ഇതു താനെടാ പൊലീസ്

ഗ്രീക്കു ഭാഷയിലെ നഗരം എന്നര്‍ഥം വരുന്ന പോളിസ് എന്ന വാക്കില്‍ നിന്നും ഉരുത്തിരിഞ്ഞ പോലിഷ്യാ (സിവില്‍ അഡ്മിനിസ്റ്റ്റേഷന്‍) എന്ന ലാറ്റിന്‍ പദത്തില്‍ നിന്നുമാണ് ഫ്രഞ്ച് ഭാഷ വഴി പൊലീസ് എന്ന വാക്കുണ്ടായത്.
ഗ്രീക്കു ഭാഷയിലെ നഗരം എന്നര്‍ഥം വരുന്ന പോളിസ് എന്ന വാക്കില്‍ നിന്നും ഉരുത്തിരിഞ്ഞ പോലിഷ്യാ (സിവില്‍ അഡ്മിനിസ്റ്റ്റേഷന്‍) എന്ന ലാറ്റിന്‍ പദത്തില്‍ നിന്നുമാണ് ഫ്രഞ്ച് ഭാഷ വഴി പൊലീസ് എന്ന വാക്കുണ്ടായത്.

ഇതു താനെടാ പൊലീസ്

Updated on: 

വിജയ് ചൗക്ക് | സുധീര്‍ നാഥ്

പൊലീസ് എന്ന വാക്ക് ഏവര്‍ക്കും പരിചിതമാണല്ലോ. നിയമ സംവിധാനം പരിപാലിക്കാൻ പൊലീസിന്‍റെ ആവശ്യകതയെ കുറിച്ച് സാമാന്യമായ ധാരണ ജനങ്ങള്‍ക്കുണ്ട്. ഏതൊരു നിയമ ലംഘനം നടക്കുമ്പോഴും പൊലീസിനെ സമീപിക്കുന്ന പ്രവണത നമ്മുടെ സമൂഹത്തില്‍ വ്യാപകമായി കാണാം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, ക്രിമിനല്‍ നിയമം നടപ്പിലാക്കുക, ക്രിമിനല്‍ അന്വേഷണം നടത്തുക, ഗതാഗതം നിയന്ത്രിക്കുക, ജനക്കൂട്ട നിയന്ത്രണം, പൊതു സുരക്ഷാ ചുമതലകള്‍, സിവില്‍ ഡിഫന്‍സ്, അടിയന്തരാവസ്ഥ കൈകാര്യം ചെയ്യുക, കാണാതായവരെ അന്വേഷിക്കുക, നഷ്ടപ്പെട്ട സ്വത്ത്, പൊതു ക്രമവുമായി ബന്ധപ്പെട്ട മറ്റ് കടമകള്‍ എന്നിവ പൊലീസിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.

മിക്ക രാജ്യങ്ങളിലും സംസ്ഥാന ഭരണ സംവിധാനത്തിന്‍റെ കീഴില്‍ വരുന്ന ഈ വകുപ്പ്, വ്യക്തമായ കീഴവഴക്കങ്ങളോടും, അധികാരപരിധികളോടും കൂടി പ്രവര്‍ത്തിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക വഴി സ്വൈര ജീവിതം ഉറപ്പാക്കുന്നത് പൊലീസിന്‍റെ ചുമതലയാണ്. ഗ്രീക്കു ഭാഷയിലെ നഗരം എന്നര്‍ഥം വരുന്ന പോളിസ് എന്ന വാക്കില്‍ നിന്നും ഉരുത്തിരിഞ്ഞ പോലിഷ്യാ (സിവില്‍ അഡ്മിനിസ്റ്റ്റേഷന്‍) എന്ന ലാറ്റിന്‍ പദത്തില്‍ നിന്നുമാണ് ഫ്രഞ്ച് ഭാഷ വഴി പൊലീസ് എന്ന വാക്കുണ്ടായത്.

