സ്ത്രീകളെ വീടിനുള്ളിൽ തളയ്ക്കുന്ന കാലത്തേക്ക് കേരളം മടങ്ങില്ല

കാന്തപുരത്തിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ ഉയർന്നുവന്ന പ്രതികരണങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് മുസ്‌ലിം സ്ത്രീകളിൽ നിന്നു തന്നെയുള്ള വിമർശനങ്ങളാണ്
rajeev chandrasekhar special story about samastha circular on women

രാജീവ്‌ ചന്ദ്രശേഖർ

Updated on

രാജീവ്‌ ചന്ദ്രശേഖർ

ബിജെപി സംസ്ഥാന അധ്യക്ഷൻ

""സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി കഴിയണം'' എന്ന മത നേതാവിന്‍റെ വാക്കുകൾ ഏറെ നടുക്കത്തോടെയാണ് കേൾക്കേണ്ടി വന്നത്. ഏതു നൂറ്റാണ്ടിലാണ് നമ്മൾ ജീവിക്കുന്നതെന്നു പോലും ചിന്തിക്കാതെയാണ് കേരളത്തിലെ സ്ത്രീകളുടെ പൊതുജീവിതത്തെക്കുറിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഇത്തരമൊരു പരാമർശം നടത്തിയിരിക്കുന്നത്. ഒരു മതനേതാവിന്‍റെ വ്യക്തിപരമായ അഭിപ്രായം എന്ന നിലയിൽ മാത്രം ഈ പ്രസ്താവനയെ കാണാനാകില്ല. സ്ത്രീകൾ വീടിനുള്ളിൽ കഴിയണമെന്നും പൊതുവേദികളിലേക്ക് കടന്നുവരുന്നത് വലിയ നാശത്തിനു കാരണമാകുമെന്നും പറയുന്നത് ഇന്ത്യയും കേരളവും പതിറ്റാണ്ടുകളായി നടത്തിയ സാമൂഹിക മുന്നേറ്റങ്ങളെയും സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്യുന്ന നിലപാടാണ്.

സ്ത്രീകളെ പൊതുജീവിതത്തിൽ നിന്ന് മാറ്റിനിർത്താനുള്ള നിർദേശങ്ങൾ കേരളത്തിൽ ഉയരുന്നത് ഇതാദ്യമല്ല. എന്നാൽ, വിദ്യാഭ്യാസത്തിലും തൊഴിലും രാഷ്‌ട്രീയത്തിലും സാമൂഹിക പ്രവർത്തനങ്ങളിലും സ്ത്രീകൾ നിർണായക ശക്തിയായി മാറിയിരിക്കുന്ന കാലത്ത് ഇത്തരം പരാമർശങ്ങൾ വീണ്ടും വീണ്ടും ഉയരുന്നത് ഗൗരവത്തോടെ പരിശോധിക്കേണ്ടതുണ്ട്.

സ്ത്രീകളുടെ സുരക്ഷയുടെയും അന്തസിന്‍റെയും പേരിലാണ് അവരുടെ സഞ്ചാര സ്വാതന്ത്ര്യവും സാമൂഹിക ഇടപെടലുകളും പൊതുപങ്കാളിത്തവും പരിമിതപ്പെടുത്തുന്നതെങ്കിൽ യഥാർഥ ചോദ്യം ഇതാണ്: ഇത് സംരക്ഷണമാണോ, നിയന്ത്രണമാണോ?

സുരക്ഷിതമായ ഒരു സമൂഹം സൃഷ്ടിക്കാനുള്ള ഉത്തരവാദിത്വം സ്ത്രീകളുടെ സ്വാതന്ത്ര്യം കുറച്ചുകൊണ്ട് നിറവേറ്റാനാവില്ല. മറിച്ച് സ്ത്രീകൾക്ക് സുരക്ഷിതമായി പൊതുസ്ഥലങ്ങളിൽ സഞ്ചരിക്കാനും പഠിക്കാനും ജോലി ചെയ്യാനും അഭിപ്രായം പറയാനും രാഷ്‌ട്രീയത്തിൽ പങ്കെടുക്കാനും കഴിയുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് വേണ്ടത്.

