിന്‍റെ വികസന മാതൃകയെപ്പറ്റി പുതിയൊരു പഠനം നടത്തേണ്ട സമയമായെന്ന ഓർമപ്പെടുത്തൽ കൂടിയാണ്.
കേരളത്തിൽ സുനാമി കോളനികളിൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ നടത്തിയ പഠനത്തിൽ പറയുന്നത് 20 വർഷത്തിന് ശേഷവും ഇത്തരം സ്ഥലങ്ങളിൽ കാര്യമായ സാമ്പത്തിക വളർച്ചയോ, ജീവിത നിലവാര ഉയർച്ചയോ കാണാൻ കഴിഞ്ഞില്ല എന്നാണ്. അവിടെ താമസിക്കുന്നവർ ആരും തന്നെ സംതൃപ്തരല്ല എന്ന് പഠനം പറയുമ്പോൾ നമ്മുടെ പുനരധിവാസ പ്രവർത്തനങ്ങൾ അടിമുടി മാറേണ്ട സ്ഥിതിയാണെന്നതിന്‍റെ വ്യക്തമായ സൂചകമാണത്.
(തുടരും)