

ശലഭം
നമിത മോഹനൻ
"ഈ വല്ലിയിൽ നിന്നു ചെമ്മേ
പൂക്കൾ പോകുന്നിതാ പറന്നമ്മേ!
തെറ്റി നിനക്കുണ്ണി! ചൊല്ലാം,
നൽ-പൂമ്പാറ്റകളല്ലേയിതെല്ലാം?"
എന്ന് കുമാരനാശാൻ കുറിച്ചതു പോലെ പ്രകൃതിയിലെ മനോഹരവും ആകർഷകവുമായ ജീവികളിലൊന്നാണ് പൂമ്പാറ്റകൾ. നമ്മുടെയെല്ലാം ബാല്യത്തിന്‍റെ ഓർമകളിലെവിടെയെങ്കിലുമൊക്കെ ഒരു പൂമ്പാറ്റയെങ്കിലും ഉണ്ടാവുമെന്ന് ഉറപ്പാണ്.
പല നിറങ്ങളിലും പല രൂപങ്ങളിലും നമ്മളെ ആകർഷിക്കുന്ന ചിത്രശലഭങ്ങൾ പ്രകൃതി ഒരുക്കിയ മനോഹരമായ കാഴ്ച മാത്രമല്ല, നമ്മുടെ സമ്പദ് വ്യവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് കൂടിയാണെന്നറിയാമോ? പലപ്പോഴും പൂമ്പാറ്റകളുടെ ഭംഗിയെക്കുറിച്ച് വർണിക്കാറുണ്ടെങ്കിലും അവ നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് എത്രത്തോളം സംഭാവനകൾ നൽകാറുണ്ടെന്നത് പലരും തിരിച്ചറിയുന്നില്ല. ഒരു പ്രദേശത്തെ പരിസ്ഥിതിയുടെ ആരോഗ്യം അളക്കാനുള്ള 'ബയോ-ഇൻഡിക്കേറ്ററുകൾ' കൂടിയാണ് പൂമ്പാറ്റകൾ.
കേരളത്തിൽ വ്യത്യസ്തവും ആകർഷകവുമായ ലക്ഷക്കണക്കിന് പൂമ്പാറ്റകളുണ്ട്. അവയെ കണ്ടെത്താനും പൂമ്പാറ്റകളുടെ മനോഹരമായ ലോകത്തേക്ക് ഇറങ്ങിച്ചെല്ലാനുമായി കണ്ണൂരിലെ കേളകം പഞ്ചായത്തും ഹരിത മിഷനും ചേർന്ന് ഒരു പരിപാടി ആവിഷ്കരിച്ചു. പൂമ്പാറ്റകളെയും അവരുടെ ജീവിതത്തെയും തൊട്ടറിഞ്ഞ മനുഷ്യർ ഓക്കില എന്ന പേരിൽ പൂമ്പാറ്റകളെക്കുറിച്ച് വിവരിക്കുന്ന പഠനഗ്രന്ഥവും പുറത്തിറക്കി.
167 തരം വ്യത്യസ്തമായ പൂമ്പാറ്റകളെക്കുറിച്ച് അവയുടെ വിശദാംശങ്ങൾ സഹിതമാണ് ഓക്കിലയിൽ വിവരിക്കുന്നത്. 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' എന്ന ക്യാംപെയിനിനിടെയാണ് പൂമ്പാറ്റകളെക്കുറിച്ചൊരു പഠനം നടത്തിയാലോ എന്ന് ആലോചിച്ചതെന്ന് കേരള പഞ്ചായത്ത് ഹരിത മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ പറയുന്നു. തുടർന്ന് പൂമ്പാറ്റകളെ തേടി അവരുടെ ഇടങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു. ആറു മാസം നീണ്ട നിരീക്ഷണങ്ങൾക്കൊടുവിൽ നിഷാദ് മണത്തണയുടെ നേതൃത്വത്തിൽ പഠനം പൂർത്തിയാക്കി.
എന്തിനാണ് ശലഭ പഠനം:
പക്ഷി നിരീക്ഷണം, തുമ്പി നിരീക്ഷണം എന്നിവയെല്ലാം പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് ശലഭ നിരീക്ഷണവുമെന്ന് വി.സി. ബാലകൃഷ്ണൻ (ചിത്രശലഭ നിരീക്ഷകൻ) പറയുന്നു. തേനീച്ചകൾ കഴിഞ്ഞാൽ ഏറ്റവും നല്ല പരാഗകാരികളാണ് ശലഭങ്ങൾ. ജൈവ വൈവിധ്യ സംരക്ഷണത്തിലും പരിസ്ഥിതി സംരക്ഷണത്തിലും വലിയ പങ്കുവഹിക്കുന്നവരാണ് ഇവർ. സസ്യങ്ങളുടെ നിലനിൽപ്പിലും നമ്മുടെ ആവാസവ്യവസ്ഥയിലും ആരോഗ്യത്തിലും അടക്കം വലിയ പങ്കാണ് ശലഭങ്ങൾ വഹിക്കുന്നതെന്നും അദ്ദഹം പറയുന്നു.
