കാട്ടാനകൾ കുറയുമ്പോഴും കടുവകൾ പെരുകുന്നത് ആശങ്ക

വനമേഖലയുടെ വിസ്തൃതി കുറയുകയും, ഇരകളുടെ എണ്ണം കുറയുകയും ചെയ്യുമ്പോൾ കടുവകളുടെ എണ്ണം കൂടുന്നത് കേരളത്തിന് ഭീഷണിയായി മാറാം.
Tiger face closeup
Tiger face closeup

അജയൻ

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിലെ ആനകളുടെ എണ്ണത്തിൽ അറുപതു ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കടുവകളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വർധന സംസ്ഥാനത്തിന് ഗുരുതരമായ ആശങ്കയാണ് സമ്മാനിക്കുന്നത്; യഥാർഥ വനമേഖലയുടെ വിസ്തൃതി വർധിക്കാത്ത സാഹചര്യത്തിൽ പ്രത്യേകിച്ചും. കടുവകൾ ആഹാരമാക്കുന്ന ചെറുമൃഗങ്ങളുടെ എണ്ണം ആനുപാതികമായി വർധിക്കുന്നതായി സൂചനകളൊന്നും ലഭ്യവുമല്ല.

'അരിക്കൊമ്പൻ' എന്നു വിശേഷിപ്പിക്കപ്പെടുന്ന ആനയുടെ കാടു മാറ്റത്തിന്‍റെ പശ്ചാത്തലത്തിലാണ് കേരളത്തിലെ കാട്ടാനകളുടെ എണ്ണത്തെക്കുറിച്ചുള്ള ചർച്ച സജീവമായത്. കൃത്യമായി പറഞ്ഞാൽ 58.19 ശതമാനം കുറവാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇവയുടെ എണ്ണത്തിലുണ്ടായത്. കർണാടകയിലെയും തമിഴ്നാട്ടിലെ വനമേഖലകളിലേക്ക് ആനകൾ ഇടയ്ക്കിടെ മാറാറുള്ളതാണെന്ന് വന്യജീവി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തമിഴ്നാട്ടിലെ വന്യമൃഗ സെൻസസിൽ കാട്ടാനകളുടെ എണ്ണം കൂടിയെന്ന ഏറ്റവും പുതിയ കണക്കും ഈ വാദത്തിനു ബലമേകുന്നു.

Tiger face closeup
കേരളത്തിൽ കാട്ടാനകൾ കുറഞ്ഞപ്പോൾ തമിഴ്‌നാട്ടിൽ കൂടി

2011ൽ 7,490 കാട്ടാനകളാണ് കേരളത്തിലുണ്ടായിരുന്നത്. അതായത്, 12 വർഷത്തെ കണക്കെടുത്താൽ 68.2 ശതമാനത്തിന്‍റെ കുറവുണ്ടായിട്ടുണ്ട്. അതേസമയം, മേയ് 17 മുതൽ 19 വരെ മാത്രം നീണ്ട ഹ്രസ്വമായൊരു സെൻസസിലാണ് ഈ വർഷം എണ്ണമെടുത്തത് എന്നതുകൊണ്ടു തന്നെ ഈ കണക്കിന്‍റെ ആധികാരികത പൂർണമായി ഉറപ്പിക്കാനും സാധിക്കില്ല. വിദഗ്ധർ ഉൾപ്പെട്ട സംഘം ദീർഘമായ കാലയളവിൽ സ്ഥിരമായി നിരീക്ഷിച്ചാൽ മാത്രമേ കൃത്യമായ എണ്ണം കണക്കാക്കാൻ സാധിക്കൂ.

അരിക്കൊമ്പൻ തമിഴ്നാട് വനമേഖലയിൽ.
അരിക്കൊമ്പൻ തമിഴ്നാട് വനമേഖലയിൽ.

