

നമ്മുടെ അങ്കണവാടി, നമ്മുടെ ഉത്തരവാദിത്തം
അന്നപൂർണാ ദേവി
ഇന്ന് സ്കൂളിൽ പ്രവേശിച്ചിട്ടില്ലാത്ത കുട്ടികളായിരിക്കും 2047ലെ ഭാരതം കെട്ടിപ്പടുക്കുന്നത്. ആരോഗ്യപൂർണവും ആത്മവിശ്വാസമുള്ളതും കഴിവുറ്റതുമായ ഒരു മുതിർന്ന ജീവിതത്തിലേക്കുള്ള അവരുടെ യാത്ര വളരെ നേരത്തേ തന്നെ, പ്രത്യേകിച്ച് ജീവിതത്തിലെ നിർണായകമായ ആദ്യത്തെ 1,000 ദിനങ്ങളിൽ തന്നെയാണ് ആരംഭിക്കുന്നത്. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് കുട്ടികൾക്കും അവരുടെ അമ്മമാർക്കും ആ യാത്രയിൽ താങ്ങാവുന്നത് അവർക്കറിയാവുന്ന അയലത്തെ ഒരു സ്ഥാപനമാണ്: അങ്കണവാടി.
ക്ലാസ് മുറിയിൽ പ്രവേശിക്കുന്നതിന് വളരെ മുമ്പ് തന്നെ കുട്ടികളുടെ തൂക്കവും ഉയരവും അളക്കുന്നതും, ചൂടുള്ള ഭക്ഷണം നൽകുന്നതും, വീടിന് പുറത്തുള്ള ലോകവുമായി ഇടപഴകാൻ അവസരം നൽകുകയും ചെയ്യുന്നത് അങ്കണവാടിയാണ്. ഇന്ന്, 14 ലക്ഷം അങ്കണവാടി കേന്ദ്രങ്ങൾ പൗരനും ഗവണ്മെന്‍റും തമ്മിലുള്ള പ്രാഥമിക സമ്പർക്ക കേന്ദ്രമായി പ്രവർത്തിക്കുന്നു. 8.9 കോടിയിലധികം കുട്ടികളിലേക്കും സ്ത്രീകളിലേക്കും കൗമാരക്കാരായ പെൺകുട്ടികളിലേക്കും ഇവയുടെ സേവനമെത്തുന്നുണ്ട്. 25.2 ലക്ഷം വരുന്ന അങ്കണവാടി ജീവനക്കാരും ഹെൽപ്പർമാരും അവർ സേവനമനുഷ്ഠിക്കുന്ന അതേ സമൂഹത്തിൽ നിന്നുള്ളവർ തന്നെയാണ്. അങ്കണവാടി എപ്പോഴും ആ പ്രദേശത്തിന്‍റെ തന്നെ ഭാഗമാണ്.
2018 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പോഷൻ അഭിയാൻ (POSHAN Abhiyaan) ആരംഭിച്ചതോടെ, പരിചിതമായ ഈ സ്ഥാപനം ഒരു ദേശീയ പ്രസ്ഥാനത്തിന്‍റെ അടിത്തറയായി മാറി. "നമ്മുടെ അങ്കണവാടി, നമ്മുടെ ഉത്തരവാദിത്തം' എന്ന പ്രമേയത്തോടെ 2026 സെപ്റ്റംബർ 9നാണ് ഒൻപതാമത് "രാഷ്‌ട്രീയ പോഷൻ മാഹ്' ആരംഭിച്ചത്. ഗുണമേന്മയുള്ള സേവനങ്ങൾ നൽകാനുള്ള ഉത്തരവാദിത്തം പൂർണമായും ഗവൺമെന്‍റിൽ നിക്ഷിപ്തമാണ്, ആ പ്രതിബദ്ധതയിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു. എന്നാൽ, സമൂഹം അങ്കണവാടി കേന്ദ്രത്തെ നെഞ്ചേറ്റുമ്പോൾ മാത്രമാണ് അത് യഥാർഥത്തിൽ അഭിവൃദ്ധി പ്രാപിക്കുന്നത്. "സബ്കാ പ്രയാസി'ലൂടെ (എല്ലാവരുടെയും ശ്രമത്തിലൂടെ) മാത്രമേ വികസിത ഭാരതം പടുത്തുയർത്താൻ കഴിയൂ. പോഷകാഹാര ലഭ്യതയെ കേവലം ഒരു ഗവണ്മെന്‍റ് സേവനമായി മാത്രം കാണാനാവില്ല.
