

ഏക ഭാരതത്തിന്‍റെ ആത്മാവ്
file image
സി.പി. രാധാകൃഷ്ണൻ
ഉപരാഷ്‌ട്രപതി
""ഏക ഭാരതം, ശ്രേഷ്ഠ ഭാരതം'' എന്ന ആശയത്തിന്‍റെ ചൈതന്യം പ്രതിഫലിപ്പിക്കുന്ന ബൈശാഖി, റോംഗാലി ബിഹു, മഹാ ബിഷുബ പാന സംക്രാന്തി, പൊയില ബോയ്ശാഖ്, കേരളത്തിന്‍റെ വിഷു, തമിഴ് പുത്താണ്ട് വേളകളിൽ ഇന്ത്യയിലും ലോകമെമ്പാടുമുള്ള എല്ലാവർക്കും പരമ്പരാഗത പുതുവത്സര ആശംസകൾ നേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ ശുഭകരമായ അവസരം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെ.
ചിത്തിരൈ മാസം കൃഷിക്കുള്ള തയാറെടുപ്പുകൾ ആരംഭിക്കുന്ന കാലമാണ്. കർഷകർ ഭൂമിയെ ഫലഭൂയിഷ്ഠമാക്കാനുള്ള ജോലികൾ ആരംഭിക്കുന്ന സമയം. കഠിനാധ്വാനം പുരോഗതിയിലേക്ക് നയിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന നമ്മുടെ പൂർവികർ, അധ്വാനത്തിന്‍റെ ശുഭാരംഭത്തെ ആഘോമാക്കി മാറ്റി. രാജ്യമെമ്പാടും സമാനമായ ആഘോഷങ്ങൾ നമുക്ക് കാണാൻ കഴിയും, അവ ഇന്ത്യയുടെ ഐക്യത്തിന്‍റെയും സമാന സംസ്കാരത്തിന്‍റെയും ഉദാഹരണങ്ങളായി നിലകൊള്ളുന്നു.
ഉത്തരേന്ത്യയിൽ, പ്രത്യേകിച്ച് പഞ്ചാബിൽ, ജനങ്ങൾ വിളവെടുപ്പ് ഉത്സവമായി ബൈശാഖി ആഘോഷിക്കുന്നു. ദക്ഷിണേന്ത്യയിൽ, കേരളം വിഷു ആഘോഷിക്കുന്നു. വിഷു ദിനത്തിൽ അതിരാവിലെ ശുഭകരമായ വസ്തുക്കൾ കണി കാണുന്നത് കേരളീയരുടെ ഒരു പ്രധാന ആചാരമാണ്. അസമിലെ ജനങ്ങൾ ബിഹു ആഘോഷിക്കുന്നു, പശ്ചിമ ബംഗാളിൽ പൊയ്‌ല ബോയ്‌ഷാഖ് ആവേശപൂർവം കൊണ്ടാടുന്നു.
മണിപ്പുർ, ത്രിപുര, ഒഡിഷ, ബീഹാർ, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ ജനങ്ങളും ഈ സവിശേഷ കാലഘട്ടത്തെ വൈവിധ്യമാർന്ന പരമ്പരാഗത രീതികളിൽ പുതുവത്സരമായി ആഘോഷിക്കുന്നു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ രാജ്യത്തിന്‍റെ നാനാഭാഗങ്ങളിൽ നിന്നുള്ള ഭക്തർ ഗംഗാ നദിയിൽ പുണ്യസ്നാനം നിർവഹിക്കാൻ ഒത്തുകൂടുന്നു, ഇത് ഈ ശുഭവേളയുടെ പവിത്രത വിളിച്ചോതുന്നു.
തെലുങ്ക് സംസാരിക്കുന്ന ജനങ്ങൾ അവരുടെ പുതുവത്സരമായ ഉഗാദി അടുത്തിടെ ആഘോഷിക്കുകയുണ്ടായി. മറാഠി, കൊങ്കിണി സമൂഹങ്ങൾ അവരുടെ പുതുവത്സരം ഗുഡി പദ്‌വയായി ആഘോഷിക്കുന്നു.
