എസ്ഐആർ: ജനാധിപത്യത്തിന്‍റെ ശക്തീകരണം

എസ്‌ഐആര്‍ എന്ന നടപടിയെ അതിന്‍റെ പേരിലോ വ്യാപ്തിയിലോ മാത്രം അടിസ്ഥാനപ്പെടുത്തി ഭരണഘടനാ വിരുദ്ധമെന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ല
professor raghunathan nair special article about special intensive revision

എസ്ഐആർ: ജനാധിപത്യത്തിന്‍റെ ശക്തീകരണം

പ്രതീകാത്മക ചിത്രം- എഐ

Updated on: 

പ്രൊഫ. പി. രഘുനാഥന്‍ നായര്‍

ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ വിശ്വാസ്യതയും തെരഞ്ഞെടുപ്പ് സംവിധാനത്തിന്‍റെ സുതാര്യതയും ഉറപ്പുവരുത്തുന്നതില്‍ വോട്ടര്‍ പട്ടികയുടെ കൃത്യതയ്ക്ക് നിര്‍ണായക സ്ഥാനമാണുള്ളത്. ജനാധിപത്യം എന്നത് 5 വര്‍ഷത്തിലൊരിക്കല്‍ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല. അര്‍ഹരായ ഓരോ പൗരന്‍റെയും വോട്ട് കൃത്യമായി രേഖപ്പെടുത്തപ്പെടുകയും അനര്‍ഹരുടെ പേരുകള്‍ പട്ടികയില്‍ നിലനില്‍ക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഉറപ്പാക്കുക എന്നതും ജനാധിപത്യത്തിന്‍റെ അടിസ്ഥാന ഉത്തരവാദിത്വമാണ്. ഈ ലക്ഷ്യത്തോടെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമായ സ്‌പെഷ്യല്‍ ഇന്‍റന്‍സീവ് റിവിഷന്‍ (എസ്ഐആർ) നടപ്പാക്കുന്നത്. എന്നാല്‍, പട്ടികയുടെ കൃത്യത ഉറപ്പാക്കാനുള്ള ഈ ഭരണഘടനാ നടപടിയെ രാഷ്‌ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെട്ടിരിക്കുകയാണ്.

എസ്‌ഐആറിനെതിരേ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസും ഇന്ത്യാ മുന്നണിയിലെ വിവിധ കക്ഷികളും ഉയര്‍ത്തുന്ന ആരോപണങ്ങള്‍ വസ്തുതകളുടെയും നിയമപരമായ അടിസ്ഥാനങ്ങളുടെയും വെളിച്ചത്തില്‍ പരിശോധിക്കേണ്ടത് അനിവാര്യമാണ്.

വോട്ടര്‍ പട്ടിക പരിഷ്‌കരണം പുതിയ കാര്യമല്ല. 1952-56, 1957, 1961, 1965, 1966, 1983-84, 1987-89, 1992-93, 1995, 2002-03, 2004 എന്നീ കാലഘട്ടങ്ങളില്‍ വിവിധ സര്‍ക്കാരുകളുടെ ഭരണത്തിന്‍ കീഴില്‍ ഇത്തരം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള വിവിധ കക്ഷികള്‍ ഭരണത്തിലിരുന്ന കാലത്ത് പട്ടികയുടെ പരിശോധനയും പുതുക്കലും തെരഞ്ഞെടുപ്പ് ഭരണ സംവിധാനത്തിന്‍റെ സ്വാഭാവിക ഉത്തരവാദിത്വമായി അംഗീകരിക്കപ്പെട്ടിരുന്നു. ഇന്ന് ബിജെപി ഭരണ കാലത്ത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തുന്ന എസ്‌ഐആറിനെ മാത്രം ജനാധിപത്യവിരുദ്ധമെന്ന് മുദ്ര കുത്തുന്നത് രാഷ്‌ട്രീയ ഇരട്ടത്താപ്പാണ്.

