കഠിനാധ്വാനം + ടീം വർക്ക് = യുഡിഎഫ് വിജയം

ഇതൊരു ഒന്നൊന്നര ടീം വർക്ക്
 This is a one-and-a-half team effort.

ഇതൊരു ഒന്നൊന്നര ടീം വർക്ക്

Updated on

ജിബി സദാശിവൻ

കൊച്ചി: കേരള രാഷ്‌ട്രീയത്തില്‍ സമാനതകളില്ലാത്ത യുഡിഎഫ് സുനാമി ആഞ്ഞടിച്ചപ്പോൾ കേട്ടത് ഒരൊറ്റപ്പേര്: ""ടീം യുഡിഎഫ്''. കഴിഞ്ഞ 10 വർഷക്കാലം കേരളത്തിന്‍റെ രാഷ്‌ട്രീയ ചക്രവാളത്തിൽ കനത്തുനിന്ന കാർമേഘങ്ങൾ വോട്ടെണ്ണൽ ദിനത്തിൽ പെയ്തിറങ്ങിയപ്പോൾ അത് പിഴുതെറിഞ്ഞത് പതിറ്റാണ്ടുകളുടെ ഇടതു കോട്ടകളെയായിരുന്നു.

സെക്രട്ടേറിയറ്റിന്‍റെ ഇടനാഴികളിൽ അധികാരത്തിന്‍റെ ഗർവ്വ് പ്രതിധ്വനിക്കുന്നുവെന്ന ജനങ്ങളുടെ നിശബ്ദമായ ആവലാതികൾക്ക് ജനവിധിയിലൂടെ ലഭിച്ച മറുപടിയായിരുന്നു യുഡിഎഫിന്‍റെ ഈ വിസ്മയ വിജയം. തുടർച്ചയായ രണ്ടാം ഭരണത്തിന്‍റെ ആലസ്യത്തിലും ആത്മവിശ്വാസത്തിലും ഉറച്ചുനിന്ന പിണറായിസത്തെ നിശബ്ദമായി ഒഴുകിയ അടിയൊഴുക്ക് അപ്രസക്തമാക്കിയപ്പോൾ ദൃശ്യമായത് ഐക്യ ജനാധിപത്യ മുന്നണിയുടെ ഏകോപനത്തിലെ വിജയം. കേരള ചരിത്രത്തിലെ ഏറ്റവും ഉയർന്ന സീറ്റുകളുമായാണ് കോൺഗ്രസ് അധികാരത്തിലേക്ക് തിരിച്ചുവന്നത്. യുഡിഎഫിനാകട്ടെ, ചരിത്രത്തിലാദ്യമായി എണ്ണം 100 കടന്നു. ടീം യുഡിഎഫ് എന്ന പ്രഖ്യാപനത്തോടെയായിരുന്നു പ്രതിപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടത്. 10 വര്‍ഷം തുടര്‍ച്ചയായി സംസ്ഥാനം ഭരിച്ച ഇടതുമുന്നണിക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്ന് തദ്ദേശ ഫലം വന്നപ്പോഴെ വ്യക്തമായിരുന്നെങ്കിലും ഒരു ആലസ്യവും പ്രചാരണത്തില്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും വരുത്തിയില്ല. യുഡിഎഫ് ജയിച്ചാല്‍ മുഖ്യമന്ത്രായാവാന്‍ കാത്തിരിക്കുന്നു എന്ന് പറയപ്പെട്ടിരുന്ന എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും സ്ഥാനമൊഴിയുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്നില്‍ നിന്ന് നയിച്ചാണ് യുഡിഎഫിന് നൂറുമേനി ജയം നേടിയത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളൊന്നുമായി മുസ്‌ലിീം ലീഗ് വിസ്‌മയിപ്പിച്ച തെരഞ്ഞെടുപ്പ് കൂടിയാണിത്. എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കുന്ന ലീഗ് കേഡറുകളുടെ വന്‍ വിജയം കൂടിയായി ഈ തെരഞ്ഞെടുപ്പ്.

