
ഏറ്റുവാങ്ങുന്ന തിരിച്ചടികൾ| പരമ്പര ഭാഗം 2
ജിബി സദാശിവൻ
വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് ഒട്ടേറെ പഠനങ്ങളാണ് പശ്ചിമഘട്ടത്തെക്കുറിച്ച് നടന്നത്. സെന്‍റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്‍റ് പുറത്തിറക്കിയ "സ്റ്റേറ്റ് ഓഫ് ഇന്ത്യാസ് എൻവയോൺമെന്‍റ് ' എന്ന പുസ്തകത്തിൽ ഞെട്ടിക്കുന്ന വസ്തുതകളാണുള്ളത്. ഒരു വർഷം ലഭിക്കേണ്ട മഴയുടെ അളവിനേക്കാൾ 6 ശതമാനം കൂടുതൽ മഴ കുറഞ്ഞ സമയത്തിനുള്ളിൽ ലഭിച്ചത് മാത്രമല്ല വയനാട് ദുരന്തത്തിന് കാരണമെന്ന് വസ്തുതകൾ സഹിതം പ്രതിപാദിക്കുന്നു. പരിസ്‌ഥിതിലോല പ്രദേശത്തു നിരന്തരം നടന്ന ചൂഷണത്തിന്‍റെ പരിണിതഫലം കൂടിയായിരുന്നു വയനാട് ദുരന്തം. പശ്ചിമഘട്ടത്തിലെ പീഠഭൂമിയുടെ സ്വാഭാവിക പ്രതിരോധം ഇല്ലാതാക്കിയതിന്‍റെ ഫലം കൂടിയാണ് ദുരന്തം.
വയനാടിന്‍റെ ഉപഗ്രഹ ദൃശ്യങ്ങൾ വിശകലനം ചെയ്ത ഡൗൺ ടു എർത്ത് കണ്ടെത്തിയത് 48 ഓളം കരിങ്കൽ ക്വാറികൾ ഇവിടെ പ്രവർത്തിക്കുന്നുവെന്നാണ്. ഇതിൽ പ്രവർത്തിക്കുന്നവയും ഉപേക്ഷിച്ചവയുമുണ്ട്. എന്നാൽ ഉപേക്ഷിച്ചവയിൽ പലതും നിയമം അനുശാസിക്കുന്നവിധം കുഴികൾ നികത്തുകയോ മരങ്ങൾ നട്ടുപിടിപ്പിക്കുകയോ ചെയ്തിരുന്നില്ല. ഇത് ഭൂപ്രകൃതിയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. കെട്ടിട നിർമാണ അസംസ്കൃത വസ്തുക്കൾക്കായിപരിസ്‌ഥിതിലോല മേഖലയെ ചൂഷണം ചെയ്യുന്നതിന്‍റെ ദുരന്തഫലമാണ് വയനാട്ടിൽ ഉണ്ടായതെന്ന് വേൾഡ് വെതർ ആട്രിബ്യൂഷൻ കണ്ടെത്തിയിട്ടുണ്ട്. ഇത് പലേടത്തും ആവർത്തിച്ചേക്കാമെന്ന് മുന്നറിയിപ്പും അവർ നൽകുന്നു.
വയനാട് ഡൌൺ ടു എർത്ത് കണ്ടെത്തിയ 48 ക്വാറികളിൽ 15 എണ്ണവും പരിസ്‌ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള 13 ഗ്രാമങ്ങളിലാണ്. ഇവയിൽ ഒൻപത് ക്വാറികൾ കിടങ്ങനാട്, നൂൽപ്പുഴ എന്നീ പരിസ്‌ഥിതിലോല ഗ്രാമങ്ങളിലെ വനത്തിനുള്ളിലാണ്. ക്വാറിയിൽ ഉണ്ടാക്കുന്ന സ്ഫോടനങ്ങൾ മണ്ണിന്‍റെ ഘടനയിൽ പ്രകമ്പനം സൃഷ്ടിക്കുകയും വയനാട്ടിലെ നിർണായകമായ ചരിവുകൾ തകർക്കാനും ഉരുൾ പൊട്ടലിലേക്ക് നയിക്കാനും ഇടയാക്കും. ക്വാറികളുടെ പ്രവർത്തനം പാറകൾ പൊട്ടിക്കുക മാത്രമല്ല നിലവിലുള്ളവ അകലാനും അവയ്ക്കിടയിൽ വിടവുകൾ ഉണ്ടാകാനും ഇടയാക്കും. മൺസൂൺ കാലങ്ങളിൽ ഇതിലൂടെ ജലം അരിച്ചിറങ്ങുകയും സമ്മർദം താങ്ങാനാവാതെ വരുമ്പോൾ ഉരുൾപൊട്ടൽ ഉണ്ടാവുകയും ചെയ്യും.
