
രാമായണം!|രാമായണ ചിന്തകൾ
വെണ്ണല മോഹൻ
രാമായണം കർക്കടക മാസത്തിൽ മാത്രം വായിക്കേണ്ട ഒരു ഗ്രന്ഥമല്ല. ഒരു കാലത്ത് വീടുകളിലടക്കം നിത്യവും പാരായണം ചെയ്യുകയും സാധനയ്ക്കു വഴിവയ്ക്കുകയും ചെയ്തിരുന്നു, രാമായണം. കേവലം 31 ദിവസം കൊണ്ട് ഈ ഇതിഹാസം വിശകലനം ചെയ്തു തീർക്കാവുന്നതല്ല. ഓരോ വരികളും സംഭവങ്ങളും മുഹൂർത്തങ്ങളും വിശകലനം ചെയ്യുകയാണെങ്കിൽ 365 ദിവസം പോലും മതിയാകുമോ എന്നു തന്നെ സംശയം!
അവ സാമൂഹ്യ ജീവിതക്രമവുമായും ഇക്കാലത്തെ സംഭവങ്ങളുമായും ചേർത്തുവച്ചു കൂടി ചിന്തിക്കുക ചെയ്യുമ്പോൾ ഏറെ കാലങ്ങൾ കൊണ്ടേ രാമായണം പൂർത്തിയാക്കാനാകൂ. ഇവിടെ രാമായണം എന്ന മഹാസാഗരത്തിൽ നിന്നും വലംപിരി ശംഖിൽ കോരിയെടുത്ത തീർഥജലം വർഷിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. അനുപമ സൗന്ദര്യമുള്ള ചന്ദ്രന്‍റെ പ്രതിബിംബം കൈക്കുടന്നയിലെടുത്ത ജലത്തിൽ കണ്ട് ഇതും എന്‍റെ ചന്ദ്രൻ എന്നു പറയുവാനേ കഴിയൂ!
ഭാവനയും ചരിത്രവും ദർശനവും സൗന്ദര്യവും എല്ലാം രാമായണത്തിൽ മേളിക്കുന്നുണ്ട്. ജീവിതത്തെ വ്യാഖ്യാനിക്കാനുള്ള തത്വചിന്താപരമായതെന്ത് എന്നു ചോദിച്ചാൽ ഏറ്റവും ആദ്യം പറയാവുന്ന ഒന്നാണ് രാമായണം എന്ന്. ഇതു ഭൂതകാലത്തിന്‍റെ ചരിത്രം മാത്രമല്ല, വർത്തമാനത്തെയും ഭാവിയേയും തമ്മിൽ ബന്ധിപ്പിക്കുന്നതും വ്യക്തമായിത്തന്നെ നമുക്കു മനസിലാക്കാനാകും.
വിവിധ പിരിവുകളും ഉൾപ്പിരിവുകളും നിറഞ്ഞ അദ്ഭുതാവഹമായ ഒന്നാണല്ലോ ജീവിതം. ആ ജീവിതത്തെ ഭിന്നഭിന്നമായ സന്ദർഭങ്ങളെ കൊണ്ടും സംഘർഷങ്ങൾ കൊണ്ടും ആവിഷ്കരിക്കുമ്പോൾ നാടകീയതയും ഉടലെടുക്കുന്നു എന്നത് ഇതിലെ സാഹിതീ ഗുണം തന്നെ. രാമായണം പലവുരു വായിക്കുമ്പോൾ പല നവനവ ആശയങ്ങളാണ് ലഭിക്കുക. ഒഴുകുന്നതിനിടെ ഓരോ നിമിഷവും പുതുതായിത്തീരുന്ന നദി പോലെയാണ് രാമായണവും എന്നു പറയാം!
ഇന്ത്യൻ മനസിലും സംസ്കാരത്തിലും സഹസ്രാബ്ദങ്ങളായി നിത്യ നവത്വത്തോടെ നിൽക്കുന്ന വേറൊരു കൃതി ഉണ്ടോ എന്നത് സംശയമാണ്.
വാല്മീകീ രാമായണമെന്ന മഹാസാഗരത്തിൽ നിന്നും കൈവഴിയായി നൂറുകണക്കിനു രാമായണങ്ങൾ ഭാരതത്തിലും ഭാരത സംസ്കാരം എത്തിച്ചേർന്ന മറുനാടൻ ഭാഷകളിലും പിറവിയെടുത്തിട്ടുണ്ട്. മാത്രമല്ല, വാല്മീകീ രാമായണത്തിൽ നിന്നും ഇതിവൃത്തം സ്വീകരിച്ച് വേറേയും കൃതികൾ ഉണ്ടായി. അങ്ങനെ ഇതിവൃത്തം സ്വീകരിച്ച സംസ്കൃത കൃതികളുടെ പട്ടികയിൽ കാളിദാസന്‍റെ "രഘുവംശം', പ്രവര സേനന്‍റെ "സേതുബന്ധനം', "ഭട്ടികാവ്യം' എന്നറിയപ്പെടുന്ന "രാവണവധം', കുമാരദാസന്‍റെ "ജാനകീ ഹരണം', ക്ഷേമേന്ദ്രന്‍റെ "രാമായണ മഞ്ജരി', കവിമല്ലന്‍റെ "ഉദാര രാഘവം', രാമപാണിവാദന്‍റെ "രാഘവീയം', വാമനബാണഭട്ടന്‍റെ "രഘുരാമ ചരിതം', അദ്വൈത കവിയുടെ "രാമലിംഗാമൃതം', മോഹന സ്വാമിയുടെ "രാമ രഹസ്യം' തുടങ്ങിയ ഒട്ടേറെയുണ്ട്.
