മറക്കണോ, മറക്കാതിരിക്കണോ...?

പ്രകൃതിയെ നശിപ്പിക്കുന്ന വർത്തമാനകാലത്ത് അരുതേ എന്നു പറയുവാൻ നമുക്ക് സാധിക്കണം. കഴിഞ്ഞുപോയ പ്രകൃതിദുരന്തങ്ങൾ നമ്മൾ മറക്കാതിരിക്കണം.
Vijaychowk
മറക്കണോ, മറക്കാതിരിക്കണോ...?
Updated on

സുധീർനാഥ്

നമ്മൾ പലതും മറക്കുകയാണ്. മറവി ഒരു മനുഷ്യന് നല്ലത് തന്നെയാണെന്ന് പറയുന്നവരുണ്ട്. എന്നാൽ ചില കാര്യങ്ങൾ മറക്കാതിരിക്കുക തന്നെ വേണം. മറവി ഉണ്ടാകുന്നതും നല്ലതാണ്. ഇല്ലാതെ ആകുന്നതും നല്ലതാണ്. ചില കാര്യങ്ങൾ മറക്കുമ്പോൾ മനുഷ്യൻ മാനസികമായി ശക്തിപ്പെടുന്നു. ചില കാര്യങ്ങൾ മറക്കാതിരിക്കുന്നത് അതുപോലെതന്നെ മനുഷ്യന്റെ ശക്തിപ്പെടലിന് കാരണമാണ് എന്നും പറയുന്നു. മനുഷ്യന്റെ ഏറ്റവും വലിയ കഴിവുകളിലൊന്നായി മറവിയെ കരുതുന്നവരുണ്ട്. പലതും മറക്കാനും പൊറുക്കാനും ഉള്ള കഴിവാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നതെന്നാണ് ഇതിന്റെ വിശദീകരണം. ഇതെങ്ങിനെ എന്നുള്ള ഒരു സങ്കോചം ആർക്കെങ്കിലും ഉണ്ടെങ്കിൽ അത്ഭുതപ്പെടുവാനും സാധിക്കില്ല. എന്തു മറക്കണം എന്തു മറക്കണ്ട എന്ന് തീരുമാനിക്കാനുള്ള അവകാശം മനുഷ്യനു തന്നെ നൽകിയിട്ടുണ്ട്.

പ്രകൃതിയെ നശിപ്പിക്കുന്ന വർത്തമാനകാലത്ത് അരുതേ എന്നു പറയുവാൻ നമുക്ക് സാധിക്കണം. കഴിഞ്ഞുപോയ പ്രകൃതിദുരന്തങ്ങൾ നമ്മൾ മറക്കാതിരിക്കണം. എങ്കിൽ മാത്രമേ നമ്മൾ മാനസികമായി ശക്തരാവുകയുള്ളൂ. പക്ഷേ നമ്മൾ കാണുന്നത് നേരെ മറിച്ചാണ്. ഓരോ പ്രകൃതി ദുരന്തത്തിന്റെ സമയത്തു മാത്രമാണ് നമ്മൾ പ്രകൃതിയുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തെക്കുറിച്ച് പറയുക. വൃക്ഷങ്ങൾ മുറിക്കുന്നതും മലകൾ ഇടിച്ചു നിരത്തുന്നതും വലിയ അപരാധമായി നമ്മൾ പറയുന്നു. പ്രകൃതി ദുരന്തം ഉണ്ടാകുമ്പോൾ മാത്രമാണ് നമ്മൾ ഇതേക്കുറിച്ച് ഇങ്ങനെ ചർച്ച ചെയ്യുന്നതും പറയുന്നതും.

