കാടിന്‍റെ കണ്ണ്, കടുവയുടെ മണ്ണ്: പെരിയാറിന്‍റെ 75 വസന്തങ്ങൾ

കേരളത്തിലെ ഏറ്റവും പഴയ നാഷണൽ പാർക്കായ പെരിയാർ കടുവ സങ്കേതം 75-ാം വാർഷികം ആഘോഷിക്കുന്നു. കടുവകളുടെ സംരക്ഷണവും ജനപങ്കാളിത്തത്തോടെയുള്ള വനപരിപാലനവും വിവരിക്കുന്ന റിപ്പോർട്ട്.
Periyar Tiger Reserve 75 Years

പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിലെ ഒരു 'അന്തേവാസി'

Forest Department archives

Updated on
Summary

എഴുപത്തിയഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ, പെരിയാർ കടുവ സങ്കേതം വെറുമൊരു വന്യജീവി കേന്ദ്രം മാത്രമല്ല; അതൊരു ജീവൽ സംഗീതമാണ്, സംരക്ഷണത്തിന്‍റെ തൊട്ടിലാണ്. മനുഷ്യനും പ്രകൃതിയും കൈകോർക്കുന്നിടത്ത് വനത്തിന്‍റെ ഹൃദയമിടിപ്പ് അനശ്വരമായിരിക്കുമെന്ന് ഇത് നമ്മെ ഓർമിപ്പിക്കുന്നു.

അജയൻ

"കടുവ, കടുവ, കത്തുന്നു നീ ശോഭയാൽ,

രാത്രിതൻ നിഗൂഢ വനഭംഗിയിൽ,

ഏതമരഹസ്തത്തിൻ, നേത്രത്തിൻ മിഴിവിൽ

വടിവൊത്തു നിൽക്കുമീ ഭയാനക ലാവണ്യം"

വില്യം ബ്ലേക്കിന്‍റെ പ്രസിദ്ധമായ 'ദ ടൈഗർ' എന്ന കവിതയിലെ ഈ വരികൾ ഒരേസമയം ഭയവും അദ്ഭുതവും ഉണർത്തുന്ന ഒരു ചിത്രം നമ്മുടെ മനസ്സിൽ വരച്ചിടുന്നു. വനത്തിന്‍റെ നിഗൂഢതകൾക്കിടയിലൂടെ ഗാംഭീര്യത്തോടെയും ഒപ്പം ഭീതിയോടെയും നീങ്ങുന്ന വന്യസൗന്ദര്യം. കേരളത്തിന്‍റെ ഹരിതാഭയിൽ കടുവകളുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നായ പെരിയാർ കടുവ സങ്കേതം (PTR) ഇപ്പോൾ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിടുകയാണ് - പരിസ്ഥിതി സംരക്ഷണത്തിന്‍റെയും പരിപാലനത്തിന്‍റെയും 75 വർഷങ്ങൾ!

കേരളത്തിലെ ഏറ്റവും പഴയ നാഷണൽ പാർക്ക് എന്ന നിലയിൽ ഇന്ത്യയുടെ ഹരിത ഭൂപടത്തിൽ പെരിയാറിന് അഭിമാനകരമായ സ്ഥാനമാണുള്ളത്. മഞ്ഞുപുതച്ച മലനിരകളും നിബിഡമായ നിത്യഹരിത വനങ്ങളും ചേർന്ന 925 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള ഈ വനം കടുവകൾക്കു മാത്രമല്ല, ആനകൾക്കും പക്ഷികൾക്കും മറ്റ് അനേകായിരം ജീവജാലങ്ങൾക്കും സുരക്ഷിതമായ സങ്കേതമൊരുക്കുന്നു.

തടിവെട്ടിൽ നിന്ന് കടുവ സംരക്ഷണത്തിലേക്ക്

വിചിത്രമെന്നു പറയട്ടെ, ഈ വന്യജീവി സങ്കേതത്തിന്‍റെ ഉത്ഭവം സംരക്ഷണത്തിലായിരുന്നില്ല. പത്തൊൻപതാം നൂറ്റാണ്ടിന്‍റെ അവസാനം മുല്ലപ്പെരിയാർ അണക്കെട്ട് നിർമിക്കുന്ന സമയത്താണ് ഇങ്ങനെയൊരു വന്യജീവി സങ്കേതം യഥാർഥ്യമാകുന്നത്.

