രാഷ്‌ട്രീയ വ്യാകരണം തിരുത്തിയെഴുതിയ മോദി

അദ്ദേഹത്തിന്‍റെ സാമൂഹിക ഭവന പദ്ധതിയും ആയുഷ്മാന്‍ ഭാരത് പോലുള്ള ഇന്‍ഷ്വറന്‍സ് പദ്ധതികളും അതീവ ദുര്‍ബലരായ വിഭാഗങ്ങളെ കൈപിടിച്ചുയര്‍ത്തി
Modi rewrote political grammar

രാഷ്‌ട്രീയ വ്യാകരണം തിരുത്തിയെഴുതിയ മോദി

Updated on

ഭരണത്തില്‍ മറ്റൊരു റെക്കോഡ് സൃഷ്ടിക്കുന്ന പ്രക്രിയയില്‍, മഹാത്മാ ഗാന്ധിക്കു ശേഷം ഇന്ത്യ കണ്ട ഏറ്റവും പ്രഭാവശാലിയായ നേതാവായി നരേന്ദ്ര മോദി ഉയര്‍ന്നിരിക്കുന്നു.

അജയ് കുമാർ സിങ്

പിന്നിട്ട ഭരണകാലവും നാഴികക്കല്ലുകളും ഒരു പരിവര്‍ത്തന യുഗത്തിന്‍റെ ശരിയായ അളവുകോലുകളല്ല. അവ കേവലം സ്ഥിതിവിവരക്കണക്കുകള്‍ മാത്രം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച വ്യക്തിയായി നരേന്ദ്ര മോദി മാറുമ്പോള്‍, അതിനെ കേവലം ഒരു റെക്കോഡ് സ്ഥാപിക്കുന്ന നിമിഷമായോ സുദീര്‍ഘമായ ഭരണകാലം പൂര്‍ത്തിയാക്കുന്ന മുഹൂര്‍ത്തമായോ പരിമിതപ്പെടുത്താനാവില്ല. കാലത്തിന്‍റെ ആത്മാവിനെ സ്ഥിതിവിവരക്കണക്കുകളില്‍ ഒതുക്കാനുമാവില്ല- ആ ആത്മാവില്‍, അദ്ദേഹം ഇന്ത്യയുടെ മേധാശക്തിയെ പ്രതിഫലിപ്പിക്കുന്നു.

ഒരു സാധാരണ വ്യക്തിയില്‍ നിന്ന് അസാധാരണ നേതാവിലേക്കുള്ള പ്രയാണമായിട്ടാണ് മോദിയുടെ ജീവിതഗാഥ വിശേഷിപ്പിക്കപ്പെടുന്നത്. സംഘപരിവാറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിലെ (ആര്‍എസ്എസ്) ഒരു സാധാരണ പ്രവര്‍ത്തകനായാണ് അദ്ദേഹം തന്‍റെ പൊതുജീവിതം ആരംഭിച്ചത്. 1950കളിലും 60കളിലും, ജന്മനാടായ ഗുജറാത്തില്‍ ഒട്ടും പ്രചാരമില്ലാതിരുന്ന ഒരു പ്രത്യയശാസ്ത്രത്തെ അദ്ദേഹം മനസാ വരിച്ചു.

Ajay Kumar Singh

അജയ് കുമാർ സിങ്

അക്കാലത്തെ പരമ്പരാഗത രാഷ്‌ട്രീയക്കാരെപ്പോലെ, ശക്തമായ ഒരു രാഷ്‌ട്രീയ കുടുംബത്തില്‍ നിന്നോ ഉന്നത സാമൂഹിക പശ്ചാത്തലത്തില്‍ നിന്നോ വന്നയാളായിരുന്നില്ല മോദി. ഹാരോ സ്‌കൂള്‍, ഓക്‌സ്‌ഫഡ് സര്‍വകലാശാല, കൊളംബിയ സര്‍വകലാശാല, ഹാര്‍വാര്‍ഡ് സര്‍വകലാശാല തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളില്‍ പഠിച്ച നേതാക്കളെ ലോകം ബഹുമാനത്തോടെ വീക്ഷിച്ചിരുന്ന കാലമായിരുന്നു അത്. സര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും അറിയപ്പെട്ടിരുന്നതു തന്നെ "ഹാരോ ബോയ്‌സ്' എന്നായിരുന്നു. അവര്‍ സമാന ഭാഷ സംസാരിക്കുകയും അന്താരാഷ്‌ട്ര വേദിയിലെ ഉന്നതമായ സൗഹൃദം പങ്കിടുകയും ചെയ്തു. അത്തരം ആഖ്യാനങ്ങളെയെല്ലാം മോദി പാടെ നിരാകരിച്ചു.

