Recession and men's under wear index

പുരുഷന്മാർക്ക് അടിവസ്ത്രം വാങ്ങാൻ മടിയുണ്ടോ? സാമ്പത്തിക മാന്ദ്യത്തിന്‍റെ ലക്ഷണമാകാം!

പുരുഷന്മാർക്ക് അടിവസ്ത്രം വാങ്ങാൻ മടിയുണ്ടോ? സാമ്പത്തിക മാന്ദ്യത്തിന്‍റെ ലക്ഷണമാകാം!

ദശാബ്ദങ്ങളോളമായി സാമ്പത്തിക ശാസ്ത്രജ്ഞർ സാമ്പത്തികമാന്ദ്യം തിരിച്ചറിയുന്നത് ഇത്തരം ചെറിയ ലക്ഷണങ്ങളിലൂടെയാണ്.

സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടോയെന്നറിയാൻ സാമ്പത്തികശാസ്ത്രം അരച്ചു കലക്കി കുടിക്കേണ്ട കാര്യമൊന്നുമില്ല. നിത്യജീവിതത്തിലെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ വരാനിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തെ തിരിച്ചറിയാം.

ലിപ്സ്റ്റിക് മുതൽ പുരുഷന്മാരുടെ അടിവസ്ത്രം വരെയുള്ളവയുടെ വിൽപ്പനയിലുണ്ടാകുന്ന കൂടുതലും കുറവുമെല്ലാം സാമ്പത്തിക മാന്ദ്യത്തിന്‍റെ വലിയ സൂചനയാണെന്ന് പറയുന്നു സാമ്പത്തിക ഗവേഷകർ.

ദശാബ്ദങ്ങളോളമായി സാമ്പത്തിക ശാസ്ത്രജ്ഞർ സാമ്പത്തികമാന്ദ്യം തിരിച്ചറിയുന്നത് ഇത്തരം ചെറിയ ലക്ഷണങ്ങളിലൂടെയാണ്.

പാവാട‍യുടെ ഇറക്കം

പാവാടയുടെ ഇറക്കം കുറയുന്നത് സാമ്പത്തികവളർച്ചയുടെ ലക്ഷണമാണെന്നാണ് ഗവേഷണങ്ങൾ പറയുന്നത്. സാമ്പത്തിക മാന്ദ്യത്തിനു മുന്നോടിയായി പാവാടയുടെ ഇറക്കം കൂടുന്നത് ട്രെൻഡായി മാറും. ഉദാഹരണത്തിന്, സാമ്പത്തികമേഖല ശക്തമായിരുന്ന അറുപതുകളിൽ മിനി സ്കേർട്ടുകളാണ് ഫാഷൻ ലോകം ഭരിച്ചിരുന്നത്. എന്നാൽ, ഗ്രേറ്റ് ഡിപ്രഷന്‍റെ കാലത്തെ ഫാഷൻ പരിശോധിച്ചാൽ നിലത്തിഴയുന്ന പാവാടകളായിരുന്നു ട്രെൻഡ് എന്ന് വ്യക്തമാണ്. ഇത് ശാസ്ത്രമൊന്നുമല്ല. പക്ഷേ, ഇത്തരം നിരീക്ഷണങ്ങൾ പലപ്പോഴും സത്യമായി മാറാറുണ്ടെന്ന് ഗവേഷകർ പറയുന്നു.

ലിപ്സ്റ്റിക്

സാമ്പത്തികമാന്ദ്യമൊന്നും ലിപ്സ്റ്റിക്കിന്‍റെ വിൽപ്പനയ്ക്ക് വലിയ പ്രശ്നമായി വരാറില്ല. ഒരൽപ്പം ലിപ്സ്റ്റിക് ഉറപ്പാക്കാൻ എല്ലാ സ്ത്രീകളും എല്ലാ കാലത്തും ശ്രമിക്കും. പക്ഷേ, താങ്ങാനാകുന്ന വിലയിൽ ചെറിയ അളവിൽ മേക്കപ്പ് വസ്തുക്കൾ സ്വന്തമാക്കാനാകും ശ്രദ്ധിക്കുക. 2008ൽ ആഗോള സാമ്പത്തിക മേഖല തകർന്നു താറുമാറായപ്പോൾ മേക്കപ്പ് വസ്തുക്കളുടെ വിൽപ്പനയിൽ 4.4 ശതമാനം ഉയർച്ചയാണുണ്ടായതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

പുരുഷന്മാരുടെ അടിവസ്ത്രം

സാമ്പത്തിക മേഖല പ്രതിസന്ധിയിലാകുമ്പോൾ പുരുഷന്മാർ പുതിയ അടിവസ്ത്രങ്ങൾ വാങ്ങാൻ മടിക്കുമെന്നാണ് കണ്ടെത്തൽ. യുഎസ് ഫെഡറൽ മുൻ ചെയർമാൻ അലർ ഗ്രീൻസ്പാൻ ആണ് ഈ സമവാക്യം മുന്നോട്ടു വച്ചത്.

മാന്ദ്യകാലത്ത്, കൈയിലുള്ള അടിവസ്ത്രങ്ങൾ പരമാവധി ഉപയോഗിക്കാനാകും പുരുഷൻമാർ ശ്രമിക്കുക. 2008ലെ സാമ്പത്തികമാന്ദ്യ കാലത്ത് പുരുഷന്മാരുടെ അടിവസ്ത്രങ്ങളുടെ വിൽപ്പനയിൽ 2 ശതമാനത്തിലേറെ ഇടിവാണ് രേഖപ്പെടുത്തിയത്.

മാലിന്യം

മാലിന്യം ഇക്കാര്യത്തിൽ കളവ് പറയില്ല. വ്യാപാരികൾ വളരെ കുറച്ചു വസ്തുക്കൾ മാത്രം വാങ്ങുമ്പോൾ അവർ ഉപേക്ഷിക്കുന്ന വസ്തുക്കളുടെ അളവും കുറവായിരിക്കും. 2008ലെ സാമ്പത്തിക മാന്ദ്യ കാലത്ത് മാലിന്യ നിർമാർജന സ്ഥാപനങ്ങളിലെത്തിയ മാലിന്യത്തിന്‍റെ അളവിൽ 5 ശതമാനം കുറവാണുണ്ടായിരുന്നത്. അതുകൊണ്ട് ചവറ്റുകുട്ട കാലിയാണെങ്കിൽ സാമ്പത്തിക മേഖല പ്രതിസന്ധിയിലേക്കാണെന്ന് മനസിലാക്കിക്കോളൂ.

സാൻഡ്‌വിച്ച്

പോക്കറ്റ് കാലിയാകുമ്പോൾ വിലക്കുറവിൽ ലഭ്യമാകുന്ന ഭക്ഷണം കഴിക്കാനായിരിക്കും കൂടുതൽ പേർക്കും താത്പര്യം. അതു കൊണ്ടു തന്നെ സാൻഡ്‌വിച്ചിന്‍റെ വിൽപ്പന വർധിക്കും. വില കൂടിയ വിഭവങ്ങൾ ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണിത്. 2010ലെ സാമ്പത്തിക പ്രതിസന്ധികാലത്ത് സാൻഡ്‌വിച്ച് വിൽപ്പനയിൽ വൻ കുതിപ്പായിരുന്നു രേഖപ്പെടുത്തിയിരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com