

ഇന്ത്യയുടെ കാർഷിക ചരിത്രം തിരുത്തിക്കുറിക്കുന്നു
ശിവരാജ് സിങ് ചൗഹാൻ
2014ൽ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റതോടെയാണ് ഇന്ത്യയുടെ വികസന അജൻഡയുടെ കേന്ദ്രബിന്ദുവായി കൃഷിയും കർഷക ക്ഷേമവും മാറിയത്. 2015ന് ശേഷം ഈ പ്രതിബദ്ധത കൂടുതൽ വിപുലമായ കാർഷിക പരിവർത്തനത്തിന് വഴിതെളിച്ചു. ഉത്പാദനക്ഷമത വർധിപ്പിക്കാനും കർഷകരുടെ വരുമാനം മെച്ചപ്പെടുത്തുന്നതിനുമപ്പുറം, പ്രതിരോധശേഷിയുള്ളതും സാങ്കേതികവിദ്യാ അധിഷ്ഠിതവും സുസ്ഥിരവുമായ ഒരു കാർഷിക മേഖല കെട്ടിപ്പടുക്കുക എന്ന വിശാല ലക്ഷ്യത്തിലേക്ക് ഈ മാറ്റം വളർന്നു.
""വികസിത ഭാരതം യാഥാർഥ്യമാകണമെങ്കിൽ കാർഷിക മേഖല വികസിക്കേണ്ടതുണ്ട് '' എന്ന സന്ദേശം പ്രധാനമന്ത്രി ആവർത്തിച്ച് മുന്നോട്ടുവച്ചു. നമ്മുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, ആഗോള ഭക്ഷ്യവിതരണ രംഗത്ത് നിർണായക പങ്കുവഹിക്കുന്ന ശക്തിയായി ഇന്ത്യ ഉയർന്നുവരണമെന്ന ദീർഘവീക്ഷണവും അദ്ദേഹം പങ്കുവച്ചു. ലാൽ ബഹാദൂർ ശാസ്ത്രിയുടെ ""ജയ് ജവാൻ, ജയ് കിസാൻ'' എന്ന ആഹ്വാനത്തിന്റെയും അടൽ ബിഹാരി വാജ്പേയിയുടെ ""ജയ് വിജ്ഞാൻ'' എന്ന ആശയത്തിന്റെയും തുടർച്ചയെന്നോണം, ജയ് അനുസന്ധാൻ'' (ഗവേഷണത്തിന് ജയ്) എന്ന പുതിയ മന്ത്രം കൂടി പ്രധാനമന്ത്രി അവതരിപ്പിച്ചു. ഇതിലൂടെ, ഗവേഷണത്തിനും ശാസ്ത്രീയ മുന്നേറ്റങ്ങൾക്കും നൂതനാശയങ്ങൾക്കും അദ്ദേഹം നിർണായക പ്രാധാന്യം നൽകി. ഈ പ്രായോഗിക ദർശനത്തിന്റെ പ്രസക്തിയും ദീർഘവീക്ഷണവും ശരിവയ്ക്കുന്നതാണ് കഴിഞ്ഞ ദശകത്തിൽ കാർഷിക മേഖല കൈവരിച്ച നേട്ടങ്ങളും ദൃശ്യമായ മാറ്റങ്ങളും.
പരിവർത്തന ദശാബ്ദം
ഹരിത വിപ്ലവം ഇന്ത്യയുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കി. പോഷകാഹാര സുരക്ഷ, കർഷകരുടെ സമൃദ്ധി, വിഭവ സുരക്ഷ, ആഗോള മത്സരക്ഷമത എന്നിവയിലൂടെ അടിത്തറ ശക്തിപ്പെടുത്തുക എന്നതാണ് ഇന്നത്തെ ഉത്തരവാദിത്തം. ഒരു കാലത്ത് ഭക്ഷ്യ ഇറക്കുമതിയെ ആശ്രയിച്ചിരുന്ന ഇന്ത്യ, ഏതാനും പതിറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ പ്രധാനപ്പെട്ട എല്ലാ ധാന്യങ്ങളുടെയും കാര്യത്തിൽ സ്വയംപര്യാപ്തതമായി.