മുൻപ് ഉണ്ടായിട്ടുള്ള പ്രകൃതിദുരന്തത്തിന്‍റെ ഓർമ്മകൾ നമ്മൾ മറക്കുന്നു. വീണ്ടും ജീവിതചക്രം ഉരുണ്ട് മറ്റൊരു പ്രകൃതി ദുരന്തത്തിൽ എത്തുമ്പോൾ മാത്രമാണ് മുൻപുണ്ടായ പ്രകൃതിദുരന്തത്തെക്കുറിച്ച് നമ്മൾ ഓർക്കുന്നത്. വീണ്ടുമൊരു ദുരന്തം ഉണ്ടാവാതിരിക്കാൻ നമ്മൾ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് പണ്ട് പറഞ്ഞത് ഓർക്കുന്നതും അപ്പോൾ മാത്രമാണ്. വ്യാപകമായ മരങ്ങൾ മുറിക്കുന്നതാണ് ഇത്തരം പ്രകൃതിദുരന്തങ്ങളുടെ കാരണമെന്ന് പറയുന്നവർ വ്യാപകമായ വൃക്ഷത്തൈ നടൽ മഹാമഹം നടത്തുന്നു. എന്നാൽ വൃക്ഷങ്ങൾ നടുന്ന കാര്യത്തിൽ മാത്രമാണ് അവർ താൽപര്യം കാണിക്കുന്നത്. വൃക്ഷ തൈകൾ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ഒരു സജീകരണങ്ങളും അവർ ചെയ്യുന്നില്ല.

ഇപ്പോൾ ഉണ്ടായിരിക്കുന്ന ഉരുൾപൊട്ടലിന്‍റെ കാരണക്കാർ മനുഷ്യരായ നമ്മൾ തന്നെയാണെന്ന് പറയേണ്ടിയിരിക്കുന്നു. വർഷങ്ങൾക്കു മുമ്പ് മനുഷ്യർ മുറിച്ച് വലിയ വലിയ മരങ്ങളുടെ അടിവേരുകളാണ് ഇപ്പോൾ എല്ലാ ദൃശ്യമാധ്യമങ്ങളിലും കണ്ടുകൊണ്ടിരിക്കുന്ന ഉരുൾപൊട്ടലിൻ്റെ ദൃശ്യം. അതെങ്ങനെ സംഭവിച്ചു എന്നുള്ളതാണ് ശാസ്ത്രമിപ്പോൾ ചർച്ച ചെയ്യുന്നത്. വെട്ടിയ മരങ്ങളുടെ പേരുകൾ കാടുകളിൽ അവശേഷിച്ചു. മരങ്ങൾ വെട്ടിയത് ആരെന്നുള്ള കാര്യത്തിൽ വലിയ സംശയങ്ങൾ നിലനിൽക്കുന്നു തേയില തോട്ടങ്ങൾ ഉണ്ടാക്കാൻ വ്യാപകമായി മരം വെട്ടിയത് ഒരു വശത്ത് സംശയത്തിന്റെ നിഴലിലാണ്. വർഷങ്ങൾക്ക് മുൻപ് ഇത് ചെയ്തത് കുടിയേറ്റക്കാരോ ബ്രിട്ടീഷുകാരോ എന്നുള്ള തർക്കം ഇപ്പോൾ ചർച്ചയിലുണ്ട്.

മലമുകളിലെ കാടുകളിലെ വെട്ടിയ മരങ്ങളുടെ വേരുകളിൽ മഴവെള്ളം ഇറങ്ങിച്ചെന്നു. പാതി ദ്രവിച്ച പേരുകളിൽ അങ്ങനെ മഴവെള്ളങ്ങൾ ഒലിച്ചിറങ്ങി. ഭൂമിയിലെ ആയിരക്കണക്കിന് മുറിച്ച് മാറ്റപ്പെട്ട മരങ്ങളുടെ വേരുകളിൽ മഴവെള്ളം നിറഞ്ഞ് അത് പൊട്ടിച്ചിതറി. അതിശക്തമായ ആ പൊട്ടിത്തെറിയിൽ ഉരുളുകളുണ്ടായി. മലമുകളിൽ നിന്ന് കുത്തി ഇറങ്ങിവന്ന വെള്ളം മരം മുറിച്ചത് കൊണ്ട് ദുർബലമായ മണ്ണും കല്ലുമായി യാത്രയായി. ഈ യാത്രയിൽ എത്രയോ കുടുംബങ്ങളുടെ മുകളിലൂടെ എല്ലാമില്ലായ്മചെയ്ത് രൗദ്ര ഭാവത്തിൽ ഒഴുകി പോയി. അങ്ങനെയൊരുക്കിയ കൂട്ടത്തിൽ എത്രയോ മനുഷ്യജീവനകൾ നഷ്ടമായി. എത്രയോ പക്ഷിമൃഗാദികൾ ഇല്ലാതായി. എത്രയോ വീടുകൾ ഇല്ലാതായി. എത്രയോ ഗ്രാമങ്ങൾ ഇല്ലാതായി.

