നിശബ്ദത സുരക്ഷയ്ക്ക് വഴിമാറുന്നു

കേന്ദ്ര വനിതാ- ശിശു വികസന മന്ത്രാലയം സഹമന്ത്രി സാവിത്രി താക്കൂർ എഴുതുന്നു

Silence gives way to security

നിശബ്ദത സുരക്ഷയ്ക്ക് വഴിമാറുന്നു

Updated on

2012ലെ ഹീനമായ നിർഭയ സംഭവം രാജ്യ മനഃസാക്ഷിയെ ഞെട്ടിച്ചു. സ്ത്രീ സുരക്ഷയ്ക്കായുള്ള ഇന്ത്യയുടെ നിയമപരവും ഭരണപരവുമായ ചട്ടക്കൂടിൽ ദൃശ്യമായിരുന്ന ആഴത്തിലുള്ള വിള്ളലുകൾ സംഭവം തുറന്നുകാട്ടി. അപര്യാപ്തമായ പൊലീസ് സംവിധാനം, നീതിന്യായ വ്യവസ്ഥയുടെ മന്ദഗതിയിലുള്ള പ്രതികരണം, കാലഹരണപ്പെട്ട നിയമങ്ങൾ, അതിജീവിതരെ പിന്തുണയ്ക്കാനുള്ള സംവിധാനങ്ങളുടെ സമ്പൂർണ അഭാവം എന്നിവ പൊതുവേ നിരാശാജനകമായ ചിത്രമായിരുന്നു വരച്ചുകാട്ടിയിരുന്നത്.

2014 ആയപ്പോഴേക്കും ഇന്ത്യ ഒരു നിർണായക വഴിത്തിരിവിലൂടെ കടന്നു പോവുകയായിരുന്നു. പൊതുജന പ്രതിഷേധം ഉച്ചസ്ഥായിയിലായി. പക്ഷേ, നിയമ സംവിധാനം അപ്പോഴും മന്ദഗതിയിലാണ് ചലിച്ചിരുന്നത്. അതിവേഗ കോടതികൾ കേവലമൊരു ആശയമായിരുന്നു, യാഥാർഥ്യമായിക്കഴിഞ്ഞിരുന്നില്ല. വൺ സ്റ്റോപ്പ് സൊല്യൂഷൻസും (ഒഎസ്‌സി) കേന്ദ്രങ്ങളും ഉണ്ടായിരുന്നില്ല. ദേശീയ വനിതാ ഹെൽപ്പ് ലൈനുകളും ആരംഭിച്ചിരുന്നില്ല. അതിവേഗ അന്വേഷണത്തിന് ഫൊറൻസിക് പിന്തുണ ലഭ്യമായിരുന്നില്ല. അത്തരം നടപടികളെ പിന്തുണയ്ക്കാനുള്ള ഫണ്ടും വകയിരുത്തിയിരുന്നില്ല. വനിതകളുടെ പ്രശ്‌നങ്ങൾ ദേശീയ മുൻഗണനകളായല്ല, പകരം സാമൂഹിക ആശങ്കകൾ എന്ന നിലയ്ക്കാണ് വീക്ഷിക്കപ്പെട്ടിരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദാർശനിക നേതൃത്വത്തിന് കീഴിൽ കഴിഞ്ഞ 11 വർഷത്തെ ഭരണകാലത്ത് ഭാരത സർക്കാർ മാതൃകാപരമായ പരിവർത്തനം സാധ്യമാക്കി- ശിഥിലവും ദുർബലവുമായ പ്രതികരണത്തിൽ നിന്ന് നിയമ പരിഷ്കരണം, സ്ഥാപനപരമായ സേവന വിതരണം, ഓരോ സ്ത്രീയുടെയും അന്തസ് എന്നീ ഘടകങ്ങളിലൂന്നി, ദൗത്യ രൂപേണയുള്ള സമീപനത്തിലേക്ക് വഴിമാറി.