സാധാരണക്കാരുമായി ഇടപഴകുന്നതിലൂടെസ്വായത്തമാക്കിയ ജീവിതഗന്ധിയായ അനുഭവങ്ങള്‍, ഇന്ത്യന്‍ സമൂഹത്തെക്കുറിച്ച് അസാധാരണമായ ഒരു ഉള്‍ക്കാഴ്ച അദ്ദേഹത്തിന് നല്‍കി; വ്യത്യസ്ത പശ്ചാത്തലങ്ങളുള്ള ആളുകളെ കണ്ടുമുട്ടുകയും അവരുമായി ഇടപഴകുകയും ചെയ്ത് അവരുടെ ആശങ്കകള്‍, ആവശ്യങ്ങള്‍, പ്രതീക്ഷകള്‍, അഭിലാഷങ്ങള്‍ എന്നിവ സംബന്ധിച്ച ധാരണ അദ്ദേഹം വികസിപ്പിച്ചെടുത്തു. അവയെ തന്‍റെ പ്രത്യയശാസ്ത്ര വിശ്വാസങ്ങളുമായി സമന്വയിപ്പിച്ചു. ഈ ദൗത്യത്തില്‍ വിജയിക്കാന്‍ രണ്ട് ഗുണങ്ങള്‍ അദ്ദേഹത്തെ സഹായിച്ചു: സന്യാസ തുല്യമായ വ്യക്തിജീവിതവും പൊതുജീവിതത്തിലെ പ്രായോഗികതയും.

വൈരുധ്യങ്ങളെ അദ്ദേഹം അനായാസം കൈകാര്യം ചെയ്തിരുന്നു. ഉദാഹരണത്തിന്, ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയില്‍, വികസനത്തിന് ഊന്നല്‍ നല്‍കുകയും സര്‍ക്കാര്‍ സബ്സിഡികളിലുള്ള ആശ്രിതത്വം കുറയ്ക്കുകയും ചെയ്യുന്ന സാമ്പത്തിക വളര്‍ച്ചാ മാതൃകയെ ശക്തമായി പ്രോത്സാഹിപ്പിച്ചു.

എന്നാല്‍ കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ രാജ്യം പട്ടിണിയുടെ പിടിയിലാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യസുരക്ഷാ പദ്ധതി പോലുള്ള ക്ഷേമ നടപടികളും കൈക്കൊണ്ടു. അദ്ദേഹത്തിന്‍റെ സാമൂഹിക ഭവന പദ്ധതിയും ആയുഷ്മാന്‍ ഭാരത് പോലുള്ള ഇന്‍ഷ്വറന്‍സ് പദ്ധതികളും അതീവ ദുര്‍ബലരായ വിഭാഗങ്ങളെ കൈപിടിച്ചുയര്‍ത്തി. ജനങ്ങളുടെ ഏറ്റവും വലിയ ആശങ്കകളായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിലെ പ്രതിസന്ധികളെ അഭിസംബോധന ചെയ്തു. 60കളുടെ ആരംഭം മുതല്‍ അടുത്ത കാലം വരെ സോഷ്യലിസ്റ്റുകള്‍ ഈ ആശങ്കകളെ രാഷ്‌ട്രീയ മുദ്രാവാക്യങ്ങളായി ഉയര്‍ത്തിയിരുന്നു. ആ മുദ്രാവാക്യങ്ങള്‍ ഇന്ന് അപ്രസക്തമായിരിക്കുന്നു.

മോദി ഇന്ത്യന്‍ രാഷ്‌ട്രീയത്തെ അടിസ്ഥാനപരമായും ആഴത്തിലും പുനര്‍വിചിന്തനം ചെയ്തു. പതിറ്റാണ്ടുകളായി രാജ്യത്തെ അലട്ടിയിരുന്ന വിഷയങ്ങള്‍ ഇപ്പോള്‍ ചരിത്ര പാഠ്യപദ്ധതിയുടെ ഭാഗമായി മാറി. ഉദാഹരണത്തിന്, ദീര്‍ഘകാലമായി നിലനിന്ന മന്ദിര്‍- മസ്ജിദ് തര്‍ക്കമായിട്ടല്ല, മറിച്ച് പുതുതായി നിര്‍മിച്ച രാമക്ഷേത്രമായാണ് അയോധ്യ ഇപ്പോള്‍ ജനമനസില്‍ നിറയുന്നത്. രാജ്യത്തുടനീളമുള്ള ഹിന്ദു ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം സാംസ്‌കാരിക ഐക്യത്തിന്‍റെ ശക്തമായ സന്ദേശമായി സമൂഹം ഉള്‍ക്കൊള്ളുന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ഇന്ത്യയിലുടനീളം സഞ്ചരിച്ചപ്പോള്‍ മഹാത്മാ ഗാന്ധി അത്തരമൊരു സാംസ്‌കാരിക പുനരുജ്ജീവനമാണ് സ്വപ്നം കണ്ടിരുന്നത് എന്നതില്‍ അതിശയോക്തിയില്ല. പക്ഷേ കോണ്‍ഗ്രസിലെ ഗാന്ധി ശിഷ്യന്മാര്‍ അദ്ദേഹത്തിന്‍റെ സ്വപ്നം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു. മോദിയാകട്ടെ അതു സാക്ഷാത്കരിച്ചു.