ഗുണഭോക്താവിൽ നിന്ന് പങ്കാളിയിലേക്ക്
സമൂഹത്തിന്‍റെ പങ്കാളിത്തം പലപ്പോഴും ഒരു അഭ്യർഥനയായിമാത്രം ഒതുങ്ങിനിൽക്കുകയായിരുന്നു. എന്നാൽ ഈ വർഷം അത് ഒരു ഔദ്യോഗിക സംവിധാനമായി മാറുകയാണ്. അർഹരായ ഓരോ കുട്ടിക്കും സേവനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അങ്കണവാടി പരിപാലന സമിതികൾ മാതാപിതാക്കളെയും പഞ്ചായത്ത് പ്രതിനിധികളെയും കുടുംബശ്രീ/ സ്വയം സഹായ സംഘങ്ങളെയും ഈ പ്രക്രിയയിൽ പങ്കാളികളാക്കുന്നു. സോഷ്യൽ ഓഡിറ്റുകൾ വഴി സേവനങ്ങൾ വിലയിരുത്താനും അർഹതപ്പെട്ട കാര്യങ്ങൾ ഉറപ്പുവരുത്താനും റിപ്പോർട്ടുകൾ ഔദ്യോഗികമായി രേഖപ്പെടുത്താനും സമൂഹത്തിന് സാധിക്കുന്നു. സേവനം സ്വീകരിക്കുന്ന കുടുംബങ്ങൾ തന്നെ കാര്യങ്ങൾ പരിശോധിക്കുന്നതിലൂടെ ഉത്തരവാദിത്തം ഉറപ്പാക്കപ്പെടുന്നു.
ഈ പ്രക്രിയയുടെ കേന്ദ്രബിന്ദു അമ്മമാരാണ്. ചൂടുള്ള, പാകം ചെയ്ത ഭക്ഷണവും വീട്ടിലേക്ക് കൊണ്ടുപോകാനുള്ള റേഷനും (എസ്എൻപി) സംബന്ധിച്ച ദിവസേനയുള്ള വിഹിതം അങ്കണവാടികളിലെ മെനു ബോർഡിൽ പ്രദർശിപ്പിക്കുന്നു. തന്‍റെ കുട്ടിക്ക് എന്തൊക്കെ ലഭിക്കാൻ അർഹതയുണ്ടെന്ന് ഒരു അമ്മ മനസിലാക്കുമ്പോൾ, സുതാര്യത ഒരു ദൈനംദിന ശീലമായി മാറുന്നു. ഗുണനിലവാരം ഉറപ്പാക്കുന്നതിൽ സമൂഹം അറിവുള്ള ഒരു പങ്കാളിയായി മാറുകയാണ്.
2026ലെ പോഷൻ മാസത്തിൽ സമിതികൾ, സോഷ്യൽ ഓഡിറ്റുകൾ, മെനു ബോർഡുകൾ എന്നിവയോടൊപ്പം "തിഥി ഭോജ്', ഭക്ഷണ വിഭവങ്ങളുടെ രുചി പരിശോധന, പാചക പ്രദർശനങ്ങൾ എന്നിവയും സജീവമായി നടപ്പിലാക്കുന്നുണ്ട്.