നിയമ സുരക്ഷ ദേശീയ പ്രതിബദ്ധത

രാജ്യത്തുടനീളം പ്രത്യേക അതിവേഗ കോടതികൾ (FTSC) സ്ഥാപിച്ചുകൊണ്ടാണ് സർക്കാർ ഈ ദിശയിലുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഇന്ന് അത്തരം 745 കോടതികൾ പ്രവർത്തിക്കുന്നു, അതിൽ 404 എണ്ണം ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമപ്രകാരമുള്ള (പോക്സോ) കേസുകൾ മാത്രം കൈകാര്യം ചെയ്യുന്നവയാണ്.

2014ൽ ഒരു വൺ സ്റ്റോപ്പ് സെന്‍റർ പോലും പ്രവർത്തനക്ഷമമല്ലാതിരുന്നിടത്തു നിന്ന് 820ലധികം ജില്ലകളിൽ ഇപ്പോൾ പൂർണതോതിൽ പ്രവർത്തനക്ഷമമായ ഒഎസ്‌സികളുണ്ട്. അക്രമത്തിന് ഇരയായ, ദുരിതമനുഭവിക്കുന്ന ഏതൊരു സ്ത്രീയ്ക്കും ഒരു മേൽക്കൂരയുടെ കീഴിൽ നിയമസഹായം, പോലീസ് ഇടപെടൽ, അഭയം, കൗൺസിലിങ് എന്നിവ ഈ കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കുന്നു. ഈ സംവിധാനത്തിന്‍റെ ഭാഗമായി ആരംഭിച്ച ദേശീയ വനിതാ ഹെൽപ്പ്‌ലൈൻ (181) 24X7 അടിസ്ഥാനത്തിൽ 8.6 ദശലക്ഷത്തിലധികം സ്ത്രീകൾക്ക് അടിയന്തര സഹായം നൽകി. കൂടാതെ, രാജ്യമെമ്പാടുമുള്ള 14,600ലധികം പൊലീസ് സ്റ്റേഷനുകളിൽ ഇപ്പോൾ വനിതാ ഹെൽപ്പ് ഡെസ്കുകളുണ്ട്. അവയിൽ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് വനിതാ ഉദ്യോഗസ്ഥരാണ്. ഇത് മുമ്പ് നിസംഗതയോ ഒരു വേള ശത്രുതയോ പോലും അനുഭവപ്പെട്ടിരുന്ന അന്തരീക്ഷത്തെ പിന്തുണാനിർഭരവും സംവേദനക്ഷമവും ആക്കി മാറ്റി.

2014നു മുമ്പു നിലനിന്നിരുന്ന ദുർബലമായ അടിയന്തര പ്രതികരണ സംവിധാനവുമായി താരതമ്യപ്പെടുത്തുമ്പോൾ നിർഭയ ഫണ്ട് മുഖേന, സ്ത്രീ സുരക്ഷയിലും ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന 50ലധികം പദ്ധതികൾക്ക് സർക്കാർ ധനസഹായം നൽകി എന്ന് കാണാം.

പുരോഗമനപരമായ നിയമ ഭേദഗതികൾ

2013ലെ ക്രിമിനൽ നിയമ (ഭേദഗതി) നിയമം ചില ആവശ്യ പരിഷ്‌കാരങ്ങൾക്ക് തുടക്കമിട്ടെങ്കിലും, 2023ൽ ഭാരതീയ ന്യായ സംഹിതയും (ബിഎൻഎസ്) അനുബന്ധ നിയമങ്ങളും പ്രകാരമുള്ള സമഗ്രമായ നിയമ സംഹിതാ ക്രോഡീകരണമാണ് കൊളോണിയൽ കാലഘട്ടത്തിലെ ക്രിമിനൽ നിയമ വ്യവസ്ഥയിൽ നിന്നുള്ള ഇന്ത്യയുടെ യഥാർഥ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തിയത്.

