

നമ്മുടെ നാരീശക്തിയെ നമുക്കൊരുമിച്ച് ശാക്തീകരിക്കാം: പ്രധാനമന്ത്രി
symbolic image
2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും വരും കാലങ്ങളിൽ വിവിധ സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും സ്ത്രീ സംവരണം കൊണ്ടുവരുന്ന സുപ്രധാന ബിൽ ചർച്ച ചെയ്യാനും പാസാക്കാനും ഏപ്രിൽ 16ന് പാർലമെന്‍റ് സമ്മേളിക്കും. ഒരു നിയമനിർമാണ പ്രക്രിയയെന്ന് വിശേഷിപ്പിക്കുന്നത് ഇതിന്‍റെ പ്രാധാന്യത്തെ കുറച്ചേക്കാം. രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് സ്ത്രീകളുടെ അഭിലാഷങ്ങളുടെ പ്രതിഫലനമാണിത്.
പ്രധാനമന്ത്രി
ഇന്ത്യയുടെ നാനാഭാഗങ്ങളിൽ ആഘോഷങ്ങൾ നടക്കുന്നതോടെ വരും ദിവസങ്ങളില്‍ രാജ്യം ഉത്സവപ്രതീതിയിലാകും. അസമിലെ ജനങ്ങൾ റൊംഗാലി ബിഹു ആഘോഷിക്കുമ്പോൾ ഒഡിഷയിൽ മഹാ ബിഷുബ പന സംക്രാന്തിയുടെ ആഘോഷവേളയാണ്. പശ്ചിമ ബംഗാളിൽ പൊയ്‌ല ബൈശാഖ് ബംഗാളി പുതുവർഷത്തിന് തുടക്കം കുറിക്കുമ്പോള്‍ കേരളം ഉത്സവാവേശത്തില്‍ വിഷുവിനെ വരവേല്‍ക്കും. തമിഴ്‌നാട്ടിൽ കൊണ്ടാടുന്ന പുത്താണ്ടും പഞ്ചാബിലും ഉത്തരേന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ആഘോഷിക്കുന്ന ബൈശാഖിയും പ്രത്യാശയുടെയും ശുഭചിന്തയുടെയും നവ ചൈതന്യം പകര്‍ന്നു നല്‍കും.
ഇന്ത്യയിലും ലോകമെങ്ങും ഈ ഉത്സവങ്ങളാഘോഷിക്കുന്ന ഏവർക്കും ഞാനെന്‍റെ ആശംസകൾ നേരുന്നു. എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും പകരുന്നതാകട്ടെ ഈ ശുഭവേളകള്‍. കൂടാതെ, ഏപ്രിൽ 11ന് നാം മഹാത്മാ ഫൂലെയുടെ 200ാമത് ജന്മദിനാഘോഷങ്ങൾക്ക് തുടക്കം കുറിക്കും. 14ന് അംബേദ്കർ ജയന്തി ദിനത്തിൽ ഡോ. ബാബാസാഹേബ് അംബേദ്കറിന് രാജ്യം ആദരമർപ്പിക്കും.
ഹൃദയങ്ങളിലും മനസുകളിലും നവോന്മേഷം നിറയുന്ന ഈ സവിശേഷ സന്ദർഭങ്ങൾക്ക് പുറമെ രാജ്യം മറ്റൊരു ചരിത്ര മുഹൂർത്തത്തിന്‍റെ പടിവാതിൽക്കല്‍ എത്തിനില്‍ക്കുന്നു. ജനാധിപത്യത്തിന്‍റെ അടിത്തറ ശക്തിപ്പെടുത്താനും സമത്വത്തിന്‍റെയും ഉള്‍ച്ചേര്‍ക്കലിന്‍റെയും കൂട്ടായ പ്രതിബദ്ധത ആവര്‍ത്തിച്ചുറപ്പിക്കാനും മികച്ച അവസരമാണിത്.