വിനോദം എല്ലാവർക്കും താല്പര്യമുള്ള വിഷയമാണ്. വിനോദ കേന്ദ്രങ്ങളിൽ സാഹസിക സെൽഫികൾ എടുക്കുന്ന യുവതലമുറയെ നമ്മൾ കണ്ടിരിക്കുന്നു. അത് അപകടം ആണെന്ന് എത്രയോ തവണ മാധ്യമങ്ങളിലൂടെ ഓർമ്മപ്പെടുത്തിയിട്ടുണ്ട്. തീവണ്ടി യാത്രയ്ക്കിടയിലുള്ള സെൽഫികളും മലയിടുക്കുകളിൽ ഉള്ള സെൽഫികളും പുഴകളുടെയും കായലുകളുടെയും തീരങ്ങളിലുള്ള സെൽഫികളും എത്രയോ അപകടങ്ങൾ വിളിച്ചു വരുത്തിയിരിക്കുന്നു. വലിയ വലിയ കെട്ടിടങ്ങൾക്കു മുകളിൽ നിന്നുകൊണ്ട് സെൽഫിയെടുത്ത അപകടങ്ങളും നമ്മൾ വായിച്ചിരിക്കുന്നു. എന്നാൽ ഈ വാർത്തകൾ കണ്ടിട്ടും യുവതലമുറയിൽ ഉള്ളവർ ഇത് തുടരുന്നു. മുൻപ് നടന്നിട്ടുള്ള അപകടങ്ങളെ അവർ മറക്കുന്നു. മറവി അവരെ വീണ്ടും അപകടങ്ങളിലേക്ക് എത്തിക്കുന്നു. ഇവിടെ മറവി ചെകുത്താന്റെ പ്രവർത്തിയാണ് ചെയ്യുന്നത്.

കാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്നതില്‍ നിങ്ങൾക്ക് സാധിക്കുന്നില്ല എന്ന് തോന്നയിട്ടുണ്ടോ..? എങ്കിൽ നിങ്ങൾക്ക് അല്‍ഷിമേഴ്‌സ് രോഗത്തിലേക്ക് പോകാനുള്ള സാധ്യതയുണ്ട് എന്നാണ് വൈദ്യ ലോകം പറയുന്നത്. എന്നാല്‍, മറവിയുടെ കാരണം അത് മാത്രമായിരിക്കണം എന്നില്ല. ജനസമൂഹത്തിന് പ്രായമേറുമ്പോള്‍ അവരില്‍ വാര്‍ധക്യരോഗങ്ങളും വര്‍ധിക്കുന്നു. വാര്‍ധക്യ സംബന്ധമായ രോഗാവസ്ഥകളില്‍ ഏറ്റവും പ്രധാനമാണ് അല്‍ഷിമേഴ്‌സ് ഡിമന്‍ഷ്യ അഥവാ മേധാക്ഷയം. മറവിരോഗം എന്നാണ് ഇതിനെ സാധാരണക്കാര്‍ വിളിക്കുന്നത്.

മറക്കുക എന്നുള്ള രീതി പൂർണമായും മാറ്റിയെടുക്കേണ്ടതുണ്ട്. എന്ന് കരുതി അതൊരു അല്‍ഷിമേഴ്‌സ് തലത്തിലേക്ക് മാറാതിരിക്കണം. മറക്കേണ്ട പല കാര്യങ്ങളും മറക്കാൻ പഠിക്കണം. മറക്കാതിരിക്കേണ്ട കാര്യങ്ങൾ മറക്കാതിരിക്കാൻ പഠിക്കണം. എങ്കിൽ മാത്രമേ ഇത്തരം പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാതിരിക്കുകയുള്ളൂ.

Trending

No stories found.

Latest News

No stories found.