സോമനാഥും ഭാരതത്തിന്‍റെ അജയ്യ ചൈതന്യവും!

"പ്രഭാസം ച പരിക്രമ്യ പൃഥിവീക്രമസംഭവം' എന്നാണ് നമ്മുടെ പുരാതന ഗ്രന്ഥങ്ങൾ പറയുന്നത്.
Somnath and the invincible spirit of India!

സോമനാഥും ഭാരതത്തിന്‍റെ അജയ്യ ചൈതന്യവും!

Updated on

നരേന്ദ്ര മോദി

സോമനാഥ് ക്ഷേത്രത്തിനു നേരെയുണ്ടായ ആദ്യ ആക്രമണത്തിന്‍റെ 1,000 വർഷങ്ങൾ അനുസ്മരിക്കുന്ന "സോമനാഥ് സ്വാഭിമാൻ പർവി'ൽ പങ്കെടുക്കാൻ ഇക്കൊല്ലം തുടക്കത്തിൽ ഞാന്‍ സോമനാഥിലെത്തിയിരുന്നു. മുന്‍ രാഷ്‌ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് പുനരുദ്ധാരണം പൂര്‍ത്തീകരിച്ച് ക്ഷേത്രം ഉദ്ഘാടനം ചെയ്തതിന്‍റെ 75ാം വാർഷികത്തോടനുബന്ധിച്ച് ഈ മാസം11ന് ഞാൻ വീണ്ടും സോമനാഥിലെത്തും. സോമനാഥിനെക്കുറിച്ചും തകര്‍ച്ചയില്‍നിന്നുള്ള അതിന്‍റെ ഉയിർത്തെഴുന്നേല്‍പ്പുമായി ബന്ധപ്പെട്ട് ""വിധ്വംസത്തിൽ നിന്ന് പുനര്‍ജനിയിലേക്ക് ''എന്ന് നാം വിശേഷിപ്പിക്കുന്ന സോമനാഥിന്‍റെ പ്രയാണം സംബന്ധിച്ചും രണ്ട് സുപ്രധാന നാഴികക്കല്ലുകൾക്ക് ആറു മാസത്തിനിടെ സാക്ഷ്യം വഹിക്കാൻ സാധിക്കുന്നത് വലിയൊരു ഭാഗ്യമായി ഞാൻ കണക്കാക്കുന്നു.

സോമനാഥ് നമുക്കൊരു നാഗരിക സന്ദേശമാണ് നൽകുന്നത്. സോമനാഥിനു മുന്നിലെ വിശാലമായ കടൽ നിത്യതയെ അനുസ്മരിപ്പിക്കുന്നു. കൊടുങ്കാറ്റുകൾ എത്ര കഠിനമായാലും തിരമാലകൾ എത്ര പ്രക്ഷുബ്ധമായാലും അന്തസോടെയും കരുത്തോടെയും ഉയർത്തെഴുന്നേൽക്കാൻ സാധിക്കുമെന്ന് ആ തിരമാലകൾ പറയുന്നു. ജനങ്ങളുടെ നിശ്ചയദാർഢ്യത്തെ അധികകാലം അടിച്ചമർത്താനാവില്ലെന്ന് ഓരോ തലമുറയെയും ഓർമിപ്പിക്കുന്നതുപോലെയാണ് തിരകള്‍ തീരം തൊടുന്നത്.