സ്ത്രീ സംവരണം മുന്നോട്ടുകൊണ്ടുപോകുന്ന ഒരു സുപ്രധാന ബിൽ ചർച്ച ചെയ്യാനും പാസാക്കാനും ഏപ്രിൽ 16ന് പാർലമെന്‍റ് സമ്മേളിക്കും. കേവലമൊരു നിയമനിർമാണ പ്രക്രിയയെന്ന് വിശേഷിപ്പിക്കുന്നത് ഇതിന്‍റെ പ്രാധാന്യത്തെ കുറച്ചുകണ്ടേക്കാം. ഇന്ത്യയിലുടനീളമുള്ള കോടിക്കണക്കിന് സ്ത്രീകളുടെ അഭിലാഷങ്ങളുടെ പ്രതിഫലനമാണിത്. സ്ത്രീകൾ പുരോഗമിക്കുമ്പോൾ സമൂഹം പുരോഗമിക്കുന്നുവെന്ന നമ്മുടെ നാഗരിക മൂല്യങ്ങളെ മുന്നോട്ടുനയിക്കുന്ന തത്വത്തിന്‍റെ സാക്ഷാത്കാരമാണിത്.
ഇന്ത്യയില്‍ ജനസംഖ്യയുടെ പകുതിയോളം സ്ത്രീകളാണ്. രാജ്യത്തിന് അവർ നൽകുന്ന സംഭാവനകൾ വിശാലവും അമൂല്യവുമാണ്. സര്‍വ മേഖലകളിലും സ്ത്രീകൾ കൈവരിക്കുന്ന ശ്രദ്ധേയ നേട്ടങ്ങൾക്ക് ഇന്ന് രാജ്യം സാക്ഷ്യം വഹിക്കുന്നു. ശാസ്ത്ര- സാങ്കേതികവിദ്യ മുതൽ സംരംഭകത്വം വരെയും കായികം മുതൽ സായുധ സേനകള്‍ വരെയും സംഗീതം മുതൽ കലകൾ വരെയും രാജ്യപുരോഗതിയുടെ മുൻനിരയിൽ സ്ത്രീകളുണ്ട്. സ്ത്രീ ശാക്തീകരണത്തിന് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കാന്‍ നിരന്തര പരിശ്രമങ്ങളാണ് വര്‍ഷങ്ങളായി നടന്നുവരുന്നത്. മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളും മികച്ച ആരോഗ്യ പരിരക്ഷയും വിപുലമായ സാമ്പത്തിക ഉൾച്ചേര്‍ക്കലും അടിസ്ഥാന സൗകര്യ ലഭ്യതയുമെല്ലാം സാമ്പത്തികവും സാമൂഹ്യവുമായ ജീവിതത്തിൽ സ്ത്രീപങ്കാളിത്തത്തിന്‍റെ അടിത്തറ ശക്തിപ്പെടുത്തി.
എങ്കിലും, രാഷ്‌ട്രീയ ലോകത്തും നിയമനിർമാണ സഭകളിലും സ്ത്രീ പ്രാതിനിധ്യം പലപ്പോഴും അവരുടെ സാമൂഹ്യ പങ്കാളിത്തത്തിന് ആനുപാതികമായിരുന്നില്ല. ഭരണ നിർവഹണത്തിലും തീരുമാനങ്ങളെടുക്കുന്ന പ്രക്രിയയിലും സ്ത്രീകൾ പങ്കാളികളാകുമ്പോൾ പൊതുചർച്ചകളെ അർഥപൂര്‍ണമാക്കാനും ഭരണ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്ന തനത് അനുഭവങ്ങളും ഉൾക്കാഴ്ചകളും അവർ പകര്‍ന്നു നല്‍കുന്നു. അതുകൊണ്ടുതന്നെ സ്ത്രീപ്രാതിനിധ്യത്തിലെ ഈ കുറവ് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്.