സംസ്ഥാന അതിർത്തികൾ മനുഷ്യനിർമിതവും മനുഷ്യർക്കു മാത്രം ബാധകവുമായ വിഷയമാണെന്ന് കടുവ, കാട്ടാന, വരയാട് സെൻസസുകളിൽ പങ്കെടുത്തിട്ടുള്ള വന്യജീവി വിദഗ്ധൻ ചൂണ്ടിക്കാട്ടുന്നു. കിലോമീറ്ററുകളോളം നടക്കുന്ന ശീലമുള്ള ആനകളുടെ കാര്യത്തിൽ സംസ്ഥാന അതിർത്തികൾ മറികടന്നുള്ള കാടുമാറ്റം സ്വാഭാവികം മാത്രമാണ്. വയനാട്ടിൽ കാട്ടാനകൾ കുറയുന്നതുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോൾ ഈ സിദ്ധാന്തം ഏറെ യുക്തിസഹവുമാകുന്നു. കർണാടകയിലെ വനമേഖലയുമായി ചേർന്നു കിടക്കുന്നതാണ് വയനാടൻ കാടുകൾ. മഴ കുറയുന്ന സീസണുകളിൽ ആനകൾ ഭക്ഷണം അന്വേഷിച്ച് ദീർഘദൂരം സഞ്ചരിക്കാറുണ്ട്. മനുഷ്യനിർമിതമായ പ്രതിബന്ധങ്ങൾ പോലും ഇതിനിടെ അവ മറികടക്കുന്നതും പതിവാണ്.

എന്നാൽ, ആനക്കുട്ടികളുടെയും അധികം പ്രായമാകാത്ത ആനകളുടെയും മരണസംഖ്യ വർധിക്കുന്നത് ഗൗരവമായി പരിഗണിക്കേണ്ട വിഷയം തന്നെയാണെന്ന് വിദഗ്ധർ കൂട്ടിച്ചേർക്കുന്നു. 2015 മുതൽ 2022 വരെയുള്ള കാലയളവിൽ 678 കാട്ടാനകളാണ് കേരളത്തിൽ ചരിഞ്ഞിട്ടുള്ളത്. ഇവയിൽ 275 എണ്ണവും 10 വയസിൽ താഴെയുള്ളവയായിരുന്നു. 155 എണ്ണം 10-20 പ്രായവിഭാഗത്തിലുള്ളവയും. ഏഷ്യയിലെ കാടുകളിൽ വ്യാപകമായ ഹെർപ്പിസ് വൈറസ് (എൻഡോതെലിയോട്രോപ്പിക്ക് ഹെർപ്പിസ്‌വൈറസ് / എലിഫാന്‍റിഡ് ബീറ്റാഹെർപ്പിസ്‌വൈറസ്-1 / endotheliotropic herpesvirus / elephantid betaherpesvirus-1) ഇതിലൊരു പ്രധാന പങ്ക് വഹിക്കുന്നതായും സംശയിക്കുന്നു. അരിക്കൊമ്പനെ ആദ്യം പിടികൂടിയ ചിന്നക്കനാൽ മേഖലയിൽ ഇപ്പോൾ കുട്ടിയാനകൾ വിരളമാണെന്നതും ശ്രദ്ധേയമാണ്.

ചിന്നക്കനാൽ മേഖലയിൽ ആനക്കുട്ടികളുടെ എണ്ണം വിരളമായിരിക്കുന്നു.
ചിന്നക്കനാൽ മേഖലയിൽ ആനക്കുട്ടികളുടെ എണ്ണം വിരളമായിരിക്കുന്നു.

