

മഹാത്മാ ജ്യോതിറാവു ഫുലെ: ഇന്ത്യയുടെ മാര്‍ഗദീപം
file photo
മഹാത്മാ ജ്യോതിറാവു ഫുലെയുടെ 200ാം ജന്മവാര്‍ഷിക ആഘോഷങ്ങള്‍ക്ക് ഇന്നു തുടക്കം കുറിക്കുമ്പോള്‍ അദ്ദേഹത്തിനു നല്‍കാവുന്ന ഏറ്റവും ഉചിതമായ ആദരം പുനരര്‍പ്പണമാണ്. അദ്ദേഹത്തിന്‍റെ ഹൃദയത്തോടു ചേര്‍ന്നുള്ള വിദ്യാഭ്യാസം പോലുള്ള വിഷയങ്ങളോടുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത പുതുക്കുക. അനീതിക്കെതിരായ നമ്മുടെ സംവേദനക്ഷമത പുതുക്കുക. സമൂഹത്തിനുള്ളില്‍ നിന്ന് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന നമ്മുടെ വിശ്വാസം പുതുക്കുക.
പ്രധാനമന്ത്രി
ഇന്ന്, ഏപ്രില്‍ 11. നാമേവര്‍ക്കും ഏറെ സവിശേഷമായ ദിനം. ഇന്ത്യ കണ്ട ഏറ്റവും മഹത്തായ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളില്‍ ഒരാളും തലമുറകളുടെ മാര്‍ഗദര്‍ശിയുമായ മഹാത്മാ ജ്യോതിറാവു ഫുലെയുടെ ജന്മവാര്‍ഷികദിനം. ഈ വര്‍ഷം അദ്ദേഹത്തിന്‍റെ 200ാം ജന്മവാര്‍ഷികാഘോഷങ്ങള്‍ക്കു തുടക്കം കുറിക്കുന്നതിനാല്‍ ഈ വേളയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.
മഹാത്മാ ഫുലെ മഹാനായ പരിഷ്‌കര്‍ത്താവായിരുന്നു. അതിലുപരി, ധാര്‍മികമായ കരുത്തും വിശ്രമമില്ലാത്ത അന്വേഷണത്വരയും സാമൂഹ്യനന്മയ്ക്കായുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. പടുത്തുയര്‍ത്തിയ സ്ഥാപനങ്ങളുടെയും നേതൃത്വം നല്‍കിയ പ്രസ്ഥാനങ്ങളുടെയും പേരിലാണു മഹാത്മാ ഫുലെ സ്മരിക്കപ്പെടുന്നത്. അതേസമയം, നമ്മുടെ നാഗരിക യാത്രയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍, അദ്ദേഹം ഉണര്‍ത്തിയ പ്രതീക്ഷകളിലും ജനങ്ങളില്‍ പകര്‍ന്ന ആത്മവിശ്വാസത്തിലും ആണു നിലകൊള്ളുന്നത്. അദ്ദേഹത്തിന്‍റെ ചിന്തകള്‍ രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിനു പേര്‍ക്ക് ഇന്നും കരുത്തു പകരുന്നു.
1827ല്‍ മഹാരാഷ്‌ട്ര എന്ന മഹത്തായ സംസ്ഥാനത്ത് ജനിച്ച മഹാത്മാ ഫുലെ എളിയ സാഹചര്യങ്ങളില്‍ നിന്നാണു വളര്‍ന്നുവന്നത്. എന്നാല്‍ അദ്ദേഹത്തിന്‍റെ പ്രാരംഭ കാലത്തെ കഷ്ടപ്പാടുകള്‍ പഠനത്തിനോ ദൃഢനിശ്ചയത്തിനോ സമൂഹത്തോടുള്ള പ്രതിജ്ഞാബദ്ധതയ്‌ക്കോ ഒരിക്കലും തടസമായില്ല. എന്തു വെല്ലുവിളിയുണ്ടായാലും വെറുതെയിരിക്കാതെ കഠിനാധ്വാനം ചെയ്യണമെന്നും അറിവു നേടിയെടുത്ത് ആ വെല്ലുവിളികളെ ലഘൂകരിക്കണമെന്നുമുള്ള ചിന്ത എന്നും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
സ്‌കൂള്‍ പഠനകാലം മുതല്‍ക്കേ അതീവ ജിജ്ഞാസുവായിരുന്ന ജ്യോതിറാവു, വായനാശീലമുള്ള ചെറുപ്പക്കാരനായിരുന്നു. തന്‍റെ പ്രായത്തിലുള്ള കുട്ടികള്‍ വായിക്കുന്നതിനേക്കാള്‍ വളരെ ഉയര്‍ന്ന തലത്തിലുള്ള പുസ്തകങ്ങള്‍ അദ്ദേഹം വായിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹം പറഞ്ഞതിങ്ങനെയാണ്:
""നാം എത്രത്തോളം ചോദ്യങ്ങള്‍ ഉന്നയിക്കുന്നുവോ, അത്രത്തോളം അറിവ് അവയില്‍ നിന്ന് പുറത്തുവരും''. കുട്ടിക്കാലം മുതല്‍ക്കു ലഭിച്ച ആ അന്വേഷണത്വര അദ്ദേഹത്തിന്‍റെ യാത്രയിലുടനീളം നിലനിന്നിരുന്നു എന്നതു വ്യക്തമാണ്.