ഭരണഘടനയുടെ 324ാം അനുച്ഛേദം തെരഞ്ഞെടുപ്പ് കമ്മിഷന് തെരഞ്ഞെടുപ്പുകളുടെ മേല്‍നോട്ടം, നിയന്ത്രണം, നിര്‍ദേശം എന്നിവയ്ക്കുള്ള അധികാരം നല്‍കുന്നു. ജനപ്രാതിനിധ്യ നിയമം, 1950ലെ 21(3)ാം വകുപ്പ് വോട്ടര്‍ പട്ടികയുടെ പ്രത്യേക പരിഷ്‌കരണത്തിനുള്ള വ്യവസ്ഥയും ഉള്‍ക്കൊള്ളുന്നു. രജിസ്‌ട്രേഷന്‍ ഓഫ് ഇലക്റ്റേഴ്‌സ് റൂള്‍സ്-1960 എന്നിവയിലും പട്ടികയുടെ തീവ്രവും സാധാരണവുമായ പരിഷ്‌കരണ നടപടികള്‍ക്ക് നിയമപരമായ അടിത്തറയുണ്ട്. അതിനാല്‍ എസ്‌ഐആര്‍ എന്ന നടപടിയെ അതിന്‍റെ പേരിലോ വ്യാപ്തിയിലോ മാത്രം അടിസ്ഥാനപ്പെടുത്തി ഭരണഘടനാ വിരുദ്ധമെന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ല. 2026 മേയില്‍ ബിഹാര്‍ എസ്‌ഐആറുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീം കോടതി നടത്തിയ നിയമപരമായ പരിശോധനയും തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അധികാര പരിധി സംബന്ധിച്ച തത്വങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും നിയമപരമായ പരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ടെന്നതും കോടതി നടപടികളുടെ ഭാഗമാണ്. ഒരു നടപടിയുടെ ചില ഘടകങ്ങള്‍ പരിശോധിക്കപ്പെടുന്നു എന്നതുകൊണ്ട് ആ നടപടി മുഴുവനായും നിയമവിരുദ്ധമാകുന്നില്ല.

എസ്‌ഐആറിന്‍റെ ആവശ്യകത മനസിലാക്കാന്‍ ഇന്ത്യയുടെ ജനസംഖ്യാ ഘടനയിലും സാമൂഹിക സാഹചര്യങ്ങളിലും സംഭവിച്ച മാറ്റങ്ങള്‍ പരിശോധിച്ചാല്‍ മതിയാകും. തൊഴില്‍ തേടി നഗരങ്ങളിലേക്ക് കുടിയേറുന്നവര്‍, വിദ്യാഭ്യാസത്തിനായി മറ്റിടങ്ങളില്‍ താമസിക്കുന്ന വിദ്യാർഥികള്‍, വിവാഹ ശേഷം താമസ സ്ഥലം മാറുന്ന സ്ത്രീകള്‍, വിദേശത്തേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നവര്‍, മരണമടഞ്ഞിട്ടും പട്ടികയില്‍ തുടരുന്നവര്‍ എന്നിവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പഴയ പട്ടികകള്‍ യഥാസമയം പുതുക്കേണ്ടത് അനിവാര്യമാണ്. ഒരാള്‍ ഒരേ സമയം ഒന്നിലധികം സ്ഥലങ്ങളില്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് തെരഞ്ഞെടുപ്പ് സംവിധാനത്തിന്‍റെ വിശ്വാസ്യതയെ ബാധിക്കും. മരണമടഞ്ഞ വ്യക്തികളുടെ പേരുകള്‍ പട്ടികയില്‍ തുടരുന്നതും സ്ഥിരമായി താമസം മാറിയവരുടെ പേരുകള്‍ പഴയ മണ്ഡലങ്ങളില്‍ നിലനില്‍ക്കുന്നതും ഭരണപരമായ അപാകതകളാണ്. ഇത്തരം അപാകതകള്‍ തിരുത്തുന്നതിനെ ജനാധിപത്യ വിരുദ്ധമെന്ന് വിളിക്കുന്നത് യുക്തിരഹിതമാണ്.

