പൊതുപ്രവർത്തകർ സംശയത്തിന് അതീതരായിരിക്കണം

ഇ.എം.എസ്. നമ്പൂതിരിപ്പാട് എന്നിവർ മുതൽ പിണറായി വിജയൻ വരെ തങ്ങളുടെ സ്വഭാവശുദ്ധി ആത്മാർഥതയോടെ കാത്തുസൂക്ഷിക്കുന്നതിൽ വലിയ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്
Public servants must be above suspicion

പൊതുപ്രവർത്തകർ സംശയത്തിന് അതീതരായിരിക്കണം

Updated on

ജ്യോത്സ്യൻ

സീസറിന്‍റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം. ഭരണാധികാരികൾക്കു നൽകുന്ന ഈ മുന്നറിയിപ്പ് വളരെ പ്രചാരമേറിയതും പ്രശസ്തവുമാണ്. ഭരണാധികാരി മാത്രമല്ല, അദ്ദേഹത്തിന്‍റെ ഭാര്യ ഉൾപ്പെടെയുള്ള ആരും സംശയത്തിന്‍റെ നിഴലിൽ വീഴരുത് എന്നാണല്ലോ ഇതു സൂചിപ്പിക്കുന്നത്. രാവണനാൽ ബന്ധിതയായി ലങ്കയിലെ തപോവനത്തിൽ ദിവസങ്ങളോളം കഴിയേണ്ടി വന്ന സീതാദേവിയെ കഠിന യുദ്ധത്തിലൂടെ മോചിപ്പിച്ച് അയോധ്യയിലേക്കു തിരികെ കൊണ്ടുവന്ന ശ്രീരാമൻ, ഒരു രാജാവ് എന്ന നിലയിൽ തന്‍റെ ഭാര്യ സംശയത്തിന് അതീതയാകണം എന്ന സദുദ്ദേശ്യത്തോടു കൂടിയാണ് അവരോട് അഗ്നിപരീക്ഷ നേരിടാൻ ആവശ്യപ്പെട്ടത്.

പ്രജകളിൽ ചിലർക്കെങ്കിലും തന്‍റെ ചാരിത്ര്യത്തിൽ സംശയമുള്ളതു കൊണ്ട് വേദനയോടെ സ്വയം അഗ്നിദേവനെ സ്വീകരിച്ച സീതാദേവിയുടെ കഥ നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗമാണ്. സീതാദേവിയെ സംശയിച്ചതു കൊണ്ടല്ല, മറിച്ച്, തന്‍റെ പ്രജകൾ സീതയെ സംശയത്തോടെ വീക്ഷിക്കാതിരിക്കാനാണ് ശ്രീരാമൻ അങ്ങനെ ഒരു നിർദേശം മുന്നോട്ടുവച്ചത്. സീതാദേവിയാകട്ടെ തന്‍റെ ഭർത്താവിന്‍റെ, രാജാവിന്‍റെ, രാജ്യത്തിന്‍റെ മാനം കാക്കാനും ജനങ്ങളുടെ വിശ്വാസം തേടാനും സ്വയം അഗ്നിദേവനെ സ്വീകരിച്ച് മാതാവായ ഭൂമീദേവിയിലേക്കു തന്നെ മടങ്ങുകയുമായിരുന്നു.

ഇന്ത്യയുടെ ചരിത്രവും പാരമ്പര്യവും ഭരണകർത്താക്കൾക്കു നൽകുന്ന മുന്നറിയിപ്പ് ഈ കഥകളുടെ സാരാംശം തന്നെയാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം കൊടുത്ത മഹാത്മാ ഗാന്ധിയും പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവുമൊക്കെ തങ്ങളുടെ സ്വഭാവശുദ്ധി കളങ്കപ്പെടാൻ സന്ദർഭം കൊടുത്തിട്ടില്ല. കേരള സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി പട്ടം താണുപിള്ള, ലോകത്തിൽ ആദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലേറിയ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് എന്നിവർ മുതൽ പിണറായി വിജയൻ വരെ തങ്ങളുടെ സ്വഭാവശുദ്ധി ആത്മാർഥതയോടെ കാത്തുസൂക്ഷിക്കുന്നതിൽ വലിയ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.

കേരളത്തിലെ രാഷ്‌ട്രീയ യുവതലമുറയിൽ പലരും അധികാര രാഷ്‌ട്രീയത്തിന്‍റെയും ജീവിതസൗകര്യത്തിന്‍റെയും പണക്കൊഴുപ്പിന്‍റെയും അനാശാസ്യങ്ങളുടെയും അക്രമങ്ങളുടെയുമൊക്കെ വഴിവിട്ട മാർഗങ്ങളിലൂടെ നടക്കുന്നതാണ് നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഇതിൽ ഒരു പാർട്ടിയും ആരോപണത്തിന് അതീതരല്ല. അധികാരമോഹത്തോടൊപ്പം സ്ത്രീലമ്പടതയും സമ്പത്തിനോടുള്ള ആർത്തിയും ഇവർ ചേർത്തുപിടിച്ചിരിക്കുന്നത് ദുഃഖകരമാണ്. എല്ലാവരും ഈ ഗണത്തിൽപ്പെടുന്നു എന്ന ആക്ഷേപമില്ല. ജനങ്ങളോട് പ്രതിബദ്ധതയുള്ളവർ ധാരാളമുണ്ട്. പക്ഷേ പെട്ടി ചുമക്കുന്നവരുടെ എണ്ണം കൂടിയപ്പോൾ ഉദ്ദേശ്യശുദ്ധിയുള്ളവരും ജനപ്രിയരും പുറകോട്ടു തള്ളപ്പെടുന്നു.