ശാസ്ത്രം, മെച്ചപ്പെട്ട വിത്തുകൾ, ജലസേചനം, അടിസ്ഥാന സൗകര്യങ്ങൾ, വായ്പാ സൗകര്യങ്ങൾ, കാർഷിക വിജ്ഞാന വ്യാപനം, നയപരമായ പിന്തുണ എന്നിവയായിരുന്നു ഹരിത വിപ്ലവത്തിന് കരുത്തേകിയത്. ശാസ്ത്രീയ അവബോധവും രാഷ്ട്രീയ ഇച്ഛാശക്തിയും ഒരു ദേശീയ ലക്ഷ്യത്തിനായി സമന്വയിക്കുമ്പോൾ എന്തൊക്കെ സാധ്യമാണെന്ന് അത് തെളിയിച്ചു. എന്നാൽ, കൃഷിക്ക് പഴയകാല മുൻഗണനകളിൽ ഒതുങ്ങിനിൽക്കാനാകില്ല. കർഷകരുടെ അഭിലാഷങ്ങളിൽ മാറ്റം സംഭവിച്ചു, പൗരന്മാരുടെ ഉപഭോഗ രീതികൾ മാറി, വിപണികൾ മാറി; കാലാവസ്ഥയിൽ തന്നെ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു.
സമഗ്ര കാർഷിക വളർച്ച
ഈ പശ്ചാത്തലത്തിൽ, 2015ൽ തുടക്കം കുറിച്ച പരിവർത്തനം ഏറെ നിർണായകമാണ്. ഇന്ത്യൻ കാർഷിക മേഖലയുടെ പരിണാമത്തിലെ വ്യത്യസ്ത ഘട്ടങ്ങളെ അടയാളപ്പെടുത്തുന്നതിനാൽ 1995–96, 2014–15 എന്നീ കാലഘട്ടങ്ങളെ ഘടനാപരമായ വഴിത്തിരിവുകളായി (Structural Breakpoints) കണക്കാക്കാം. സാമ്പത്തിക ഉദാരവത്കരണം, വിപണികളുടെ ഏകോപനം, ഉപഭോഗ രീതികളിലെ പരിവർത്തനം, ധാന്യ ഉത്പാദനക്ഷമതയിലെ വളർച്ചാ നിരക്കിലുണ്ടായ കുറവ് എന്നിവയുടെ സ്വാധീനമാണ് ആദ്യഘട്ടത്തിൽ (1995–96) കാണാൻ കഴിയുന്നത്. എന്നാൽ രണ്ടാം ഘട്ടത്തിൽ (2014–15) ജലസേചന സൗകര്യങ്ങളുടെ വിപുലീകരണം, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, വിപണി പരിഷ്കാരങ്ങൾ, സുസ്ഥിരതയിലും കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിലുമുള്ള വർധിത ശ്രദ്ധ എന്നിവയിലൂടെ കൂടുതൽ വൈവിധ്യവത്കരിക്കപ്പെട്ടതും സാങ്കേതികവിദ്യയെ ആശ്രയിക്കുന്നതും പ്രതിസന്ധികളെ അതിജീവിക്കാൻ ശേഷിയുള്ളതുമായ ഒരു കാർഷിക വ്യവസ്ഥ ഉയർന്നുവന്നു.