ആ കൂറ്റൻ നിർമിതി ഈ പ്രദേശത്തിന്‍റെ ഭൂപ്രകൃതിയെ തന്നെ മാറ്റിമറിക്കുകയായിരുന്നു. അണക്കെട്ടിന്‍റെ സുരക്ഷയെക്കുറിച്ചുള്ള രാഷ്ട്രീയവും പാരിസ്ഥിതികവുമായ തർക്കങ്ങൾ ഇന്നും തുടരുമ്പോഴും, വനവും വന്യജീവികളും തഴച്ചുവളരാൻ ആവശ്യമായ സാഹചര്യം ഒരുക്കിയത് ആ ജലസംഭരണിയായിരുന്നു എന്നത് വസ്തുതയാണ്.

Periyar Tiger Reserve 75 Years

പെരിയാർ കടുവ സങ്കേതം രൂപീകരിക്കപ്പെടാൻ കാരണമായ മുല്ലപ്പെരിയാർ അണക്കെട്ട്.

File

വേട്ട ഏതാണ്ട് പൂജ്യത്തിലേക്ക് എത്തിച്ചുവെന്നതാണ് പെരിയാറിന്‍റെ ഇന്നത്തെ ഏറ്റവും വലിയ വിജയം. പതിറ്റാണ്ടുകളായി വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ കഠിനാധ്വാനത്തിന്‍റെ ഫലമാണിത്. മുൻകാലങ്ങളിൽ വേട്ടയാടൽ ഒരു വലിയ വിപത്തായിരുന്നുവെന്ന് മുതിർന്ന ഉദ്യോഗസ്ഥനായ ഒ.പി. കാലർ ഓർക്കുന്നു.

വനവാസികളും ഉദ്യോഗസ്ഥരും തമ്മിലുള്ള വിശ്വാസം കെട്ടിപ്പടുക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. വനത്തിന്‍റെ യഥാർഥ കാവൽക്കാരായ ഗോത്രസമൂഹം ആദ്യമൊക്കെ പുറത്തുനിന്നുള്ളവരെ സംശയത്തോടെയാണ് നോക്കിക്കണ്ടത്. എന്നാൽ, സാവധാനം ആ ബന്ധം ദൃഢമായി. പഴയ വേട്ടക്കാർ തന്നെ പിന്നീട് വനത്തിന്‍റെ കാവൽക്കാരാകുന്ന വിസ്മയകരമായ മാറ്റത്തിനും പെരിയാർ സാക്ഷ്യം വഹിച്ചു.

Periyar Tiger Reserve 75 Years

ചൊക്കൻപെട്ടിയിലെ പെരിയാറിന്‍റെ ഉദ്ഭവസ്ഥാനം.

Suresh Elamon

ജനപങ്കാളിത്തത്തോടെ വനപരിപാലനം

കേരളത്തിൽ ആദ്യമായി ജനപങ്കാളിത്തത്തോടെയുള്ള വനപരിപാലനം (Participatory Forest Management) എന്ന വിപ്ലവകരമായ ആശയം വേരുപിടിച്ചത് പെരിയാറിലാണ്. ഗോത്രസമൂഹങ്ങളെ വെറും കാട്ടുവാസികളായല്ല, മറിച്ച് വനത്തിന്‍റെ യഥാർഥ സംരക്ഷകരായാണ് ഈ പദ്ധതിയിൽ വിഭാവനം ചെയ്തത്. ലോക ബാങ്കിന്‍റെ സഹായത്തോടെ നിലവിൽ വന്ന ഇക്കോ ഡെവലപ്‌മെന്‍റ് കമ്മിറ്റികൾ (EDC) ഈ കൂട്ടായ പ്രവർത്തനത്തെ കൂടുതൽ ശക്തിപ്പെടുത്തി.