ജീവിതത്തിലുടനീളം, പഠനവും വിദ്യാഭ്യാസവും മഹാത്മാ ഫുലെയുടെ ദൗത്യത്തിന്‍റെ കേന്ദ്രബിന്ദുവായി മാറി. അറിവ് എന്നതു കാത്തുസൂക്ഷിക്കപ്പെടേണ്ട പ്രത്യേക അവകാശമല്ല; മറിച്ച്, പങ്കുവയ്ക്കപ്പെടേണ്ട ശക്തിയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പഠനത്തിന്‍റെ സന്തോഷം പലര്‍ക്കും നിഷേധിക്കപ്പെട്ട കാലഘട്ടത്തില്‍, പെണ്‍കുട്ടികള്‍ക്കും ഔപചാരിക വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവര്‍ക്കുമായി അദ്ദേഹം ആദ്യകാല വിദ്യാലയങ്ങള്‍ തുറന്നു. "
"അമ്മമാരിലൂടെ കുട്ടികളില്‍ ഉണ്ടാകുന്ന ഏതൊരു പുരോഗതിയും അങ്ങേയറ്റം വിലപ്പെട്ടതാണ്. അതിനാല്‍, സ്‌കൂളുകള്‍ തുറക്കുന്നുവെങ്കില്‍ അവ ആദ്യം പെണ്‍കുട്ടികള്‍ക്കായി തുടങ്ങണം'' -
അദ്ദേഹം പറയുമായിരുന്നു. ക്ലാസ് മുറികള്‍ നീതിയുടെയും തുല്യതയുടെയും ഉപകരണമായി മാറുന്ന പുതിയ സാമൂഹ്യസങ്കല്‍പ്പം കെട്ടിപ്പടുക്കാന്‍ അദ്ദേഹം പ്രവര്‍ത്തിച്ചു.
വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട് നമ്മെ ഏറെ പ്രചോദിപ്പിക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ, ഗവേഷണത്തെയും നവീകരണത്തെയും ഇന്ത്യയിലെ യുവാക്കളുടെ അടിത്തറയാക്കി മാറ്റാന്‍ നമ്മള്‍ പ്രയത്‌നിച്ചു. ചോദ്യങ്ങള്‍ ചോദിക്കാനും പര്യവേക്ഷണങ്ങള്‍ നടത്താനും പുതിയ കാര്യങ്ങള്‍ കണ്ടെത്താനും യുവമനസുകളെ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. അറിവിലും നൈപുണ്യത്തിലും അവസരങ്ങളിലും നിക്ഷേപം നടത്തുന്നതിലൂടെ, പ്രശ്‌നങ്ങള്‍ പരിഹരിക്കാനും രാജ്യത്തിന്‍റെ പുരോഗതിയെ നയിക്കാനും ഇന്ത്യ യുവാക്കളെ ശാക്തീകരിക്കുന്നു.
തന്‍റെ അറിവും വിവേകവും കാരണം കൃഷി, ആരോഗ്യം, ഗ്രാമീണ വികസനം തുടങ്ങിയ മേഖലകളില്‍ മഹാത്മാ ഫുലെ കരുത്തുറ്റ ധാരണ വളര്‍ത്തിയെടുത്തു. നമ്മുടെ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും നേര്‍ക്കുള്ള അനീതി നമ്മുടെ സമൂഹത്തെ ദുര്‍ബലപ്പെടുത്തുമെന്ന് അദ്ദേഹം പലപ്പോഴും പറയുമായിരുന്നു. കൃഷിയിടങ്ങളിലായാലും ഗ്രാമങ്ങളിലായാലും സാമൂഹ്യ അസമത്വങ്ങള്‍ ദൈനംദിന ജീവിതത്തില്‍ എങ്ങനെ പ്രകടമാകുന്നുവെന്ന് അദ്ദേഹം കണ്ടു. അതിനാല്‍ പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും അന്തസ് ഉറപ്പാക്കുന്നതില്‍ അദ്ദേഹം മുഴുകി. അതേസമയം, സാമൂഹ്യ ഐക്യം നിലനിര്‍ത്തുന്നുവെന്ന് ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും അദ്ദേഹം നടത്തി.