ഇന്ത്യ സ്വാതന്ത്ര്യം നേടിയതു മുതല്‍ ജമ്മു കശ്മീര്‍ ഉണങ്ങാത്ത മുറിവായി അവശേഷിക്കുകയായിരുന്നു. മുസ്‌ലിം ഭൂരിപക്ഷ താഴ്വരയില്‍ നിലനിന്ന രാഷ്‌ട്രീയ ദ്വന്ദ്വം വിഘടനവാദത്തിനും ഭീകരവാദത്തിനും തിരികൊളുത്തി. 2014ന് മുമ്പു വരെ സംസ്ഥാനത്തെ ചില രാഷ്‌ട്രീയ ശക്തികള്‍ കൂടുതല്‍ സ്വയംഭരണാവകാശവും 1953ന് മുമ്പ് നിലവിലുണ്ടായിരുന്ന സ്ഥിതിയുടെ തിരിച്ചുവരവും ആഗ്രഹിച്ചിരുന്നു. സ്ഥിതി പുനഃസ്ഥാപിക്കണമെന്ന് നിരവധി പ്രമേയങ്ങള്‍ പാസാക്കി. ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കി സംസ്ഥാനത്തെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി പുനഃസംഘടിപ്പിക്കാനുള്ള 2019ലെ തീരുമാനം ആ ചര്‍ച്ചകള്‍ക്ക് എന്നന്നേയ്ക്കുമായി വിരാമമിട്ടു. വിഘടനവാദത്തിന്‍റെ പ്രേതം ഝലം നദിയുടെ ആഴങ്ങളില്‍ കുഴിച്ചുമൂടപ്പെട്ടു. രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളുമായി പൂര്‍ണവും നിരുപാധികവുമായ സംയോജനത്തിനായി ആ പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ ആഗ്രഹം വന്നിരിക്കുന്നു. കലാപവും അക്രമവും നടമാടിയിരുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ കാര്യത്തിലും സ്ഥിതിഗതികള്‍ പാടേ മാറി.

മോദി സ്വയമറിയാതെ തന്നെ ഒരു ഗണിത പാഠം കടമെടുത്തതായി തോന്നുന്നു: പ്രശ്‌നം സൃഷ്ടിക്കപ്പെട്ട അതേ മാനസികാവസ്ഥയില്‍ നിന്നുകൊണ്ട് നിങ്ങള്‍ക്കത് പരിഹരിക്കാന്‍ സാധ്യമല്ല. രാജ്യത്തിന്‍റെ രാഷ്‌ട്രീയ മാനസികാവസ്ഥയെ പൂര്‍ണമായും മാറ്റിമറിച്ച അദ്ദേഹം അതിനെ പരിവര്‍ത്തന പാതയിലേക്ക് നയിച്ചു. പൊതുജീവിതത്തിലെ സമൂല പരിവര്‍ത്തനം സമ്മിശ്ര പ്രതികരണങ്ങള്‍ക്ക് കാരണമാകാറുണ്ട്. തത്ഫലമായി മോദിക്ക് പൂച്ചെണ്ടുകളേക്കാള്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ ലഭിച്ചു. നിഷേധാത്മക പ്രതികരണങ്ങളില്‍ നിരുത്സാഹപ്പെടാതെ അദ്ദേഹം തന്‍റെ ലക്ഷ്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയും അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും പ്രതിജ്ഞാബദ്ധനായി തുടരുകയും ചെയ്തു.

24 വര്‍ഷ ഭരണകാലത്ത് - ഗുജറാത്ത് മുഖ്യമന്ത്രിയായും പിന്നീട് പ്രധാനമന്ത്രിയായും- മോദി അഭൂതപൂര്‍വമായ പ്രതിസന്ധികളെ നേരിട്ടിട്ടുണ്ട്. സ്വാഭാവികവും രാഷ്‌ട്രീയവുമായ വെല്ലുവിളികളുടെ ഒരു പരമ്പര അദ്ദേഹം വിജയകരമായി നേരിട്ടു. ഗുജറാത്തിന്‍റെ ഭരണത്തലവനെന്ന നിലയിലുള്ള 13 വര്‍ഷ കാലയളവില്‍, ഒരു ദശാബ്ദക്കാലം (2004-2014) യുപിഎ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ശത്രുതാപരമായ നിലപാടാണ് സ്വീകരിച്ചത്. കേന്ദ്രം ആ സംസ്ഥാനത്തെ എതിരാളിയെപ്പോലെ കണക്കാക്കി. കെട്ടിച്ചമച്ച ക്രിമിനല്‍ കേസുകളില്‍ അദ്ദേഹത്തെ പ്രതിയാക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടന്നു.