റിട്ടയേർഡ് ഓഫിസറായ ശിവദാസ് വഞ്ചിവയലിലെ ഒരു മനോഹരമായ അനുഭവം പങ്കുവയ്ക്കുന്നു: കുട്ടികൾക്കായി ഒരു സംരക്ഷണ ക്യാംപ് നടത്തി മാസങ്ങൾക്കു ശേഷം ചില അമ്മമാർ ഒരു പരാതിയുമായെത്തി - മുൻപ് അമ്പും വില്ലും ഉപയോഗിച്ച് കിളികളെയും അണ്ണാനെയുമൊക്കെ വേട്ടയാടിയിരുന്ന കുട്ടികൾ ഇപ്പോൾ ഒരു ജീവിയെയും ഉപദ്രവിക്കാൻ സമ്മതിക്കുന്നില്ലത്രെ! വീടിനുള്ളിൽ കയറുന്ന വിഷപ്പാമ്പുകളെപ്പോലും കൊല്ലാൻ അവർ അനുവദിക്കുന്നില്ല. അവർ ജീവന്‍റെ പവിത്രതയെക്കുറിച്ച് മുതിർന്നവർക്ക് ക്ലാസ് എടുക്കുന്നു. സംരക്ഷണത്തിന്‍റെ ഈ നിശബ്ദ വിപ്ലവം വനത്തിന്‍റെ ഭാവി സുരക്ഷിതമാക്കി.

Periyar Tiger Reserve 75 Years

പെരിയാർ സങ്കേതത്തിലെ കാട്ടാനക്കൂട്ടം.

Forest Department Archives, 1973

കണ്ണൻ: പെരിയാറിന്‍റെ ആത്മാവ്

പെരിയാറിന്‍റെ ചരിത്രത്തിൽ ഒട്ടേറെ നായകന്മാരുണ്ട്. കാലർ, ഉണ്ണിതാൽ, അമിത് മല്ലിക്, ബെന്നിച്ചൻ തോമസ്, സഞ്ജയൻ കുമാർ, പ്രമോദ് ജി. കൃഷ്ണൻ എന്നിങ്ങനെ നീളുന്ന ആ പട്ടികയിൽ ഒഴിച്ചുകൂടാനാവാത്ത പേരാണ് പച്ചക്കാട് കണ്ണന്‍റേത്.

37 വർഷം വാച്ചറായും ബോട്ടുകാരനായും ഗൈഡായും അദ്ദേഹം വനത്തിന്‍റെ ഭാഗമായി ജീവിച്ചു. 2016-ൽ മരിക്കുന്നതു വരെ ആ പച്ചപ്പിൽ നിന്ന് കണ്ണൻ വേർപെട്ടിരുന്നില്ല. പെരിയാറിന്‍റെ കരുത്തും ജാഗ്രതയും കണ്ണന്‍റെ ജീവിതത്തിൽ പ്രതിഫലിച്ചിരുന്നു.

Periyar Tiger Reserve 75 Years

പെരിയാർ തടാകം.

Suresh Elamon

തുടരുന്ന യാത്ര

ഇന്ന് പെരിയാർ കൂടുതൽ ജാഗ്രതയോടെ മുന്നോട്ടു പോകുകയാണ്. 2025-26 വർഷത്തെ അഖിലേന്ത്യാ കടുവ കണക്കെടുപ്പിന്‍റെ മൂന്നാം ഘട്ടം പുരോഗമിക്കുകയാണെന്ന് ഡെപ്യൂട്ടി ഡയറക്റ്റർ പി.യു. സാജു പറയുന്നു. നിലവിലുള്ള കണക്കനുസരിച്ച് 32 മുതൽ 37 വരെ കടുവകളും ഏകദേശം 1300 ആനകളും ഇവിടെയുണ്ട്.

വിശ്വാസത്തിന്‍റെയും സഹകരണത്തിന്‍റെയും പ്രതീകമായി പെരിയാർ നിലകൊള്ളുന്നു. കടുവകൾ സ്വതന്ത്രമായി വിഹരിക്കുകയും മനുഷ്യർ വനത്തെ ആദരിക്കുകയും ചെയ്യുന്ന ഈ മണ്ണ്, വന്യതയുടെ ആത്മാവ് കെടാതെ സൂക്ഷിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com