

ചെന്നൈ: തമിഴ്നാട്ടിൽ നാലു വർഷത്തിനിടെ കാട്ടാനകളുടെ എണ്ണം വർധിച്ചെന്ന് സെൻസസ് റിപ്പോർട്ട്. 2017ൽ 2761 കാട്ടാനകളാണുണ്ടായിരുന്നത്. ഇപ്പോഴത് 2961 ആയി ഉയർന്നെന്നു വ്യക്തമാക്കുന്ന സെൻസസ് റിപ്പോർട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പുറത്തുവിട്ടു.
കേരളം, കർണാടക, തമിഴ്നാട് വനങ്ങളിൽ സംയുക്തമായി മേയ് 17 മുതൽ 19 വരെയായിരുന്നു കാട്ടാന സെൻസസ്. സംസ്ഥാന സർക്കാർ സ്വീകരിച്ച നിരവധി നടപടികളാണ് ആനകളുടെ എണ്ണം വർധിക്കാനിടയാക്കിയതെന്നും മുഖ്യമന്ത്രി.
സംസ്ഥാനത്തെ 26 വനം ഡിവിഷനുകളിൽ മുതുമല കടുവ സങ്കേതമാണ് ആനകളുടെ എണ്ണത്തിൽ മുന്നിൽ.
അതേസമയം, കേരളത്തിൽ കാട്ടാനകളുടെ എണ്ണത്തിൽ കുറവ് വന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കേരളത്തിൽനിന്ന് ആനകൾ തമിഴ്നാട്ടിലെയും കർണാടകയിലെയും വനങ്ങളിലേക്കു കടക്കുന്നതാണ് ഇതിനു കാരണമെന്ന വാദത്തിന് തമിഴ്നാടിന്റെ കണക്ക് പുറത്തുവന്നതോടെ ശക്തിയേറുകയാണ്.
ദീർഘദൂരം സഞ്ചരിക്കുന്നത് കാട്ടാനക്കൂട്ടങ്ങളുടെ പതിവാണ്. കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾക്കനുസരിച്ച് നല്ല ഭക്ഷണവും വെള്ളവും കിട്ടുന്ന സ്ഥലങ്ങളിലേക്ക് ആനകൾ ഒറ്റയ്ക്കും കൂട്ടത്തോടെയും സഞ്ചരിക്കാറുണ്ട്.