1667ല്‍ ഫ്രാന്‍സിലെ രാജാവായ ലൂയി 14ാമന്‍റെ കാലത്തായിരുന്നു ആദ്യ പൊലീസ് സേനയുടെ രൂപവത്കരണം. എന്നാല്‍ വര്‍ത്തമാന കാലത്തെ പൊലീസ് സേന 1,800കളില്‍ സ്ഥാപിതമായ ലണ്ടന്‍ മറൈന്‍ പൊലീസ്, ഗ്ലാസ്ഗോ പൊലീസ്, ഫ്രാന്‍സിലെ നെപ്പോളിയന്‍റെ പൊലീസ് സംവിധാനം എന്നിവയുടെ ചുവടുപിടിച്ചാണ് ഉണ്ടായത്. പൊലീസ് സേനകളില്‍ പ്രതിരോധ (യൂണിഫോം ധരിച്ച) പൊലീസും രഹസ്യ ഡിറ്റക്റ്റീവുകളും യൂണിഫോമില്ലാത്ത സ്പെഷ്യൽ ബ്രാഞ്ച് അംഗങ്ങളുമൊക്കെ ഉള്‍പ്പെടുന്നു. വിവിധ രാജ്യങ്ങളില്‍ പൊലീസിനെ വ്യത്യസ്തമായ വാക്കുകളിലാണ് വിശേഷിപ്പിക്കുന്നത്. വലിപ്പം പരിഗണിക്കാതെ തന്നെ പൊലീസ് സേനകള്‍ സാധാരണയായി ഒന്നിലധികം റാങ്കുകളുള്ള ഒരു ശ്രേണിയായി ക്രമീകരിച്ചിരിക്കുന്നു. കൃത്യമായ ഘടനകളും റാങ്കിന്‍റെ പേരുകളും രാജ്യം അനുസരിച്ച് ഗണ്യമായി വ്യത്യാസപ്പെടുന്നു.

പൊലീസ് സര്‍വീസിലെ ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും യൂണിഫോം ധരിക്കുന്നവരാണ്. സേവനത്തിനായുള്ള ആഹ്വാനങ്ങള്‍ക്ക് മറുപടി നല്‍കുക എന്നതാണ് അവരുടെ പ്രധാന കടമ. യൂണിഫോം ധരിച്ച പൊലീസിനെ പ്രിവന്‍റീവ് പൊലീസ്, യൂണിഫോം ബ്രാഞ്ച്/ ഡിവിഷന്‍, അഡ്മിനിസ്ട്രേറ്റീവ് പൊലീസ്, ഓര്‍ഡര്‍ പൊലീസ്, പട്രോള്‍ ബ്യൂറോ/ഡിവിഷന്‍, അല്ലെങ്കില്‍ പട്രോള്‍ എന്നിങ്ങനെ വ്യത്യസ്ത പേരുകളില്‍ അറിയപ്പെടുന്നു. ഓസ്ട്രേലിയയിലും യുണൈറ്റഡ് കിങ്ഡത്തിലും, പട്രോളിങ് ഉദ്യോഗസ്ഥരെ 'ജനറല്‍ ഡ്യൂട്ടി' ഓഫീസര്‍മാര്‍ എന്നും വിളിക്കുന്നു. ബ്രസീലിലെ പ്രിവന്‍റീവ് പൊലീസ് മിലിറ്ററി പൊലീസ് എന്നാണ് അറിയപ്പെടുന്നത്.

ഡിറ്റക്റ്റീവുകള്‍ എന്ന വിഭാഗം പൊലീസ് സേനയിലുണ്ട്. അന്വേഷണങ്ങള്‍ക്കും ഡിറ്റക്റ്റീവ് ജോലികള്‍ക്കും പൊലീസ് ഡിറ്റക്റ്റീവുകള്‍ ഉത്തരവാദികളാണ്. ഡിറ്റക്റ്റീവുകളെ ഇന്‍വെസ്റ്റിഗേഷന്‍ പൊലീസ്, ജുഡീഷ്യറി/ ജുഡീഷ്യല്‍ പൊലീസ് അല്ലെങ്കില്‍ ക്രിമിനല്‍ പൊലീസ് എന്ന് വിളിക്കാം. യുണൈറ്റഡ് കിങ്ഡത്തില്‍, അവരെ പലപ്പോഴും അവരുടെ വകുപ്പിന്‍റെ പേരിലാണ് വിളിക്കുന്നത്. യൂണിഫോം ധരിച്ച പൊലീസില്‍ നിന്ന് വ്യത്യസ്തമായാണ് ഡിറ്റക്റ്റീവുകള്‍ സാധാരണയായി കാണുക. അന്വേഷണ പരിപാടികളില്‍ ബിസിനസ് ശൈലിയിലുള്ള വസ്ത്രങ്ങള്‍ അവര്‍ ധരിക്കുന്നു. മിക്കവാറും ഡിറ്റക്റ്റീവ് ഓഫിസര്‍മാര്‍ പൊതുജനങ്ങള്‍ ഒത്തുചേരുന്നതിനായി ധരിക്കുന്ന വസ്ത്രത്തിന് അനുസൃതമായ വസ്ത്രം ധരിക്കുന്നു.