"പ്രഭാസം ച പരിക്രമ്യ പൃഥിവീക്രമസംഭവം' എന്നാണ് നമ്മുടെ പുരാതന ഗ്രന്ഥങ്ങൾ പറയുന്നത്. അതായത്, സോമനാഥ് എന്ന പവിത്ര പ്രഭാസത്തിന് ചുറ്റും പ്രദക്ഷിണം ചെയ്യുന്നത് ഭൂമിയെത്തന്നെ പ്രദക്ഷിണം ചെയ്യുന്നതിന് തുല്യമാണ്! പ്രാർഥനയ്ക്കായി ഇവിടെയെത്തിയവര്‍ ഒരിക്കലും അണയാത്ത നാഗരികതയുടെ ശ്രദ്ധേയമായ തുടർച്ചയാണ് അനുഭവിച്ചറിഞ്ഞത്. സാമ്രാജ്യങ്ങൾ ഉദിച്ചുയരുകയും തകരുകയും ചെയ്തു; വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും മാറിമാറി വന്നു; അധിനിവേശങ്ങളിലൂടെയും അട്ടിമറികളിലൂടെയും ചരിത്രം കടന്നുപോയി; എന്നിട്ടും സോമനാഥ് നമ്മുടെ ബോധമണ്ഡലത്തിൽ എക്കാലവും നിലകൊള്ളുന്നു.

സ്വേച്ഛാധിപത്യത്തിനു മുന്നിൽ പതറാതെ നിന്ന എണ്ണമറ്റ മഹാരഥരെ സ്മരിക്കേണ്ട സമയമാണിത്. പ്രഭാസത്തെ വലിയൊരു ദർശന കേന്ദ്രമാക്കി മാറ്റിയത് ലകുലീശനും സോമശർമനുമാണ്. വല്ലഭിയിലെ ചക്രവർത്തി മഹാരാജ ധരസേനൻ നാലാമനാണ് നൂറ്റാണ്ടുകൾക്കു മുമ്പ് അവിടെ രണ്ടാമത്തെ ക്ഷേത്രം പണിതത്. അധിനിവേശങ്ങൾക്കെതിരേ നാഗരികതയുടെ ആത്മാഭിമാനം സംരക്ഷിച്ചതിന് ഭീമദേവനും ജയപാലനും ആനന്ദപാലനും എന്നും സ്മരിക്കപ്പെടും. ഭോജരാജനും സോമനാഥിന്‍റെ പുനർനിർമാണത്തിന് സഹായിച്ചതായി പറയപ്പെടുന്നു. ഗുജറാത്തിന്‍റെ രാഷ്‌ട്രീയ സാംസ്കാരിക കരുത്ത് വീണ്ടെടുക്കുന്നതിൽ കർണദേവനും സിദ്ധരാജ ജയസിംഹനും സുപ്രധാന പങ്കുവഹിച്ചു. ഭാവ ബൃഹസ്പതിയും കുമാരപാല സോളങ്കിയും പാശുപത ആചാര്യന്മാരും ഈ പുണ്യക്ഷേത്രത്തെ ആരാധനയുടെയും വിദ്യയുടെയും വലിയ കേന്ദ്രമായി പുനർനിർമിക്കുകയും നിലനിർത്തുകയും ചെയ്തു. വിശാലദേവ വഘേലയും ത്രിപുരാന്തകനും ബൗദ്ധിക ആത്മീയ പാരമ്പര്യങ്ങളെ സംരക്ഷിച്ചു. തകർച്ചയ്ക്ക് ശേഷം ആരാധന പുനരാരംഭിക്കുന്നതിൽ മഹിപാലദേവനും രാ ഖംഗാറും നിർണായക പങ്കുവഹിച്ചു. 300ാം ജന്മശതാബ്ദി ആഘോഷിക്കുന്ന പുണ്യശ്ലോക അഹല്യാബായ് ഹോൾക്കർ അതീവദുഷ്കര സമയത്തും ഭക്തിയുടെ തുടർച്ച ഉറപ്പാക്കി. തീർഥാടകരുടെ അവകാശങ്ങൾ സംരക്ഷിച്ച ബറോഡയിലെ ഗെയ്ക്‌വാദുകളുണ്ട്. വീര ഹമീർജി ഗോഹിലിനെയും വീര വേഗ്ദാജി ഭീലിനെയും പോലുള്ള ധീര വ്യക്തിത്വങ്ങളെ വളർത്തിയെടുത്തതാണ് നമ്മുടെ ഈ മണ്ണ് അനുഗ്രഹീതമാകാൻ കാരണം; അവരുടെ ത്യാഗവും ധീരതയും സോമനാഥിന്‍റെ സജീവ സ്മരണയുടെ ഭാഗമാണ്.

