

സീതാ സ്വയംവരത്തിലെ സംയോഗ ശൃംഗാരം
വര: സുഭാഷ് കല്ലൂർ
"ഇടിവെട്ടീടുംവണ്ണം വിൽമുറിഞ്ഞൊച്ച കേട്ടു
നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ,
മൈഥിലി മയിൽപ്പേട പോലെ സന്തോഷം പൂണ്ടാൾ
കൗതുകമുണ്ടായ് വന്നു ചേതസി കൗശികനും,
മൈഥിലിതന്നെപ്പരിചാരകന്മാരും നിജ -
മാതാക്കന്മാരും കൂടി നന്നായ്ച്ചമയിച്ചാർ.
സ്വർണവർണത്തെപ്പൂണ്ട മൈഥിലി മനോഹരി
സ്വർണഭൂഷണങ്ങളുമണിഞ്ഞു ശോഭയോടെ
സ്വർണമാലയും ധരിച്ചാദരാൽ മന്ദംമന്ദ -
മർണോജനേത്രൻ മുമ്പിൽ സത്രപം വിനീതയായ്
വന്നുടൻ നേത്രോല്പലമാലയുമിട്ടാൾ മുന്നേ,
പിന്നാലെ വരണാർഥമാലയുമിട്ടീടിനാൾ'.
ഇത് സംയോഗ ശൃംഗാരമാണ്. നായികാനായകന്മാർ ഒരുമിച്ചിരിക്കുമ്പോഴും പിരിഞ്ഞിരിക്കുമ്പോഴും ഒരേ വികാരമല്ലല്ലോ അനുഭവപ്പെടുക. അതിനാൽ സംയോഗമെന്നും വിയോഗമെന്നും ശൃംഗാരത്തിന് പക്ഷഭേദം കല്പിച്ചിരിക്കുന്നു. സംഭോഗ ശൃംഗാരമെന്നും ഇതിനെ കണക്കാക്കാം.
മിഥിലാപുരിയിലേക്കുള്ള യാത്രാമധ്യേ വിശ്വാമിത്രനും രാമലക്ഷ്മണന്മാരും പ്രശാന്തസുന്ദരമായ, എന്നാൽ ജന്തുവർഗജാലങ്ങളില്ലാത്ത ഗൗതമാശ്രമത്തിൽ എത്തുന്നു. മനസിന് നല്ല ആനന്ദമുണ്ടാകുന്ന ഇക്കാണുന്ന ആശ്രമം ഏതാണെന്ന ശ്രീരാമന്റെ ചോദ്യത്തിന്, മുനി ഉത്തരമായി ഗൗതമ മഹർഷിയുടെയും അദ്ദേഹത്തിന്റെ പത്നിയായ അഹല്യയുടെയും കഥ പറയുന്നു.
ഗൗതമൻ പത്നീസമേതനായി കഴിയുന്ന കാലത്ത് അഹല്യയുടെ രൂപലാവണ്യത്തിൽ ആകൃഷ്ടനായ ഇന്ദ്രൻ ഒരു ദിവസം അന്ത്യയാമത്തിൽ ഗൗതമ മുനിയുടെ രൂപത്തിൽ മഹർഷി സ്നാനത്തിനു പോയ സമയം നോക്കി ആശ്രമത്തിലെത്തി അഹല്യയോട് ചേരുന്നു. നേരം വെളുക്കുവാൻ ഇനിയും നേരമുണ്ടെന്ന് തിരിച്ചറിഞ്ഞ ഗൗതമൻ സത്യം മനസിലാക്കി ഇന്ദ്രനെ സഹസ്രഭഗനാവുക എന്ന് ശപിച്ചു. അഹല്യയെ അദ്ദേഹം നിശ്ചലയായിത്തീരട്ടെയെന്നും ശപിച്ചു. ശാപമോക്ഷം തേടിയ പത്നിയോട് മഴ, മഞ്ഞ്, വെയിൽ, ചൂട്, കാറ്റ് എന്നിവയെല്ലാം സഹിച്ച് ഏകചിന്തയോടെ ശ്രീരാമപാദം സ്മരിച്ചുകൊണ്ട് പ്രാർഥനയോടെ കാത്തിരിക്കാൻ ആവശ്യപ്പെട്ടു. ഇങ്ങനെ പല സംവത്സരങ്ങൾ കഴിയുമ്പോൾ രാവണ നിഗ്രഹത്തിനായി പിറവിയെടുക്കുന്ന ശ്രീരാമചന്ദ്രൻ ഇതുവഴി വരും. അന്ന് ഭഗവാന്റെ പാദസ്പർശം കൊണ്ട് നിനക്ക് മോക്ഷപ്രാപ്തി കൈവരുമെന്ന് മുനി അരുളിച്ചെയ്തു.
