മാറ്റം വരട്ടെ, വഴിമുടക്കരുത്

നിയമങ്ങൾ നിർമിക്കപ്പെടുന്ന ഇടങ്ങളിൽ സ്ത്രീകൾ കൂടി ഉൾപ്പെടുമ്പോൾ, നിയമനിർമാണത്തിന്‍റെ മുൻഗണനാക്രമങ്ങളിൽ മാറ്റം വരുന്നു
Let change come, don't stand in the way.

മാറ്റം വരട്ടെ, വഴിമുടക്കരുത്

file photo

Updated on

രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്ന ഓരോ പെൺകുട്ടിക്കും, ഇതുവരെ വേദികൾ ലഭിക്കാത്ത നേതാക്കൾക്കും, ഒരിക്കൽപോലും മൈക്കിനുമുന്നിൽ എത്താത്ത ശബ്ദങ്ങൾക്കും വേണ്ടി പ്രവർത്തിക്കേണ്ട സമയം ഇതാണ്. ഈ നിയമം നടപ്പാക്കുക.

ശോഭ കരന്ദ്‌ലാജെ

(കേന്ദ്ര സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭ സഹമന്ത്രി)

കേന്ദ്രസഹമന്ത്രിയെന്ന നിലയിൽ എന്‍റെ ആദ്യ സത്യപ്രതിജ്ഞാച്ചടങ്ങിൽ പങ്കെടുക്കുമ്പോൾ, തിങ്ങിനിറഞ്ഞ ആ മുറിയിലാകെ ഞാൻ കണ്ണോടിച്ചു. അവിടെയുണ്ടായിരുന്ന സ്ത്രീകളുടെ എണ്ണം വിരലിലെണ്ണാവുന്നത്ര മാത്രമായിരുന്നു. ആ കാഴ്ച എന്‍റെ മനസ്സിൽ വലിയ സ്വാധീനമുണ്ടാക്കി; വ്യക്തിപരമായ നേട്ടമായല്ല, മറിച്ച് പൊതുരംഗത്ത് സ്ത്രീകൾ ഇനിയും താണ്ടേണ്ട ദൂരത്തിന്‍റെ വ്യക്തമായ സൂചനയായാണ് എനിക്കത് അനുഭവപ്പെട്ടത്.

Shobha Karandlaje

(Minister of State for Micro, Small and Medium Enterprises)

ശോഭ കരന്ദ്‌ലാജെ

(കേന്ദ്ര സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭ സഹമന്ത്രി)

file photo

തീരദേശ കർണാടകയിലെ പുത്തൂരിനടുത്തുള്ള ചെറിയ ഗ്രാമത്തിൽ നിന്നാണ് ഞാൻ വരുന്നത്. സ്ത്രീകൾ എക്കാലവും കരുത്തും അതിജീവനശേഷിയും തെളിയിച്ചിട്ടുള്ള സാംസ്കാരിക സമ്പന്നമായ മേഖലയാണത്. ആ കരുത്ത് പൊതുജീവിതത്തിലേക്ക് മാറ്റുക എന്നതും, മുൻപ് അധികമാരും നടന്നുപോയിട്ടില്ലാത്ത പാതയിലൂടെ സഞ്ചരിക്കുക എന്നതും എന്താണെന്ന് എനിക്കറിയാം. എല്ലാ സ്ത്രീകൾക്കും ഒരേ ആവേശത്തോടെ ഇത്തരം അവസരങ്ങൾ ലഭിക്കാറില്ല എന്ന യാഥാർഥ്യവും ഞാൻ തിരിച്ചറിയുന്നു.

നാരീശക്തി വന്ദൻ അധിനിയമം ഇതിനകം പാസാക്കിക്കഴിഞ്ഞു. 2024 സെപ്റ്റംബറിൽ പാർലമെന്‍റ് ഇക്കാര്യത്തിൽ തീരുമാനമെടുത്തു. ഭരണഘടനയും ഭേദഗതി ചെയ്തു. എന്നാൽ ഇനി വരുന്നത് പ്രയാസകരമായ ഘട്ടമാണ്: നൽകിയ ആ വാക്ക് പാലിക്കുക എന്നത്.