കേരളത്തിലെ സ്ത്രീകളുടെ ജീവിതം ഇന്ന് വീടിന്‍റെ ചുവരുകൾക്കുള്ളിൽ മാത്രം ഒതുങ്ങുന്നതല്ല. ഒരുകാലത്ത് പെൺകുട്ടികളുടെ വിദ്യാഭ്യാസം പോലും വലിയ സാമൂഹിക വെല്ലുവിളിയായിരുന്ന കേരളത്തിൽ ഇന്ന് സ്ത്രീകൾ സ്‌കൂളുകളിലും കോളെജുകളിലും സർവകലാശാലകളിലും പഠിക്കുന്നു. അധ്യാപകരായും ഡോക്റ്റർമാരായും എൻജിനീയർമാരായും ശാസ്ത്രജ്ഞരായും മാധ്യമപ്രവർത്തകരായും സംരംഭകരായും ജനപ്രതിനിധികളായും അവർ പ്രവർത്തിക്കുന്നു. പ്രാദേശിക ഭരണകൂടങ്ങൾ മുതൽ നിയമസഭയും പാർലമെന്‍റും വരെ സ്ത്രീകളുടെ സാന്നിധ്യമുണ്ട്. ഒരു സ്ത്രീ രാജ്യത്തിന്‍റെ സർവ സൈന്യാധിപയായി പരമോന്നത ഭരണഘടനാ പദവിയിലെത്തിയിരിക്കുന്ന ഇന്ത്യയിലാണ് നാം ജീവിക്കുന്നത്. സ്ത്രീകളെ വീടിന്‍റെ പരിധിക്കുള്ളിൽ മാത്രം ഒതുക്കണമെന്ന് പറയുന്ന ആശയം ഈ പുതിയ ഇന്ത്യയുടെ യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നതല്ല.

കാന്തപുരത്തിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ ഉയർന്നുവന്ന പ്രതികരണങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് മുസ്‌ലിം സ്ത്രീകളിൽ നിന്നു തന്നെയുള്ള വിമർശനങ്ങളാണ്. മതത്തിന്‍റെ പേരിൽ സ്ത്രീകളുടെ ജീവിതപരിധി നിർണയിക്കാനുള്ള ശ്രമങ്ങളെ അവർ ചോദ്യം ചെയ്യുന്നു. അടുത്തിടെ കേരളം കണ്ട ഓണാഘോഷങ്ങളുടെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച സ്ത്രീകളുടെ പങ്കാളിത്തവും ഈ സമൂഹത്തിനുള്ളിലെ മാറ്റങ്ങളുടെ മറ്റൊരു സൂചനയാണ്.

ഒരു സ്ത്രീക്ക് പഠിക്കാനും ജോലി ചെയ്യാനും സ്വന്തം വരുമാനം നേടാനും പൊതുപരിപാടികളിൽ പങ്കെടുക്കാനും സാമൂഹിക-രാഷ്‌ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറയാനും അവകാശമുണ്ടാകണം എന്ന ആവശ്യം ഏതെങ്കിലും ഒരു മതത്തിനെതിരായ നിലപാടായി കാണാനാവില്ല. അത് വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ അടിസ്ഥാന ആവശ്യമാണ്. ഒരു സ്ത്രീക്ക് ഒരു പ്രത്യേക വസ്ത്രധാരണം സ്വീകരിക്കണമെങ്കിൽ അത് അവരുടെ അവകാശമാണ്. ഒരു മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ അവർ ആഗ്രഹിക്കുന്നുവെങ്കിൽ അതും അവരുടെ അവകാശമാണ്. അതുപോലെ വിദ്യാഭ്യാസം നേടാനും ജോലി ചെയ്യാനും പൊതുവേദിയിൽ സംസാരിക്കാനും യാത്ര ചെയ്യാനും രാഷ്‌ട്രീയത്തിൽ പങ്കെടുക്കാനും ആഘോഷിക്കാനും അവർ ആഗ്രഹിക്കുന്നുവെങ്കിൽ അതിനുള്ള സ്വാതന്ത്ര്യവും അവർക്കുണ്ടാകണം. ആ സ്വാതന്ത്ര്യം ആരും നൽകേണ്ടതല്ല. പ്രശ്നം ഒരു സ്ത്രീ എന്ത് തെരഞ്ഞെടുക്കുന്നു എന്നതല്ല; തെരഞ്ഞെടുക്കാനുള്ള അവകാശം അവരിൽ നിന്ന് എടുത്തുകളയുന്നതാണ്.

