Plane crash escapes

വിമാനാപകട രക്ഷപ്പെടലുകൾ

വിമാനാപകട രക്ഷപ്പെടലുകൾ

ഇന്ത്യയുടെ വിമാനാപകട ചരിത്രത്തിൽ ഇത്തരത്തിൽ രക്ഷപ്പെട്ടവരിൽ ഒട്ടേറെ മലയാളികളുണ്ട്. അതിൽ രണ്ട് പ്രമുഖ മലയാള മാധ്യമ പ്രവർത്തകരുണ്ടായിരുന്നു
Published on

സുധീർ നാഥ്

ഏതൊരു അപകടത്തിൽ നിന്നും രക്ഷപ്പെടുക എന്നത് അത്ഭുതമാണ്. ഒരു പരിക്കുമില്ലാതെ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുന്നവർ ഭാഗ്യവാന്മാരുമാണ്. ലോകത്തു പല ഭാഗങ്ങളിലും ഇങ്ങനെ അത്ഭുതകരമായി രക്ഷപ്പെട്ട എത്രയോ പേരുണ്ട്. നമ്മുടെ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും സമാനമായ സംഭവങ്ങളുണ്ടായി. മരണത്തെ മുന്നിൽ കണ്ട ഒട്ടേറെപ്പേർ ഈ ഭൂമിയിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ജീവിതചക്രം അവർക്ക് നീട്ടി നൽകപ്പെടുന്നു. രണ്ടാം ജന്മമെന്ന് അവർ സാക്ഷ്യം പറയുന്നു.

അപകടം നടക്കുന്നത് ആകാശത്തായാലും കടലിലായാലും റോഡിലായാലും ഒരേപോലെയാണ്. ഒരപകടവും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഒന്നായിരിക്കില്ലല്ലോ. നിമിഷ നേരങ്ങൾ കൊണ്ട് സംഭവിക്കുന്ന ഒന്നാണ് അപകടങ്ങൾ. അപകട സാഹചര്യങ്ങളെ നേരിടുന്നവരാണ് രക്ഷപ്പെടുന്നവരിൽ പലരും. നിമിഷ നേരം കൊണ്ട് എടുക്കുന്ന തീരുമാനങ്ങളാണ് പലരേയും രക്ഷപ്പെടുത്തുന്നത്. ചിലർ ഭാഗ്യം കൊണ്ട് രക്ഷപ്പെടുന്നു. അപകടത്തിൽപ്പെടുന്ന വാഹനത്തിൽ കയറാൻ സാധിക്കാതെ നിരാശരായിരിക്കുമ്പോഴാണ് അപകട വാർത്ത അറിയുന്നതെങ്കിൽ എത്ര ആശ്വാസമായിരിക്കും അവർക്കുണ്ടാകുക. ഭാഗ്യം കൊണ്ടാണ് ജീവൻ തിരിച്ചു കിട്ടിയത് എന്ന പ്രതികരണം ഉറപ്പ്.

ഇക്കഴിഞ്ഞ ദിവസം അഹമ്മദാബാദിലുണ്ടായ വിമാന ദുരന്തത്തിൽ അതിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രം രക്ഷപ്പെട്ടിരിക്കുന്നു. 11എ സീറ്റിൽ ഇരുന്നിരുന്ന വിശ്വാസ് കുമാർ രമേശ് എത്രയോ ഭാഗ്യവാനാണ്. അയാളോടൊപ്പം ആ വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും അപകടത്തിൽ കൊല്ലപ്പെട്ടു, അയാളുടെ സഹോദരനടക്കം. ചെറിയ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ആ ചെറുപ്പക്കാരന് ആയുസ് കൂടുതലുണ്ട് എന്ന് ചുരുക്കം. സമമയത്തിന് എത്താൻ വൈകിയതു കൊണ്ട് ആ വിമാനം കിട്ടാതെ മടങ്ങിയ ഭാഗ്യവതിയും അഹമ്മദാബാദിലുണ്ട്.