വനിതകൾക്കെതിരായ എല്ലാ കുറ്റകൃത്യങ്ങളും ഒരു പ്രത്യേക അധ്യായത്തിലുൾപ്പെടുത്തി ഏകീകരിച്ചു. ഇരയുടെ മൊഴികൾ വീഡിയൊയിൽ റെക്കോഡ് ചെയ്യണമെന്നും, ഒരു വനിതാ മജിസ്ട്രേറ്റ് ഈ പ്രക്രിയ സംവേദനാത്മകമാണെന്ന് ഉറപ്പാക്കണമെന്നും പുതിയ നിയമങ്ങൾ അനുശാസിക്കുന്നു. ഡിജിറ്റൽ സ്റ്റോക്കിങ്, വോയറിസം, വിവാഹ വാഗ്ദാനം നൽകിയുള്ള വഞ്ചന തുടങ്ങിയ കുറ്റകൃത്യങ്ങൾ ഇതാദ്യമായി ക്രിമിനൽ കുറ്റമായി നിർവചിച്ചു. ആസിഡ് ആക്രമണങ്ങൾ, മനുഷ്യക്കടത്ത്, കൂട്ടബലാത്സംഗം, കസ്റ്റഡിയിലെ ലൈംഗിക അതിക്രമം എന്നിവയ്ക്ക് കർശനമായ ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്നു. കൂടാതെ, ബലാത്സംഗത്തിന് ഇരയായ കേസുകളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനോ അടിയന്തര വൈദ്യസഹായം നൽകാനോ വിസമ്മതിക്കുന്നതും ക്രിമിനൽ കുറ്റമായി കണക്കാക്കുന്നു. "സംരക്ഷണവാദ'ത്തിലൂന്നിയ പരമ്പരാഗത നിയന്ത്രണങ്ങൾ ഉപേക്ഷിച്ച്, സ്വയംനിർണയാവകാശം ഉറപ്പാക്കിയതിലൂടെ ഇപ്പോൾ ഏത് മേഖലയിലും ഏത് സമയത്തും ജോലി ചെയ്യാൻ സ്ത്രീകൾക്ക് നിയമപരമായി അനുവാദമുണ്ട്.

ലൈംഗികാതിക്രമ കേസുകളിൽ അതിജീവിതരുടെ നീതിയുടെ അനുഭവം പുനർനിർവചിക്കും വിധമുള്ള സാക്ഷി സംരക്ഷണ സംവിധാനങ്ങൾ, ഡിജിറ്റൽ തെളിവുകളുടെ സ്വീകാര്യത എന്നിവയുൾപ്പെടെ നിർണായകമായ നടപടിക്രമ പരിഷ്‌കാരങ്ങളും അവതരിപ്പിച്ചു. ഇവ വെറും ഭേദഗതികളല്ല - നീതിന്യായ വ്യവസ്ഥയെ അതിജീവിതരിലേക്ക് പുനഃക്രമീകരിക്കുന്നതിനെയാണ് ഈ ഭേദഗതികൾ പ്രതിനിധീകരിക്കുന്നത്.

നിയമത്തിനുപരിയായ ശാക്തീകരണം

കേവലം നിയമ സംരക്ഷണത്തിനപ്പുറം സാമൂഹിക, സാമ്പത്തിക, ഡിജിറ്റൽ ശാക്തീകരണത്തിനായി വിപുലമായ സംരംഭങ്ങൾക്കൊപ്പം നിയമ പരിഷ്‌ക്കാരങ്ങളും കണ്ണി ചേർക്കുക എന്നതാണ് സർക്കാരിന്‍റെ സമീപനം. പ്രസവ അവധി 12 ആഴ്ച എന്നതിൽ നിന്ന് 26 ആഴ്ചയാക്കി. 50ലേറെ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ഇപ്പോൾ ക്രെഷ് സൗകര്യങ്ങൾ നിർബന്ധം. സ്ത്രീകൾ ഇന്നു സായുധ സേനയിലെ യുദ്ധ സന്നദ്ധത വേണ്ട ചുമതലകളിൽ സജീവമായി പങ്കെടുക്കുന്നു. സൈനിക സ്കൂളുകളിൽ പെൺകുട്ടികൾ പ്രവേശനം നേടുന്നു. അഭിമാനകരമായ നാഷണൽ ഡിഫൻസ് അക്കാദമിയിൽ (എൻഡിഎ) പ്രവേശിക്കുന്നു, സ്ഥിരം കമ്മിഷൻ നേടുന്നു. ഒരുകാലത്ത് അപ്രാപ്യമായിരുന്നു ഈ നാഴികക്കല്ലുകൾ.