1940കളിൽ സ്വാതന്ത്ര്യത്തിന്‍റെ ആവേശം രാജ്യത്തുടനീളം അലയടിക്കുകയും സർദാർ വല്ലഭഭായ് പട്ടേലിനെപ്പോലുള്ള മഹാരഥന്മാരുടെ നേതൃത്വത്തിൽ പുതിയൊരു റിപ്പബ്ലിക്കിന് അടിത്തറ പാകുകയും ചെയ്ത സമയത്ത് അദ്ദേഹത്തെ ആഴത്തിൽ വേദനിപ്പിച്ചു കൊണ്ടിരുന്ന ഒരു കാര്യം സോമനാഥിന്‍റെ അവസ്ഥയായിരുന്നു. 1947 നവംബർ 13ന് ഒരു ദീപാവലി സമയത്ത് തകർന്നടിഞ്ഞ ക്ഷേത്രാവശിഷ്ടങ്ങൾക്കു സമീപം സമുദ്രജലം കൈകളിലേന്തി അദ്ദേഹം പറഞ്ഞു: ""ഗുജറാത്തി പുതുവർഷത്തിന്‍റെ ഈ ശുഭദിനത്തിൽ സോമനാഥ് പുനർനിർമിക്കാന്‍ നാം തീരുമാനിച്ചിരിക്കുന്നു. സൗരാഷ്‌ട്രയിലെ ജനങ്ങളായ നിങ്ങൾ ഇതിനായി ആവുന്നതെല്ലാം ചെയ്യണം. എല്ലാവരും പങ്കുചേരേണ്ട വിശുദ്ധ ദൗത്യമാണിത് ''.

സർദാർ പട്ടേലിന്‍റെ ആഹ്വാനത്തോട് ഗുജറാത്തിലെ ജനങ്ങൾ മാത്രമല്ല, രാജ്യമൊന്നടങ്കം ആവേശത്തോടെയാണു പ്രതികരിച്ചത്.

സര്‍ദാര്‍ പട്ടേല്‍ ഇത്രയേറെ ആഗ്രഹിച്ച സ്വപ്നസാക്ഷാത്കാരത്തിന് സാക്ഷ്യം വഹിക്കാൻ നിർഭാഗ്യവശാൽ വിധി അദ്ദേഹത്തെ അനുവദിച്ചില്ല. പുനരുദ്ധരിച്ച സോമനാഥ ക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുക്കുന്നതിനു മുമ്പ് അദ്ദേഹം ലോകത്തോടു വിട പറഞ്ഞു. എങ്കിലും പ്രഭാസ പട്ടണത്തിന്‍റെ പുണ്യതീരങ്ങളിൽ അദ്ദേഹത്തിന്‍റെ സ്വാധീനം എക്കാലവും നിലകൊണ്ടു. കെ.എം. മുൻഷി ആ കാഴ്ചപ്പാടിനെ മുന്നോട്ടു നയിക്കുകയും നവനഗറിലെ ജാംസാഹേബ് അതിനു ശക്തമായ പിന്തുണ നൽകുകയും ചെയ്തു. 1951ൽ ക്ഷേത്രനിർമാണം പൂർത്തിയായപ്പോൾ അന്നത്തെ രാഷ്‌ട്രപതി ഡോ. രാജേന്ദ്ര പ്രസാദിനെ ചടങ്ങിലേക്കു ക്ഷണിക്കാൻ തീരുമാനിച്ചു. അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റുവിന്‍റെ ശക്തമായ എതിർപ്പുകളെ മറികടന്ന് ഡോ. പ്രസാദ് ചടങ്ങിൽ പങ്കെടുത്തത് ആ നിമിഷത്തെ കൂടുതൽ സവിശേഷവും ചരിത്രപരവുമാക്കി മാറ്റി.