ഭരണഘടന ഓരോ പൗരനും തുല്യതയും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പുനൽകുന്നു. മതവിശ്വാസം പിന്തുടരാനുള്ള അവകാശവും ഭരണഘടന സംരക്ഷിക്കുന്നു. എന്നാൽ മതസ്വാതന്ത്ര്യം മറ്റൊരാളുടെ അടിസ്ഥാന അവകാശങ്ങൾ ഇല്ലാതാക്കാനുള്ള അധികാരമായി മാറാൻ പാടില്ല. ഒരു വ്യക്തി സ്വന്തം വിശ്വാസത്തിന്‍റെ ഭാഗമായി ചില നിയന്ത്രണങ്ങൾ സ്വമേധയാ സ്വീകരിക്കുന്നതും അതേ നിയന്ത്രണങ്ങൾ ഒരു സമൂഹത്തിലെ എല്ലാ സ്ത്രീകൾക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെടുന്നതും രണ്ടു തരത്തിലുള്ള കാര്യങ്ങളാണ്.

സ്ത്രീയുടെ സാമ്പത്തിക സ്വാതന്ത്ര്യവും ഇതോടൊപ്പം ചേർത്ത് കാണണം. ഒരു സ്ത്രീക്ക് ജോലി ചെയ്യാനോ വരുമാനം നേടാനോ അവസരമില്ലെങ്കിൽ അവളുടെ സാമ്പത്തിക ആശ്രിതത്വം വർധിക്കാം. വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം എന്നിവ സ്ത്രീകൾക്ക് നൽകുന്നത് വെറും വ്യക്തിപരമായ നേട്ടമല്ല; കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും സാമ്പത്തിക വളർച്ചയ്ക്കുള്ള നിക്ഷേപം കൂടിയാണ്.

അതുകൊണ്ടാണ് സ്ത്രീകളുടെ വിദ്യാഭ്യാസവും തൊഴിലും സാമ്പത്തിക സ്വാതന്ത്ര്യവും സാമൂഹിക പങ്കാളിത്തവും പരസ്പരം ബന്ധപ്പെട്ട വിഷയങ്ങളാകുന്നത്. സ്ത്രീയെ വീടിനുള്ളിൽ ഒതുക്കുന്നതിലൂടെ കുടുംബത്തെയും സമൂഹത്തെയും ശക്തിപ്പെടുത്താനാവില്ല. മറിച്ച് സ്ത്രീക്ക് സ്വന്തം കഴിവുകൾ വികസിപ്പിക്കാനും സ്വന്തം തീരുമാനങ്ങൾ എടുക്കാനും അവസരം നൽകുമ്പോഴാണ് കുടുംബവും സമൂഹവും ശക്തമാകുന്നത്.

രാഷ്‌ട്രീയ മൗനത്തിന്‍റെ

അർഥമെന്ത്?