പട്ടികയിലെ തെറ്റായ രേഖകള്‍ തിരുത്തുന്നതും ഒരു പൗരന്‍റെ വോട്ടവകാശം നിഷേധിക്കുന്നതും രണ്ടു തരത്തിലുള്ള കാര്യങ്ങളാണ്. ഈ വ്യത്യാസം മനസിലാക്കാതെ എസ്‌ഐആറിനെതിരേ പ്രചാരണം നടത്തുന്നത് ജനങ്ങളില്‍ അനാവശ്യ ഭയം സൃഷ്ടിക്കാനാണ്. മരിച്ചുപോയ വ്യക്തിയുടെ പേര് നീക്കം ചെയ്യുക, സ്ഥിരമായി താമസം മാറിയ വ്യക്തിയുടെ വിവരങ്ങള്‍ പരിശോധിക്കുക, ഇരട്ട രജിസ്‌ട്രേഷന്‍ കണ്ടെത്തുക തുടങ്ങിയ നടപടികള്‍ വോട്ടവകാശ നിഷേധമല്ല. അര്‍ഹനായ ഒരു പൗരന്‍റെ പേര് തെറ്റായി ഒഴിവാക്കപ്പെട്ടാല്‍ അയാള്‍ക്ക് അവകാശം ഉന്നയിക്കാനും രേഖകള്‍ സമര്‍പ്പിക്കാനും തിരുത്തല്‍ ആവശ്യപ്പെടാനും നിയമപരമായ അവസരം ലഭിക്കണം. ഇതാണ് എസ്‌ഐആറിന്‍റെ യഥാർഥ ലക്ഷ്യവും ജനാധിപത്യപരമായ സമീപനവും. പട്ടിക ശുദ്ധീകരിക്കുകയും അര്‍ഹരായ പൗരന്മാരുടെ അവകാശം സംരക്ഷിക്കുകയും ചെയ്യുന്നത് പരസ്പര വിരുദ്ധമല്ല; മറിച്ച് പരസ്പരം ശക്തിപ്പെടുത്തുന്ന രണ്ട് ലക്ഷ്യങ്ങളാണ്.

രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും എസ്‌ഐആറിനെതിരേ ഉയര്‍ത്തുന്ന പ്രധാന ആരോപണങ്ങളിലൊന്ന് വോട്ടര്‍മാരുടെ പേരുകള്‍ കൂട്ടത്തോടെ നീക്കം ചെയ്യപ്പെടുന്നു എന്നതാണ്. എന്നാല്‍ ഒരു കരട് വോട്ടര്‍ പട്ടികയില്‍ പേര് കാണാത്തതു കൊണ്ടു മാത്രം ആ വ്യക്തി വോട്ടവകാശത്തിന് അര്‍ഹനല്ലെന്ന് നിഗമനം ചെയ്യാനാവില്ല. അതുപോലെ, മരിച്ചവര്‍, സ്ഥിരമായി താമസം മാറിയവര്‍, കണ്ടെത്താനാകാത്തവര്‍, ഇരട്ട രജിസ്‌ട്രേഷന്‍ സംശയമുള്ളവര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പേരുകളുടെ കണക്കുകള്‍ പരിശോധിക്കാതെ അവയെല്ലാം മനഃപൂര്‍വമായ വോട്ടര്‍ പട്ടികയില്‍ നിന്നുള്ള പുറത്താക്കലായി ചിത്രീകരിക്കുന്നതും ശരിയല്ല. ഓരോ വിഭാഗത്തിന്‍റെയും സ്വഭാവവും അതുമായി ബന്ധപ്പെട്ട രേഖകളും പരിശോധിക്കണം. പ്രാഥമിക കണക്കുകള്‍ അന്തിമമായി നീക്കം ചെയ്യപ്പെട്ട വോട്ടര്‍മാരുടെ കണക്കുകളുമായി ഒരുപോലെയല്ല. അതിനാല്‍ കണക്കുകളെ രാഷ്‌ട്രീയ പ്രചാരണത്തിനുള്ള ഉപകരണങ്ങളാക്കി മാറ്റുന്നതിന് പകരം വസ്തുനിഷ്ഠമായി വിലയിരുത്തുകയാണു വേണ്ടത്.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരു ഭരണഘടനാ സ്ഥാപനമാണ്. അതിന്‍റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കാനുള്ള അവകാശം രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും പൗരന്മാര്‍ക്കുമുണ്ട്. എന്നാല്‍ വിമര്‍ശനം വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലായിരിക്കണം. കമ്മിഷന്‍റെ ഓരോ നടപടിയെയും രാഷ്‌ട്രീയ പക്ഷപാത കണ്ണിലൂടെ മാത്രം കാണുന്നത് സ്ഥാപനങ്ങളിലുള്ള ജനവിശ്വാസത്തെ ദുര്‍ബലപ്പെടുത്തും. എസ്‌ഐആറിന്‍റെ ഭാഗമായി ഏതെങ്കിലും വ്യക്തിക്കോ സമൂഹത്തിനോ അന്യായം സംഭവിച്ചിട്ടുണ്ടെങ്കില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കണം. നിയമ പരിഹാരങ്ങള്‍ തേടണം. എന്നാല്‍ ചില വ്യക്തിഗത പരാതികളെ അടിസ്ഥാനമാക്കി സമഗ്രമായ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ മുഴുവനായി അപകീര്‍ത്തിപ്പെടുത്തുന്നത് ഉത്തരവാദിത്വമുള്ള രാഷ്‌ട്രീയ സമീപനമല്ല.