2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും വരും കാലങ്ങളിൽ വിവിധ സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും വനിതാ സംവരണം നടപ്പിലാക്കിക്കൊണ്ട് നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. കഴിഞ്ഞ പതിറ്റാണ്ടുകളിലുടനീളം ജനാധിപത്യ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് അർഹമായ സ്ഥാനം നൽകുന്നതിന് മുൻ സർക്കാരുകൾ ആവർത്തിച്ച് ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. സമിതികള്‍ രൂപീകരിക്കുകയും കരട് ബില്ലുകള്‍ അവതരിപ്പിക്കുകയും ചെയ്തെങ്കിലും അവയൊന്നും വെളിച്ചം കണ്ടില്ല.
എന്നാൽ നിയമനിർമാണ സഭകളിൽ സ്ത്രീ പ്രാതിനിധ്യം ഉയര്‍ത്തണമെന്ന കാര്യത്തിൽ ഒരു വിശാല സമവായം എപ്പോഴും നിലനിന്നിരുന്നു. ഈ സമവായത്തിന്‍റെ അന്തസത്തയിലാണ് 2023 സെപ്റ്റംബറിൽ ""നാരീശക്തി വന്ദൻ അധിനിയം'' പാർലമെന്‍റ് പാസാക്കിയത്. എന്‍റെ ജീവിതത്തിലെ ഏറ്റവും സവിശേഷ സന്ദർഭങ്ങളിലൊന്നായി ഞാന്‍ ഇതിനെ കണക്കാക്കുന്നു.
സ്ത്രീ സംവരണം ഉറപ്പാക്കാന്‍ ലഭിക്കുന്ന ഈ അവസരം ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്തയുമായി ആഴത്തിൽ ചേർന്നുനിൽക്കുന്നു. സമത്വത്തിന്‍റെ ആവിഷ്കാരത്തിലുപരി അത് പ്രായോഗികമായി നടപ്പാക്കപ്പെടുന്ന ഒരു സമൂഹത്തെയാണ് നമ്മുടെ ഭരണഘടനാ ശില്പികൾ വിഭാവനം ചെയ്തത്. നിയമനിർമാണ സ്ഥാപനങ്ങളിലെ സ്ത്രീ പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് ആ കാഴ്ചപ്പാട് നിറവേറ്റുന്നതിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണ്.
രാഷ്‌ട്രത്തിന്‍റെ വിധി നിർണയിക്കുന്നതില്‍ ഓരോ പൗരനും തുല്യ പങ്കാളിത്തമുറപ്പാക്കുന്ന സമൂഹം കെട്ടിപ്പടുക്കാന്‍ നാം പുലര്‍ത്തുന്ന പ്രതിബദ്ധതയുടെ പ്രതിഫലനമാണിത്. ഇനിയൊരിക്കലും വൈകിപ്പിക്കാനാവാത്ത നിമിഷമാണിത്. സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കുന്നതിലെ കാലതാമസം ഫലത്തിൽ ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ഗുണനിലവാരവും എല്ലാവരെയും ഉൾക്കൊള്ളുന്ന ശേഷിയും ശക്തിപ്പെടുത്തുന്നത് വൈകിപ്പിക്കുന്നു.
നിയമനിർമാണ സ്ഥാപനങ്ങളിൽ ഉയര്‍ന്ന സ്ത്രീ പങ്കാളിത്തം അനിവാര്യമാണെന്ന് പതിറ്റാണ്ടുകളായി അംഗീകരിക്കുകയും ചർച്ച ചെയ്യുകയും ആവർത്തിച്ചുറപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ നടപടികൾ മാറ്റിവച്ചാല്‍ അതിനർഥം പൂര്‍ണബോധ്യമുള്ളതും പരിഹരിക്കാന്‍ ശേഷിയുള്ളതുമായ ഒരു അസമത്വം നാം ഇനിയും തുടരുന്നുവെന്നാകും.