ഡോ. കസ്തൂരിരംഗൻ റിപ്പോർട്ടും പരിസ്‌ഥിതി സംരക്ഷണ നിയമവും പതിറ്റാണ്ടുകളായി കോൾഡ് സ്റ്റോറേജിൽ സൂക്ഷിച്ചിരിക്കുന്നതിനാൽ പശ്ചിമഘട്ടത്തിലെ ഏതു ഭാഗത്തും വയനാട് പോലെയുള്ള ദുരന്തങ്ങൾ ആവർത്തിക്കപ്പെട്ടേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയം ഇതുവരെ ആറു കരട് വിജ്ഞാപനങ്ങളാണ് ഗുജറാത്ത്, ഗോവ , മഹാരാഷ്‌ട്ര, കർണാടകം, കേരളം,തമിഴ്നാട് സംസ്‌ഥാനങ്ങൾക്കായി അയച്ചത്. ഏറ്റവും ഒടുവിലെ കരട് നോട്ടിഫിക്കേഷൻ നൽകിയത് വയനാട് ദുരന്തത്തിന് തൊട്ടടുത്ത ദിവസമാണ്.
13,108 ചതുരശ്ര കിലോമീറ്ററിൽ നിന്ന് 9,993.7 ചതുരശ്ര കിലോമീറ്ററിലേക്ക് പരിസ്‌ഥിതിലോല പ്രദേശം കുറയ്ക്കുകയാണ് കേരളം ചെയ്തത്. ഇത് കേന്ദ്ര സർക്കാർ അംഗീകരിക്കുകയും പരിസ്‌ഥിതി ലോല പ്രദേശങ്ങളുടെ അതിർത്തി നിർണയിക്കുന്നതിനായി 2014 മാർച്ച് 10ന് ആദ്യ നോട്ടിഫിക്കേഷൻ ഇറക്കുകയും ചെയ്തു. 2015,17,18 വർഷങ്ങളിൽ തയാറാക്കിയ വിജ്ഞാപനം സമവായമുണ്ടാകാത്തതിനെ തുടർന്ന് നടപ്പാക്കാനായില്ല. തുടർച്ചയായി ഇളവുകൾ ആവശ്യപ്പെടുന്നതിനാൽ കേരളത്തിന്‍റെ ആവശ്യം ഇനി പരിഗണിക്കാനാവില്ലെന്നും അന്തിമവിജ്ഞാപനം ഇറക്കാനായിട്ടില്ലെന്നും കേന്ദ്ര പരിസ്‌ഥിതി മന്ത്രി 2022 ജൂലൈ 18നു ലോക്സഭയെ അറിയിച്ചു. പരിസ്‌ഥിതി സംരക്ഷണത്തിലൂടെയുള്ള സുസ്‌ഥിര വികസനമാണ് കസ്തൂരിരംഗൻ കമ്മിറ്റി ശുപാർശകൾ മുന്നോട്ടുവയ്ക്കുന്നതെങ്കിലും സംസ്‌ഥാന സർക്കാർ താല്പര്യം കാണിക്കുന്നില്ല. കേരളത്തിലെ രാഷ്‌ട്രീയക്കാർ കസ്തൂരിരംഗൻ ശുപാർശകൾ വായിച്ചുപോലും നോക്കിയിട്ടില്ലെന്ന് ബെംഗളൂരു സെന്‍റർ ഫോർ ഇക്കോളജിക്കൽ സയൻസസിലെ സയന്‍റിഫിക് ഓഫിസർ ടി.വി. രാമചന്ദ്രൻ പറയുന്നു.
യഥാർഥത്തിൽ കസ്തൂരിരംഗൻ ശുപാർശകൾ വന സംരക്ഷണത്തിനായി ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നവയാണ്. പരിസ്‌ഥിതി സംരക്ഷണത്തിനായുള്ള നിക്ഷേപത്തിന് പകരമായി കടം എഴുതിത്തള്ളൽ അടക്കമുള്ള (ഡെബ്റ്റ് ഫോർ നേച്ചർ സ്വാപ്സ്) നൂതന സാമ്പത്തിക പരിഹാരങ്ങളാണ് കസ്തൂരിരംഗൻ ശുപാർശയിലുള്ളത്.