കാന്തപുരത്തിന്‍റെ പ്രസ്താവനയേക്കാൾ ഗൗരവമുള്ള മറ്റൊരു ചോദ്യം അതിനോടുള്ള രാഷ്‌ട്രീയ നേതൃത്വത്തിന്‍റെ പ്രതികരണമാണ്. സ്ത്രീസമത്വത്തെക്കുറിച്ചും നവോത്ഥാനത്തെക്കുറിച്ചും പുരോഗമനത്തെക്കുറിച്ചും നിരന്തരം സംസാരിക്കുന്ന കോൺഗ്രസ് നേതൃത്വം സ്ത്രീകൾ പൊതുജീവിതത്തിൽ നിന്ന് മാറിനിൽക്കണമെന്ന് ആവശ്യപ്പെടുന്ന പ്രസ്താവനയ്ക്കെതിരേ വ്യക്തമായ നിലപാട് പറയാത്തത് എന്തുകൊണ്ടാണ്? മത മൗലികവാദ ശക്തികളുടെ സമ്മർദത്തിന് വഴങ്ങുന്ന രാഷ്‌ട്രീയമാണോ ഈ മൗനത്തിന് പിന്നിൽ?

മുഖ്യമന്ത്രി വി.ഡി. സതീശൻ ഇക്കാര്യത്തിൽ മൗനം വെടിഞ്ഞ് തന്‍റെ നിലപാട് വ്യക്തമാക്കണം. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഒരു സർക്കാരിനും രാഷ്‌ട്രീയ നേതൃത്വത്തിനും സ്ത്രീകളെ പൊതുജീവിതത്തിൽ നിന്ന് മാറ്റിനിർത്താനുള്ള ആഹ്വാനത്തോട് നിസംഗമായി നിൽക്കാനാവില്ല. സൗജന്യ ബസ് സർവീസ് നടത്തിയത് കൊണ്ട് മാത്രം സ്ത്രീ സമൂഹത്തെ ശക്തികരിക്കാൻ കഴിയില്ല. മതപണ്ഡിതരുടെ പ്രസ്താവനകളോട് പ്രതികരിക്കേണ്ടതില്ലെന്ന നിലപാട് പറഞ്ഞ് രാഷ്‌ട്രീയ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനും കഴിയില്ല. ഭരണഘടനാ മൂല്യങ്ങളേക്കാൾ വോട്ടു ബാങ്ക് താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്ന രാഷ്‌ട്രീയം കേരളത്തിലെ സ്ത്രീകളോടുള്ള വഞ്ചനയാണ്.

മത മൗലികവാദ സംഘടനകളുമായി രാഷ്‌ട്രീയ സന്ധി ചെയ്യുന്ന കോൺഗ്രസ്– യുഡിഎഫിന് സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കാൻ എന്ത് ധാർമ്മിക അവകാശമാണുള്ളത് എന്ന ചോദ്യം സ്വാഭാവികമായും ഉയരും.

ബിജെപി ചൂണ്ടിക്കാട്ടിയ

അപകട രാഷ്‌ട്രീയം

ഇത് കേരളത്തിലെ കോൺഗ്രസ്– യുഡിഎഫ് നേതൃത്വത്തിന്‍റെ മാത്രം പ്രശ്നമല്ല. മത മൗലികവാദ ശക്തികളെ ഭയപ്പെടുന്ന രാഷ്‌ട്രീയമാണ് കോൺഗ്രസിന്‍റെ ദേശീയ നേതൃത്വത്തിന്‍റെയും നിലപാടുകളെ പലപ്പോഴും നിയന്ത്രിക്കുന്നത്. രാജ്യത്തെ സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവരുടെ രാഷ്‌ട്രീയ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനുമായി നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന വനിതാ സംവരണ ബില്ലിനോട് കോൺഗ്രസിന്‍റെ സമീപനവും ഈ ഇരട്ടത്താപ്പിന്‍റെ ഉദാഹരണമായി ചർച്ച ചെയ്യപ്പെടേണ്ടതാണ്.

സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള കോൺഗ്രസിന്‍റെ നിലപാട് ആത്മാർത്ഥമാണെങ്കിൽ കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ കേരളത്തിലെ നേതൃത്വം മാത്രമല്ല, ദേശീയ കോൺഗ്രസ് നേതൃത്വവും വ്യക്തമായ നിലപാട് പ്രഖ്യാപിക്കണം.