ജനങ്ങളെ പ്രതിനിധാനംചെയ്യുന്ന ജനാധിപത്യം

ഇന്ത്യ 67 കോടി സ്ത്രീകളുടെ നാടാണ്. എന്നാൽ, ദീർഘകാലമായി നമ്മുടെ നിയമനിർമാതാക്കളിൽ വെറും 15 ശതമാനം മാത്രമാണ് ഈ ജനവിഭാഗത്തെ പ്രതിനിധാനംചെയ്യുന്നത്. തീരുമാനങ്ങളെടുക്കുന്ന പ്രക്രിയയിൽനിന്ന് പകുതിയോളം വരുന്ന പൗരന്മാരെ നിരന്തരം ഒഴിവാക്കുന്ന ജനാധിപത്യത്തെ യഥാർഥ ജനാധിപത്യമായി കണക്കാക്കാനാകില്ല; അതൊരു അപൂർണ പ്രക്രിയയായി തുടരുന്നു. ഈ ദൗത്യം പൂർത്തിയാക്കുന്നതിലേക്കുള്ള സുപ്രധാനമായ ചുവടുവയ്പാണ് നാരീശക്തി വന്ദൻ അധിനിയം. ഫലപ്രദമായി നടപ്പാക്കുന്നില്ലെങ്കിൽ കടലാസിലെ നിയമത്തിന് മൂല്യമില്ല. ഇതിനായി സെൻസസ് നടത്തേണ്ടതുണ്ട്. അതിനുശേഷം മണ്ഡല പുനർനിർണയം നടക്കുകയും പാർലമെന്‍റിലെയും ഓരോ സംസ്ഥാന നിയമസഭകളിലെയും മൂന്നിലൊന്ന് സീറ്റുകളിൽ നിശ്ചിത സമയത്തിനകം സ്ത്രീകൾ എത്തിച്ചേരുകയും വേണം.

നിയമങ്ങൾ നിർമിക്കപ്പെടുന്ന ഇടങ്ങളിൽ സ്ത്രീകൾ കൂടി ഉൾപ്പെടുമ്പോൾ, നിയമനിർമാണത്തിന്‍റെ മുൻഗണനാക്രമങ്ങളിൽ മാറ്റം വരുന്നു. പതിറ്റാണ്ടുകൾക്കുമുമ്പ് സ്ത്രീകൾക്ക് 33 ശതമാനം സംവരണം നടപ്പാക്കിയ പഞ്ചായത്തിരാജ് സ്ഥാപനങ്ങൾ മുൻഗണനകളിൽ പ്രകടമായ മാറ്റം കാണിക്കുന്നുണ്ട്. ജലം, ആരോഗ്യം, വിദ്യാഭ്യാസം, ശിശു പോഷകാഹാരം എന്നിവയ്ക്കായി കൂടുതൽ ബജറ്റ് വിഹിതം അനുവദിക്കപ്പെട്ടു. അഴിമതിയോടുള്ള സഹിഷ്ണുത കുറയുകയും സമൂഹത്തോടുള്ള ഉത്തരവാദിത്വം വർധിക്കുകയും ചെയ്തു. ഇതൊരു യാദൃച്ഛികതയല്ല, മറിച്ച് പ്രാതിനിധ്യം പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്ന മാറ്റമാണ്.

പ്രതിസന്ധികൾ മറികടക്കൽ

സ്ത്രീകൾ സ്വന്തം "യോഗ്യതയുടെ അടിസ്ഥാനത്തിൽ" ഉയർന്നുവരണമെന്ന വാദം ഞാൻ കേട്ടിട്ടുണ്ട്. ആ വികാരത്തെ ഞാൻ മാനിക്കുന്നു; എന്നാൽ അതിന്‍റെ അടിസ്ഥാനത്തെ ഞാൻ തള്ളിക്കളയുന്നു. യോഗ്യത എന്നത് ശൂന്യതയിൽ നിലനിൽക്കുന്ന ഒന്നല്ല. അവസരങ്ങളുള്ളിടത്താണ് അത് തളിർക്കുന്നത്.

തലമുറകളായി നിലനിൽക്കുന്ന സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ ഘടനാപരമായ തടസ്സങ്ങൾ മിടുക്കരായ സ്ത്രീകളെ രാഷ്‌ട്രീയത്തിൽ നിന്ന് മാറ്റിനിർത്തിയിരിക്കുകയാണ്. സ്ഥാനാർഥിനിർണയ പ്രക്രിയ എന്നും മുൻഗണന നൽകിയിട്ടുള്ളത് മികച്ച ശൃംഖലകളും ബന്ധങ്ങളുമുള്ളവർക്കും, പാരമ്പര്യമായി രാഷ്‌ട്രീയ സ്വാധീനമുള്ളവർക്കും, വീട്ടുപണികളിൽ നിന്നും ഉത്തരവാദിത്വങ്ങളിൽ നിന്നും സ്വതന്ത്രരായവർക്കുമാണ്. എന്നാൽ സ്ത്രീകൾക്കാകട്ടെ, ഇത്തരം നേട്ടങ്ങളൊന്നും അനുകൂലമായുണ്ടായിരുന്നില്ല.

