സമാധാനദൂതിന്‍റെ മുഖംമൂടി പാക്കിസ്ഥാനു നേട്ടം

ഇറാൻ-അമെരിക്ക വെടിനിർത്തൽ: പാക് സൈനിക മേധാവിക്കു നന്ദി പറഞ്ഞ് ട്രംപ്; സമാധാന ദൂതൻ പരിവേഷത്തിലൂടെ പാക്കിസ്ഥാനു നേട്ടങ്ങൾ ഏറെ
Asim Munir and Donald Trump

ഡോണൾഡ് ട്രംപ്, അസിം മുനീർ

File

Updated on

ഇറാനും അമെരിക്കയും തമ്മിലുള്ള വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയ നടപടിയിൽ പാക്കിസ്ഥാന്‍റെ രാഷ്ട്രീയ - സൈനിക നേതൃത്വങ്ങൾക്കാണ് അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പ്രത്യേക നന്ദി രേഖപ്പെടുത്തിയിരിക്കുന്നത്. പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ, പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് എന്നിവരുടെ അഭ്യർഥന മാനിച്ചാണ് ആക്രമണം നിർത്തിവയ്ക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി. ഇതാദ്യമായാണ് ഇറാനുമേലുള്ള സൈനിക നടപടി അമെരിക്ക സമയപരിധി നിശ്ചയിക്കാതെ മാറ്റിവയ്ക്കുന്നത്.

ലോകത്തിനു മുന്നിൽ സമാധാന ദൂതരായി സ്വയം അടയാളപ്പെടുത്താനുള്ള പാക്കിസ്ഥാന്‍റെ നീക്കങ്ങൾക്ക് വലിയ ഊർജം പകരുന്നതാണ് ട്രംപിന്‍റെ പുതിയ പ്രസ്താവന. "ഇറാൻ ഭരണകൂടം നിലവിൽ ഭിന്നതയിലാണ്. ഒരു ഏകീകൃത സമാധാന നിർദേശം മുന്നോട്ടുവെക്കാൻ അവർക്ക് സമയം നൽകണമെന്ന് ഫീൽഡ് മാർഷൽ അസിം മുനീറും പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും അഭ്യർത്ഥിച്ചു. ഇത് പരിഗണിച്ചാണ് ആക്രമണം നീട്ടിവെക്കുന്നത്," സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.

അമെരിക്കൻ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് ഷെഹബാസ് ഷെരീഫും രംഗത്തെത്തി. "ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന രണ്ടാം ഘട്ട ചർച്ചകളിലൂടെ ശാശ്വതമായ ഒരു സമാധാന കരാറിലെത്താൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," അദ്ദേഹം എക്സിൽ കുറിച്ചു.

എന്തുകൊണ്ട് പാക്കിസ്ഥാൻ?

സാമ്പത്തികമായി തകർന്നുനിൽക്കുന്ന പാക്കിസ്ഥാന് മേഖലയിലെ അശാന്തി വലിയ ഭീഷണിയാണ്. പശ്ചിമേഷ്യയിലെ യുദ്ധം എണ്ണവില വർധിക്കാനും പാക്കിസ്ഥാനിലെ പണപ്പെരുപ്പം രൂക്ഷമാകാനും കാരണമാകും. ഈ സാഹചര്യം ഒഴിവാക്കുക എന്നതാണ് ഇക്കാര്യത്തിൽ പാക്കിസ്ഥാനുള്ള ആഭ്യന്തര താത്പര്യം. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണം തടസപ്പെടുന്നത് പാക്കിസ്ഥാൻ പോലുള്ള രാജ്യങ്ങളെ സാരമായി ബാധിക്കും.

ഇതിനൊപ്പം, അന്താരാഷ്ട്ര വേദികളിൽ നയതന്ത്ര പ്രതിച്ഛായ വർധിപ്പിക്കാനും പാക്കിസ്ഥാൻ ഈ സാഹചര്യം സമർഥമായി ഉപയോഗിക്കാൻ ശ്രമിക്കുകയാണ്. ഭീകരവാദത്തിന്‍റെയും സാമ്പത്തിക പ്രതിസന്ധിയുടെയും പേരിൽ ചരിത്രപരമായ കുപ്രസിദ്ധി മാത്രമുള്ള പാക്കിസ്ഥാന്, ഒരു വലിയ യുദ്ധം ഒഴിവാക്കിയ രാജ്യം എന്ന പ്രതിച്ഛായ അന്താരാഷ്ട്ര തലത്തിൽ ഗുണകരമാകും.

Asim Munir and Donald Trump
പാക്കിസ്ഥാന് ആഗോള സ്വീകാര്യത ലഭിച്ചത് മോദിയുടെ വീഴ്ച: കോൺഗ്രസ്

അസിം മുനീറിന്‍റെ റോൾ

അമെരിക്കയുമായും ഇറാനുമായും ഒരേസമയം അടുത്ത ബന്ധം പുലർത്തുന്ന ചുരുക്കം രാജ്യങ്ങളിൽ ഒന്നാണ് പാക്കിസ്ഥാൻ. ഈ നിഷ്പക്ഷ നിലപാടാണ് ട്രംപിനെ സ്വാധീനിക്കാൻ അവരെ സഹായിച്ചത്. അതേസമയം, ഇസ്ലാമിക രാജ്യം എന്ന നിലയിൽ പാക്കിസ്ഥാനെ വിശ്വാസത്തിലെടുക്കാൻ ഇസ്രയേൽ ഇനിയും തയാറായിട്ടില്ല. പാക്കിസ്ഥാന്‍റെ ഇടപെടലുകളെ സംശയത്തോടെയാണ് അവർ കാണുന്നത്. സമാധാന ശ്രമങ്ങൾക്ക് തടസം സൃഷ്ടിക്കുന്നത് ഇസ്രയേലാണെന്ന് പരസ്യമായി കുറ്റപ്പെടുത്താൻ പാക്കിസ്ഥാനും മടിക്കുന്നില്ല.

എന്നാൽ, കഴിഞ്ഞയാഴ്ച ഇറാൻ സന്ദർശിച്ച അസിം മുനീർ, ഇസ്രായേലും ലെബനനും തമ്മിലുള്ള വെടിനിർത്തലിനായി നടത്തിയ ഇടപെടലുകളും വലിയ ശ്രദ്ധ നേടിയിരുന്നു. ഈ പുതിയ നയതന്ത്ര നീക്കത്തിലൂടെ വിദേശ നിക്ഷേപം ആകർഷിക്കാനും പാക്കിസ്ഥാൻ ലക്ഷ്യമിടുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com