അതുപോലെ സിപിഎമ്മിനും ഈ വിഷയത്തിൽ ഒഴിഞ്ഞുമാറാനാവില്ല. സ്ത്രീകളുടെ അവകാശങ്ങളും നവോത്ഥാനവും പുരോഗമനവും പ്രസംഗങ്ങളിൽ മാത്രം ഉയർത്തിപ്പിടിച്ചാൽ പോരാ. മതമൗലികവാദത്തിന്‍റെ സമ്മർദത്തിന് മുന്നിൽ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്ന നിലപാട് പ്രായോഗികമായി പ്രകടിപ്പിക്കണം. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതല്ല സ്ത്രീശക്തികരണം, അതല്ല നവോത്ഥാനമെന്ന് തുറന്നു സമ്മതിക്കാൻ സിപിഎം തയാറാവണം. അതിനുള്ള ധൈര്യം സിപിഎമ്മിന് അവശേഷിക്കുന്നുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്

സ്ത്രീ സ്വാതന്ത്ര്യത്തിന്

അനുമതി ആവശ്യമില്ല

കേരളത്തിലെ ഓരോ പെൺകുട്ടിക്കും പഠിക്കാനും ആഘോഷിക്കാനും സ്വപ്നം കാണാനും സ്വന്തം ജീവിതം പൂർണ സ്വാതന്ത്ര്യത്തോടെയും അന്തസോടെയും നയിക്കാനും ഭരണഘടനാപരമായ അവകാശമുണ്ട്. അവൾക്ക് പഠിക്കണമെങ്കിൽ പഠിക്കാം. ജോലി ചെയ്യണമെങ്കിൽ ജോലി ചെയ്യാം. സ്വന്തം വരുമാനം നേടണമെങ്കിൽ നേടാം. പൊതുപ്രവർത്തനത്തിൽ പങ്കെടുക്കണമെങ്കിൽ പങ്കെടുക്കാം. രാഷ്‌ട്രീയത്തിൽ ഇടപെടണമെങ്കിൽ ഇടപെടാം. സ്വന്തം അഭിപ്രായം പറയണമെങ്കിൽ പറയാം. ഈ അവകാശങ്ങൾ ഒരു മതനേതാവിന്‍റെയോ രാഷ്‌ട്രീയ നേതാവിന്‍റെയോ അനുമതിക്ക് വിധേയമാകേണ്ടതല്ല.

മതവിശ്വാസത്തെ ബഹുമാനിക്കുന്നതിനൊപ്പം വ്യക്തിയുടെ സ്വാതന്ത്ര്യത്തെയും ബഹുമാനിക്കണം. മതവും ഭരണഘടനയും തമ്മിലുള്ള സംഘർഷമായി വിഷയത്തെ അവതരിപ്പിക്കുന്നതിനുപകരം, ഓരോ വ്യക്തിക്കും സ്വന്തം വിശ്വാസം പിന്തുടരാനും സ്വന്തം ജീവിതം തെരഞ്ഞെടുക്കാനും കഴിയുന്ന ജനാധിപത്യ അന്തരീക്ഷമാണ് സംരക്ഷിക്കേണ്ടത്.

സ്ത്രീകളെ വീടിനുള്ളിൽ തളച്ചിടുന്നത് സംരക്ഷണമല്ല. സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതാണ് യഥാർഥ സംരക്ഷണം. വിദ്യാഭ്യാസം നിഷേധിച്ചല്ല, വിദ്യാഭ്യാസം ഉറപ്പാക്കിയാണ്. ജോലി തടഞ്ഞല്ല, തൊഴിൽ അവസരങ്ങൾ വർധിപ്പിച്ചാണ്. പൊതുവേദികളിൽ നിന്ന് മാറ്റിനിർത്തിയല്ല, സുരക്ഷിതമായ പൊതുസ്ഥലങ്ങൾ സൃഷ്ടിച്ചാണ് സ്ത്രീകളെ മുന്നിലെത്തിക്കേണ്ടത്.