ഇന്ത്യയുടെ വിമാനാപകട ചരിത്രത്തിൽ ഇത്തരത്തിൽ രക്ഷപ്പെട്ടവരിൽ ഒട്ടേറെ മലയാളികളുണ്ട്. അതിൽ രണ്ട് പ്രമുഖ മലയാള മാധ്യമ പ്രവർത്തകരുണ്ടായിരുന്നു എന്നത് ചരിത്രത്തിന്‍റെ ഭാഗം. ഒരാൾ വി.കെ. മാധവൻകുട്ടിയും മറ്റൊരാൾ കെ. ഗോവിന്ദൻകുട്ടിയും. മാതൃഭൂമി ഡൽഹി ബ്യൂറോ ചീഫായിരുന്ന മാധവൻകുട്ടി "അപകടം എന്‍റെ സഹയാത്രികൻ' എന്ന പുസ്തകം തന്നെ എഴുതി. അതിന്‍റെ മുഖവുരയിൽ അദ്ദേഹം തന്നെ എഴുതിയത് ശ്രദ്ധേയമാണ്. "ഒരു അപകടത്തിൽപ്പെടുക, അത് വിമാനാപകടമാവുക, അതിൽ നിന്നു രക്ഷപ്പെടുക എന്നത് വലിയ ഒരു കാര്യമാണ്. അതിനു രാഷ്‌ട്രീയ പ്രാധാന്യമുണ്ടാവുക എന്നു കൂടി വരുമ്പോൾ അത് കൂടുതൽ വലിയ ഒരു കാര്യമാകുന്നു. അങ്ങനെ ഒരു അപകടത്തിൽപ്പെടാനും അത്ഭുതകരമായി രക്ഷപ്പെടാനും സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. പലർക്കും നിഷേധിക്കപ്പെടുന്ന ഒരനുഭവത്തിലൂടെ ജീവിക്കുക എന്നത് ഒരു പത്രപ്രവർത്തകനെന്ന നിലക്കു പ്രത്യേകിച്ചും അസൂയാവഹമായ ഒരു നേട്ടമാണ്'. 1973 മെയ് 31ന് ഡൽഹിയിൽ നടന്ന വിമാന അപകടത്തെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. കേന്ദ്രമന്ത്രി മോഹൻ കുമരമംഗലം അടക്കം 48 പേർ ആ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. 65 യാത്രക്കാരിൽ 17 പേർ മാത്രമേ രക്ഷപ്പെട്ടുള്ളൂ.

ഡൽഹി വിമാനത്താവളത്തിൽ നിന്ന് കുറച്ചു മാറി കുത്തബ് മീനാറിന് സമീപം മെഹറോളിയിലാണ് വിമാനം തകർന്ന് വീണത്. വിമാനത്തിൽ നിന്ന് തെറിച്ചു വീണ സ്ഥലത്തു നിന്ന് രാത്രി ഏറെ ദൂരം ചെരിപ്പു പോലും ഇല്ലാതെ നടന്നപ്പോഴാണ് ഒരു സിഖുകാരൻ ഡ്രൈവർ മാധവൻകുട്ടിക്ക് സഹായത്തിന്നെത്തിയത്. ഒരു വിമാനാപകടം, അതിൽ നിന്നുള്ള അത്ഭുതകരമായ രക്ഷപ്പെടൽ, എന്നിട്ടും മാധവൻകുട്ടി തന്‍റെ സ്ഥാപനമായ മാതൃഭൂമിയിൽ വാർത്ത നൽകി. മാതൃഭൂമി എഡിറ്ററായിരുന്ന വി.പി. രാമചന്ദ്രനെയാണ് ടെലിഫോണിലൂടെ അദ്ദേഹം വിവരമറിയിച്ച് വാർത്തയാക്കിയത്. അപകടത്തിൽപ്പെട്ടാലും പത്രത്തിനു വാർത്ത നൽകുന്നത് ഒരു വാർത്താ അവസരമായി കാണുന്ന അർപ്പിത മനസായ ഒരു പത്രപ്രവർത്തകനെയാണ് നമ്മൾ അവിടെ കാണുന്നത്.