കസ്തൂരിരംഗൻ റിപ്പോർട്ട് അട്ടിമറിച്ചുവെന്ന് മാത്രമല്ല മൈനിങ് നിയമങ്ങളിൽ പോലും കേരളം വെള്ളം ചേർത്തു. 2015 കേരള മൈനർ മിനറൽസ് കൺസഷൻ ചട്ടങ്ങൾ പോലും പാലിക്കാൻ ക്വാറി ഉടമകൾ തയാറാവുന്നില്ല. പ്രവർത്തനം അവസാനിപ്പിക്കുന്ന ക്വാറികൾ കുഴികൾ മണ്ണിട്ട് മൂടണമെന്നും ഇത് നടപ്പാക്കാൻ കഴിയില്ലെങ്കിൽ കോൺക്രീറ്റ് അല്ലങ്കിൽ ഇരുമ്പ് പില്ലറുകൾ ഉപയോഗിച്ച് ഫെൻസ് ചെയ്യുകയോ വേണമെന്ന ചാട്ടവും പാലിക്കപ്പെടുന്നില്ല. ഖനനത്തിന് ശേഷം സസ്യജാലങ്ങളുടെ ആവാസ വ്യവസ്‌ഥ പുനഃസ്‌ഥാപിക്കാനുള്ള ഒരു നടപടിയും സ്വീകരിക്കാറുമില്ല. ക്വാറിക്ക് നൽകിയ പെർമിറ്റ് കാലാവധി അവസാനിച്ച ശേഷം എത്ര മരങ്ങൾ നട്ടു എന്നത് സംബന്ധിച്ച് മൈനിങ് ജിയോളജി വകുപ്പിനോ പൊല്യൂഷൻ കൺട്രോൾ ബോർഡിനോ യാതൊരു കണക്കുമില്ലെന്ന് 2017ലെ സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കേരളത്തിലെ 27 ക്വാറികൾ പരിശോധിച്ചതിൽ 21 എണ്ണവും ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് പ്രവർത്തിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. പെർമിറ്റ് കാലാവധി കഴിഞ്ഞ് പ്രവർത്തിക്കുന്ന ക്വാറികളും ഇക്കൂട്ടത്തിലുണ്ട്.
കേരളത്തിൽ നിലവിൽ 110 ക്വാറി പെർമിറ്റുകൾ ഉള്ളതായാണ് മൈനിങ് ജിയോളജി വകുപ്പിന്‍റെ കണക്ക്. ഇത് 12 വർഷത്തേക്കു പെർമിറ്റ് നൽകിയവയാണ്. ഇതിനു പുറമെ 444 ക്വാറി ലീസുകളുമുണ്ട്. ഇത് 3 വർഷം വരെയാണ് നൽകിയിരിക്കുന്നത്. കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരം കേരളത്തിലെ 14 ജില്ലകളിൽ 11ലും പരിസ്‌ഥിതിലോല പ്രദേശങ്ങളുണ്ട്. കേരളത്തിലാകെ 1,688 ക്വാറികൾ പ്രവർത്തിക്കുന്നതായാണ് ഡൗൺ ടു എർത്ത് കണ്ടെത്തിയിരിക്കുന്നത്. ഇവയിൽ 90 എണ്ണവും 123 പരിസ്‌ഥിതിലോല ഗ്രാമങ്ങളിലാണ്.
വയനാട് പോലെയുള്ള ദുരന്തങ്ങൾ സൂചനകളാണ്. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ഉണർന്നെഴുനേൽക്കുന്ന സംവിധാനം ഇനിയും എത്രനാൾ? പശ്ചിമഘട്ടത്തെ സംരക്ഷിച്ചില്ലെങ്കിൽ, പശ്ചിമഘട്ടം നേരിടുന്ന വെല്ലുവിളികളെ ഗൗരവമായി സമീപിച്ചില്ലെങ്കിൽ കനത്ത തിരിച്ചടികൾ ഏറ്റുവാങ്ങേണ്ടി വരുമെന്നതിൽ തർക്കമില്ല.
(അവസാനിച്ചു)