ഞാൻ മുഖ്യമന്ത്രിയായി ചുമതലയേറ്റ സമയത്ത് 2001 ഒക്റ്റോബറിലെ ദിനങ്ങളും എന്‍റെ ഓർമയിലേക്ക് കടന്നുവരുന്നു. 2001 ഒക്റ്റോബർ 31ന് സർദാർ പട്ടേലിന്‍റെ ജയന്തി ദിനത്തിൽ സോമനാഥ് ക്ഷേത്രം തുറന്നുകൊടുത്തതിന്‍റെ 50ാം വാർഷികാഘോഷം സംഘടിപ്പിക്കാൻ ഗുജറാത്ത് സർക്കാരിനു ഭാഗ്യം ലഭിച്ചു. സർദാർ പട്ടേലിന്‍റെ 125ാം ജന്മവാർഷിക ആഘോഷങ്ങള്‍ക്കൊപ്പമായിരുന്നു അത്. അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയും കേന്ദ്ര ആഭ്യന്തര മന്ത്രി എൽ.കെ. അഡ്വാനിയും പരിപാടിയിൽ പങ്കെടുത്തു.

സമാനതകളില്ലാത്ത വിശ്വാസവും സ്നേഹവും സ്വന്തമായ ഒന്നിനെയും തകര്‍ക്കാനാവില്ലെന്ന് സോമനാഥ ക്ഷേത്രം ലോകത്തോട് വിളിച്ചുപറയുന്നുവെന്ന് 1951 മെയ് 11ലെ പ്രസംഗത്തിൽ ഡോ. രാജേന്ദ്ര പ്രസാദ് പറയുകയുണ്ടായി. ക്ഷേത്രം ജനഹൃദയങ്ങളിൽ നിലനിൽക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ക്ഷേത്രപുനരുദ്ധാരണം സർദാർ പട്ടേലിന്‍റെ സ്വപ്നസാക്ഷാത്കാരമാണെന്നും എന്നാൽ ആ ചൈതന്യം മുന്നോട്ടു കൊണ്ടുപോയി ജനജീവിതത്തിൽ സമൃദ്ധി തിരിച്ചു കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്‍റെ ഈ സന്ദേശങ്ങൾ ഏറെ പ്രധാനവും പ്രചോദനാത്മകവുമാണ്.

കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് ഈ പാതയിലൂടെയാണ്. "വികാസ് ഭീ, വിരാസത് ഭീ' അഥവാ "വികസനവും പൈതൃകവും' എന്ന തത്വത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് സോമനാഥം മുതൽ കാശി വരെയും, കാമാഖ്യ മുതൽ കേദാർനാഥ് വരെയും, അയോധ്യ മുതൽ ഉജ്ജെയ്ൻ വരെയും, ത്ര്യംബകേശ്വർ മുതൽ ശ്രീശൈലം വരെയും ഭാരതത്തിന്‍റെ ആത്മീയ കേന്ദ്രങ്ങളെ അവയുടെ പരമ്പരാഗത സ്വഭാവം നിലനിർത്തി ആധുനിക സൗകര്യങ്ങളാൽ സജ്ജമാക്കാൻ അവസരം ലഭിച്ചത് വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. ഇതിനൊപ്പം യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്താനും ശ്രമങ്ങള്‍ നടക്കുന്നതോടെ കൂടുതൽ പേര്‍ക്ക് ഈ പുണ്യകേന്ദ്രങ്ങള്‍ സന്ദർശിക്കാൻ അവസരമൊരുങ്ങുന്നു. പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ഉപജീവനമാർഗങ്ങള്‍ സുരക്ഷിതമാക്കുകയും ചെയ്യുന്ന ഈ ദൗത്യം "ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' എന്ന മനോഭാവത്തിന് ആഴം പകരുന്നു.