ഇവിടെ ആശ്രമവിപരീതമായ ചിന്തയാണ് അഹല്യയ്ക്ക് വിനയായതെന്ന് കാണാം. ഇന്ദ്രൻ എന്നു പറയുന്നത് ഇന്ദ്രിയവിഷയങ്ങളിൽ വ്യാപ്യതമാകുന്ന മനസ് എന്നാണെന്നാണ് തിരിച്ചറിയേണ്ടത്. ഇന്ദ്രൻ മുനിമാരുടെ തപസു മുടക്കുന്ന അനേക പുരാണകഥകൾ ഉണ്ടല്ലൊ. ഇതെല്ലാം തന്നെ തപസു ചെയ്യുന്ന സമയത്ത് അവരുടെ മനസിൽ ഉണ്ടാകുന്ന ഇന്ദ്രിയ വിഷയങ്ങൾ തന്നെയാണ്. അതിനു വിധേയരായതിനാൽ അവരുടെ തപസ് മുടങ്ങുന്നു. അഹല്യയ്ക്ക് ഭർത്താവിനെയല്ലാതെ അന്യപുരുഷനെ പരിചയമില്ല. അതാണ് ഗൗതമമുനിയുടെ രൂപത്തിൽ വന്നു എന്ന് പറഞ്ഞിരിക്കുന്നതിന്റെ സാരം. അങ്ങനെ മനോനിയന്ത്രണമില്ലാത്ത അഹല്യയ്ക്ക് കഠിന തപസിലൂടെ മാത്രമേ മനോനിയന്ത്രണം സാധ്യമാകൂ എന്ന് ഗൗതമന് അറിയാവുന്നതു കൊണ്ടാണ് ഇത്തരത്തിൽ ശാപം നൽകിയത്. മോക്ഷം സിദ്ധിച്ചശേഷം പരിശുദ്ധയായി ഗൗതമ മുനിയോട് ചേരാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വൃത്താന്തം അറിയിച്ചശേഷം, രാമന്റെ പാദസ്പർശത്താൽ അഹല്യയ്ക്ക് മോക്ഷം നൽകണമെന്ന് വിശ്വാമിത്ര വചനം കേട്ട് ശ്രീരാമൻ രാമോഹം എന്ന് പറഞ്ഞുകൊണ്ട് തന്റെ പാദസ്പർശത്താൽ അഹല്യയ്ക്ക് മോക്ഷം നൽകുന്നു.
മുനിപത്നിയെ രാമൻ വന്ദിക്കുന്നു. തന്റെ മുന്നിൽ രാമലക്ഷ്മണന്മാരെയും വിശ്വാമിത്ര മഹർഷിയെയും കണ്ട് ഭർത്താവായ ഗൗതമൻ മുമ്പ് പറഞ്ഞതെല്ലാം ഓർമ വന്ന് അഹല്യാ ദേവി ശ്രീരാമചന്ദ്രനെ സ്തുതിക്കുന്നു. ഈ ഭാഗം അഹല്യാ സ്തുതി എന്ന പേരിൽ പ്രസിദ്ധമാണ്.
അഹല്യയുടെ കഥയും മോക്ഷ പ്രാപ്തിയും വിസ്തരിച്ചശേഷം ജനകരാജ്യമായ മിഥിലാപുരിയിലേക്ക് കവി വായനക്കാരനെ കൊണ്ടുപോകുകയും, സീതാ സ്വയംവരത്തിൽ പങ്കാളിയാക്കുകയും ചെയ്യുന്നു.
ഒരു കാര്യം സൂചിപ്പിക്കാതെ ഈ രംഗം കടന്നുപോകൽ സാധ്യമല്ല. എന്തെന്നാൽ, ഗൗതമ മുനി ഇന്ദ്രസ്പർശമറിഞ്ഞ അഹല്യയെ ശപിച്ചുവെന്നും അവൾ കല്ലായി മാറിയെന്നുമാണല്ലോ പ്രചാരം സിദ്ധിച്ച കഥ. അപ്രകാരമൊരു ചലച്ചിത്ര ഗാനവുമുണ്ട്. അങ്ങനെയല്ല പരമാർഥം. ഗൗതമ മഹർഷി കൊടും തപസിനായി ഹിമാലയ ശിഖരത്തിലേക്ക് യാത്രയായതിനു ശേഷം മഞ്ഞു മൂടിയ മുഴുമതി പോലെയും പുക പുരണ്ട അഗ്നി പോലെയും അദൃശ്യയായി അഹല്യ ആശ്രമത്തിൽ കഴിഞ്ഞുവന്നു. പതി നിർദേശിച്ച ശാപമോക്ഷ പ്രാപ്തിക്കായി ശ്രീരാമചന്ദ്രൻ വരുന്നതു കാത്ത് അഹല്യ ധ്യാനത്തിലാണ്ടു. ശ്രീരാമാനുഗ്രഹത്താൽ അവൾ തപോവിശുദ്ധയായി പതിയോടു ചേർന്നു എന്നാണ് മുനി വാല്മീകി പറയുന്നത്. പിന്നീട് മിഥിലയിലെത്തി ശൈവചാപം മുറിച്ച് സീതയെ വേൾക്കുന്ന രാമനെ നാം കാണുന്നു. വിശ്വസ്തനായ ഒരു ദൂതൻ വശം ജനക മഹാരാജാവ് വിവരങ്ങൾ എഴുതിയയച്ചതു പ്രകാരം അതിമോദത്തോടെ മിഥിലയിലെത്തിയ ദശരഥരാജനും രാജ്ഞിമാരും ഗുരു വസിഷ്ഠൻ തുടങ്ങിയ ആചാര്യന്മാരും പൗരജനങ്ങളുടെയും സാന്നിധ്യത്തിൽ മൂന്ന് കുമാരിമാർക്ക് നാഥരാകുന്ന രാമസഹോദരങ്ങളെ കാണുന്നു. ലക്ഷ്മണ കുമാരൻ ഊർമിളയേയും ഭരത കുമാരൻ മാണ്ഡവിയേയും ശത്രുഘ്ന കുമാരൻ ശ്രുതകീർത്തിയേയും യഥാവിധി പാണീഗ്രഹണം ചെയ്യുന്നു.