1977 നവംബർ 4ന് ഡൽഹിയിൽ പാലം വിമാനത്തോളത്തിൽ നിന്ന് പുറപ്പെട്ട പുഷ്പക് വിമാനം അസമിൽ തകർന്നു വീണു. ആ വിമാനത്തിൽ ഉണ്ടായിരുന്നത് അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായും മകനും ഉന്നത ഉദ്യോഗസ്ഥരടക്കം 24 പേരായിരുന്നു. പ്രധാനമന്ത്രിയുടെ വടക്കുകിഴക്കൻ സംസ്ഥാന പര്യടനം റിപ്പോർട്ട് ചെയ്യാൻ ആകാശവാണി റിപ്പോർട്ടറായാണ് കെ. ഗോവിന്ദൻകുട്ടി ആ വിമാനത്തിൽ യാത്ര ചെയ്തത്. റഷ്യൻ നിർമിത വിമാനത്തിന്‍റെ ക്യാപ്റ്റൻ അടക്കം 5 പേർ ആ അപകടത്തിൽ മരണപ്പെട്ടു. അപകട വിവരം ഗോവിന്ദൻകുട്ടി കരസേനാ കേന്ദ്രത്തിലേക്ക് നടന്നുചെന്ന് മലയാളിയായ ഹവിൽദാർ മാത്യുവിന്‍റെ സഹായത്താൽ ആകാശവാണിയിൽ അറിയിച്ചു. തിരുവനന്തപുരത്ത് വിശ്രമ ജീവിതം നയിക്കുകയാണ് അദ്ദേഹം ഇപ്പോൾ.

പാരിസിൽ നിന്ന് 2009 ജൂൺ 29ന് ബഹിയയും അമ്മ അസിസ അബൗഡോയും കൊമോറസിലേക്ക് യാത്ര ചെയ്ത എയർബസ് എ310 ജെറ്റ് എൻജിനുകൾ തകർന്ന് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് പതിച്ചു. 153 പേരുടെ ജീവനെടുത്ത യെമനിയ വിമാനാപകടത്തിൽ അതിജീവിച്ച ഒരേയൊരാൾ അന്ന് 9 വയസ് മാത്രമുള്ള ബഹിയയായിരുന്നു. കൊമോറസ് ദ്വീപുകൾക്ക് സമീപം സമുദ്രത്തിൽ തകർന്നുവീണ വിമാനാവശിഷ്ടങ്ങളിൽ പിടിച്ച് 9 മണിക്കൂറാണ് ബഹിയ വെള്ളത്തിൽ കഴിഞ്ഞത്. ലൈഫ് ജാക്കറ്റ് ഇല്ലാതെ, നീന്താനറിയാത്ത ആ കൊച്ചു പെൺകുട്ടി വിമാനത്തിന്‍റെ തകർന്ന ഭാഗങ്ങളിൽ പിടിച്ച് ഒരു രാത്രി മുഴുവൻ കഴിച്ചുകൂട്ടിയതും ഒടുവിൽ ജീവിതത്തിലേക്ക് മടങ്ങിവന്നതും അദ്ഭുതത്തോടെയാണ് ലോകം വീക്ഷിച്ചത്. "മിറക്കിൾ ഗേൾ' എന്ന് ബഹിയ ബകാരിയയെ ലോകം പിന്നീട് വിശേഷിപ്പിച്ചു.

നിരന്തരം വിമാനയാത്രകൾ നടത്തുന്ന മലയാളികളുടെ പ്രിയപ്പെട്ട ഗായകൻ ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസ് രണ്ടുതവണയാണ് വിമാനാപകടങ്ങളിൽ നിന്ന് രക്ഷപ്പെട്ടത്. 1971 ഡിസംബർ 9നായിരുന്നു ആദ്യ അപകടം. മേഘാലയയിൽ തകർന്നു വീണ വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്ന യേശുദാസ് വിമാനത്താവളത്തിൽ എത്താൻ വൈകിയതിനാൽ മാത്രമാണ് തലനാഴിരയ്ക്ക് രക്ഷപ്പെട്ടത്. 1978 ഒക്റ്റോബർ 13നായിരുന്നു രണ്ടാമത്തെ സംഭവം. 350 യാത്രക്കാരുമായി ന്യൂയോർക്കിൽ നിന്നും പറന്നുയർന്ന വിമാനം മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. എയർ ഇന്ത്യയുടെ ബോയിങ് വിമാനത്തിൽ തീയും പുകയും കണ്ടതാണ് അപകട ലക്ഷണം. ന്യൂയോർക്കിൽ നിന്ന് പറന്നുയർന്ന് മൂന്നു മണിക്കൂർ കഴിഞ്ഞപ്പോഴാണ് വിമാനത്തിലെ ബാഗേജ് സൂക്ഷിക്കുന്ന സ്ഥലത്ത് പുക കണ്ടത്. യേശുദാസിന്‍റെ ഇലക്‌ട്രിക് ഓർഗൻ ഉരുകി പുക വന്നു. എന്തായാലും സംയോജിതമായി തീ അണയ്ക്കാൻ സാധിച്ചതിനാൽ വൻ ദുരന്തമാണ് അന്ന് ഒഴിവായത്.