മെനു ബോർഡിനപ്പുറം
ആദ്യത്തേത് ഭക്ഷണം തന്നെയാണ്. പോഷക സമ്പന്നമായ ഇന്ത്യയ്ക്ക് (സുപോഷിത് ഭാരത്) സമീകൃതാഹാരം ആവശ്യമാണ്: ധാന്യങ്ങൾ, ചെറുധാന്യങ്ങൾ (മില്ലറ്റുകൾ), പയറുവർഗ്ഗങ്ങൾ, അണ്ടിപ്പരിപ്പുകൾ, വിത്തുകൾ, പാൽ, പാലുൽപ്പന്നങ്ങൾ, മുട്ട, സീസണൽ പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ജൂലൈയിൽ പുറത്തിറക്കിയ "കോംപ്രിഹെൻസീവ് ഗൈഡ്‌ലൈൻസ് ഫോർ ദ സപ്ലിമെന്‍ററി ന്യൂട്രീഷൻ പ്രോഗ്രാം, 2026' (അധിക പോഷകാഹാര പദ്ധതി) അനുസരിച്ച് ചൂടുള്ള, പാകം ചെയ്ത ഭക്ഷണത്തെ നിർവചിക്കുകയും, 2013-ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരമുള്ള സൂക്ഷ്മപോഷക മാനദണ്ഡങ്ങൾ കൂടുതൽ ശക്തമാക്കുകയും ചെയ്യുന്നു.
രണ്ടാമത്തേത് പ്രാഥമിക പഠനമാണ്. ഒരു കുട്ടി കഴിക്കുന്ന ഭക്ഷണവും അവന്‍റെ പഠനവും തമ്മിൽ ആഴത്തിലുള്ള ബന്ധമുണ്ട്. കുട്ടിയുടെ ജീവിതത്തിലെ ആദ്യത്തെ മൂന്ന് വർഷത്തിനിടയിലുള്ള 34 വികസന ഘട്ടങ്ങൾ അങ്കണവാടി ജീവനക്കാർ നിരീക്ഷിക്കുന്നു. "നവചേതന', "ആധാർശില' എന്നീ പാഠ്യപദ്ധതികൾ പോഷകാഹാരവും പരിചരണവും വഴി കുട്ടികളെ സ്കൂൾ പഠനത്തിന് സജ്ജരാക്കുന്നു.
മൂന്നാമത്തേത് കുട്ടി ജനിക്കുന്നതിന് മുമ്പേ ആരംഭിക്കുന്നതാണ്. ഗർഭകാലത്തെ അമ്മയുടെ പോഷകാഹാരമാണ് കുട്ടിയുടെ ജീവിതത്തിന്‍റെ അടിത്തറ നിർണയിക്കുന്നത്. വരുമാനവും ആരോഗ്യവും തമ്മിൽ ഒന്നിനെ തിരഞ്ഞെടുക്കേണ്ട അവസ്ഥ ഒരു സ്ത്രീക്കും ഉണ്ടാകരുത് എന്ന പ്രധാനമന്ത്രിയുടെ ദൃഢനിശ്ചയത്തെ പ്രതിഫലിപ്പിക്കുന്ന "പ്രധാൻ മന്ത്രി മാതൃ വന്ദന യോജന'യുടെ പത്താം വാർഷികം കൂടിയാണ് ഇത്തവണത്തെ "പോഷൻ മാഹ്'. ഒരു പതിറ്റാണ്ട് പിന്നിടുമ്പോൾ, 4.65 കോടി ഗുണഭോക്താക്കൾക്കായി 21,511 കോടി രൂപ നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകിക്കഴിഞ്ഞു. "മിഷൻ ശക്തി'ക്ക് കീഴിൽ കൂടുതൽ ശക്തമാക്കിയ ഈ പദ്ധതി, രണ്ടാമത്തെ കുട്ടി പെൺകുട്ടിയാണെങ്കിൽ അധിക സാമ്പത്തിക സഹായവും നൽകുന്നുണ്ട്. കുടുംബത്തിനുള്ളിൽ ശരിയായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന കൗൺസിലിങ്ങിനൊപ്പം ഇത്തരം സാമ്പത്തിക കൈമാറ്റങ്ങൾ നൽകുമ്പോൾ മാത്രമേ പദ്ധതി അതിന്‍റെ പൂർണ ലക്ഷ്യം കൈവരിക്കൂ എന്ന് സാമ്പത്തിക സർവെ 2025-26 വ്യക്തമാക്കുന്നു.