നാമെല്ലാം ഒരു പുരാതന സംസ്കാരത്തിന്‍റെ അവിഭാജ്യഘടകങ്ങളാണെന്ന് നമ്മുടെ പൂർവികരുടെ ശാസ്ത്ര ജ്ഞാനം തെളിയിക്കുന്നു. പ്രപഞ്ചത്തെക്കുറിച്ചുള്ള അവരുടെ ആഴമേറിയതും കൃത്യവുമായ ധാരണ നാം ഇന്നും ആചരിച്ചു വരുന്ന പുതുവത്സരാഘോഷങ്ങളിൽ പ്രതിഫലിക്കുന്നു.
തമിഴ് പുതുവത്സരവും നമ്മുടെ പൂർവികരുടെ ജ്ഞാനത്തെ ആഘോഷിക്കാനുള്ള ശ്രദ്ധേയമായ ഒരു അവസരമാണ്. പാരമ്പര്യം, കുടുംബം, ആത്മീയത, അച്ചടക്കമുള്ള ജീവിതരീതി എന്നിവ സമന്വയിപ്പിക്കുന്ന ഒരു ഉത്സവമാണിത്. മുൻകാല അനുഭവങ്ങളാൽ നയിക്കപ്പെടുന്ന പുതുപ്രതീക്ഷകളോടെ മുന്നോട്ട് പോകാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്ന ഒരു പുതിയ തുടക്കത്തെ ഇത് അടയാളപ്പെടുത്തുന്നു.
ഇന്ന് നാം ആഗോള കലണ്ടർ പിന്തുടരുമ്പോൾ തന്നെ, നമ്മുടെ സ്വന്തം തമിഴ് കലണ്ടറിനെക്കൂടി പരിഗണിക്കേണ്ടതുണ്ട്, അത് ദിവസങ്ങൾക്കും മാസങ്ങൾക്കും മാത്രമല്ല, വർഷങ്ങൾക്കും അദ്വിതീയമായി പേരുകൾ നൽകുന്നു. അത്തരം 60 വർഷ നാമങ്ങളുണ്ട്. "പരഭവ' എന്ന് പേരിട്ടിരിക്കുന്ന ഈ വർഷം ചക്രത്തിലെ 40ാമത്തെ വർഷമാണ്.
"അസ്ട്രോണമി' (ജ്യോതിശാസ്ത്രം) എന്ന പദം ഗ്രീക്ക് ഭാഷയിൽ നിന്നാണ് ഉത്ഭവിച്ചത്. നക്ഷത്രങ്ങളുടെ നിയമങ്ങളെക്കുറിച്ചുള്ള പഠനമാണിത്. തമിഴിൽ ഇത് "വാണിയാൽ' എന്നാണ് അറിയപ്പെടുന്നത്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്, തമിഴ് പണ്ഡിതന്മാർ ഭൂമി ഗോളാകൃതിയിലാണെന്ന് മനസിലാക്കുകയും ആകാശഗോളങ്ങളുടെ ചലനത്തെയും അവയുടെ സ്വാധീനത്തെയും കുറിച്ച് പഠിക്കുകയും ചെയ്തു.
"പതിറ്റ്ട്രുപ്പത്ത് ' പോലുള്ള പുരാതന തമിഴ് സാഹിത്യങ്ങൾ പ്രപഞ്ചത്തിന്‍റെ സ്വഭാവത്തെയും ചലനത്തെയും വിശദീകരിക്കുന്നു. ലോകം അഞ്ച് മൂലകങ്ങളാൽ നിർമിതമാണെന്നും ഒരു ദിവ്യശക്തിയാൽ ഭരിക്കപ്പെടുന്നുവെന്നും ശ്ലോകങ്ങൾ വിശദീകരിക്കുന്നു. "സിരുപനരുപ്പടൈ' പോലുള്ള കൃതികളിൽ ഗ്രഹ ചലനങ്ങളെ പരാമർശിക്കുന്നു.