മുത്തലാഖ് പോലുള്ള വിവേചനപരമായ ആചാരങ്ങൾ നിയമപരമായി നിർത്തലാക്കി. പുരുഷ രക്ഷാധികാരിയുടെ അകമ്പടി കൂടാതെ ഹജ് തീർഥാടനം നടത്താൻ വനിതകൾക്ക് ഇപ്പോൾ അനുവാദമുണ്ട്. സാമൂഹിക അടിസ്ഥാനത്തിലുള്ള നാരീ അദാലത്തുകളിലൂടെയും ഷീ- ബോക്സ് 2.0 പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെയും നീതി വിതരണം വികേന്ദ്രീകരിക്കുകയും ഡിജിറ്റൈസേഷൻ ഉറപ്പാക്കുകയും ചെയ്തു. ഇത് സമയബന്ധിതമായ പരിഹാര സംവിധാനങ്ങളെ നേരിട്ട് താഴേത്തട്ടിലെത്തിക്കുന്നു.

നിയമപരമായ അന്തസ്, സുരക്ഷിത സുശക്ത ഭാരതം

2014ന് മുമ്പ് സ്ത്രീ സുരക്ഷ എന്നത് പലപ്പോഴും നയങ്ങളാലല്ല, മറിച്ച് വാർത്തകളാൽ നയിക്കപ്പെടുന്ന പ്രതികരണ വിഷയമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. ഇന്ന് ഫണ്ടുകൾ, ഫൊറൻസിക് ഉപകരണങ്ങൾ, നിയമ പരിഷ്‌കാരങ്ങൾ, മുൻനിര പ്രവർത്തകർ എന്നിവരുടെ പിന്തുണയോടെ ഭരണത്തിന്‍റെ അടിസ്ഥാന ഘടനയിൽ അത് ഉൾച്ചേർന്നിരിക്കുന്നു.

അമൃത കാലത്തേയ്ക്ക് പ്രവേശിക്കുമ്പോൾ, ദർശനം സുവ്യക്തം: ഒരു സ്ത്രീയും ഒറ്റപ്പെടാത്ത, സുരക്ഷ വിശേഷ ആനുകൂല്യമല്ല മറിച്ച് രാജ്യം പിന്തുണയ്ക്കുന്ന ഭരണഘടനാദത്തമായ ഉത്തരവാദിത്തമായി മാറിയ ഒരു പുതിയ ഇന്ത്യ എന്നതാണ് ആ ദർശനം.

യാത്ര അവസാനിച്ചിട്ടില്ല, പക്ഷേ നാം ഏറെ ദൂരം പിന്നിട്ടിരിക്കുന്നു. രാഷ്‌ട്രീയ ഇച്ഛാശക്തി, സാമൂഹിക പങ്കാളിത്തം, നിയമപരമായ പ്രതിബദ്ധത എന്നിവയിലൂടെ ഒരു സ്ത്രീക്ക് ജീവിക്കാനും ജോലി ചെയ്യാനും നേതൃപരമായ ഉത്തരവാദിത്തങ്ങൾ വഹിക്കാനും ഏറ്റവും സുരക്ഷിതമായ പ്രദേശമായി മാറാൻ ഭാരതത്തിന് കഴിയും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com