ഇന്ത്യയിലെ പൊലീസ് ചരിത്രം ആരംഭിക്കുന്നത് പ്രാചീന കാലം മുതലാണ്. കൗടില്യന്‍റെ 'അര്‍ഥശാസ്ത്രം' (ബിസി 310), മൗര്യ- ഗുപ്ത കാലഘട്ടങ്ങള്‍ എന്നിവയില്‍ കുറ്റാന്വേഷണത്തിനും ക്രമസമാധാനപാലനത്തിനും പ്രത്യേക ഉദ്യോഗസ്ഥരുണ്ടായിരുന്നു- ദണ്ഡപാലന്‍, ദുര്‍ഗപാലന്‍, അന്തപാലന്‍ തുടങ്ങിയവര്‍. മധ്യകാലഘട്ടത്തില്‍ ഡല്‍ഹി സുല്‍ത്താനത്ത് മുഗള്‍ കാലഘട്ടങ്ങളില്‍ 'കൊത്വാൾ' എന്നതായിരുന്നു നഗരങ്ങളിലെ പൊലീസ് തലവന്‍. ആധുനിക ഇന്ത്യന്‍ പൊലീസ് രൂപം കൊള്ളുന്നത് 1843ലാണ്. സിന്ധ് പ്രവിശ്യ പിടിച്ചടക്കിയ ശേഷം സര്‍ ചാള്‍സ് നേപ്പിയര്‍ ആണ് പട്ടാളത്തില്‍ നിന്നും വേറിട്ടതും സ്വതന്ത്രവുമായ ഒരു പൊലീസ് സംവിധാനം ഇന്ത്യയില്‍ നടപ്പിലാക്കിയതും.

1861ലെ പൊലീസ് ആക്റ്റിന്‍റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ ഇന്ത്യയിലെ പൊലീസ് സംവിധാനത്തിന് അടിത്തറ ഉണ്ടാകുന്നത്. ബ്രിട്ടീഷ് പൊലീസ് കമ്മിഷന്‍ അത് രൂപീകരിക്കുകയും, 1902-03ലെ കമ്മിഷന്‍ ശുപാര്‍ശകളിലൂടെ ഇത് കൂടുതല്‍ പരിഷ്കരിക്കുകയുമാണ് ഉണ്ടായത്.

കേരള സംസ്ഥാനത്തിന്‍റെ ക്രമസമാധാന പരിപാലന- നിയമ നിര്‍വഹണ ഏജന്‍സിയാണ് കേരള പൊലീസ്. തിരുവനന്തപുരത്താണ് കേരള പൊലീസിന്‍റെ ആസ്ഥാനം. 'മൃദുവായ പെരുമാറ്റം, ദൃഢമായ പ്രവര്‍ത്തനം' എന്ന് അര്‍ഥമാക്കുന്ന 'മൃദു ഭാവെ, ദൃഢ കൃത്യെ' എന്ന സംസ്കൃത വാക്യം ആണ് ഈ സേനയുടെ ആപ്തവാക്യം. കേരള സര്‍ക്കാരിന്‍റെ ആഭ്യന്തര വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സേനയുടെ തലവന്‍ സംസ്ഥാന പൊലീസ് മേധാവിയാണ്. സംസ്ഥാന തലത്തില്‍ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കി സ്വന്തം ജന്മദേശത്തോ, കേരളത്തിന്‍റെ മറ്റേതെങ്കിലും ഭാഗത്തോ നിയമിച്ചു കൊണ്ടുള്ള സംവിധാനമാണ് നിലവിലുള്ളത്. കേരള പൊലീസിലെ ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തിന്‍റെ ഏതു ഭാഗത്തും പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ്. ആവശ്യമെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും പ്രവര്‍ത്തിക്കേണ്ടതുണ്ട്..