സംഘ സാഹിത്യത്തിൽ ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും കുറിച്ചുള്ള പരാമർശങ്ങളുണ്ട്. ഉദാഹരണത്തിന്, "പുറനാനൂർ' ഗ്രന്ഥത്തിൽ ശനിയെ ഇരുണ്ട (മൈമീൻ) ഗ്രഹം എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. ആകാശ പ്രതിഭാസങ്ങളുടെ സ്വാധീനങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ "കണിയൻ' എന്നറിയപ്പെട്ടിരുന്ന പണ്ഡിതരുമായി ബന്ധപ്പെട്ടിരിക്കുന്നു. കവി കണിയൻ പൂങ്കുന്ദ്രനാർ ഈ പാരമ്പര്യത്തിൽ നിന്നാണ് തന്‍റെ പേര് ഉരുത്തിരിഞ്ഞതെന്ന് വിശ്വസിക്കുന്നു.
"തൊൽക്കാപ്പിയം' പോലുള്ള പുരാതന ഗ്രന്ഥങ്ങൾ അത്തരം മഹദ് വ്യക്തികളെ "അറിവർ' എന്ന് പരാമർശിക്കുന്നു. ശരിയായ തീയതിയും സമയവും തെരഞ്ഞെടുത്താണ് വിവാഹം പോലുള്ള ശുഭകർമങ്ങൾ നടത്തിയിരുന്നതെന്നാണ് "അകനാനൂറു' പോലുള്ള സാഹിത്യ ഗ്രന്ഥങ്ങൾ വ്യക്തമാക്കുന്നത്. ഈ പാരമ്പര്യം ഇന്നും തമിഴ്‌നാട്ടിൽ തുടരുന്നു. ചിത്തിരയുടെ ആദ്യ ദിനം ക്ഷേത്രങ്ങളിൽ പഞ്ചാംഗം വായിക്കുന്നു, ആളുകൾ അത് കേൾക്കാൻ ഒത്തുകൂടുന്നു.
പഞ്ചാംഗത്തിൽ അഞ്ച് ഘടകങ്ങൾ അടങ്ങിയിരിക്കുന്നു: 1. ആഴ്ചയിലെ ദിവസം, 2. ചാന്ദ്ര ദിനം (തിഥി), 3. കരണം, 4. നക്ഷത്രം, 5. യോഗ. ഇവയെ അടിസ്ഥാനമാക്കി, മഴ, കൃഷി, വർഷത്തിലെ മറ്റ് വശങ്ങൾ എന്നിവയെക്കുറിച്ചുള്ള പ്രവചനങ്ങൾ നടത്തുന്നു.
നമ്മുടെ പൂർവികർ സമയം കണക്കാക്കാൻ സൗര, ചാന്ദ്ര സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നു. ആധുനിക ശാസ്ത്രം നൂതന ഉപകരണങ്ങൾ ഉപയോഗിച്ച് ഗ്രഹണം കണക്കാക്കുമ്പോൾ, മുൻകാലങ്ങളിലും അത്തരം പ്രതിഭാസങ്ങൾ പഠിക്കുകയും കൃത്യമായി പ്രവചിക്കുകയും ചെയ്തിരുന്നു.
നമ്മുടെ പൂർവികർ കൈമാറിയ ജ്ഞാനം നമ്മുടെ പൈതൃകമാണ്. നാം അത് സംരക്ഷിക്കുകയും ഭാവി തലമുറകൾക്ക് കൈമാറുകയും വേണം. ക്ഷേത്രങ്ങളിൽ പഞ്ചാംഗം വായിക്കുന്നത് ഈ പാരമ്പര്യത്തെ ആദരിക്കാനുള്ള ഒരു മാർഗമാണ്.
പ്രകൃതിയുടെ സമൃദ്ധിയോടുള്ള നമ്മുടെ പൂർവികരുടെ ബഹുമാനത്തെ പുതുവത്സരത്തിന്‍റെ മറ്റൊരു മഹനീയ വശം പ്രതിഫലിപ്പിക്കുന്നു. വീടുകളിൽ ധാന്യങ്ങളും പഴങ്ങളും പൂക്കളും പോലുള്ള ശുഭകരമായ വസ്തുക്കൾ ഒരുക്കുകയും രാവിലെ കണി കാണുകയും ചെയ്യുന്നു.