സംവരണം യോഗ്യതയുടെ മാനദണ്ഡങ്ങൾ കുറയ്ക്കുന്നില്ല. മറിച്ച്, അത് തടസ്സങ്ങൾ നീക്കംചെയ്യുകയാണ് ചെയ്യുന്നത്. പഞ്ചായത്തുകളിൽ വലിയതോതിൽ സ്ത്രീകൾ എത്തിയപ്പോൾ തുടക്കത്തിൽ അവരെ അവഗണിച്ചിരുന്നു. എന്നാൽ, ഒന്നിനുപുറകെ ഒന്നായുള്ള പഠനങ്ങളിൽ, പുരുഷ സഹപ്രവർത്തകരെക്കാൾ കൂടുതൽ കാര്യക്ഷമതയുള്ളവരും ജനങ്ങൾക്ക് പ്രാപ്യമായവരും സത്യസന്ധരുമാണ് സ്ത്രീകളെന്ന് അവരുടെ സ്വന്തം സമൂഹങ്ങൾ വിലയിരുത്തി. നീതിയുക്തമായ അവസരം ലഭിച്ചാൽ സ്ത്രീകൾ വെറുതെ പങ്കെടുക്കുക മാത്രമല്ല ചെയ്യുന്നത്, അവർ നയിക്കുക തന്നെ ചെയ്യും.

നയരൂപീകരണത്തിൽ ഇത് എന്ത് മാറ്റമുണ്ടാക്കും?

ഗവണ്മെന്‍റിലെ എന്‍റെ ദീർഘകാല അനുഭവം എന്നെ പഠിപ്പിച്ചത്, ആ മുറിയിൽ ആരുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും അവിടെ എന്ത് ചർച്ച ചെയ്യപ്പെടുന്നു എന്നത്. വെട്ടിക്കുറയ്ക്കാൻ സാധ്യതയുള്ള ഘട്ടങ്ങളിൽ പോലും മാതൃ ആരോഗ്യത്തിനായുള്ള ഫണ്ടിനായി വനിതാ നിയമനിർമാതാക്കൾ സമ്മർദം ചെലുത്തുന്നു. നടപ്പാക്കുമ്പോൾ സ്ത്രീകൾക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന നയങ്ങളിലെ ലിംഗപരമായ സ്വാധീനം അവർ ചൂണ്ടിക്കാണിക്കുന്നു. പുരുഷ സഹപ്രവർത്തകർ തങ്ങളുടെ തെറ്റുകൊണ്ടല്ലാതെ തന്നെ, ഒരിക്കലും നേരിടാത്ത മണ്ഡലങ്ങളിലെ പ്രശ്നങ്ങളെ അവർ ചർച്ചകളിലേക്ക് കൊണ്ടുവരുന്നു.

പാർലമെന്‍റിലും സംസ്ഥാന നിയമസഭകളിലും ലഭിക്കുന്ന 33 ശതമാനം സംവരണം എന്നാൽ, ചരിത്രത്തിലാദ്യമായി ഇത്തരം ശബ്ദങ്ങൾ അപൂർവമായ ഒന്നല്ലാതാകും എന്നാണ്. അവ ഘടനാപരമായിത്തന്നെ അവിടെയുണ്ടാകും. ശാശ്വതമായിരിക്കും. അവഗണിക്കാനാകാത്തതും ആയിരിക്കും.