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പ് വ്യത്യസ്തങ്ങളായ ഭരണ സംവിധാനങ്ങളുടെ കീഴിലായിരുന്നു കേരള പൊലീസ്. തിരുവിതാംകൂറില്‍ ദിവാന്‍ ഉമ്മിണിത്തമ്പിയും റസിഡന്‍റ് കേണല്‍ മണ്‍റോയും പൊലീസ് സേനയെ രൂപീകരിക്കുന്നതില്‍ കാര്യമായ പങ്കു വഹിച്ചു. 1881ല്‍ ദിവാനായിരുന്ന രാമയ്യങ്കാരാണ് പൊലീസ് സേനയെ നിയമവകുപ്പില്‍ നിന്ന് അടര്‍ത്തി പകരം സ്വന്തമായ ഒരു പൊലീസ് സൂപ്രണ്ടിനെ അധികാരപ്പെടുത്തിയത്. 1948 ഓഗസ്റ്റ് 21ന് എന്‍. ചന്ദ്രശേഖരന്‍ നായര്‍ ആദ്യത്തെ പൊലീസ് ഇന്‍സ്പെക്റ്റര്‍ ജനറലായി. 1956ല്‍ കേരള സംസ്ഥാനം രൂപംകൊണ്ടപ്പോള്‍ എന്‍. ചന്ദ്രശേഖരന്‍ നായര്‍ ആദ്യ പൊലീസ് ഇന്‍സ്പെക്റ്റര്‍ ജനറലായി നിയമിതനാകുകയും ചെയ്തു. അന്ന് കേരള പൊലീസിന്‍റെ മേധാവി പൊലീസ് ഇന്‍സ്പെക്റ്റര്‍ ജനറല്‍ (ഐജി) പദവിയുള്ള ഉദ്യോഗസ്ഥന്‍ ആയിരുന്നു. 1956 നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തിലാണ് ഇന്ന് കാണുന്ന രീതിയില്‍ ഉള്ള കേരള പൊലീസ് രൂപീകൃതമായത്. 1981ല്‍ പൊലീസ് വകുപ്പിന്‍റെ മേധാവിയുടെ പദവി പൊലീസ് ഡയറക്റ്റര്‍ ജനറല്‍ ആയി ഉയര്‍ത്തുകയും സ്ഥാനപ്പേര് ഡയറക്റ്റര്‍ ജനറല്‍ ഒഫ് പൊലീസ്(ഡിജിപി) എന്നാക്കി മാറ്റുകയും ചെയ്തു. ടി. അനന്തശങ്കര അയ്യര്‍ കേരളത്തിലെ ആദ്യ ഡിജിപി ആയി. പിന്നീട് 2008ല്‍ ഈ സ്ഥാനപ്പേര് സംസ്ഥാന പൊലീസ് മേധാവി (സ്റ്റേറ്റ് പൊലീസ് ചീഫ് - എസ്പിസി) എന്നാക്കി മാറ്റി.

കേരളത്തിലെ പൊലീസിന്‍റെ ചരിത്രത്തിന്‍റെ ആദ്യ കാലങ്ങളെ കുറിച്ച് ആധികാരികമായ രേഖകളൊന്നും നിലവിലില്ല. ആദ്യകാലങ്ങളിലെ സാഹിത്യ കൃതികളായ അകംകൃതികള്‍, പതിറ്റുപത്തു, ചിലപ്പതികാരം എന്നിവ പുരാതന കാലത്തെ പൊലീസ് സമ്പ്രദായത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഈ കൃതികളില്‍ കാവല്‍ ഭടന്‍, കാവല്‍ക്കാരന്‍ തുടങ്ങിയവരെ യാത്രക്കാരുടെയും കച്ചവടസംഘങ്ങളുടെയും സംരക്ഷണത്തിനായി പ്രധാന പാതകളില്‍ നിയമിച്ചിരുന്നതായി സൂചിപ്പിക്കുന്നു. വിവിധ തരം കാവല്‍ക്കാരെക്കുറിച്ച് സംഘകാല കൃതികളില്‍ പ്രതിപാദിക്കുന്നുണ്ട്. രഹസ്യാന്വേഷണ വിഭാഗത്തില്‍ നിയോഗിച്ചിട്ടുള്ള ആള്‍ക്കാരെ ചാരന്‍, ദൂതന്‍, അപസര്‍പ്പകന്‍, ഗൂഢ പുരുഷന്‍ എന്നിങ്ങനെയെല്ലാം വിവരിച്ചു കാണുന്നുണ്ട്.