അടുത്തകാലത്ത് കേരളത്തിലെ ഒരു പ്രമുഖ യുവനേതാവിനെതിരേ ഉയർന്നുവന്ന ലൈംഗിക ആരോപണങ്ങൾ മലവെള്ളപ്പാച്ചിൽ പോലെ ഒഴുകിപ്പോയിരിക്കുകയാണ്. നിയമവേദികളിൽ പരാതി കൊടുത്തിട്ടില്ല എന്നതിന്‍റെ പേരിൽ ഇവരെ വളർത്തിയെടുത്ത പാർട്ടി പിലാത്തോസിനെ പോലെ കൈകഴുകുന്നത് എത്രമാത്രം ശരിയാണെന്ന് ആലോചിക്കേണ്ടതുണ്ട്. പുറത്തുവരുന്നതിന്‍റെ എത്രയോ ഇരട്ടിയാണ് അകത്തു നടക്കുന്നത്.

അമ്പു കൊള്ളാത്തവരില്ല കുരുക്കളിൽ എന്നു പറഞ്ഞതുപോലെ സ്ത്രീപീഡനത്തിന്‍റെയും അമിതമായ സാമ്പത്തിക നേട്ടത്തിന്‍റെയും കഥകൾ നേതാക്കൾക്കു നേരേ കൃത്യമായ കൊള്ളുന്നു.

തൃശൂർ പൂരം പോലെ വെടിക്കെട്ട് ഒരു വശത്തു നിന്നാരംഭിച്ച് പൊട്ടിപ്പൊട്ടി മുന്നോട്ടുപോകുമ്പോൾ എത്ര ഗർഭം കലക്കികൾ ആകാശത്തു പൊട്ടും എന്നു കാണാൻ കാത്തിരിക്കേണ്ടിവരും. സമൂഹത്തിനു പുറത്തുപറയാൻ കഴിയാത്ത തെറ്റുകളുടെയും കുറ്റങ്ങളുടെയും ഉടമസ്ഥരാണു പല നേതാക്കന്മാരും. തെറ്റു ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന യേശു വചനം പോലെ കല്ലെറിയാൻ ആളുകളില്ലതാകുന്നു എന്നതാണ് ഇന്നത്തെ സമൂഹത്തിന്‍റെ സ്ഥിതി. ജഡ്ജിമാർ, വക്കീലന്മാർ, കോളെജ് അധ്യാപകർ, റിസർച്ച് വിദ്യാർഥികൾ, ആശുപത്രി ജീവനക്കാർ, പൊലീസ് ഉദ്യോഗസ്ഥർ അടക്കം സമൂഹത്തിലെ മുൻനിരയിലുള്ള വലിയൊരു ഉന്നത വിഭാഗം പോലും ഇന്ന് ലൈംഗിക ആരോപണത്തിന് വിധേയരായിട്ടുണ്ട്.

ഇത്തരം സാമൂഹ്യ തിന്മകളെ നേരിടാൻ സ്ത്രീ സമൂഹം തന്നെ ആത്മവിശ്വാസത്തോടെ മുൻകൈയെടുക്കണം. പാർലമെന്‍റിൽ പല കർശന നിയമങ്ങളും പാസാക്കിയത് ഈ ലക്ഷ്യം വച്ചുകൊണ്ടാണ്. ഒരു സ്ത്രീ പരാതി കൊടുത്താൽ അതു പ്രഥമദൃഷ്ട്യാ സ്വീകരിച്ച് അപ്പോൾ തന്നെ അന്വേഷണം നടത്തി കുറ്റവാളികൾക്കു കഠിന ശിക്ഷ നൽകുന്ന നമ്മുടെ നിയമ സംവിധാനങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയണം. നിരപരാധികളെ സംരക്ഷിക്കുകയും അപരാധികളെ ശിക്ഷിക്കുകയും വേണം.

മറുവശത്ത്, ചില സാമൂഹ്യ മാധ്യമങ്ങളും ചില മുഖ്യധാരാ മാധ്യമങ്ങൾ പോലും തങ്ങളുടെ പ്രചാരണത്തിനും റേറ്റിങ്ങിനും വേണ്ടി ഇക്കിളിക്കഥകൾ പ്രചരിപ്പിക്കുന്നതും ഒട്ടും നല്ലതല്ല. യുവതലമുറ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം എന്നാണ് ജോത്സ്യന് പറയാനുള്ളത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com