സാമ്പത്തിക സഹായത്തോടൊപ്പം നിരന്തരമായ ബോധവത്കരണ പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയ രാജസ്ഥാനിലെ "ക്യാഷ് പ്ലസ്' മാതൃക പരിശോധിക്കുമ്പോൾ, ലഭിച്ച തുക ഭക്ഷണത്തിനായി ചെലവഴിക്കുന്ന സ്ത്രീകളുടെ അനുപാതം 30 ശതമാനത്തിൽ നിന്ന് 89 ശതമാനമായി ഉയർന്നതായി കാണാം. കൂടാതെ, ഭർത്താക്കന്മാരെയും കുടുംബാംഗങ്ങളെയും കൂടി ഈ വിഷയത്തിലുള്ള ചർച്ചകളിൽ പങ്കാളികളാക്കിയതോടെ, ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും പോഷകാഹാരവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ അകലാനും സഹായിച്ചു. ഒരു അമ്മയുടെ പോഷകാഹാരം എന്നത് അവൾക്ക് മാത്രമായി ഉറപ്പാക്കേണ്ട ഒന്നല്ല എന്നതുകൊണ്ട് തന്നെ, അങ്കണവാടികളെ കേന്ദ്രീകരിച്ചുള്ള കൂട്ടായ പ്രവർത്തനങ്ങൾ ഇവിടെ ശക്തിപ്പെടുന്നു.
കേന്ദ്രസ്ഥാനത്തുള്ള വനിതയെ ആദരിക്കൽ
കേന്ദ്രബിന്ദുവായി നിലകൊള്ളുന്നത് അങ്കണവാടി പ്രവർത്തകയാണ്. സമൂഹത്തിന്‍റെ പങ്കാളിത്തം എന്നതുകൊണ്ട് പോഷകാഹാരത്തിന്‍റെയും ബാല്യകാല പരിചരണത്തിന്‍റെയും പൂർണ ചുമതല അവരുടെ ചുമലിൽ അടിച്ചേൽപ്പിക്കുക എന്നല്ല അർഥമാക്കുന്നത്. മറിച്ച് അവരെ ആദരിക്കുകയും പിന്തുണയ്ക്കുകയും കരുത്തുറ്റവരാക്കുകയുമാണ് ചെയ്യേണ്ടത്. അവരുടെ അറിവും വിശ്വാസവും അത്യന്താപേക്ഷിതമാണ്..
ഈ സെപ്റ്റംബറിൽ, ഓരോ പൗരനും തങ്ങളുടെ പ്രദേശത്തുള്ള ഏതെങ്കിലും ഒരു അങ്കണവാടി സന്ദർശിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. അങ്കണവാടി പ്രവർത്തകയോട് സംസാരിക്കുക, മെനു ബോർഡ് വായിക്കുക, നിങ്ങൾക്ക് എങ്ങനെ പിന്തുണയ്ക്കാൻ കഴിയും എന്ന് ചോദിച്ചറിയുക. പിതാക്കന്മാർ, മുത്തശ്ശീമുത്തച്ഛന്മാർ, പഞ്ചായത്തുകൾ, സ്വയം സഹായ സംഘങ്ങൾ എന്നിവർക്കെല്ലാം ഇതിൽ പങ്കുവഹിക്കാനുണ്ട്.
ഈ സെപ്റ്റംബറിൽ നമ്മുടെ അങ്കണവാടികളിൽ ഭാരപരിശോധനയ്ക്ക് വിധേയരാകുന്ന കുട്ടികൾ, ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ 20കളിൽ പ്രായമുള്ളവരായിരിക്കും. ആ കാലഘട്ടത്തിലേക്ക് അവർ കൊണ്ടുപോകുന്ന ആരോഗ്യവും ആത്മവിശ്വാസവും രൂപപ്പെടുന്നത് ഇന്നാണ്. ഓരോ സമൂഹവും തങ്ങളുടെ അങ്കണവാടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ, ഭാരതം ഓരോ കുട്ടിയുടെയും ഭാവിയുടെ ഉത്തരവാദിത്തമാണ് ഏറ്റെടുക്കുന്നത്.
(കേന്ദ്ര വനിതാ- ശിശുവികസന വകുപ്പ് മന്ത്രിയാണ് ലേഖിക)