ഇന്ത്യാ മുന്നണിയുടെ വിമര്‍ശനങ്ങളില്‍ പലപ്പോഴും കാണുന്ന മറ്റൊരു പ്രവണത എസ്‌ഐആറിനെ ഒരു പ്രത്യേക വിഭാഗത്തെയോ രാഷ്‌ട്രീയ പാര്‍ട്ടിയെയോ ലക്ഷ്യമിട്ടുള്ള നടപടിയായി അവതരിപ്പിക്കുന്നതാണ്. പട്ടികയുടെ കൃത്യത എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടും. അര്‍ഹരായ ഓരോ പൗരന്‍റെയും വോട്ട് സംരക്ഷിക്കപ്പെടുകയും തെറ്റായ രേഖകള്‍ തിരുത്തപ്പെടുകയും ചെയ്യുമ്പോള്‍ തെരഞ്ഞെടുപ്പിന്‍റെ വിശ്വാസ്യത വര്‍ധിക്കുന്നു.

ബിജെപിയുടെ നിലപാട് ഈ വിഷയത്തില്‍ വ്യക്തമാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഭരണഘടനാപരമായ ഉത്തരവാദിത്വം നിര്‍വഹിക്കുമ്പോള്‍ അതിനെ രാഷ്‌ട്രീയ സൗകര്യത്തിനനുസരിച്ച് തടസപ്പെടുത്താന്‍ പാടില്ല. പട്ടികയില്‍ അര്‍ഹരുടെ പേരുകള്‍ ഉള്‍പ്പെടുത്തുകയും അനര്‍ഹമായ രേഖകള്‍ നിയമാനുസൃതമായി തിരുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. എസ്‌ഐആറിനെ പിന്തുണയ്ക്കുന്നതു കൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ എല്ലാ നടപടികളും ചോദ്യം ചെയ്യാനാവാത്തവയാണെന്ന് ബിജെപി പറയുന്നില്ല. നടപടിക്രമങ്ങളില്‍ പിഴവുണ്ടെങ്കില്‍ തിരുത്തണം. അര്‍ഹരുടെ പേര് ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കില്‍ നീതി ലഭിക്കണം. എന്നാല്‍ ഈ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിനും എസ്‌ഐആറിന്‍റെ അടിസ്ഥാന ലക്ഷ്യത്തെ നിരാകരിക്കുന്നതിനും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.