സോമനാഥിനെ സംരക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ചവരുടെയും അത് വീണ്ടും വീണ്ടും പുനർനിർമിച്ചവരുടെയും പോരാട്ടങ്ങളും ത്യാഗവും ഒരിക്കലും വിസ്മരിക്കപ്പെടില്ല. ഇന്ത്യയുടെ വിവിധ കോണുകളിലെ എണ്ണമറ്റ വ്യക്തികൾ സോമനാഥിന്‍റെ മഹിമ വീണ്ടെടുക്കാന്‍ സംഭാവനകൾ നൽകിയിട്ടുണ്ട്. രാജ്യത്തിന്‍റെ ഓരോ ഭാഗത്തെയും പവിത്രമായി കണ്ട അവരോരോരുത്തരും ഭൂമിശാസ്ത്രത്തിനതീതമായ ഏകത്വ ബോധത്താൽ പരസ്പരം ബന്ധിക്കപ്പെട്ടിരുന്നു. പലപ്പോഴും വിഭജനങ്ങൾകൊണ്ട് അടയാളപ്പെടുത്തപ്പെടുന്ന ലോകത്ത് ഈ ഐക്യബോധത്തിന് എന്നത്തേക്കാളേറെ പ്രസക്തിയുണ്ട്. സോമനാഥ് അതിന്‍റെ എല്ലാ പ്രഭാവത്തോടെയും എക്കാലവും ഉയർന്നുനിൽക്കും; കാരണം ഐക്യത്തിന്‍റെയും പങ്കിട്ട നാഗരിക ബോധ്യത്തിന്‍റെയും ആ വികാരം ഓരോ ഭാരതീയന്‍റെയും ഹൃദയത്തില്‍ കുടികൊള്ളുന്നു. ഇതിന് ആദരമെന്ന നിലയിൽ ആയിരം വർഷത്തെ അസാധാരണ ധീരതയുടെ സ്മരണാര്‍ത്ഥം അടുത്ത ആയിരം ദിവസത്തേക്ക് സോമനാഥിൽ പ്രത്യേക പൂജകളുണ്ടാവും. നിരവധി പേര്‍ ഈ പൂജകൾക്കായി സംഭാവന നൽകുന്നതില്‍ അതിയായ സന്തോഷമുണ്ട്.

ഈ സവിശേഷ വേളയില്‍ സോമനാഥിലേക്കു യാത്ര പോകാന്‍ എന്‍റെ സഹപൗരന്മാരോട് ഞാൻ അഭ്യർഥിക്കുന്നു. സോമനാഥിന്‍റെ തീരങ്ങളിൽ നിൽക്കുമ്പോൾ അതിന്‍റെ പൗരാണിക അലയൊലികള്‍ നിങ്ങളോട് സംസാരിക്കട്ടെ. ഭക്തിയുടെ ആവേശത്തിനൊപ്പം ഒരിക്കലും മങ്ങാത്തതും തകർക്കാനാവാത്തതും കീഴടങ്ങാത്തതുമായ നാഗരിക ചൈതന്യത്തിന്‍റെ ശക്തമായ സ്പന്ദനവും നിങ്ങള്‍ക്ക് അനുഭവസ്‌ഥമാകും. ഭാരതത്തിന്‍റെ അജയ്യമായ ചൈതന്യം നിങ്ങളറിയും. ഏതെല്ലാം ശ്രമങ്ങൾക്കിടയിലും എന്തുകൊണ്ടാണ് ഭാരതത്തിന്‍റെ സംസ്‌കാരം അപരാജിതമായി നിലകൊണ്ടതെന്ന് നിങ്ങൾ തിരിച്ചറിയും. ഒപ്പം ശാശ്വത വിജയത്തിന്‍റെ പുണ്യദർശനത്തിന് നിങ്ങള്‍ക്ക് അവസരം ലഭിക്കും. അത് തീർച്ചയായും അവിസ്മരണീയമായിരിക്കും.

ജയ് സോമനാഥ്.

(ഭാരത പ്രധാനമന്ത്രിയും ശ്രീ സോമനാഥ് ട്രസ്റ്റ് ചെയർമാനുമാണ് ലേഖകൻ)

logo
Metro Vaartha
www.metrovaartha.com