കേരളത്തിലെ പൊലീസിന്‍റെ പ്രധാന വിഭാഗങ്ങളും യൂണിറ്റുകളും എന്തൊക്കെ എന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. കേരളത്തിലെ ക്രമസമാധാന പാലനത്തിനായി കേരളത്തെ സൗത്ത് സോണ്‍, നോര്‍ത്ത് സോണ്‍ എന്നിങ്ങനെ രണ്ട് പൊലീസ് സോണുകളായി തിരിച്ചിരിച്ചിട്ടുണ്ട്. ഇതിന് കീഴില്‍ 4 റേഞ്ചുകളും, വിവിധ പൊലീസ് ജില്ലകളും, സബ് ഡിവിഷനുകളും, പൊലീസ് സ്റ്റേഷനുകളുമുണ്ട്. സങ്കീര്‍ണമായ കേസുകള്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, പ്രത്യേക അന്വേഷണങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്ന വിഭാഗമാണ് കേരള പൊലീസിന്‍റെ ക്രൈം ബ്രാഞ്ച്. ഇന്‍റലിജന്‍സ് വിവരങ്ങള്‍ ശേഖരിക്കുന്നതിനും സുരക്ഷാ കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനുമുള്ള ഏജന്‍സിയാണ് സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച്. കേരള പൊലീസിന്‍റെ ആംഡ് പൊലീസ് ബറ്റാലിയന്‍ (കെഎപി) സായുധ സേനാ വിഭാഗമാണ്.

കേരളത്തിന്‍റെ അതിര്‍ത്തിയുടെ ഒരു ഭാഗം പൂര്‍ണമായും കടലാണ്. അതുകൊണ്ട് തന്നെ തീരദേശ സുരക്ഷയ്ക്കായുള്ള വിഭാഗമായ കേരള കോസ്റ്റല്‍ പൊലീസ് നിലവിലുണ്ട്. സൈബര്‍ മേഖലയിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് കേരള പൊലീസില്‍ സൈബര്‍ സെക്യൂരിറ്റി ഡിവിഷന്‍ അഥവാ സൈബര്‍ ഡോം എന്ന പ്രത്യേക സാങ്കേതിക വിഭാഗം ഉണ്ട്. ഉയര്‍ന്നുവരുന്ന സൈബര്‍ ഭീഷണികളെ നേരിടുന്നതിനും സൈബര്‍ ലോകത്തെ ഏറ്റവും പുതിയ മാറ്റങ്ങളും പുതുമകളും കേരള പൊലീസിന്‍റെ നൈപുണ്യവും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനും ആധുനിക ലോകത്തിന്‍റെ ഡിജിറ്റല്‍ രംഗത്തെ ദീര്‍ഘകാല സുരക്ഷാ വെല്ലുവിളികളെ നേരിടാനും ഇത് വിഭാവനം ചെയ്യുന്നു. ഈ ഡിവിഷന്‍ നിലവില്‍വരുന്നതോടെ സൈബര്‍ മേഖലയിലെ കുറ്റകൃത്യങ്ങള്‍ ഗണ്യമായി കുറയ്ക്കാനായിട്ടുണ്ട്.

ആന്‍റി ടെററിസം സ്ക്വാഡ് എന്ന വിഭാഗമാണ് തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്പെഷ്യല്‍ യൂണിറ്റ്. നക്സല്‍ വിരുദ്ധ / മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍സിനായുള്ള എലീറ്റ് കമാന്‍ഡോ സേനയാണ് തണ്ടര്‍ബോള്‍ട്ട്സ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ രൂപീകരിച്ച പ്രത്യേക വനിതാ പെട്രോളിങ് വിഭാഗമാണ് പിങ്ക് പൊലീസ്.

ജനങ്ങളും പൊലീസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കമ്മ്യൂണിറ്റി പൊലീസ് പദ്ധതിയാണ് ജനമൈത്രി പൊലീസ്. പൊതുവേ കേരള പൊലീസ് ഉദ്യോഗസ്ഥർ സർവീസ് റിവോൾവറുകൾ അരയിൽ പ്രദർശിപ്പിച്ചു നടക്കാറില്ല. ജനമൈത്രിയുടെ ഭാഗമായതു കൊണ്ടാണ് അത്. സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് (എസ്പിസി) സ്കൂള്‍ കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന യുവജന പരിശീലന പദ്ധതിയാണ്. റോഡ് സുരക്ഷയും ഗതാഗത നിയന്ത്രണവും നോക്കുന്ന വിഭാഗമാണ് ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനെജ്മെന്‍റ്. സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയാണ് കേരള പൊലീസിലെ കുറ്റകൃത്യങ്ങളുടെ വിവരങ്ങളും ഡാറ്റയും സൂക്ഷിക്കുന്ന വിഭാഗം.