

കൗമാരം വഴിതെറ്റുമ്പോൾ
മാതാപിതാക്കളുടെ തിരക്കുകളും തുറന്ന ആശയവിനിമയത്തിന്‍റെ അഭാവവും കുട്ടികളെ കുടുംബത്തിൽനിന്ന് മാനസികമായി അകറ്റുകയാണ്. തങ്ങളുടെ പ്രശ്നങ്ങളും കൂട്ടുകെട്ടുകളും പങ്കുവയ്ക്കാൻ ആളില്ലാതെ വരുമ്പോൾ അവർ തെറ്റായ സൗഹൃദവലയങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നു.
ആലപ്പുഴ ഹരിപ്പാട് വയോധികനെ ക്രൂരമായി കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ കൗമാരപ്രായക്കാരിയായ കൊച്ചുമകളും പതിനേഴുകാരനായ സുഹൃത്തും കൂട്ടാളികളും പിടിയിലായ വാർത്ത കേരള മനഃസാക്ഷിയെ ഞെട്ടിച്ചിരിക്കുന്നു. പുതിയ മൊബൈൽ ഫോണിനും ബൈക്കിനുമുള്ള പണത്തിനായി, സ്വന്തം മുത്തച്ഛനെ വകവരുത്താൻ കൊലപാതകം ആസൂത്രണം ചെയ്യുകയും ആ ക്രൂരകൃത്യം തത്സമയം വിഡിയൊകോളിലൂടെ കണ്ടുനിൽക്കുകയും ചെയ്ത കൗമാരമനസ് നമ്മെ ഭയപ്പെടുത്തുന്നു.
കൊല്ലപ്പെട്ട വയോധികന്‍റെ ഭാര്യ മകളുടെ പ്രസവത്തിനായി ആലപ്പുഴ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പോയ സമയത്താണ് കൊലപാതകം നടക്കുന്നത്. ഒരു വശത്ത് പ്രസവവാർഡിൽ പുതിയൊരു ജീവന്‍റെ പിറവി, തൊട്ടപ്പുറത്ത് മോർച്ചറിയിൽ സ്വന്തം കൊച്ചുമകളുടെയും കൂട്ടുകാരുടെയും ക്രൂരതയ്ക്ക് ഇരയായി ജീവനറ്റ നിലയിൽ കിടക്കുന്ന ഭർത്താവ്. മുത്തച്ഛൻ കൊല്ലപ്പെട്ടുകിടക്കുമ്പോഴും പരീക്ഷ എഴുതാൻ പോകുന്നതിനെക്കുറിച്ച് നിസംഗതയോടെ സംസാരിക്കുന്ന ആ പെൺകുട്ടിയുടെ മാനസികാവസ്ഥ കൗമാരത്തിന്‍റെ ദിശാബോധം എങ്ങോട്ടാണെന്ന ഗൗരവമേറിയ ചോദ്യമാണ് ഉയർത്തുന്നത്.
കൗമാരപ്രായത്തിൽ കുട്ടികൾ അതിക്രൂരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് വ്യക്തിപരം, കുടുംബപരം, സാമൂഹികം, സാങ്കേതികം എന്നിങ്ങനെ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന പല ഘടകങ്ങളുടെ സമ്മർദഫലമായാണ്. സമപ്രായക്കാരുടെ ആഡംബരങ്ങളും ഭൗതിക സൗകര്യങ്ങളും തനിക്കും സ്വന്തമാക്കണമെന്ന അതിമോഹം കൗമാരക്കാരിൽ തെറ്റായ കുറുക്കുവഴികൾ തേടാനുള്ള പ്രേരണ നൽകുന്നു. സോഷ്യൽ മീഡിയയും ഇക്കാര്യത്തിൽ വില്ലനാകുന്നു. ബൈക്കുകൾ, വിലകൂടിയ ഫോണുകൾ എന്നിവ എന്തുവിലകൊടുത്തും പെട്ടെന്ന് സ്വന്തമാക്കണമെന്ന വാശിയിൽ സ്വന്തം കുടുംബാംഗങ്ങളുടെ ജീവന്‍റെ മൂല്യമോ വേദനയോ തിരിച്ചറിയാനാവാത്ത വിധം അവരുടെ മനസ്സ് മരവിച്ചുപോകുന്നു.