നാരീശക്തി: കാഴ്ചപ്പാടിൽനിന്നു നിയമത്തിലേക്ക്

സ്ത്രീകളുടെ പൂർണവും തുല്യവുമായ പങ്കാളിത്തമില്ലാതെ ഇന്ത്യക്ക് അതിന്‍റെ പൂർണമായ ശേഷി കൈവരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പണ്ടുമുതലേ വിശ്വസിക്കുന്നു. ഇതു വെറും വാക്കല്ല, മറിച്ച് 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' മുതൽ ജൻ ധൻ, ഉജ്വല, പിഎം ആവാസ് യോജന എന്നിവയിലുണ്ടായ സ്ത്രീകളുടെ റെക്കോർഡ് പങ്കാളിത്തം വരെയുള്ള ഓരോ നയങ്ങളെയും നയിച്ച ബോധ്യമാണ്. നാരീശക്തി എന്നത് വെറും മുദ്രാവാക്യമായല്ല, മറിച്ച് വികസിത ഇന്ത്യയുടെ അടിത്തറയായാണ് അദ്ദേഹം നിരന്തരം വിശേഷിപ്പിക്കുന്നത്. സ്ത്രീശാക്തീകരണത്തെ കേവലം ക്ഷേമപദ്ധതികളിൽനിന്ന് ഭരണസംവിധാനത്തിന്‍റെ ഭാഗമാക്കി മാറ്റുന്ന ഈ കാഴ്ചപ്പാടിന്‍റെ പൂർണരൂപമാണ് നാരീശക്തി വന്ദൻ അധിനിയമം.

വിവിധ പാർട്ടികളിലെ എന്‍റെ സഹപ്രവർത്തകരോട്

ഇത് ഏതെങ്കിലും ഒരു പാർട്ടിയുടെ മാത്രമല്ല, മറിച്ച് ഒരു പ്രസ്ഥാനമെന്ന നിലയിൽ പാർലമെന്‍റിന്‍റെയാകെ അഭിമാന നിമിഷമാണ്. ഗവണ്മെന്‍റിന്‍റെ എല്ലാ തലങ്ങളിലും ഈ രാജ്യത്തെ സേവിച്ച സ്ത്രീയെന്ന നിലയിൽ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു; ഇന്ത്യയുടെ ജനാധിപത്യം കൂടുതൽ കരുത്തുറ്റതും പൂർണവുമാകുന്നത് കാണാൻ നാമെല്ലാവരും ആഗ്രഹിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. സെൻസസ് നടത്തുന്നതിലും മണ്ഡലപുനർനിർണയം പൂർത്തിയാക്കുന്നതിലും അനാവശ്യമായി ഒരു ദിവസം പോലും നഷ്ടപ്പെടാതെ നോക്കുക എന്നതാണ് നാം ഇനി ഇന്ത്യയിലെ സ്ത്രീകൾക്കുവേണ്ടി ചെയ്യേണ്ട അടിയന്തര കടമ.

നടപ്പാക്കുന്നതിലെ ആശങ്കകൾ, സംവരണ സീറ്റുകളുടെ ഊഴം, പ്രതിനിധികളായി നിൽക്കുന്നവർ, സൺസെറ്റ് ക്ലോസുകൾ എന്നിവയെക്കുറിച്ചുള്ള തർക്കങ്ങൾ ഞാൻ മനസ്സിലാക്കുന്നു. ഇവയെല്ലാം ഗൗരവതരമായ ചർച്ചകൾ തന്നെയാണ്; എങ്കിലും ഇതിന് ഉടനടി ശ്രദ്ധ ലഭിക്കുന്നുണ്ടെന്ന് നാം ഉറപ്പാക്കേണ്ടതുണ്ട്. ഇതിന്‍റെ തത്വം ശരിയാണ്. ഇതിന്‍റെ ആവശ്യം അത്യന്താപേക്ഷിതവുമാണ്. പൂർണതയ്ക്ക് വേണ്ടിയുള്ള മാറ്റങ്ങൾക്കു വഴിമുടക്കാൻ നാം അനുവദിക്കരുത്.

നീതി പുലർത്തുന്ന രാഷ്‌ട്രം

2023 സെപ്റ്റംബറിൽ ചരിത്രം പിറന്നു. എന്നാൽ ചരിത്രം അർഥവത്താകുന്നത് അതിനുശേഷം എന്ത് സംഭവിക്കുന്നു എന്നതിനെക്കൂടി ആശ്രയിച്ചാണ്. നീതിപൂർവമായ രാജ്യം എന്നാൽ പാസാക്കുന്ന നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്ന നിശബ്ദവും സുസ്ഥിരവുമായ ഇടമാണ്.

രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്ന ഓരോ പെൺകുട്ടിക്കും, ഇതുവരെ വേദികൾ ലഭിക്കാത്ത നേതാക്കൾക്കും, ഒരിക്കൽപോലും മൈക്കിനുമുന്നിൽ എത്താത്ത ശബ്ദങ്ങൾക്കും വേണ്ടി പ്രവർത്തിക്കേണ്ട സമയം ഇതാണ്. ഈ നിയമം നടപ്പാക്കുക. പങ്കാളിത്തത്തിന്‍റെ വ്യാപ്തി വർധിപ്പിക്കുക. രാജ്യം ഉറ്റുനോക്കുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com