""സമൂഹത്തിലെ എല്ലാവര്‍ക്കും തുല്യ അവകാശങ്ങള്‍ ലഭിക്കുന്നതു വരെ യഥാര്‍ഥ സ്വാതന്ത്ര്യം കൈവരിക്കാനാകില്ല'' - മഹാത്മാ ഫുലെ അഭിപ്രായപ്പെട്ടു. ഈ കാഴ്ചപ്പാട് പ്രവൃത്തിപഥത്തില്‍ എത്തിക്കുന്നതിനും നീതിയുക്തമായ സമൂഹം കെട്ടിപ്പടുക്കുന്നതിനും സഹായിക്കുന്ന സ്ഥാപനങ്ങള്‍ അദ്ദേഹം നിര്‍മിച്ചു. അദ്ദേഹം സ്ഥാപിച്ച സത്യശോധക് സമാജ് ആധുനിക ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങളില്‍ ഒന്നായിരുന്നു. സാമൂഹ്യ പരിഷ്‌കരണം, സാമൂഹ്യ സേവനം, മാനവിക അന്തസ് ഉയര്‍ത്തിപ്പിടിക്കല്‍ എന്നിവയില്‍ ഈ പ്രസ്ഥാനം മുന്‍പന്തിയിലായിരുന്നു.
സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ഗ്രാമങ്ങളില്‍ വസിക്കുന്നവര്‍ക്കും വേണ്ടിയുള്ള കരുത്തുറ്റ ശബ്ദമായി ഇതു മാറി. നീതിയും ഓരോ വ്യക്തിയോടുള്ള ബഹുമാനവും കൂട്ടായ പുരോഗതിയും കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിലൂടെ സമൂഹത്തെ കരുത്തുറ്റതാക്കാം എന്ന മഹാത്മാ ഫുലെയുടെ അന്തര്‍ലീനമായ വിശ്വാസത്തെയാണ് ഈ പ്രസ്ഥാനം പ്രതിഫലിപ്പിച്ചത്.
അദ്ദേഹത്തിന്‍റെ വ്യക്തിജീവിതവും കരുത്തിന്‍റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു. എപ്പോഴും ജോലി ചെയ്യുന്നതും ജനങ്ങള്‍ക്കിടയില്‍ ആയിരിക്കുന്നതും അദ്ദേഹത്തിന്‍റെ ആരോഗ്യത്തെ ബാധിച്ചു. എന്നാല്‍ ഗുരുതരമായ ആരോഗ്യ വെല്ലുവിളികള്‍ പോലും അദ്ദേഹത്തിന്‍റെ നിശ്ചയദാര്‍ഢ്യത്തിന് മങ്ങലേല്‍പ്പിച്ചില്ല. പക്ഷാഘാതം പിടിപെട്ടു തളര്‍ന്നിട്ടും തന്‍റെ ദൗത്യം പൂര്‍ത്തിയാക്കാന്‍ അദ്ദേഹം പ്രവര്‍ത്തനം തുടര്‍ന്നു.
അതെ; അദ്ദേഹത്തിന്‍റെ ശരീരം പരീക്ഷിക്കപ്പെട്ടുവെങ്കിലും സമൂഹത്തോടുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് ഒട്ടും ഇളക്കം തട്ടിയില്ല. ഇന്നു ദശലക്ഷക്കണക്കിനു പേര്‍ക്ക്, വിശേഷിച്ചും പോരാട്ടങ്ങളില്‍ നിന്ന് കരുത്തുള്‍ക്കൊള്ളുന്നവര്‍ക്ക്, അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ഏറ്റവും ശക്തമായ വശങ്ങളില്‍ ഒന്നായി ഇതു നിലകൊള്ളുന്നു.
നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച പരിഷ്‌കര്‍ത്താക്കളില്‍ ഒരാളായ സാവിത്രി ബായ് ഫുലെയെ ആദരവോടെ പരാമര്‍ശിക്കാതെ മഹാത്മാ ഫുലെയെക്കുറിച്ചുള്ള ഒരു സ്മരണയും പൂര്‍ണമാകില്ല. ഇന്ത്യയിലെ ആദ്യകാല അധ്യാപികമാരില്‍ ഒരാളെന്ന നിലയില്‍, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതില്‍ അവര്‍ നിര്‍ണായക പങ്കു വഹിച്ചു. അതുവഴി പെണ്‍കുട്ടികള്‍ക്കു തങ്ങളുടെ സ്വപ്നങ്ങള്‍ പിന്തുടരാനുള്ള അവസരം അവര്‍ നല്‍കി. മഹാത്മാ ഫുലെയുടെ വിയോഗത്തിനു ശേഷം സാവിത്രി ബായ് ആ ദൗത്യം ഏറ്റെടുത്തു മുന്നോട്ടു കൊണ്ടുപോയി. 1897ല്‍ പ്ലേഗ് പടര്‍ന്ന സമയത്ത്, രോഗബാധിതരെ അത്രമേല്‍ അര്‍പ്പണബോധത്തോടെ സേവിച്ചതിനാല്‍ അവര്‍ക്കു രോഗം പിടിപെടുകയും സ്വജീവന്‍ നഷ്ടമാവുകയും ചെയ്തു.