വസന്തകാലം പ്രകൃതി സ്വയം നവീകരിക്കുന്ന കാലഘട്ടമാണ്- മരങ്ങളും ചെടികളും അവയുടെ ഹരിതാഭ വീണ്ടെടുക്കുന്നു, പൂക്കൾ വിരിയുന്നു, പഴങ്ങൾ വിളയുന്നു. പ്രകൃതിയുമായി ഇണങ്ങി ജീവിച്ച തമിഴർ, "കണി കനൽ' എന്ന ആചാരത്തിലൂടെ ഈ സമൃദ്ധിക്ക് സാക്ഷ്യം വഹിച്ചുകൊണ്ടാണ് വർഷം ആരംഭിക്കുന്നത്.
അതുപോലെ, ഈ ദിവസം തയാറാക്കുന്ന പരമ്പരാഗത വിഭവത്തിൽ കയ്പ്പ് ഉൾപ്പെടെയുള്ള എല്ലാ രുചികളും ഉൾപ്പെടുന്നു. സന്തോഷവും ദുഃഖവും അടക്കമുള്ള എല്ലാ അനുഭവങ്ങളെയും ഉൾക്കൊള്ളുന്നതാണ് ജീവിതമെന്നും, എല്ലാത്തിനെയും സന്തുലിതമായി സ്വീകരിക്കണമെന്നും ഇത് നമ്മെ പഠിപ്പിക്കുന്നു.
രാജ്യത്തുടനീളമുള്ള ഈ ആഘോഷങ്ങളിലും, ഇന്ത്യൻ സമൂഹങ്ങൾ സ്ഥിരതാമസമാക്കിയ ലോകമെമ്പാടുമുള്ള പ്രദേശങ്ങളിലും ഈ പൊതുബോധം നിലനിൽക്കുന്നു. ഈ ആഘോഷങ്ങൾ നമ്മുടെ സാംസ്കാരിക തനിമയെയും വൈവിധ്യത്തെയും ഓർമിപ്പിക്കുന്നതോടൊപ്പം രാഷ്‌ട്രത്തിന്‍റെ അടിസ്ഥാന ഐക്യത്തെ ഉയർത്തിക്കാട്ടുന്നു. എക്കാലവും ഐക്യത്തോടെ ഒരുമിച്ച് ജീവിക്കാൻ കഴിയുമെന്ന നമ്മുടെ പ്രതീക്ഷകളെ ഊട്ടിയുറപ്പിക്കുന്നു.
നമ്മുടെ പൂർവികർ തെളിച്ച പാത പിന്തുടർന്ന്, ഭാവാത്മക ചിന്തയോടെയും വിശ്വാസത്തോടെയും സമർപ്പണത്തോടെയും പുതുവത്സരം ആഘോഷിക്കാൻ ഞാൻ യുവജനങ്ങളോട് അഭ്യർഥിക്കുന്നു. രാഷ്‌ട്ര പുരോഗതിക്ക് സംഭാവന നൽകാനുള്ള ദൃഢനിശ്ചയത്തോടെ നമുക്ക് നമ്മുടെ ഉദ്യമങ്ങൾ ആരംഭിക്കാം. നമ്മുടെ ഭാരതം സാംസ്ക്കാരിക ധാർമികതയിൽ ഒന്നായി നിലകൊള്ളുന്നു, ഒന്നായി തന്നെ തുടരുകയും ചെയ്യും. മുതിർന്നവരുടെ മാർഗദർശനത്താൽ ഏക ഭാരതം കെട്ടിപ്പടുക്കാൻ ആവേശപൂർവം മുന്നേറുന്ന യുവതലമുറയ്ക്ക്, 2047 ആകുമ്പോഴേക്കും ശ്രേഷ്ഠ ഭാരതവും വികസിത ഭാരതവും യാഥാർഥ്യമാക്കുന്നതിൽ വിജയം വരിക്കാൻ കഴിയട്ടെ.