പൂമ്പാറ്റകളുടെ സവിശേഷ സ്വഭാവങ്ങളെക്കുറിച്ച് പഠനങ്ങളെ അടിസ്ഥാനപ്പെടുത്തി നീലിഷ വിമൽ പറയുന്നത് ഇങ്ങനെ...
ചെളിയൂറ്റൽ (Mud Puddling): നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ പതിനായിരക്കണക്കിന് ചിത്രശലഭങ്ങളാണ് ചീങ്കണ്ണിപ്പുഴയുടെ ഈർപ്പമുള്ള മണൽത്തിട്ടകളിൽ (പ്രത്യേകിച്ച് പൂക്കുണ്ട്, നരിക്കടവ് ഭാഗങ്ങളിൽ) ഒത്തുകൂടുന്നത്. മണ്ണിൽ നിന്നുള്ള ലവണങ്ങളും ധാതുക്കളും ആഗിരണം ചെയ്യാനാണ് ഇവ ഇങ്ങനെ ചെയ്യുന്നത്.
വെള്ളപ്പൊട്ടൻ (Common Albatross), നാട്ടുനീലക്കടുവ (Common Jay), നാട്ടുകോമാളി (Common Mime) തുടങ്ങിയ ശലഭങ്ങൾ ഇതിൽ പ്രധാനികൾ.
കൂട്ടം ചേരൽ (Congregation): ഒരേ ഇനത്തിൽപ്പെട്ട ആയിരക്കണക്കിന് ശലഭങ്ങൾ ഒന്നിച്ച് മരങ്ങളിലോ ചെടികളിലോ ദിവസങ്ങളോളം തങ്ങുന്ന പ്രതിഭാസമാണിത്. 2024-ൽ ശാന്തിഗിരി-പാലുകാച്ചി റോഡിൽ അരളി ശലഭങ്ങളുടെ (Common Crow) ഇത്തരമൊരു വൻ കൂട്ടംചേരൽ രേഖപ്പെടുത്തിയിട്ടുണ്ട്.
വെയിൽ കായൽ (Basking): ചിത്രശലഭങ്ങൾ ശീതരക്തമുള്ള (Cold-blooded) ജീവികളായതിനാൽ, പറക്കാൻ ആവശ്യമായ ശാരീരിക താപനില കൈവരിക്കാൻ അവ ചിറകുകൾ വിടർത്തി വെയിൽ കായുന്നു.
കേളകത്ത് കണ്ടെത്തിയ ശലഭങ്ങളെ സവിശേഷതകൾ അനുസരിച്ച് വിവിധ കുടുംബങ്ങളായി തരംതിരിച്ചിരിക്കുന്നു:
1. കിളിവാലൻ ശലഭങ്ങൾ (Papilionidae): വലിയ ചിറകുകളും വേഗതയേറിയ പറക്കലുമുള്ള ശലഭങ്ങളാണിവ. പലതിനും ചിറകിന്‍റെ താഴെ വാലുപോലെയുള്ള ഭാഗം കാണാം. ഉദാ: ഗരുഡശലഭം, ബുദ്ധമയൂരി.
2. രോമപാദ ശലഭങ്ങൾ (Nymphalidae): കേളകത്ത് ഏറ്റവും കൂടുതൽ കണ്ടെത്തിയ ഗ്രൂപ്പാണിത്. ഇവയുടെ മുൻകാലുകൾ വളരെ ചെറുതായതിനാൽ നാല് കാലുകൾ മാത്രമുള്ളതായി തോന്നും. ഈ ചെറിയ കാലുകൾ ചെടികളുടെ രുചിയും മണവും അറിയാനാണ് ഉപയോഗിക്കുന്നത്.
3. പീത-ശ്വേത ശലഭങ്ങൾ (Pieridae): സാധാരണയായി നിലത്തോട് ചേർന്ന് പറക്കുന്ന ഇവ മഞ്ഞ, വെള്ള നിറങ്ങളിൽ കാണപ്പെടുന്നു. ഉദാ: വെള്ളപ്പൊട്ടൻ, മഞ്ഞപ്പാറ്റ , വനമുല്ല , വലിയ ഓറഞ്ച് ടിപ്പ്, ഓകില ശലഭം / നീലക്കരിയില ശലഭം, വന്യജീവി സംരക്ഷണ നിയമപ്രകാരം ഉയർന്ന സംരക്ഷണം അർഹിക്കുന്ന വെള്ളിനവാബും ക്ലിപ്പറും ഈ വർഗത്തിൽപ്പെടുന്നു.