ചിന്തയിലൂടെയും ത്യാഗത്തിലൂടെയും പ്രവൃത്തിയിലൂടെയും സമൂഹത്തെ കരുത്തുറ്റതാക്കിയ മഹദ് വ്യക്തികളാല്‍ നമ്മുടെ മണ്ണ് എന്നും അനുഗൃഹീതമായിട്ടുണ്ട്. മാറ്റം മറ്റെവിടെയെങ്കിലും നിന്ന് വരുന്നതിന് അവര്‍ കാത്തുനിന്നില്ല; പകരം അവര്‍ തന്നെ അതിന്‍റെ ഉറവിടമായി മാറി. നൂറ്റാണ്ടുകളായി നമ്മുടെ മണ്ണില്‍, സാമൂഹ്യ ഉന്നമനത്തിനായുള്ള പോരാട്ടങ്ങള്‍ പലപ്പോഴും സമൂഹത്തിനുള്ളില്‍ നിന്നു തന്നെയാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. കഷ്ടപ്പാടുകള്‍ നേരിട്ടു കാണുകയും അവയെ വിധി എന്നു പറഞ്ഞ് അംഗീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തവരില്‍ നിന്നാണ് ആ മാറ്റങ്ങള്‍ ഉണ്ടായത്. മഹാത്മാ ജ്യോതിറാവു ഫുലെ അത്തരമൊരു കരുത്തുറ്റ ശബ്ദമായിരുന്നു.
2022ല്‍ പുനെ സന്ദര്‍ശിച്ചതും നഗരത്തിലെ അദ്ദേഹത്തിന്‍റെ വലിയ പ്രതിമയില്‍ ശ്രദ്ധാഞ്ജലിയര്‍പ്പിച്ചതും ഞാന്‍ സ്‌നേഹപൂര്‍വം ഓര്‍ക്കുന്നു. മഹാത്മാ ജ്യോതിറാവു ഫുലെയുടെ 200ാം ജന്മവാര്‍ഷിക ആഘോഷങ്ങള്‍ക്ക് ഇന്നു തുടക്കം കുറിക്കുമ്പോള്‍ അദ്ദേഹത്തിനു നല്‍കാവുന്ന ഏറ്റവും ഉചിതമായ ആദരം പുനരര്‍പ്പണമാണ്. അദ്ദേഹത്തിന്‍റെ ഹൃദയത്തോടു ചേര്‍ന്നുള്ള വിദ്യാഭ്യാസം പോലുള്ള വിഷയങ്ങളോടുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത പുതുക്കുക. അനീതിക്കെതിരായ നമ്മുടെ സംവേദനക്ഷമത പുതുക്കുക. സമൂഹത്തിനുള്ളില്‍ നിന്ന് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന നമ്മുടെ വിശ്വാസം പുതുക്കുക.
ധാര്‍മികമായ വ്യക്തതയും പൊതുലക്ഷ്യവും ഒത്തുചേരുമ്പോള്‍ സമൂഹത്തിന്‍റെ കരുത്തിന് ഇന്ത്യയില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് അദ്ദേഹത്തിന്‍റെ ജീവിതം നമ്മോടു പറയുന്നു. അതുകൊണ്ടാണ് അദ്ദേഹം ഇന്നും ദശലക്ഷക്കണക്കിനു വ്യക്തികള്‍ക്ക് കരുത്തു പകരുന്നത്. അദ്ദേഹത്തിന്‍റെ വാക്കുകളും പ്രവൃത്തികളും ഇന്നും പ്രത്യാശ നല്‍കുന്നത് അതുകൊണ്ടാണ്. അതുകൊണ്ടുതന്നെ, ജനനം കഴിഞ്ഞ് ഏകദേശം 200 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മഹാത്മാ ജ്യോതിറാവു ഫുലെ ഭൂതകാലത്തിലെ ഒരു വ്യക്തിത്വമായല്ല നിലകൊള്ളുന്നത്; മറിച്ച്, ഇന്ത്യയുടെ ഭാവിയിലേക്കുള്ള മാര്‍ഗദീപമായാണ്.