1967–1995 കാലയളവിൽ ശരാശരി 2.7 ശതമാനവും, 1996–2014 കാലയളവിൽ ഏകദേശം 3 ശതമാനവുമായിരുന്ന കാർഷിക വളർച്ചാ നിരക്ക്, 2015–2025 കാലയളവിൽ 4.5 ശതമാനമായി ഉയർന്നു (ധാന്യങ്ങൾ പ്രതിവർഷം 8.4 ദശലക്ഷം ടൺ, പഴങ്ങളും പച്ചക്കറികളും പ്രതിവർഷം 7.6 ദശലക്ഷം ടൺ, പാൽ എന്നിവയുടെ വർധനവ് ഇതിൽ ഉൾപ്പെടുന്നു). കഴിഞ്ഞ 2 വർഷങ്ങളിൽ ധാന്യ ഉത്പാദനത്തിൽ അസാധാരണ വർധനവാണ് ഉണ്ടായത്; പ്രതിവർഷം 22.1 ദശലക്ഷം ടൺ എന്ന ഈ വർധനവ് മുൻ വർഷങ്ങളിലേതിനേക്കാൾ വളരെ കൂടുതലാണ്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ശക്തമായ ഏകോപനം, വിവിധ പദ്ധതികളുടെ ഫലപ്രദമായ സമന്വയം, കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാൻ ശേഷിയുള്ള സാങ്കേതികവിദ്യകളുടെ ഉപയോഗം, കൃത്യതയാർന്ന നിക്ഷേപങ്ങൾ, കർഷകർക്ക് നൽകുന്ന മെച്ചപ്പെട്ട പിന്തുണ എന്നിവയുടെയെല്ലാം ആകെത്തുകയാണ് ഈ നേട്ടം. ഈ വളർച്ച കൂടുതൽ വിപുലമായി; ധാന്യവിളകൾക്ക് പുറമെ ഹോർട്ടികൾച്ചർ (പഴം- പച്ചക്കറി കൃഷി), ക്ഷീരമേഖല, മത്സ്യബന്ധനം, കോഴി വളർത്തൽ, ഉയർന്ന മൂല്യമുള്ള മറ്റു കാർഷിക പ്രവർത്തനങ്ങൾ എന്നിവയും ഇതിന് കരുത്തേകുന്നു. ഇത്തരം കാർഷിക മേഖലയായിരിക്കും വികസനത്തിന്റെ അടുത്ത ഘട്ടത്തിന് ഊർജം പകരുന്നത്.
"കൂടുതൽ ഉത്പാദിപ്പിക്കുക' എന്നത് മാത്രമായിരിക്കരുത് ഇനി നമ്മുടെ ലക്ഷ്യം. കുറഞ്ഞ വിഭവങ്ങൾ- കുറഞ്ഞ ജലം, കുറഞ്ഞ ഭൂമി, കുറഞ്ഞ ഊർജം, ഒഴിവാക്കാവുന്ന മറ്റ് അസംസ്കൃത വസ്തുക്കൾ- ഉപയോഗിച്ച് കൂടുതൽ ഉത്പാദനം സാധ്യമാക്കുകയും, എന്നാൽ ഗുണമേന്മയുള്ളതും സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം ലഭ്യമാക്കുകയും വേണം.
ഇന്ത്യക്കാരുടെ ഉപഭോഗ രീതിയിലുണ്ടായ മാറ്റം ശക്തമായ ഒരു സൂചന നൽകുന്നു. 1972-73 കാലഘട്ടത്തിൽ ഗ്രാമീണ ഇന്ത്യയിലെ ഭക്ഷ്യ ചെലവിന്റെ 57 ശതമാനവും ധാന്യങ്ങൾക്കായിരുന്നു; എന്നാൽ 2022-23 ആയപ്പോഴേക്കും ഇത് 11 ശതമാനത്തോളമായി കുറഞ്ഞു. അതേസമയം പാൽ, ക്ഷീരോത്പന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, മുട്ട, മാംസം, മത്സ്യം എന്നിവയുടെ വിഹിതം 20ൽ നിന്ന് 48 ശതമാനത്തോളമായി. നഗരപ്രദേശങ്ങളിലെ ഉപഭോഗ രീതിയിലും സമാന മാറ്റം പ്രകടമാണ്. കാർഷിക മേഖലയും "പുതിയ ഇന്ത്യ'യുടെ ആവശ്യങ്ങൾക്കനുസരിച്ച് മാറണം. പയർവർഗങ്ങൾ, എണ്ണക്കുരുക്കൾ, പഴങ്ങൾ, പച്ചക്കറികൾ, ക്ഷീരമേഖല, മത്സ്യബന്ധനം, കോഴി വളർത്തൽ തുടങ്ങിയ ഉന്നത മൂല്യമുള്ള ഉത്പന്നങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണം. "ഭക്ഷ്യ സുരക്ഷ' എന്ന പരിമിത കാഴ്ചപ്പാടിൽ നിന്ന് 'പോഷകാഹാര സുരക്ഷ'യിലേക്ക് (Nutrition Security) പരിവർത്തനപ്പെടുക എന്നർഥം. ഉത്പന്നങ്ങളുടെ തരംതിരിക്കൽ (Grading), സംസ്കരണം, പാക്കേജിങ്, ബ്രാൻഡിങ്, ഗതാഗതം, കയറ്റുമതി തുടങ്ങിയ മേഖലകളിലാണ് സാമ്പത്തിക അവസരങ്ങൾ ഒളിഞ്ഞിരിക്കുന്നത്; ഇത്തരം മൂല്യ ശൃംഖലകളിൽ (Value chains) കർഷകർക്ക് പങ്കാളികളാകാൻ അവസരമൊരുക്കുക ഏറെ പ്രധാനമാണ്.
കർഷക കേന്ദ്രീകൃതം
ഈ പരിവർത്തനത്തിന് ഭാരത സർക്കാർ ഇതിനകം പ്രധാന ആവാസവ്യവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന കാര്യക്ഷമമായ ജല ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു. മണ്ണ് ആരോഗ്യ കാർഡും മണ്ണ് പരിശോധനയും സന്തുലിത പോഷക പരിപാലനവും കാർഷിക തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന്റെ കേന്ദ്രബിന്ദുവായി മാറി. PM- KUSUM കൃഷിയെ പുനരുപയോഗ ഊർജവുമായി ബന്ധിപ്പിക്കുന്നു. e-NAM കാർഷിക വിപണികളെ ഡിജിറ്റലായി ബന്ധിപ്പിക്കുന്നു. അതേസമയം കാർഷിക അടിസ്ഥാന സൗകര്യ ഫണ്ട്, PM കിസാൻ സമ്പദ യോജന, PMFME എന്നിവ വിളവെടുപ്പനന്തര അടിസ്ഥാന സൗകര്യങ്ങളും സംസ്കരണവും ശക്തിപ്പെടുത്തുന്നു.
ഈ സംരംഭങ്ങൾ ഇനി വിത്തിൽ നിന്ന് മണ്ണിലേക്കും, കൃഷിയിടത്തിൽ നിന്ന് വിപണിയിലേക്കും, ലബോറട്ടറിയിൽ നിന്ന് ഉപജീവന മാർഗത്തിലേക്കും ഒരു കർഷക കേന്ദ്രീകൃത മൂല്യ ശൃംഖലയായി മാറണം. ഈ പരിവർത്തനത്തിന്റെ കേന്ദ്രബിന്ദു സാങ്കേതിക വിദ്യയായിരിക്കും. വിളവ് വർധിപ്പിക്കുക എന്ന പരമ്പരാഗത ലക്ഷ്യത്തിനപ്പുറത്തേക്ക് ഇന്ത്യൻ കാർഷിക ഗവേഷണം മുന്നേറിയിട്ടുണ്ട്. 2003–2014 കാലയളവിൽ 1,540 വിള ഇനങ്ങളാണ് പുറത്തിറക്കിയിരുന്നതെങ്കിൽ, 2014നും 2025നും മധ്യേ 3,236 വിള ഇനങ്ങൾ പുറത്തിറക്കി. കാലാവസ്ഥാ പ്രതിരോധശേഷി മനസിൽ വച്ചാണ് സമീപകാല ഇനങ്ങളുടെ വലിയൊരു ഭാഗം രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഒപ്പം ബയോഫോർട്ടിഫിക്കേഷന് കൂടുതൽ ശ്രദ്ധ ലഭിക്കുന്നു.