4. നീലിശലഭങ്ങളും (Lycaenidae) മറ്റുള്ളവയും: വളരെ ചെറിയ, മനോഹരമായ ശലഭങ്ങളാണിവ. ശത്രുക്കളെ പറ്റിക്കാൻ ഇവയുടെ ചിറകിന് പിന്നിൽ നൂലുപോലെയുള്ള ചെറിയ വാലുകളും വ്യാജക്കണ്ണുകളും കാണാം. ഉദാ: മാർക്കട ശലഭം.
5. തുള്ളന്മാരും പരപ്പന്മാരും (Hesperiidae): വളരെ വേഗത്തിലും ദിശമാറിയും പറക്കുന്ന ചെറിയ ശലഭങ്ങളാണിവ. കണ്ടെത്താനും തിരിച്ചറിയാനും പ്രയാസമുള്ള വിഭാഗമാണിത്.
6. ആട്ടക്കാരി ശലഭങ്ങൾ (Rinodiae): ഈ കുടുംബത്തിൽ ആകെ രണ്ടിനത്തിൽപെട്ട ശലഭങ്ങൾ മാത്രമേ കേരളത്തിൽ കണ്ടെത്തിയിട്ടുള്ളൂ.
കൂട്ടം ചേരൽ
പൂമ്പാറ്റകളുടെ ജീവിതം സൂക്ഷ്മമായി പരിശോധിച്ചാൽ പ്രകൃതിയിലെ പല പ്രതിഭാസങ്ങളും നമുക്ക് കാണാനാവുമെന്ന് ചിത്രശലഭ നിരീക്ഷകന് ഗിരീഷ് മോഹൻ പറയുന്നു. ഇതിൽ ഏറെ ആകർഷകമായി തോന്നിയ ഒന്നാണ് കൂട്ടം ചേരൽ. ശാസ്ത്ര ലോകത്തിന് ഇനിയും കൃത്യമായി വിശദീകരിക്കാനാവാത്ത പ്രതിഭാസമാണിത്.
നൂറുകണക്കിന് ചിത്രശലഭങ്ങൾ ഒരു മരത്തിലോ അടുത്തടുത്തുള്ള ഒന്നിലധികം മരത്തിലോ ദിവസങ്ങളോളമോ ചിലപ്പോഴൊക്കെ മാസങ്ങളോളമോ വിശ്രമാവസ്ഥയിൽ തുടരുന്ന അവസ്ഥയാണ് ഈ കൂടുചേരലുകൾ. ദീർഘമായ ദേശാടനത്തിനിടിയിലാണ് ഇത്തരം ആവർത്തിച്ചുള്ള ഈ കൂടിച്ചേരലുകൾ നടക്കാറുള്ളതെന്നാണ് മനസിലാക്കാനാവുന്നത്.
മരങ്ങളുടെ ഇലകൾ പോലും കാണാനാവാത്ത തരത്തിൽ പൂമ്പാറ്റകൾ ഒന്നിച്ചിരിക്കുന്നത് ശത്രുക്കളെ അകറ്റാൻ വേണ്ടിയാണെന്നും ഗിരീഷ് പറയുന്നു. കേളകം പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ നവംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിൽ ആയിരക്കണക്കിന് ചിത്രശലഭങ്ങൾ ദിവസങ്ങളോളം കൂട്ടം കൂടാറുണ്ടെന്നും അദ്ദേഹം പറയുന്നു.
ശലഭങ്ങളുടെ ദേശാടനം
ആറളം വന്യജീവി സങ്കേതത്തിൽ മഴക്കാലത്തിന് ശേഷം ഡിസംബർ - ജനുവരിയൊക്കെ ആകുമ്പോഴേക്കും ആരംഭിക്കുന്ന അത്ഭുത പ്രതിഭാസമാണ് ആർബട്രോസ് ശലഭങ്ങളുടെ ദേശാടനമെന്ന് ശലഭ നിരീക്ഷകൻ ബാലകൃഷ്ണൻ വളാപ്പിൽ പറയുന്നു. കുന്നിന് മുകളിൽ നിന്ന് താഴേയ്ക്ക് കാട്ടുപാതകളിലൂടെയും അരുവികളിലൂടെയും പൂമ്പാറ്റകൾ കൂട്ടമായി മാലകണക്ക് ഒന്നിന് പുറകെ ഒന്നായി പറന്ന് പോവുന്നത് കണ്ണുകൾക്ക് കുളിർമ നൽകുന്ന കാഴ്ചയാണ്.