കേരളത്തിന്‍റെ സാമൂഹിക ചരിത്രം നമ്മെ പഠിപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട പാഠങ്ങളിലൊന്ന് ഇതാണ്: സമൂഹം മുന്നോട്ടു പോകുമ്പോൾ സ്ത്രീകളെ പിന്നിലേക്ക് മാറ്റിനിർത്താനാവില്ല. കേരളം സ്ത്രീകളെ വീടിന്‍റെ ചുവരുകൾക്കുള്ളിൽ മാത്രം കാണുന്ന കാലം പതിറ്റാണ്ടുകൾക്ക് മുമ്പേ പിന്നിട്ടതാണ്. ആ കാലത്തേക്ക് കേരളത്തെ തിരിച്ചുകൊണ്ടുപോകാനുള്ള ഒരു ശ്രമവും അംഗീകരിക്കാനാവില്ല.

സ്ത്രീകളുടെ ശബ്ദം അടച്ചുപൂട്ടുന്നതല്ല സംരക്ഷണം; അവരുടെ ശബ്ദത്തിന് കൂടുതൽ ശക്തി നൽകുന്നതാണ്. സ്ത്രീകളെ വീടിനുള്ളിൽ ഒതുക്കുന്നതല്ല അന്തസ്; അവർക്ക് സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നതാണ് അന്തസ്. കേരളത്തിലെ സ്ത്രീകൾ കുടുംബത്തിന്‍റെ മാത്രമല്ല, സമൂഹത്തിന്‍റെയും സമ്പദ്‌വ്യവസ്ഥയുടെയും ഭരണത്തിന്‍റെയും രാഷ്‌ട്രീയത്തിന്‍റെയും നിർണായക പങ്കാളികളാണ്.

അതിനാൽ സ്ത്രീകളെ വീണ്ടും വീടിന്‍റെ ചുവരുകൾക്കുള്ളിലേക്ക് തളയ്ക്കുന്ന ആശയങ്ങൾക്കെതിരെ സമൂഹം ജാഗ്രത പാലിക്കണം. മതത്തിന്‍റെ പേരിലായാലും രാഷ്‌ട്രീയത്തിന്‍റെ പേരിലായാലും സ്ത്രീയുടെ സ്വാതന്ത്ര്യം നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ ചോദ്യം ചെയ്യണം.

സ്ത്രീ സ്വാതന്ത്ര്യത്തിന് മതമൗലികവാദികളുടെ അനുമതി വേണ്ട. കേരളത്തിന്‍റെ പുരോഗതി സ്ത്രീകളെ പിന്നിലാക്കിക്കൊണ്ടല്ല, സ്ത്രീകളെ തുല്യ പങ്കാളികളാക്കി മുന്നോട്ട് കൊണ്ടുപോകുമ്പോഴാണ് യഥാർഥ വികസിത കേരളം സാധ്യമാകുക. ഒരു സ്ത്രീ സർവ സൈന്യാധിപയായിരിക്കുന്ന നാട്ടിലാണ് നാം ഇത് പറയുന്നത്. അതുകൊണ്ടുതന്നെ കേരളം സ്ത്രീകളെ വീണ്ടും വീടിന്‍റെ ചുവരുകൾക്കുള്ളിൽ തളയ്ക്കുന്ന കാലത്തേക്ക് ഒരിക്കലും മടങ്ങില്ല. സ്ത്രീ മുന്നേറുമ്പോഴാണ് കേരളം മുന്നേറുന്നത്. സ്ത്രീ സ്വതന്ത്രയാകുമ്പോഴാണ് സമൂഹം യഥാർഥത്തിൽ സ്വതന്ത്രമാകുന്നത്.

(എംഎൽഎയും മുൻ കേന്ദ്രമന്ത്രിയുമാണ് ലേഖകൻ)

logo
Metro Vaartha
www.metrovaartha.com