2010 മേയ് 22ന് ദുബായ് വിമാനത്താവളത്തിൽ നിന്ന് 160 യാത്രക്കാരും 6 ജീവനക്കാരുമായി പുറപ്പെട്ട എയർ ഇന്ത്യയുടെ ഐഎക്സ് 812 വിമാനം രാവിലെ 6.30ന് മംഗലാപുരം വിമാനത്താവളത്തിൽ ഇറങ്ങാനൊരുങ്ങവെ തീപിടിച്ച് 158 പേർ മരിച്ചു. അതിൽ 52 മലയാളികളും ഉൾപ്പെടുന്നു. വിമാനം രണ്ടായി പിളർന്ന് തീപിടിക്കുകയായിരുന്നു. മംഗളൂരു വിമാനത്താവളത്തിനടുത്തുള്ള കാട്ടിൽ വീഴുമ്പാൾ വിമാനം പല കഷണങ്ങളായി ചിതറി. ആ അപകടത്തിൽ 8 പേർ മാത്രമാണ് രക്ഷപ്പെട്ടത്. ഇന്ത്യയിൽ സംഭവിച്ച മൂന്നാമത്തെ വലിയ വിമാന അപകടമായിരുന്നു അന്ന് മംഗലാപുരത്തുണ്ടായത്. ഇന്നത് നാലാമത്തെയായി മാറി. ഇപ്പോഴത്തെ അഹമ്മദാബാദ് വിമാന ദുരന്തം രാജ്യത്തെ രണ്ടാമത്തെ വലുതാണ്. 1996ലെ ചക്രി ദർദി വിമാനപകടത്തിൽ 349 പേർ മരിച്ചതും 1978ൽ 213 പേർ മരിച്ച എയർ ഇന്ത്യ 855ന്‍റെ അപകടവുമാണ് മറ്റു രണ്ടു വലിയ ദുരന്തങ്ങൾ.

2000 ജൂലൈ 17ന് അലയൻസ് എയർലൈൻസിന്‍റെ ബോയിങ് 737 വിമാനം ബിഹാറിലെ പാറ്റ്ന വിമാനത്താവളത്തിനടുത്ത് തകർന്നു വീണത് ചരിത്രമാണ്. വിമാനത്തിൽ ഉണ്ടായിരുന്ന 51 പേരും ഗ്രൗണ്ടിൽ ഉണ്ടായിരുന്ന 5 പേരും അടക്കം 56 പേരാണ് അന്ന് മരിച്ചത്. 58 യാത്രക്കാരിൽ 7 പേർ അദ്ഭുതകരമായി രക്ഷപ്പെട്ടു. കൊൽക്കത്തയിൽ നിന്ന് ഡൽഹിക്ക് വരികയായിരുന്ന വിമാനമാണ് തകർന്നു വീണത്.

2020 ഓഗസ്റ്റ് 7നാണ് കോഴിക്കോട്ട് മലയാളികളെ ഏറെ ഞെട്ടിച്ച വിമാന അപകടം ഉണ്ടായത്. കൊവിഡ് മഹാമാരിയുടെ പിടിയിൽ അമർന്നിരുന്ന സമയത്തായിരുന്നു ആ അപകടം. 184 യാത്രക്കാരും 6 ജീവനക്കാരും അടക്കം 190 പേരുമായി വന്ദേഭാരത് മിഷന്‍റെ ഭാഗമായി ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. 2 പൈലറ്റുമാർ അടക്കം 21 പേർ കൊല്ലപ്പെട്ടു. 15 പേർക്ക് ഗുരുതരമായി പരിക്കേറ്റു.

അപകടങ്ങളിൽ നിന്ന് രക്ഷപ്പെട്ടവരുടെ ഒട്ടേറെ കഥകൾ നമുക്ക് പറയാനുണ്ട്. അഹമ്മദാബാദിലെ വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഒരേയൊരു വ്യക്തിയെപ്പറ്റി നമ്മൾ ചർച്ച ചെയ്യുന്ന അവസരത്തിൽ ഓർത്തു പോയതാണ് മുമ്പ് സൂചിപ്പിച്ച അപകട കഥകൾ.

logo
Metro Vaartha
www.metrovaartha.com