ആത്മവിശ്വാസത്തോടെയും ലക്ഷ്യബോധത്തോടെയും ഇന്ത്യ മുന്നേറുന്ന ഈ സമയത്ത് രാജ്യത്തെ സ്ഥാപനങ്ങൾ ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകളുടെ ഉള്‍പ്പെടെ എല്ലാ പൗരന്മാരുടെയും അഭിലാഷങ്ങള്‍ പ്രതിഫലിപ്പിക്കേണ്ടത് അനിവാര്യമാണ്. സമയബന്ധിത നടപടികൾ ദീർഘകാല വാഗ്ദാനങ്ങളെ മാനിക്കുക മാത്രമല്ല, പുരോഗതിയുടെ വേഗം നിലനിർത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ ജനാധിപത്യം കൂടുതൽ പ്രാതിനിധ്യപൂര്‍ണവും പ്രതികരണാത്മകവും ഭാവി സജ്ജവുമാക്കി മാറ്റാനുള്ള ചരിത്ര അവസരമാണിത്.
കൂട്ടായ പ്രവർത്തനത്തിന് ഈ നിമിഷം നമ്മെ ആഹ്വാനം ചെയ്യുന്നു. ഇത് ഏതെങ്കിലുമൊരു സർക്കാരിന്‍റെയോ പാർട്ടിയുടെയോ വ്യക്തിയുടെയോ കാര്യമല്ല. മറിച്ച്, ഈ ചുവടുവയ്പ്പിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞ് രാഷ്‌ട്രമൊന്നടങ്കം അത് സാക്ഷാത്കരിക്കാന്‍ കൈകോര്‍ക്കേണ്ടതുണ്ട്. ഇന്ത്യയുടെ നാരീശക്തിയോട് നാം കടപ്പെട്ടിരിക്കുന്നു.
അതിനാല്‍ വനിതാ സംവരണ ബിൽ പാസാക്കുന്നത് പരമാവധി സമവായത്തോടെയും വിശാല ദേശീയ താല്പര്യങ്ങൾ മുൻനിർത്തിയുമായിരിക്കണം. നമുക്കുവേണ്ടിയല്ല, മറിച്ച് വരുംതലമുറകൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഇത്തരം അവസരങ്ങൾ നമ്മെ ആഹ്വാനം ചെയ്യുന്നു. കാലോചിതമായി മാറാനും കൂടൂതല്‍ ഉൾക്കൊള്ളുന്നതായി മാറാനുമുള്ള കഴിവിലാണ് ജനാധിപത്യത്തിന്‍റെ യഥാർഥ കരുത്തെന്ന് ഇത്തരം നിമിഷങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു.
ചരിത്രപരമായ ഈ പാർലമെന്‍റ് സമ്മേളനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സ്ത്രീകൾക്കായി നടത്തുന്ന സുപ്രധാന ചുവടുവയ്പ്പിനെ പിന്തുണയ്ക്കാൻ രാഷ്‌ട്രീയ വ്യത്യാസങ്ങൾ മറന്ന് ഒരുമിക്കാൻ എല്ലാ പാർലമെന്‍റംഗങ്ങളോടും ഞാൻ അഭ്യർഥിക്കുന്നു. ഉത്തരവാദിത്ത ബോധത്തോടെയും ലക്ഷ്യബോധത്തോടെയും ഈ അവസരം നമുക്ക് പ്രയോജനപ്പെടുത്താം. ജനാധിപത്യത്തിന്‍റെ ഉന്നത പാരമ്പര്യങ്ങളെ പ്രതിഫലിപ്പിക്കുംവിധം നമുക്ക് പ്രവർത്തിക്കാം.
ദേശീയ പ്രാധാന്യമര്‍ഹിക്കുന്ന കാര്യങ്ങളില്‍ ഇന്ത്യ എപ്പോഴും ഭിന്നതകള്‍ക്കപ്പുറം ഉയർന്നു വന്ന് ഐക്യത്തോടെ പ്രവർത്തിച്ചിട്ടുണ്ട്. അത്തരമൊരു നിമിഷമാണിത്. ഭരണഘടനാ മൂല്യങ്ങളെ ശക്തിപ്പെടുത്തി ദേശീയ പുരോഗതിയ്ക്കായി രാജ്യത്തെ നാരീശക്തിയെ ശാക്തീകരിച്ച് നമുക്ക് ഒരുമിച്ച് മുന്നേറാം.