നിർമിതബുദ്ധി, റിമോട്ട് സെൻസിങ്, ഡ്രോണുകൾ, ജീനോമിക്സ്, ജൈവ സാങ്കേതിക വിദ്യ, ഡിജിറ്റൽ ഉപദേശക സംവിധാനങ്ങൾ, ജിയോസ്പേഷ്യൽ സാങ്കേതികവിദ്യകൾ എന്നിവ വിതയ്ക്കൽ, ജലസേചനം, പോഷകങ്ങൾ, കീടങ്ങൾ, കാലാവസ്ഥ, വിപണികൾ എന്നിവയുമായി ബന്ധപ്പെട്ട മികച്ച തീരുമാനങ്ങൾ കൈക്കൊള്ളാൻ സഹായിക്കും. ഡിജിറ്റൽ കാർഷിക സംരംഭങ്ങൾ, അഗ്രിസ്റ്റാക്ക്, എഐ അധിഷ്ഠിത ഉപദേശക പ്ലാറ്റ്ഫോമുകൾ എന്നിവ കാർഷിക സേവനങ്ങളെ കൂടുതൽ ലക്ഷ്യവേധിയും പ്രവേശനക്ഷമവുമാക്കും. എന്നാൽ സാങ്കേതികവിദ്യ ലളിതവും ചെലവ് കുറഞ്ഞതും പ്രാദേശിക പ്രസക്തവുമായ രൂപത്തിൽ കർഷകരിൽ എത്തുമ്പോഴേ ഗുണഫലം പൂർണമായും ദൃശ്യമാകൂ.
ലാബിൽ നിന്ന് ലക്ഷ്യം
കാർഷിക ഗവേഷണത്തിന്റെയും വിപുലീകരണ സേവനങ്ങളുടെയും (Extension services) പങ്ക് കൂടുതൽ പ്രാധാന്യം കൈവരിക്കുകയാണ്. ഗവേഷണത്തിൽ നിക്ഷേപിക്കുന്ന ഓരോ രൂപയും ഗണ്യമായ സാമ്പത്തിക വരുമാനം സൃഷ്ടിക്കുന്നു, ശാസ്ത്രീയ അറിവുകളും പുതിയ സാങ്കേതികവിദ്യകളും തങ്ങളുടെ കൃഷിയിടങ്ങളിൽ പ്രയോഗിക്കാൻ വിപുലീകരണ സേവനങ്ങൾ കർഷകരെ സഹായിക്കുന്നു. ലബോറട്ടറികൾ, സർവകലാശാലകൾ, കാർഷിക വിജ്ഞാന കേന്ദ്രങ്ങൾ, സ്റ്റാർട്ടപ്പുകൾ, സ്വകാര്യ മേഖലയിലെ നൂതനാശയക്കാർ, കർഷകർ എന്നിവർ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണം. ഒപ്പം, വിഭവ വെല്ലുവിളികളെ നേരിടണം.
വെള്ളം, വളം, ഊർജം, ഭൂമി എന്നിവയുടെ ഉപയോഗം വിപുലീകരിച്ചുകൊണ്ട് ഇന്ത്യയ്ക്ക് കാർഷിക ഉത്പാദനം അനിശ്ചിതമായി വികസിപ്പിക്കാൻ കഴിയില്ല. ഭൂഗർഭജല ശോഷണം, മണ്ണിന്റെ ശോഷണം, കാലാവസ്ഥാ വ്യതിയാനം, തീവ്രമായ കാലാവസ്ഥാ സംഭവങ്ങൾ എന്നിവ ഒരു പുതിയ ഉത്പാദന മാതൃക ആവശ്യപ്പെടുന്നു. ഇത് വൈവിധ്യവത്ക്കരണം, വിഭവ കാര്യക്ഷമത, അപകടസാധ്യതാ മാനെജ്മെന്റ്, കാലാവസ്ഥാ പ്രതിരോധം എന്നിവയുടെ വർധിച്ചുവരുന്ന പ്രാധാന്യം വെളിവാക്കുന്നു.
