

ആന ശല്യമുള്ള ഇടങ്ങളിൽ ഇഞ്ചിപ്പുൽ കൃഷി
കൊച്ചി: കാട്ടാനശല്യം രൂക്ഷമായ വനാതിർത്തികളിൽ ഇഞ്ചിപ്പുൽ കൃഷിയുമായി സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ടിനു (സിഎംഎഫ്ആർഐ) കീഴിലുള്ള എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവികെ). ആനകൾക്ക് താത്പര്യമില്ലാത്ത വിളകൾ നടുന്നതിന്‍റെ ഭാഗമാണിത്. പദ്ധതിക്ക് കീഴിൽ ഇഞ്ചിപ്പുൽ സംസ്‌കരണ സൗകര്യമുറപ്പാക്കി കോതമംഗലം കോട്ടപ്പടിയിലെ വാവേലിയിൽ 500 കിലോ ശേഷിയുള്ള പുൽത്തൈല യൂണിറ്റ് സ്ഥാപിച്ചു.
ആനകൾക്ക് പ്രിയമില്ലാത്തതും കർഷകർക്ക് വരുമാന മാർഗമാകുന്നതുമാണ് ഇഞ്ചിപ്പുൽ കൃഷി. ആന ശല്യത്താൽ പരമ്പരാഗത കൃഷികൾ ഉപേക്ഷിക്കേണ്ടി വരുന്ന കർഷകർക്ക് മറ്റൊരു സാധ്യതയായി ഇഞ്ചിപ്പുൽ കൃഷിയെ പരിചയപ്പെടുത്തൽ, സംസ്‌കരണ സൗകര്യമൊരുക്കി പുൽത്തൈല നിർമാണം, മൂല്യവർധിത ഉത്പന്നങ്ങളുടെ ബ്രാൻഡിങ്ങിലൂടെ സംരംഭ സാദ്ധ്യതകൾ ഒരുക്കൽ എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. തൈകൾ നട്ട് 5 മാസം കൊണ്ട് ആദ്യവിളവെടുപ്പും തുടർന്ന് ഓരോ രണ്ട് മാസങ്ങൾ കൂടുമ്പോൾ തുടർ വിളവെടുപ്പുകളും നടത്താവുന്ന വിളയാണ് ഇഞ്ചിപ്പുല്ല്.
3 വർഷമായി കെവികെ ഈ മേഖലയിൽ നടത്തിവരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് സംസ്‌കരണ യൂണിറ്റ് യാഥാർഥ്യമാക്കിയത്. വാവേലിയിലെ പട്ടികജാതി വിഭാഗത്തിന്‍റെ കർഷക കൂട്ടായ്മയായ "ചെമ്പകമിത്ര' സ്വയം സഹായ സംഘത്തിനാണ് യൂണിറ്റിന്‍റെ നടത്തിപ്പു ചുമതല.
കെവികെ നടത്തിയ പരീക്ഷണ കൃഷിയിടങ്ങളിൽ നിന്ന് പ്രതിവർഷം ഒരേക്കറിൽ 7.5 ടൺ ഇഞ്ചിപ്പുല്ല് വിളവ് ലഭിച്ചു. ഇതിൽ നിന്നും ശരാശരി 0.80 ശതമാനം തൈലം വേർതിരിച്ചെടുക്കാനായി. ഗുണനിലവാരം സൂചിപ്പിക്കുന്ന സിട്രാൾ 80% ഉണ്ടെന്നത് ആശാവഹമാണ്. സിഎസ്‌ഐആറിന് കീഴിൽ ലഖ്‌നൗവിലെ കേന്ദ്ര ഔഷധ- സുഗന്ധവിള ഗവേഷണ സ്ഥാപനം നടപ്പിലാക്കിവരുന്ന ദേശീയ അരോമ മിഷനിലും ദേശീയ കാർഷിക ഗവേഷണ കൗൺസിലിന്‍റെ പട്ടികജാതി സബ്- പ്ലാനിലും ഉൾപ്പെടുത്തിയാണ് യൂണിറ്റ് സ്ഥാപിച്ചത്.
പുൽത്തൈല നിർമാണവുമായി ബന്ധപ്പെട്ട് സമഗ്രമായ ഒരു സംരംഭകത്വ മാതൃക വികസിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് കെവികെ മേധാവി ഡോ. ഷിനോജ് സുബ്രമണ്യൻ പറഞ്ഞു. എറണാകുളം ജില്ലയിൽ ഇഞ്ചിപ്പുൽ കൃഷി പുതുമയല്ല. 6- 7പതിറ്റാണ്ടുകൾക്ക് മുമ്പ് ഈ വിളയെ ആധാരമാക്കി തൈലം വ്യവസായം ജില്ലയിൽ വളരെ അഭിവൃദ്ധി പ്രാപിച്ചിരുന്നു.
എന്നാൽ കൃഷിരീതികളിലുണ്ടായ മാറ്റങ്ങളും ശാസ്ത്രീയമല്ലാത്ത വാറ്റൽ രീതികളും കാരണം ഈ മേഖല ക്ഷയിച്ചു. പ്രാദേശിക കർഷകർക്ക് സുപരിചിതമായ ഈ വിളയ്ക്ക് ജില്ലയിൽ വിജയകരമായ ഒരു ചരിത്രമുണ്ട്. മെച്ചപ്പെട്ട ഇനങ്ങൾ, ശാസ്ത്രീയ കൃഷിരീതികൾ, ആധുനിക സാങ്കേതികവിദ്യ, മൂല്യവർധിത ഉത്പന്നങ്ങളുടെ വിപണനം എന്നിവ സംയോജിപ്പിച്ചാൽ ഇഞ്ചിപ്പുൽ കൃഷി വീണ്ടും ലാഭകരമായ സംരംഭമായി വളർത്തിയെടുക്കാം.
പുൽത്തൈലം ഉത്പാദിപ്പിക്കുന്നതിനൊപ്പം അതുപയോഗിച്ച് കൊതുക് നശീകരണ സ്‌പ്രേ, പ്രതലങ്ങൾ വൃത്തിയാക്കാനുള്ള ലായനി, അണു നശീകരണി തുടങ്ങിയ മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണത്തിലും സംഘത്തിന് പരിശീലനം നൽകാൻ കൂടി ഒരുങ്ങുകയാണ് കെവികെ.
വനാതിർത്തികളിൽ കൃഷി ചെയ്യുന്നവർക്ക് മികച്ച വരുമാന മാർഗമാകുന്ന ഈ പദ്ധതിയെ വനം വകുപ്പും സ്വാഗതം ചെയ്തു. ചെമ്പകമിത്ര സംഘം ഉത്പാദിപ്പിക്കുന്ന പുൽത്തൈലം സംഭരിച്ച് വനം വകുപ്പിന്‍റെ "വനശ്രീ' ബ്രാൻഡിലൂടെ വിപണനം നടത്താൻ പദ്ധതിയുണ്ടെന്ന് മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ പി. കാർത്തിക് വ്യക്തമാക്കി.