
ഐകോ
ടോക്യോ: ജാപ്പനീസ് രാജകുമാരി ഐക്കോയ്ക്ക് ഡിസംബറിൽ 24 വയസ് തികഞ്ഞിട്ടേയുള്ളൂ. രാജകുടുംബത്തിൽ എന്നിട്ടും രാജാവടക്കം മറ്റാർക്കും ലഭിക്കാത്തത്ര ജനപ്രിയതയാണ് യുവരാജകുമാരിക്ക് രാജ്യത്ത് ലഭിക്കുന്നത്. രാജകുടുംബം ഒരുമിച്ച് പോകുന്ന വീഥികളിലെല്ലാം രാജകുമാരിയുടെ പേര് ആർത്തു വിളിക്കുന്ന ജനക്കൂട്ടം ഇപ്പോൾ പതിവു കാഴ്ചയായി മാറിയിരിക്കുന്നു.
ജാപ്പനീസ് ചക്രവർത്തി നരുഹിറ്റോയുടെയും ചക്രവർത്തിനി മസാകോയുടെയും ഏക മകളാണ് ഐകോ. ജാപ്പനീസ് രാജകുടുംബത്തിന്‍റെ പാരമ്പര്യമനുസരിച്ച് ആൺമക്കൾക്കു മാത്രമാണ് കിരീടാവകാശമുള്ളത്. അതു പ്രകാരം ഐകോക്ക് ഒരിക്കലും രാജാധികാരം ലഭിക്കില്ല. പക്ഷേ രാജകുടുംബത്തിന്‍റെ ആചാരാനുഷ്ഠാനങ്ങളെ അപ്പാടെ മാറ്റിമറിക്കണമെന്നാണ് ഐകോയുടെ ആരാധകർ ആവശ്യപ്പെടുന്നത്. രാജവംശത്തിന്‍റെ ഭാവിക്കു വേണ്ടി ഐക്കോക്ക് കിരീടം കൈമാറണമെന്ന ആവശ്യം ശക്തമാണ്. പക്ഷേ ജപ്പാൻ പ്രധാനമന്ത്രി സനേ തൈകൈച്ചി അടക്കമുള്ളവർ ഈ ആവശ്യത്തിന് എതിരാണ്.
ജാപ്പനീസ് ചക്രവർത്തി നരുഹിറ്റോയുടെയും ചക്രവർത്തിനി മസാകോയുടെയും ഏക മകളാണ് ഐകോ
അതിബുദ്ധിമതിയാണ് ഐകോ എന്നാണ് ആരാധകർ വാഴ്ത്തുന്നത്. എല്ലാവരോടും സൗഹൃദത്തോടെ ഇടപഴകുന്നതും നർമഭാഷണവും രാജകുമാരിയുടെ ജനകീയത പിന്നെയും വർധിപ്പിച്ചു. രാജകുമാരി ഐകോ കിരീടമണിയുന്നത് കാണുന്നതിനായാണ് കാത്തിരിക്കുന്നതെന്ന് 82കാരനായ സെറ്റ്സുകോ മറ്റ്സുവോ പറയുന്നു. രാജകുമാരിയെ അത്രയ്ക്കും ഇഷ്ടമാണ്, പ്രത്യേകിച്ച് ആ പുഞ്ചിരിയെന്നും മറ്റ്സുവോ പറയുന്നു. നവംബറിൽ ചക്രവർത്തിയെ പ്രതിനിധീകരിച്ച് ആദ്യമായി ഐകോ ഒറ്റയ്ക്ക് ലാവോ സന്ദർശനം നടത്തിയതോടെയാണ് ഐക്കോയുടെ ആരാധകർ കൂടിയത്. അതിനു മുൻപ് മാതാപിതാക്കൾക്കൊപ്പം ഐകോ നാഗസാക്കിയിലേക്കും ഒക്കിനാവയിലേക്കും യാത്ര ചെയ്തിരുന്നു. ഐക്കോയ്ക്ക് രാജാധികാരം കൈമാറണമെന്ന ആവശ്യം ശക്തമാണ്. രാജാധികാര കൈമാറ്റത്തിൽ കാലോചിതമായ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കാർട്ടൂണിസ്റ്റ് യോഷിനോറി കൊബയാശി ഒരു കോമിസ് പുസ്തകം പുറത്തിറക്കിയിരുന്നു. ആരാധകരിൽ ചിലർ ഈ വിഷയത്തിലേക്ക് കൂടുതൽ ശ്രദ്ധ ലഭിക്കുന്നതിനായി യൂട്യൂബ് ചാനലുകൾ തന്നെ ആരംഭിച്ചിട്ടുണ്ട്. ലഘു ലേഖകൾ വിതരണം ചെയ്യുന്നവരും ഏറെ. ഒരു രാജ്ഞി ഉണ്ടാകുന്നത് ജാപ്പനീസ് സ്ത്രീകളഉടെ ജീവിതനിലവാരത്തിൽ മാറ്റം വരുത്തുമെന്നാണ് പൊതുവേയുള്ള അഭിപ്രായം.
ഹർവാഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് വിദ്യാഭ്യാസം നേടിയ മസാക്കോ 2001 ഡിസംബറിലാണ് ഐക്കോയ്ക്ക് ജന്മം നൽകിയത്. രാജാധികാരം കൈമാറാനായി ഒരു ആൺകുഞ്ഞിന് ജന്മം നൽകാഞ്ഞതിന്‍റെ പേരിൽ മസാക വലിയ വിമർശനത്തിന് ഇരയായിരുന്നു. ഇതേ തുടർന്ന് കടുത്ത മാനസിക പ്രശ്നത്തിലായ മസാക ഇപ്പോഴും പരിപൂർണമായി അസുഖത്തിൽ നിന്ന് മുക്തി നേടിയിട്ടില്ല. എല്ലാവരുടെയും വിമർശനങ്ങളെ അപ്പാടെ തച്ചുടച്ചു കൊണ്ടാണ് ഐക്കോ വളർന്നത്. ചെറുപ്പം മുതൽ തന്നെ അവൾ പഠനത്തിലും മറ്റു മേഖലകളിലും ഒരു പോലെ വൈദഗ്ധ്യം പ്രകടിപ്പിച്ചു. കടുത്ത സുമോ ഫാനായ ഐകോ കുഞ്ഞായിരിക്കുമ്പോൾ മുതൽ സുമോ ഗുസ്തിക്കാരുടെയെല്ലാം പേരുകൾ ഓർത്തു പറയുമായിരുന്നു. എങ്കിലും സ്കൂൾ പഠനകാലത്ത് മെലിഞ്ഞതിന്‍റെ പേരിൽ ഐകോ വലിയ രീതിയിൽ പരിഹസിക്കപ്പെട്ടു. അതിന്‍റെ പേരിൽ ഒരു മാസത്തോളം ഐകോ സ്കൂളിൽ പോകാതിരുന്നു. പിന്നീട് ആ പ്രശ്നത്തെയും രാജകുമാരി അതിജീവിച്ചു. 2024ലാണ് ഐകോ ഗാകുഷ്വിൻ സർവകലാശാലയിൽ നിന്ന് ഐകോ ബിരുദം നേടിയത്. പിന്നീട് രാജകീയ ജോലികളിൽ പിതാവിനെ സഹായിക്കാൻ തുടങ്ങി.
അതിനൊപ്പം തന്നെ റെഡ് ക്രോസ് സൊസൈറ്റിയിലും സജീവമായി. 1947ലെ ഇംപീരിയൽ ഹൗസ് നിയമം പ്രകാരം ജാപ്പനീസ് രാജാധികാരം ആണുങ്ങൾക്കു മാത്രമേ കൈമാറുകയുള്ളൂ. അതുമാത്രമല്ല സാധാരണക്കാരെ വിവാഹം കഴിക്കുന്ന രാജകുമാരിമാർക്ക് രാജപദവി നഷ്ടപ്പെടുകയും ചെയ്യും. ഇത്തരത്തിലാണ് രാജകുടുംബത്തിലെ അംഗങ്ങളുടെ എണ്ണം വലിയ രീതിയിൽ കുറഞ്ഞത്. നിലവിൽ 16 അംഗങ്ങളാണ് രാജകുടുംബത്തിൽ ഉള്ളത്. നരുഹിടോ ചക്രവർത്തിയുടെ ഇളയ സഹോദരൻ അകിഷിനോ ആണ് നിലവിലെ കിരീടാവകാശി. 60 വയസാണ് അകിഷിനോക്ക്. കിരീടാവകാശത്തിൽ രണ്ടാം സ്ഥാനം അകിഷിനോയുടെ മകൻ 19 വയസുള്ള ഹിസാഹിറ്റോക്കാണ്.