ഈ വിജയത്തിന് പിന്നിൽ കേവലം ഒരു മുന്നണിയുടെ അധ്വാനം മാത്രമല്ല, മറിച്ച് ഒരു ജനതയുടെ നീറുന്ന ചോദ്യങ്ങളുണ്ട്. അടുക്കളയിലെ പൊള്ളുന്ന വിലക്കയറ്റവും ആകാശത്തോളം ഉയർന്ന തൊഴിലില്ലായ്മയും കേരളത്തിലെ സാധാരണക്കാരെ ഭരണകൂടത്തിൽ നിന്ന് അകറ്റിയിരുന്നു. ആശാവർക്കർമാരും പരമ്പരാഗത തൊഴിലാളികളും കർഷകനും മത്സ്യ തൊഴിലാളിയും ഇത്തവണ "കൈ' പിടിക്കാൻ തീരുമാനിച്ചു. വിവാദങ്ങളുടെ പുകമറയ്ക്കപ്പുറം ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങൾ കൃത്യമായി അവതരിപ്പിക്കുന്നതിൽ പ്രതിപക്ഷ നിര വിജയിച്ചു. മുന്നണിക്കുള്ളിലെ അനൈക്യങ്ങൾ മാറ്റിവെച്ച്, മുസ്‌ലിം ലീഗിന്‍റെ സംഘടനാ കരുത്തും കോൺഗ്രസിന്‍റെ ജനകീയ മുഖവും ഒത്തുചേർന്നപ്പോൾ അത് കേരളം ഇതുവരെ കാണാത്ത ഒരു രാഷ്‌ട്രീയ കെമിസ്ട്രിയായി മാറി.

ന്യൂനപക്ഷ വോട്ടുകളുടെ അപ്രതീക്ഷിതമായ ഏകീകരണം ഈ വിജയത്തിലെ നിർണായക അധ്യായമാണ്. തങ്ങളുടെ സുരക്ഷയ്ക്കും വിശ്വാസത്തിനും കരുത്തുപകരാൻ യുഡിഎഫ് മതിയെന്ന ബോധ്യം മലബാറിലും മധ്യകേരളത്തിലും വലിയ ചലനങ്ങളുണ്ടാക്കി. കടൽത്തീരങ്ങളിൽ നിന്നുയർന്ന മത്സ്യത്തൊഴിലാളികളുടെ രോഷവും റബ്ബർ തോട്ടങ്ങളിലെ കർഷകരുടെ കണ്ണീരും ഭരണവിരുദ്ധ തരംഗത്തിന് ആക്കം കൂട്ടി. യുവതലമുറയാകട്ടെ, പിൻവാതിൽ നിയമനങ്ങളിലൂടെ തങ്ങളുടെ ഭാവി ഇരുളടയുന്നു എന്ന തിരിച്ചറിവിൽ മാറ്റത്തിനായി വോട്ട് രേഖപ്പെടുത്തി.

അഹങ്കാരത്തിന്‍റെ ഗോപുരങ്ങൾ തകരുമെന്ന പഴഞ്ചൊല്ല് അന്വർഥമാക്കിക്കൊണ്ട്, ഭരണകൂടം ജനങ്ങളിൽ നിന്ന് അകന്നുപോയതാണ് ഈ തോൽവിക്ക് കാരണമെന്ന് നിഷ്പക്ഷ നിരീക്ഷകർ വിലയിരുത്തുന്നു. താഴെത്തട്ടിലെ പ്രവർത്തകർ പോലും അറിയാതെ പോയ ഈ നിശബ്ദ വിപ്ലവം കേരളത്തിന്‍റെ രാഷ്‌ട്രീയ ഭൂപടത്തിൽ പുതിയൊരു വസന്തത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഇത് വ്യക്തികളുടെ വിജയമല്ല, മറിച്ച് ജനാധിപത്യത്തിന്‍റെ യഥാർത്ഥ കരുത്ത് ഭരണാധികാരികളെ ഓർമിപ്പിച്ച ഒരു ജനതയുടെ ഐതിഹാസികമായ തിരിച്ചുവരവാണ്.

