

ഒ.ജെ. ജനീഷ്
https://www.facebook.com/janeeshoj
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ജീവിത യാത്രയിൽ സെയിൽസ്മാനും സെക്യൂരിറ്റിയുമായിരുന്ന ഒ.ജെ. ജനീഷ് എന്ന 37കാരൻ ഇനി സംസ്ഥാനത്തിന്‍റെ യുവജന ക്ഷേമ മന്ത്രി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റായിരിക്കെ കൊടുങ്ങല്ലൂരിലാണ് മത്സരിക്കാൻ അവസരം കിട്ടിയത്. മന്ത്രിയാകേണ്ടവരുടെ ലിസ്റ്റിൽ അവസാനം വരെയും ജനീഷിന്‍റെ പേരുണ്ടായിരുന്നില്ല.
പെരുമ്പാവൂര്‍ പോളിടെക്നിക്കില്‍ രണ്ടാം വര്‍ഷ ഡിപ്ലോമ വിദ്യാര്‍ഥിയായിരിക്കെ ചാലക്കുടിയിലെ ബാര്‍ ജീവനക്കാരനായിരുന്ന ജനീഷിന്‍റെ അച്ഛന്‍ ജനരഞ്ജന്‍ ജോലി സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. അതോടെ കുടുംബത്തിന്‍റെ ഭാരം അമ്മ പുഷ്പയുടെ ചുമലിലായി. തൊഴിലുറപ്പ് ജോലിക്കു പോയാണ് രണ്ടു കുഞ്ഞുങ്ങളെയും പുഷ്പ വളര്‍ത്തിയത്.
കുഴൂര്‍ ഗവ. ഹൈസ്‌കൂളിലും പുത്തന്‍വേലിക്കര വിസിഎസ്എച്ച്എസ്എസിലുമായിരുന്നു സ്‌കൂള്‍ പഠനം. വീട്ടിലെ ദുരിതം കണ്ടറിഞ്ഞ ജനീഷ് തുടർ പഠനച്ചെലവിനു പെരുമ്പാവൂരില്‍ സെക്യൂരിറ്റി ജീവനക്കാരനായും ഇന്‍റര്‍നെറ്റ് കഫേയിലെ തൊഴിലാളിയായും പാര്‍ട്ട് ടൈം ജോലികൾ ചെയ്തു. പെരുമ്പാവൂര്‍ ഗവ. പോളിടെക്നിക്കില്‍ നിന്ന് ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമയും, തൃശൂര്‍ ഗവ. ലോ കോളെജില്‍ നിന്ന് ബിബിഎ എല്‍എല്‍ബി ബിരുദവും നേടി.
പോളിടെക്നിക്കിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്‍റായി തുടങ്ങിയ യാത്ര 2007ല്‍ മാള നിയോജകമണ്ഡലം പ്രസിഡന്‍റ്, 2012ല്‍ തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്‍റ്, 2017ല്‍ ജില്ലാ പ്രസിഡന്‍റ് എന്നീ പദവികളിലെത്തിച്ചു. 2023 മുതല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റായിരുന്നു. രാഹുല്‍ മാങ്കൂട്ടം എംഎൽഎയ്ക്കെതിരേ ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒക്റ്റോബറിലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായത്. അതും തീർത്തും അപ്രതീക്ഷിതമായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ കോട്ടയായ കൊടുങ്ങല്ലൂരിൽ സിപിഐയിലെ വി.ആര്‍. സുനില്‍കുമാറിനെ 8,308 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജനീഷ് പരാജയപ്പെടുത്തിയത്. ഇപ്പോഴിതാ അവസാന നിമിഷം എല്ലാവരേയും അദ്ഭുതപ്പെടുത്തി മന്ത്രിസഭയിലേക്കും ജനീഷിന്‍റെ മാസ് എന്‍ട്രി. പ്രമുഖരുടെ പേരുകള്‍ മാറി മറിഞ്ഞ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിൽ എത്തിയപ്പോഴാണ് ജനീഷിനു നറുക്ക് വീഴുന്നത്. ഈഴവ പ്രാതിനിധ്യവും തൃശൂര്‍ ജില്ലയ്ക്കുള്ള പരിഗണനയും തുണയായി. പുതിയ മന്ത്രിയസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവുമാണ്.