സാമൂഹിക വനവത്കരണത്തിന്‍റെ പേരിൽ മരങ്ങൾ വച്ചുപിടിപ്പിച്ച കണക്കിൽ വനവമേഖയുടെ വിസ്തൃതി കൂടിയതായി അവകാശപ്പെടുമ്പോഴും, സ്വാഭാവിക വനത്തിന്‍റെ വിസ്തൃതി യഥാർഥത്തിൽ കുറയുകയാണ് ചെയ്തിട്ടുള്ളത്. വികസനത്തിന്‍റെ പേരിലുള്ള കാടുവെട്ടലും വൻകിടക്കാരുടെ കൈയേറ്റവുമെല്ലാം ഇതിനു കാരണമാകുന്നു. വനവത്കരണത്തിന്‍റെ പേരിൽ കാട്ടിലെ പുൽമേടുകളിൽ മരംവച്ചുപിടിപ്പിക്കുക എന്ന വലിയൊരു വിഡ്ഢിത്തം കേരളത്തിന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടുമുണ്ട്. ആനകൾക്കും ഏറെ പ്രിയപ്പെട്ട മേച്ചിൽപ്പുറങ്ങളാണ് പുൽമേടുകൾ. ഇതിനു പുറമേ, ഈ പുല്ല് ആഹാരമാക്കുന്ന ചെറുജീവികളുടെയും, അവയെ ആഹാരമാക്കുന്ന വലിയ ജീവികളുടെയു‌മെല്ലാം ആവാസവ്യവസ്ഥ ഒറ്റയടിക്കു നശിപ്പിക്കപ്പെടുകക കൂടിയാണ് ഇവിടത്തെ 'വനവത്കരണ'ത്തിലൂടെ സംഭവിച്ചത്. വെളുക്കാൻ തേച്ചത് പാണ്ടായെന്നു ചുരുക്കം! വനമെന്നാൽ വൻമരങ്ങൾ മാത്രമാണെന്ന സങ്കുചിത ചിന്തയുടെ കൂടി ഫലമായിരുന്നു ഈ പദ്ധതി.

ശേഷിക്കുന്ന വനമേഖലകളിൽ പലയിടങ്ങളും വേലികൾ കെട്ടിയിട്ടുള്ളത് വന്യമൃഗങ്ങളുടെ സ്വൈരസഞ്ചാരത്തിനു തടസം സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരത്തിൽ പല ആനത്താരകളും ഇടനാഴികളും റിസോർട്ടുകൾക്കും ഹൈവേകൾക്കും വഴിമാറിക്കഴിഞ്ഞു.

കാട്ടിൽ ഭക്ഷണം കുറയുമ്പോഴാണ് വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത്.
കാട്ടിൽ ഭക്ഷണം കുറയുമ്പോഴാണ് വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത്.

ഈ പശ്ചാത്തലത്തിൽ കൂടിയാണ് കടുവ സെൻസസിൽ നിന്ന് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവരുന്നത്. നാഷണൽ ടൈഗർ കൺസർവേഷൻ അഥോറിറ്റിയുടെ കണക്കു പ്രകാരം, 2018ൽ കേരളത്തിലുണ്ടായിരുന്നത് വെറും 190 കടുവകളാണ്. 2022ൽ ഇത് 2013 ആയി കുതിച്ചുയർന്നു!

സംരക്ഷണ പ്രവർത്തനങ്ങളുടെ ഫലമാണിതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ആവർത്തിക്കുമ്പോഴും, ചുരുങ്ങുന്ന വനമേഖലയിൽ ഇവയുടെ ഭക്ഷണത്തിനായി ശേഷിക്കുന്ന ചെറുമൃഗങ്ങളെക്കുറിച്ചുള്ള കണക്കുകളൊന്നും ലഭ്യമല്ല. കാട്ടിൽ ഭക്ഷണം കുറയുമ്പോഴാണ് കടുവകളും മറ്റും നാട്ടിലേക്കിറങ്ങുന്നതും, എളുപ്പത്തിൽ പിടിക്കാവുന്ന വളർത്തുമൃഗങ്ങളെ ഇരയാക്കുന്നതും. സ്വാഭാവികമായും മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷവും ഇതുമൂലം വർധിക്കുന്നു.

സർക്കാർ കണക്കിൽ വനവിസ്തൃതി കുറയുന്നില്ലെങ്കിലും, വന്യമൃഗങ്ങളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ ചുരുങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കേരളത്തിലെ വനങ്ങൾക്ക് ഉൾക്കൊള്ളാവുന്ന മൃ‌ഗങ്ങളുടെ എണ്ണം അടിയന്തരമായി അവലോകനം ചെയ്യപ്പെടണമെന്നും വിദഗ്ധർ ആവശ്യപ്പെടുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com