ആൾക്കൂട്ടത്തിന്‍റെ ആരവങ്ങളില്ലാതെ, ചർച്ചകളുടെ ബഹളങ്ങളില്ലാതെ, നിശബ്ദമായി വോട്ട് രേഖപ്പെടുത്തിയ ഓരോ മലയാളിയിലുമാണ് ഈ വിസ്മയ വിജയത്തിന്‍റെ രഹസ്യം ഒളിഞ്ഞിരിക്കുന്നത്. നേതൃത്വത്തിന്‍റെ തെറ്റായ ചെയ്തികളെ ചോദ്യം ചെയ്ത് പാർട്ടി വിട്ട് പുറത്തുവന്നവരും വിസ്മയമായി. മന്ത്രിപ്പട ഒന്നടങ്കം പരാജയപ്പെട്ടതും പ്രതിപക്ഷത്തിന്‍റെ വിജയമാണ്. ഏറെ വിസ്‌മയങ്ങള്‍ സിപിഎമ്മില്‍ നിന്ന് യുഡിഎഫിലേക്ക് വരുമെന്ന് സതീശന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞപ്പോള്‍ ഇടത് അണികള്‍ അത് കാര്യമായി എടുത്തിരുന്നില്ല. എന്നാല്‍ സിപിഎമ്മിൽ നിന്നു ധൈര്യപൂർവം പുറത്തുവന്ന് പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്‌ണനും തളിപ്പറമ്പില്‍ ടി.കെ. ഗോവിന്ദനും അമ്പലപ്പുഴയില്‍ ജി. സുധാകരനും എല്‍ഡിഎഫ് കോട്ടകള്‍ തകര്‍ത്തു. പയ്യന്നൂര്‍ മണ്ഡലത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് സിപിഎം തോല്‍ക്കുന്നത്. അതും 2021ല്‍ ടി. മധുസൂദനന്‍ 49,780 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച സ്ഥാനത്താണ് ഇത്തവണ കുഞ്ഞികൃഷ്‌ണന്‍ വന്‍ വിസ്‌മയം സൃഷ്‌ടിച്ചത്. ജനകീയ നായിക എന്നു വിളിപ്പേരുള്ള കെ.കെ. ശൈലജ തോറ്റു. ഐഷ പോറ്റിയാവട്ടെ കൊട്ടാരക്കരയില്‍ കെ.എന്‍. ബാലഗോപാലിനെ അവസാന റൗണ്ട് വരെ വിറപ്പിക്കുകയും ചെയ്‌തു. ഇടതു മുന്നണിയുടെ ക്യാപ്റ്റൻ സാക്ഷാൽ പിണറായി വിജയൻ പോലും ആദ്യ ആറു റൗണ്ടിൽ ആടിയുലഞ്ഞു.

""സ്വർണം കട്ടവരാരപ്പാ, സഖാക്കളാണേ അയ്യപ്പാ'' എന്ന പ്രതിപക്ഷ പരിഹാസം കുറിക്കു കൊണ്ടു. ദേവസ്വം മന്ത്രി വി.എൻ. വാസവനും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തോറ്റു. ചെങ്കോട്ടകൾ നെടുകെ പിളർന്ന് ജയിച്ചു വന്ന കുഞ്ഞിക്കൃഷ്ണനും സന്ദീപ് വാര്യരും ഫാത്തിമ തെഹ്‌ലിയയുമൊക്കെ പ്രതീകങ്ങളാണ്. ടീം യുഡിഎഫ് എന്ന പ്രയോഗം അക്ഷരാർഥത്തിൽ പ്രവർത്തിപഥത്തിലെത്തിച്ചാണ് മിന്നും വിജയം കൈപ്പിടിയിലൊതുക്കിയത്. സിപിഎം ന്യൂനപക്ഷങ്ങളെയും ഭൂരിപക്ഷ വിഭാഗത്തെയും ഒരുപോലെ കരവലയത്തിലാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ വിദഗ്‌ധമായായിരുന്നു യുഡിഎഫിന്‍റെ കരുനീക്കങ്ങള്‍. ന്യൂനപക്ഷ, ഭൂരിപക്ഷ വിഭാഗങ്ങളെ വെറുപ്പിക്കാതിരിക്കാന്‍ നേതാക്കള്‍ ശ്രമിച്ചത് യുഡിഎഫ് വിജയത്തിന് മരുന്നായി.

logo
Metro Vaartha
www.metrovaartha.com