പൂമ്പാറ്റകൽ മുട്ടയിടുന്ന ചൂട്ട എന്ന സസ്യം ആറളം കാട്ടിലെ കുന്നിനുമുകളിലാണ് ഉള്ളത്. ശലഭം മുട്ടയിട്ട് 10 ദിവസത്തിനുള്ളിൽ പ്യൂപ്പയായും പിന്നീട് ശലഭമായും പുറത്തു വരുന്നു. ഇത് ഒന്നോ രണ്ടോ മാസത്തിനകം അനുകൂല സാഹചര്യത്തിൽ ലക്ഷക്കണക്കിന് ശലഭങ്ങളായി പറന്നിറങ്ങും. ഇവ ഊർജസ്വലരായി തുറസായ സ്ഥലത്തിലൂടെ കുന്നിന് മുകളിൽ നിന്ന് താഴേയ്ക്ക് പറന്നിറങ്ങും.
വെയിലത്ത് നിർജലീകരണം സംഭവിക്കാതിരിക്കാനാണ് ഇവർ അരിവിക്ക് മുകളിലൂടെ പറക്കുന്നത്. ചിലപ്പോൾ അരിവിക്കരയിൽ കൂട്ടമായിരുന്ന് ജലത്തെ ആഗീരണം ചെയ്യും. പോവും വഴി ഇവർ പലയിടങ്ങളിലും വിശ്രമിക്കും. ജലം ആഗീരണം ചെയ്യും. വെയിൽ പോവുന്നതോടെ എല്ലാവരും വിശ്രമാവസ്ഥയിലേക്ക് കടക്കും. നേരം പുലരുന്നതോടെ ഒന്നു പോലുമില്ലാതെ അവയെല്ലാം അപ്രത്യക്ഷമാവുന്നു. അത് എന്തുകൊണ്ടാണെന്നതിന് ഇതുവരെ കൃത്യമായ ഉത്തരമില്ല. ആറളത്ത് വർഷം തോറും ദേശാടന ശലഭങ്ങളുടെ കണക്കെടുപ്പ് നടക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.
ചിത്രശലഭങ്ങളും നിശാശലഭങ്ങളും
പകൽ പറക്കുന്ന പൂമ്പാറ്റകളും രാത്രിയിൽ പറക്കുന്ന നിശാശലഭങ്ങളും (Moths/പാറ്റകൾ) തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ശലഭ നിരീക്ഷൻ ബിജു തേക്കുട്ടി വിശദീകരിക്കുന്നു. കേരളത്തിൽ ഏകദേശം 300 ഇനം പൂമ്പാറ്റകളുള്ളപ്പോൾ രണ്ടായിരത്തിലധികം ഇനം രാത്രിശലഭങ്ങളുണ്ട്.
പൂമ്പാറ്റകളുടെ സ്പർശിനികളുടെ (Antenna) അഗ്രം തടിച്ച മുട്ടുപോലെ ആയിരിക്കും, അവ വിശ്രമിക്കുമ്പോൾ ചിറകുകൾ മുകളിലേക്ക് കൂട്ടിപ്പിടിക്കുന്നു. എന്നാൽ രാത്രിശലഭങ്ങളുടെ സ്പർശിനികൾ തൂവൽ പോലെയാണ് കാണപ്പെടുക, അവ ചിറകുകൾ പരത്തിയാണ് വിശ്രമിക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക 'ശലഭഗ്രാമം' എന്ന സ്വപ്നം
പഠനങ്ങളിലൂടെ കണ്ടെത്തിയ കാര്യങ്ങളുടെ ഭാഗമായി ഈ പ്രദേശത്ത് പരിസ്ഥിതി പഠനത്തിനും വിനോദസഞ്ചാരത്തിനുമായി ഒരു ചിത്രശലഭ പാർക്ക് സ്ഥാപിക്കാനും, അതുവഴി കേളകത്തെ ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക "ശലഭഗ്രാമം" (Butterfly Village) ആയി പ്രഖ്യാപിക്കാനുമുള്ള തയ്യാറെടുപ്പിലാണെന്നും അധികൃതർ. ഇത്രയധികം പൂമ്പാറ്റകളുള്ള അവരുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കാനും അതുവഴി അവയെക്കുറിച്ച് പഠിക്കാനുമുള്ള അവസരം ഒരുക്കുകയാണ് ഇതുവഴി ലക്ഷ്യം വയ്ക്കുന്നത്.