ഓൺലൈൻ ഗെയിമുകളും ക്രൈം വെബ് സീരീസുകളും കുട്ടികളുടെ മനസിനെയും പെരുമാറ്റത്തെയും ആഴത്തിൽ സ്വാധീനിക്കുന്നുണ്ട്. അനിയന്ത്രിതമായ മൊബൈൽ ഫോൺ ഉപയോഗവും അക്രമ ദൃശ്യങ്ങളും അവരിലെ സഹാനുഭൂതിയെ ഇല്ലാതാക്കുന്നു. രക്തച്ചൊരിച്ചിലും കൊലപാതകങ്ങളും വെറുമൊരു കളി മാത്രമായി അവർ കാണാൻ തുടങ്ങുന്നു. ക്രൈം വെബ് സീരീസുകളിലും സിനിമകളിലും കാണിക്കുന്ന തെളിവ് നശിപ്പിക്കൽ, പൊലീസിന്‍റെ കണ്ണുവെട്ടിക്കൽ, ഫോൺ ലൊക്കേഷൻ മാറ്റൽ, ആയുധങ്ങൾ ഉപയോഗിക്കൽ തുടങ്ങിയ തന്ത്രങ്ങൾ കുട്ടികൾ സൂക്ഷ്മമായി ശ്രദ്ധിക്കുകയും അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഡിജിറ്റൽ ലോകത്ത് ഗെയിമുകളും ആക്റ്റിവിറ്റികളും ലൈവ് സ്ട്രീം ചെയ്യുന്ന ശീലം, യഥാർഥ ജീവിതത്തിലെ അതിക്രമങ്ങൾ പോലും തത്സമയം വിഡിയൊ കോളിലൂടെ കാണിച്ച് 'ഹീറോയിസം' തെളിയിക്കാനുള്ള മനോഭാവത്തിലേക്ക് അവരെ നയിക്കുകയാണ്.
ഗെയിമുകളിൽ ഓരോ ഘട്ടം ജയിക്കുമ്പോഴും തലച്ചോറിൽ ഡോപ്പമിൻ ഉൽപ്പാദിപ്പിക്കപ്പെടുകയും ഇത് വീണ്ടും കളിക്കാനുള്ള തീവ്രമായ ആസക്തി ഉണ്ടാക്കുകയും ചെയ്യുന്നു. ഗെയിം തോൽക്കുമ്പോഴോ, കളിക്കുന്നതിന് മാതാപിതാക്കൾ നിയന്ത്രണം ഏർപ്പെടുത്തുമ്പോഴോ അതിരൂക്ഷമായ ദേഷ്യം, അക്രമസ്വഭാവം, സാധനങ്ങൾ വലിച്ചെറിയൽ, കുടുംബാംഗങ്ങളോട് പോലും ശത്രുതയോടെ പെരുമാറൽ എന്നിവ പ്രകടമാക്കുകയും ചെയ്യും. വെർച്വൽ ലോകത്ത് പുനർജനിക്കാൻ അവസരമുള്ളതുപോലെ യഥാർഥ ജീവിതത്തിൽ തെറ്റുകൾ തിരുത്താനോ ജീവൻ തിരിച്ചുകിട്ടാനോ കഴിയില്ലെന്ന ഗൗരവം കുട്ടികൾക്ക് നഷ്ടപ്പെടുന്നു.
ലഹരിയുപയോഗവും ആഡംബര മോഹങ്ങളും കാരണമുള്ള കുറ്റകൃത്യങ്ങളിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് വലിയ തോതിലുള്ള വർധനയാണു രേഖപ്പെടുത്തുന്നത്. സ്കൂൾ-കോളെജ് പരിസരങ്ങളിൽ തഴച്ചുവളരുന്ന രാസലഹരി മാഫിയകൾ പലപ്പോഴും പ്രായക്കുറവിന്‍റെ നിയമപരമായ ആനുകൂല്യം മുതലെടുത്ത് കുട്ടികളെ കാരിയർമാരായി ഉപയോഗിക്കുകയാണ്. ലഹരിയുടെ സ്വാധീനത്തിൽ ചിന്താശേഷി നഷ്ടപ്പെടുന്ന കുട്ടികൾ ക്രൂരമായ കുറ്റകൃത്യങ്ങളിലേക്ക് സ്വയം എടുത്തുചാടുന്നു.സംസ്ഥാനത്ത് ലഹരിയുടെ വിതരണ ശൃംഖല തകർക്കാനും സ്കൂൾ-കോളെജ് പരിസരങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരി ഇടപാടുകൾ തടയാനും എക്സൈസും പോലീസും ചേർന്ന് നടപ്പാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പോലുള്ള കർശന പരിശോധനാ പദ്ധതികൾ കൂടുതൽ ശക്തമാക്കണം. വിദ്യാലയങ്ങൾക്ക് സമീപം ലഹരിയെത്തിക്കുന്ന സംഘങ്ങളെ വിട്ടുവീഴ്ചയില്ലാതെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം.കുട്ടികളെത്തന്നെ ഉൾപ്പെടുത്തി ലഹരി വിരുദ്ധ ബോധവൽക്കരണ കൂട്ടായ്മകൾ സജീവമാക്കുകയും സ്കൂൾ പരിസരങ്ങളിലെ അസ്വാഭാവിക ചലനങ്ങൾ ശ്രദ്ധയിൽപ്പെടുത്താൻ " കംപ്ലെയിന്‍റ് ബോക്സുകൾ' സ്ഥാപിക്കുകയും ചെയ്യേണ്ടതാണ്. അയൽപക്കങ്ങളിലോ പൊതുസ്ഥലങ്ങളിലോ സംശയാസ്പദമായ രീതിയിൽ കൗമാരക്കാരുടെ ഒത്തുചേരലുകളോ ലഹരി ഇടപാടുകളോ കണ്ടാൽ 'ഓപ്പറേഷൻ തൂഫാൻ' പോലുള്ള സംവിധാനങ്ങളിലൂടെ പൊലീസിലോ എക്സൈസിലോ അറിയിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