വെള്ളം, പോഷകങ്ങൾ, ഊർജം എന്നിവ കാര്യക്ഷമമായി ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നതാകണം നമ്മുടെ നയങ്ങൾ. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാൻ ശേഷിയുള്ള ഇനങ്ങൾ, വെള്ളവും പോഷകങ്ങളും കാര്യക്ഷമമായി ഉപയോഗിക്കുന്ന വിളകൾ, ഗുണമേന്മയുള്ള മണ്ണ് ജീവശാസ്ത്രം, സംയോജിത കീട നിയന്ത്രണം, സംരക്ഷണ കൃഷിരീതികൾ, കൃത്യതാ കൃഷി (Precision farming) എന്നിവയ്ക്ക് ഗവേഷണത്തിൽ മുൻഗണന നൽകണം. പയർവർഗങ്ങളും എണ്ണക്കുരുക്കളും പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. ഇവയുടെ ഉത്പാദനക്ഷമത വർധിപ്പിക്കുന്നത് പോഷകാഹാര- സാമ്പത്തിക സ്വയംപര്യാപ്തത ശക്തിപ്പെടുത്തുന്നതിൽ അത്യന്താപേക്ഷിതമാണ്.
ആഗോള മൂല്യ ശൃംഖലകൾ
വിളകൾ കർഷകന് ലാഭകരമായി വിൽക്കാൻ കഴിയണം. ഉത്പാദനത്തോടൊപ്പം കാർഷിക വിപണികൾ, സംഭരണം, കോൾഡ് ചെയിനുകൾ, ലോജിസ്റ്റിക്സ്, ഗ്രേഡിങ്, സംസ്കരണം, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവയും വളരണം. കാർഷിക ഉത്പാദനം വർധിക്കുകയും പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ വേഗത്തിൽ കേടുവരുന്ന ഉത്പന്നങ്ങളിലേക്ക് കർഷകർ ശ്രദ്ധ തിരിക്കുകയും ചെയ്തതോടെ, വിളകൾ ശേഖരിക്കാനും സൂക്ഷിക്കാനും കൊണ്ടുപോകാനും വിപണി പ്രവേശനം നേടാനുമുള്ള മെച്ചപ്പെട്ട സംവിധാനങ്ങളുടെ ആവശ്യകതയും വർധിച്ചു. കർഷകരെ ഒന്നിപ്പിക്കുന്നതിലൂടെ വിപണന ചെലവ് കുറയ്ക്കാനും, വിലപേശൽ ശേഷി വർധിപ്പിക്കാനും, മികച്ച വില ലഭിക്കാൻ സഹായിക്കാനും, സംഘടിത വിതരണ ശൃംഖലകളുമായും വലിയ വിപണികളുമായും അവരെ ബന്ധിപ്പിക്കാനും എഫ്പിഒകൾക്ക് കഴിയും. കാർഷിക വിപണിയെ "മണ്ഡികൾ' (Mandis) എന്ന് വിളിക്കപ്പെടുന്ന പരമ്പരാഗത മൊത്തവ്യാപാര വിപണികൾക്കപ്പുറത്തേക്ക് വ്യാപിപ്പിക്കുകയും, അന്താരാഷ്ട്ര വിപണികളിലെ അവസരങ്ങൾ പ്രയോജനപ്പെടുത്തുകയും വേണം.
ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഗുണനിലവാരം, ഉറവിടം മുതൽ ഉപഭോക്താവു വരെയുള്ള ഉത്പന്ന വിവരങ്ങൾ, സുരക്ഷ, ബ്രാൻഡിങ് എന്നിവയുള്ള ഇന്ത്യൻ കാർഷിക ഉത്പന്നങ്ങൾ വികസിപ്പിക്കുക എന്നതായിരിക്കണം നമ്മുടെ അഭിലാഷം. അടുത്ത ഘട്ടത്തിൽ കർഷകരെ ആഭ്യന്തര ഉപഭോക്താക്കളുമായി മാത്രമല്ല, അന്താരാഷ്ട്ര മൂല്യ ശൃംഖലകളുമായി ബന്ധിപ്പിക്കണം. അതിലൂടെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഗ്രാമീണ സംരംഭകത്വത്തിന് പ്രോത്സാഹനം നൽകാനും കൃഷിയിലൂടെ സൃഷ്ടിക്കപ്പെടുന്ന മൂല്യത്തിന്റെ വലിയൊരു പങ്ക് ഗ്രാമീണ സമ്പദ്വ്യവസ്ഥയിൽ തന്നെ നിലനിർത്താനും സാധിക്കും. എന്നാൽ ഈ പരിവർത്തനം കേന്ദ്ര സർക്കാരിന് മാത്രമായി നടപ്പിലാക്കാൻ കഴിയില്ല. കൃഷി ദേശീയ ഉത്തരവാദിത്തമാണ്. സംസ്ഥാനങ്ങൾ, തദ്ദേശ ഭരണകൂടങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, എഫ്പിഒകൾ, സഹകരണ സ്ഥാപനങ്ങൾ, സ്വകാര്യ സംരംഭങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, സിവിൽ സമൂഹം എന്നിവ ഒരുമിച്ച് പ്രവർത്തിക്കണം. ഭാവിയിൽ കൃഷി, ജലം, ഊർജം, ഭക്ഷ്യ സംസ്കരണം, പോഷകാഹാരം, കാലാവസ്ഥ, വ്യാപാരം, ഗ്രാമവികസനം എന്നിവയിലുടനീളം ഏകോപനം ആവശ്യമാണ്.
സഹകരണ ഫെഡറലിസത്തിന്റെ പ്രസക്തി നിർണായകമാകുന്നത് ഇവിടെയാണ്. വികസിത കൃഷിയിൽ നിന്ന് വികസിത ഭാരതത്തിലേക്കുള്ള പ്രയാണം ആത്യന്തികമായി വിലയിരുത്തപ്പെടുന്നത് ഉത്പാദിപ്പിക്കുന്ന അളവിൽ മാത്രമല്ല, കർഷകരുടെ ജീവിത നിലവാരത്തിലൂടെയാണ്. "നമുക്ക് എത്രത്തോളം ഉത്പാദിപ്പിക്കാൻ കഴിയും?' എന്നതിൽ നിന്ന് "നമുക്ക് എത്രത്തോളം കാര്യക്ഷമമായും, സുസ്ഥിരമായും, ലാഭകരമായും ഉത്പാദിപ്പിക്കാൻ കഴിയും?' എന്നതിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറേണ്ടതുണ്ട്.
ഹരിത വിപ്ലവം ഇന്ത്യയുടെ ഭക്ഷ്യ ഭാവി സുരക്ഷിതമാക്കി. അടുത്ത കാർഷിക പരിവർത്തനം അഭിവൃദ്ധി, പോഷകാഹാരം, പ്രകൃതിവിഭവങ്ങൾ, ആഗോള നേതൃത്വം എന്നിവ ഉറപ്പാക്കണം. പ്രധാനമന്ത്രി രാജ്യത്തിന് വ്യക്തമായ ഒരു ദിശാബോധം പകർന്നു നൽകിയിട്ടുണ്ട്: ഇന്ത്യൻ കാർഷിക മേഖല വികസിത ഭാരതത്തിന്റെ ഒരു പ്രധാന സ്തംഭമായി മാറണം. വികസിത ഭാരതം- 2047 ലക്ഷ്യമിട്ട് നാം മുന്നേറുമ്പോൾ കർഷകൻ വികസനത്തിന്റെ ഗുണഭോക്താവ് മാത്രമായി പരിമിതപ്പെടരുത്. വികസിത ഭാരതത്തിന്റെ ശിൽപ്പികളായി കർഷകർ മാറണം.
(കേന്ദ്ര കൃഷി, കർഷകക്ഷേമ, ഗ്രാമവികസന മന്ത്രിയാണ് രചയിതാവ്; അഭിപ്രായങ്ങൾ വ്യക്തിപരം)