രാമായണം എന്നതിനെ നമുക്കു മൂന്നു തരത്തിൽ കാണാനാകും. മനുഷ്യചരിതമായി, രാഷ്‌ട്രചരിതമായി, ഈശ്വര ചരിതമായി. രാമ - സീതാ കഥയിൽ കർമ ധർമ പ്രശ്നങ്ങൾ, രാഷ്‌ട്രീയ നീതി, മോക്ഷ മാർഗം, കാവ്യ സൗന്ദര്യം എന്നിവയെല്ലാം നമുക്കു സൂക്ഷ്മമായി ദർശിക്കാം. രാമായണ കഥയെ അടിസ്ഥാനമായി കാവ്യങ്ങളും നാടകങ്ങളും നോവലുകളും എത്രയുണ്ടായി! അസംഖ്യം ചിത്രങ്ങളും ശില്പങ്ങളും ഉണ്ടായി! എത്രയെത്ര വാസ്തു ശില്പത്തിനും രംഗ കലകൾക്കും പ്രചോദനമായി! സിനിമകളും സീരിയലുകളും ഉണ്ടായി! രാമരാജ്യത്തെക്കുറിച്ചുള്ള സങ്കല്പം മഹാത്മാ ഗാന്ധിയുടെ ആദർശ രാഷ്‌ട്രസങ്കൽപ്പത്തിന്‍റെ അടിത്തറയായി മാറി! സാഹിത്യകൃതി എന്നതിനപ്പുറം ഭാരതീയരുടെ പവിത്ര ഗ്രന്ഥമാണ് രാമായണം. കാലങ്ങൾ ഇത്ര കഴിഞ്ഞിട്ടും രാമായണത്തിന്‍റെ ശോഭ കെട്ടില്ലെന്നു മാത്രമല്ല അതിൻറെ പ്രസക്തി വർധിച്ചുവരുന്നു. സമകാലിക ജീവിതവുമായി ഏറെ ബന്ധപ്പെടുന്നു. രാമായണ ശീലുകൾ പ്രഭാതങ്ങളെ, സന്ധ്യകളെ, രാവുകളെ ഭക്തിസാന്ദ്രമാക്കുന്നു. രാമായണം തികച്ചും സാർവലൗകികമാണ്. ഏതു ജനതയ്ക്കും ജീവിതത്തെ, ലോകത്തെ വ്യാഖ്യാനിക്കാനുള്ള മാനദണ്ഡമായി ഇന്നും രാമായണത്തെ പ്രയോജനപ്പെടുത്താനാകും. രാമായണത്തിലൂടെ മനുഷ്യജീവിതത്തിന്‍റെ സ്ഥൂല സൂക്ഷങ്ങളായ നാനാവശങ്ങളും ചിത്രീകരിച്ചുകൊണ്ട് ധർമം എന്താണെന്ന് എന്താണെന്നും സമാധാന കാംക്ഷിയായ മനുഷ്യൻ എന്താണ് അനുവർത്തിക്കേണ്ടതെന്നും വ്യക്തമാക്കിത്തരുന്നു.
കൂടാതെ, ആത്മജ്ഞാനത്തിനുള്ള മാർഗം മോക്ഷം എന്നത് ഭാവിയിലുള്ളതല്ല ഇക്കാലത്ത് വർത്തമാന കാലത്തുതന്നെ ലഭിക്കേണ്ട മനുഷ്യ ലക്ഷ്യമായി തീരണം എന്ന തിരിച്ചറിവും ഉണ്ടാക്കിത്തരുന്നു. സങ്കടങ്ങളുടെ സാഗരം കടക്കാൻ അത് തോണിയായി മാറുന്നു. സമചിത്തതയോടെ സമഭാവനയുടെ സമത്വപൂർണമായി പ്രകൃതിയെ പോലും കാണാൻ രാമായണം നമ്മെ സഹായിക്കുന്നു. ഓരോ സംഘർഷങ്ങളും ഉണ്ടാകുന്നതെങ്ങനെ, അവ പരിഹരിക്കേണ്ടതെങ്ങനെ എന്നൊക്കെയുള്ള ഉള്ളടക്കം ഓരോ സംഭവങ്ങളിലൂടെയും അറിയാനാകും. ധർമാനുസരണയോടെ രാമായണത്തിന്‍റെ പിൻബലത്തിൽ ജീവിച്ചാൽ രാമ അനുഗ്രഹം ലഭിക്കുക മാത്രമല്ല, നാം തന്നെ രാമനായിത്തീരും. തീർച്ച!
ശ്രീരാമജയം!!!