ചെറിയ പരാജയങ്ങളോ എതിർപ്പുകളോ നേരിടാൻ കഴിയാത്തതും വ്യക്തിവൈരാഗ്യങ്ങളെ പ്രതികാര ചിന്തയോടെ മാത്രം സമീപിക്കുന്നതുമായ മാനസികാവസ്ഥയാണ് കൗമാരം നേരിടുന്ന മറ്റൊരു പ്രശ്നം. മാതാപിതാക്കളുടെ തിരക്കുകളും തുറന്ന ആശയവിനിമയത്തിന്‍റെ അഭാവവും കുട്ടികളെ കുടുംബത്തിൽനിന്ന് മാനസികമായി അകറ്റുകയാണ്. തങ്ങളുടെ പ്രശ്നങ്ങളും കൂട്ടുകെട്ടുകളും പങ്കുവയ്ക്കാൻ ആളില്ലാതെ വരുമ്പോൾ അവർ തെറ്റായ സൗഹൃദവലയങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നു.കുട്ടികളോട് ദിവസവും സൗഹൃദപരമായി സംസാരിക്കാൻ മാതാപിതാക്കൾ സമയം കണ്ടെത്തുകയും അവരുടെ പരാതികളും മാനസിക സമ്മർദങ്ങളും ക്ഷമയോടെ കേൾക്കാൻ തയാറാകുകയും വേണം. കുട്ടികളുടെ സ്മാർട്ട്ഫോൺ ഉപയോഗത്തിനും ഇന്റർനെറ്റ് സമ്പർക്കങ്ങൾക്കും രക്ഷിതാക്കളുടെ നിരന്തര ജാഗ്രതയുണ്ടാകണം.
കുട്ടികളിലെ അക്രമവാസനയും ലഹരിയുപയോഗവും തടഞ്ഞ് അവരെ നേർവഴിക്ക് നയിക്കുന്നതിൽ മാതാപിതാക്കൾ, അധ്യാപകർ, പൊതുസമൂഹം എന്നിവർക്ക് നിർണായക പങ്കുണ്ട്. വിദ്യാർഥികളുടെ ഹാജർ, ക്ലാസിലെ പെരുമാറ്റം, കൂട്ടുകെട്ടുകൾ എന്നിവയിൽ കൃത്യമായ ശ്രദ്ധ പുലർത്തുന്നതിനു അധ്യാപക സമൂഹത്തിനു സാധിക്കും. പഠനത്തോടൊപ്പം സഹജീവി സ്നേഹം, സഹാനുഭൂതി, പൗരബോധം എന്നിവ വളർത്തുന്ന പാഠ്യപദ്ധതികൾക്ക് പ്രാധാന്യം നൽകേണ്ടത് അനിവാര്യമാണ്. റെസിഡന്‍റ്സ് അസോസിയേഷനുകളും തദ്ദേശ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് കൗമാരക്കാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പരിഹരിക്കാനുമുള്ള സമിതികൾ രൂപീകരിക്കുന്നതും ഗുണം ചെയ്യും.
ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ജുവനൈൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരിൽ 75% മുതൽ 80% വരെ കുട്ടികളും 16 നും 18 നും ഇടയിൽ പ്രായമുള്ളവരാണ്. മുതിർന്നവരുടെ രീതിയിലുള്ള ആസൂത്രിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് ഭൂരിഭാഗവും ഈ പ്രായപരിധിയിലുള്ളവരാണ്. കുട്ടികൾ ഉൾപ്പെടുന്ന ആകെ കുറ്റകൃത്യങ്ങളിൽ വലിയൊരു പങ്കും മോഷണം, പിടിച്ചുപറി, ഭവനഭേദനം തുടങ്ങിയവയാണ്. ഇതിൽ ഭൂരിഭാഗവും നടക്കുന്നത് പുതിയ ഫോൺ, ബൈക്ക്, ലഹരി ഉപയോഗത്തിനുള്ള പണം എന്നിവ കണ്ടെത്താനാണ്.
കുട്ടികൾ വഴിതെറ്റുന്നത് അവരുടെ മാത്രം കുറ്റമല്ല, അവരെ നേർവഴിക്ക് നയിക്കാൻ മറന്നുപോയ കുടുംബത്തിന്‍റെയും വിദ്യാലയങ്ങളുടെയും സമൂഹത്തിന്‍റെയും കൂട്ടായ പരാജയമാണ്. ശിക്ഷാനടപടികൾക്കുപരി ,ഓരോ കുട്ടിക്കും സ്നേഹവും ധാർമിക ബോധവും കരുതലും നൽകി വളർത്താൻ കുടുംബവും വിദ്യാലയങ്ങളും സമൂഹവും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.