എസ്‌ഐആറിന്‍റെ നടപടിക്രമങ്ങളില്‍ പൗരന്മാര്‍ക്ക് വ്യക്തമായ വിവരങ്ങള്‍ ലഭ്യമാക്കണം. ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ മതിയായ സമയം നല്‍കണം. ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ക്ക് പരിശീലനവും സഹായവും ഉറപ്പാക്കണം. കരട് പട്ടിക പരിശോധിക്കാന്‍ ജനങ്ങള്‍ക്ക് സൗകര്യമൊരുക്കണം. അവകാശവാദങ്ങളും എതിര്‍പ്പുകളും നിയമാനുസൃതമായി പരിഗണിക്കണം. അര്‍ഹരുടെ പേര് ഒഴിവാക്കപ്പെട്ടാല്‍ തിരുത്തല്‍ നടപടികളിലൂടെ പട്ടികയില്‍ വീണ്ടും ഉള്‍പ്പെടാന്‍ അവസരം ലഭിക്കണം.

വോട്ടവകാശം സംരക്ഷിക്കപ്പെടണമെങ്കില്‍ വോട്ടര്‍ പട്ടികയും വിശ്വാസ്യതയുള്ളതായിരിക്കണം. അര്‍ഹരുടെ വോട്ട് നഷ്ടപ്പെടുന്നത് ഗുരുതര അനീതിയാണ്. അതുപോലെ, അര്‍ഹതയില്ലാത്ത ഒരാളുടെ പേര് പട്ടികയില്‍ നിലനില്‍ക്കുന്നതും തെരഞ്ഞെടുപ്പ് സംവിധാനത്തിന്‍റെ കൃത്യതയെ ബാധിക്കും. ഒരു വശത്ത് അര്‍ഹരായ പൗരന്മാരുടെ അവകാശം സംരക്ഷിക്കുകയും മറുവശത്ത് വോട്ടര്‍പട്ടികയിലെ തെറ്റുകള്‍ തിരുത്തുകയും ചെയ്യുക എന്നതാണ് എസ്‌ഐആറിന്‍റെ ലക്ഷ്യമായി കാണേണ്ടത്.

രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഇന്ത്യാ മുന്നണിയിലെ മറ്റ് കക്ഷികളും എസ്‌ഐആറിനെതിരേ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കപ്പെടട്ടെ. തെറ്റായ നടപടികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അവ തിരുത്തപ്പെടട്ടെ. എന്നാല്‍ രാഷ്‌ട്രീയ മുദ്രാവാക്യങ്ങളും പൊതുവായ ആരോപണങ്ങളും മാത്രം ഉയര്‍ത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഭരണഘടനാപരമായ ഉത്തരവാദിത്വത്തെ സംശയത്തിന്‍റെ നിഴലിലാക്കുന്നത് ജനാധിപത്യ സംവിധാനത്തിന് ഗുണകരമല്ല. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെക്കുറിച്ച് ആശങ്കകള്‍ ഉന്നയിക്കുന്നവര്‍ പട്ടികയുടെ കൃത്യത ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളെയും ഉത്തരവാദിത്വത്തോടെ സമീപിക്കണം.

വോട്ടര്‍പട്ടികയുടെ കൃത്യതയും സുതാര്യതയും അനിവാര്യമാണ്. എസ്‌ഐആര്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ വിജയത്തിനോ പരാജയത്തിനോ വേണ്ടിയുള്ള നടപടിയല്ല; അത് ജനാധിപത്യത്തിന്‍റെ ദീര്‍ഘകാല വിശ്വാസ്യതയ്ക്കു വേണ്ടിയുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്. ജനാധിപത്യം സംരക്ഷിക്കണമെങ്കില്‍ വോട്ടര്‍ പട്ടിക സംരക്ഷിക്കണം. എങ്കില്‍ അതിന്‍റെ കൃത്യത ഉറപ്പാക്കണം.

(ബിജെപി സംസ്ഥാന കമ്മിറ്റി അംഗമാണ് ലേഖകൻ)