സ്വയംവര സമയത്തെ സീതയുടെ സംയോഗമാണ് എഴുത്തച്ഛൻ മനോഹരമായി വർണിച്ചിരിക്കുന്നത്. നായികാനായകന്മാരുടെ ദർശന സ്പർശനാദികളും അതിൽ നിന്നുണ്ടാവുന്ന ഹർഷവുമാണ് വർണനാ വിഷയം. കാവ്യരസങ്ങളിൽപ്പെട്ടതാണ് സംയോഗവും.
ഇക്കാര്യത്തിൽ ശൃംഗാരത്തെക്കുറിച്ചൊന്നു വിസ്തരിക്കാം. കാമദേവന്റെ പ്രാദുർഭാവത്തെയാണ് ശൃംഗം എന്നു സൂചിപ്പിക്കുന്നത്. അതിനു കാരണമായ ഉത്തമപ്രകൃതിയോടൊത്ത രസത്തെ ശൃംഗാരമെന്നു പറയുന്നു. സ്ത്രീപുരുഷന്മാരുടെ പവിത്രമായ സ്നേഹത്തെയാണ് ഇതിൽ വർണിക്കുക. ഒരു കാര്യം പ്രത്യേകം ഓർമിക്കേണ്ടതുണ്ട്. വെറും കുത്തഴിഞ്ഞ ലൈംഗിക വികാരങ്ങളുടെയും ചേഷ്ടകളുടെയും നിവാസഭൂമികയല്ല ശൃംഗാരരസം.
അനുരാഗാതിശയമാണ് ഇവിടെ പ്രധാനം. വ്യക്തി പോലുമല്ല. യൗവനകാലത്ത് നായികയിൽ പ്രകടമാകുന്ന ഇരുപത്തിയെട്ട് സാത്വികാലങ്കാരങ്ങളെപ്പറ്റി ചില സംസ്കൃതാലങ്കാരികന്മാർ പറഞ്ഞു കാണുന്നു. കഥകളിയിലെ "നോക്കിക്കാണൽ' നാട്യത്തിലെ സംയോഗ ശൃംഗാര രസാവിഷ്ക്കരണത്തിന്റെ ഉത്തമ മാതൃകയാണ്.
ഇവിടെ സീത ആശ്രയം, രാമൻ ആലംബനം എന്നാണ് സ്ഥിതി. വില്ലൊടിച്ച് തെളിയിച്ച കൈക്കരുത്തും, അർണോജ നേത്രത്വവും ആലംബാനുഗതമായ ഉദ്ദീപനവിഭാഗങ്ങളാണ്. അങ്ങനെ സീതയിൽ ഉദ്ദീപ്തമായ രതികടാക്ഷപാതം, വരണമാല്യം ചാർത്തൽ എന്നീ അനുഭവങ്ങളാൽ വ്യഞ്ജിപ്പിക്കുന്നു. ഹർഷം (സന്തോഷം പൂണ്ടാൾ), വ്രീഡ (മന്ദം മന്ദം സരൂപം) മുതലായ സഞ്ചാരീഭാവങ്ങളാൽ സമ്പുഷ്ടമായി രതിസ്ഥായീഭാവം സംയോഗ ശൃംഗാരമായി പരിണമിച്ചിരിക്കുന്നു. എഴുത്തച്ഛൻ സൃഷ്ടിച്ച ഈ രസഭാവം സാഹിത്യ വിദ്യാർഥികൾ മറ്റു പല കൃതികളുമായി തട്ടിച്ചുനോക്കി സ്വയം മനസിലാക്കേണ്ടതുണ്ട് എന്നു സൂചിപ്പിക്കട്ടെ.
(നാളെ: ഭാർഗവ ക്രോധരസം)