മോദി ഭരണകാലത്ത് ഇന്ത്യ നിരവധി ആഗോള വെല്ലുവിളികള്‍ നേരിട്ടു. ആധുനിക ചരിത്രത്തിലെ ഏറ്റവും മോശം പ്രതിസന്ധികളില്‍ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന കൊവിഡ് മഹാമാരിയായിരുന്നു ഏറ്റവും ഗുരുതരം. യൂറോപ്പിലെയും മധ്യേഷ്യയിലെയും യുദ്ധങ്ങള്‍ രാഷ്‌ട്രീയവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു. അതീവ ശ്രദ്ധയോടെയുള്ള നയതന്ത്ര ഇടപെടല്‍ അനിവാര്യമായി. ഭീകരതയ്ക്കെതിരായ പ്രതികരണമെന്ന നിലയില്‍ സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍, ബാലകോട്ട് വ്യോമാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ എന്നീ കര്‍ശന നടപടികള്‍ വേണ്ടി വന്നു. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ നിയന്ത്രിത രീതിയില്‍ കൈകാര്യം ചെയ്തതിനാല്‍ അവ പൂര്‍ണ തോതിലുള്ള ഒരു യുദ്ധമായി വളര്‍ന്നില്ല എന്നത് പ്രാധാന്യമര്‍ഹിക്കുന്നു.

രാഷ്‌ട്രീയ എതിരാളികള്‍ പല പരാജയങ്ങളുടെയും ഉത്തരവാദിത്തം അദ്ദേഹത്തില്‍ ആരോപിക്കാറുണ്ട്. ഇന്ത്യ പോലെ അനുപദം അഭിവൃദ്ധി പ്രാപിക്കുന്ന ഒരു ജനാധിപത്യത്തില്‍, മോദിയെപ്പോലെയുള്ള ഒരു വ്യക്തിത്വത്തെ വ്യത്യസ്ത വീക്ഷണകോണുകളില്‍ വിശകലനം ചെയ്യേണ്ടിവരും. തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭരണ കാലയളവ് സംഭവബഹുലവും ജനങ്ങളുടെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയവുമായിരുന്നു.

ചരിത്രത്തില്‍ വികാരങ്ങള്‍ക്കും മുന്‍വിധികള്‍ക്കും പ്രസക്തിയില്ല. സ്വന്തം ജീവിത കാലത്ത് മഹാത്മാ ഗാന്ധി പോലും വിമര്‍ശിക്കപ്പെടുകയും അഭിനന്ദിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, ഗാന്ധിയെക്കുറിച്ചുള്ള ഏറ്റവും അവിസ്മരണീയമായ വിലയിരുത്തലുകളില്‍ ഒന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനില്‍ നിന്നാണ് ഉണ്ടായത്.

"ഇങ്ങനെയൊരു വ്യക്തി, മാംസവും രക്തവുമുള്ള ഒരു മനുഷ്യന്‍, ഈ ഭൂമുഖത്ത് ജീവിച്ചിരുന്നുവെന്ന് വരുംതലമുറകള്‍ വിശ്വസിക്കാന്‍ സാധ്യതയില്ല' എന്ന് അദ്ദേഹം എഴുതി. ചരിത്രത്തെ കൃത്യമായി പ്രവചിക്കുന്നതില്‍ ഐന്‍സ്റ്റീന്‍റെ ദീര്‍ഘവീക്ഷണം വിജയിച്ചു. ദീര്‍ഘകാല ചരിത്രത്തില്‍ നരേന്ദ്ര മോദിയുടെ സ്വാധീനവും ഭാവി തലമുറകള്‍ തുല്യപ്രാധാന്യത്തോടെ വിലയിരുത്തുമെന്നതില്‍ സംശയമില്ല.

(രാഷ്‌ട്രപതിയുടെ മുന്‍ പ്രസ് സെക്രട്ടറിയാണ് ലേഖകന്‍. "ദി ആര്‍ക്കിടെക്റ്റ് ഓഫ് ദി ന്യൂ ബിജെപി: ഹൗ നരേന്ദ്ര മോദി ട്രാന്‍സ്‌ഫോംഡ് ദ പാര്‍ട്ടി' എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്).

logo
Metro Vaartha
www.metrovaartha.com