എ. നഫീസത്തു ബീവി: കാലത്തിനു മുമ്പേ നടന്ന വനിതാരത്‌നം

കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍, പ്രഥമ വനിതാ കമ്മിഷന്‍ അംഗം, എഐസിസി അംഗം, പത്രാധിപ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അഡ്വ. എ. നഫീസത്തു ബീവിയെക്കുറിച്ച് ഡോ. കായംകുളം യൂനുസ് എഴുതുന്നു
എ. നഫീസത്തു ബീവി: കാലത്തിനു മുമ്പേ നടന്ന വനിതാരത്‌നം

കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍, പ്രഥമ വനിതാ കമ്മിഷന്‍ അംഗം, ദീര്‍ഘകാലം എഐസിസി അംഗം, പൊതുപ്രവര്‍ത്തക, പത്രാധിപ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അഡ്വ. എ. നഫീസത്തു ബീവിയുടെ ജന്മശതാബ്ദി വര്‍ഷം 2024 മാര്‍ച്ച് 22ന് ആരംഭിക്കുകയാണ്. വനിതാ ശാക്തീകരണത്തിനായി നിരവധി പദ്ധതികളുമായി മുന്നോട്ടു വന്നിരിക്കുകയാണ് ഈ ശതാബ്ദി വര്‍ഷത്തില്‍ നഫീസത്തു ബീവി ഫൗണ്ടേഷന്‍.

കമ്മ്യൂണിസ്റ്റ് കോട്ടയായ ആലപ്പുഴ അസംബ്ലി നിയോജക മണ്ഡലത്തില്‍ അക്കാലത്തെ ഉന്നതനായ കമ്മ്യൂണിസ്റ്റ് നേതാവ് ടി.വി. തോമസിനെ അട്ടിമറിയിലൂടെ തോല്‍പ്പിച്ച് നിയമസഭാംഗത്വം നേടി ലോകപ്രസിദ്ധയായി കോണ്‍ഗ്രസിന്‍റെ ഈ വനിതാ നേതാവ്. കേരളത്തിന്‍റെ പൊതു പ്രവര്‍ത്തനരംഗത്തു തന്നെ മാതൃകയായി പ്രവര്‍ത്തിച്ച അവരുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്കാണ് ഇന്ന് ആരംഭം കുറിക്കുന്നത്.

രണ്ടാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കര്‍, കേരളത്തിന്‍റെ പ്രഥമ വനിതാ കമ്മിഷനില്‍ അംഗം, ഓള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മറ്റി അംഗം എന്നീ പദവികളൊക്കെ അവർ വഹിച്ചു. തന്‍റെ ജീവിതാന്ത്യം വരെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി പൊരുതിയ വീറുറ്റ നായിക എന്നീ നിലകളിലെല്ലാം വ്യക്തി മുദ്രപതിപ്പിച്ചു.

1924 മാര്‍ച്ച് 22ന് കറ്റാനം പതിയാരത്ത് കടുങ്ങല്‍ പുത്തന്‍ പുരയില്‍ കുടുംബത്തിലാണ് ജനിച്ചത്. പിതാവ് വ്യാപാരിയായിരുന്ന അബ്ദുല്‍ കരീം, മാതാവ് ഹവ്വാ ഉമ്മ. മൂന്നുമക്കളില്‍ മൂത്തമകളായിരുന്നു നഫീസത്തു ബീവി. സഹോദരി പാത്തിമാ കുഞ്ഞും സഹോദരന്‍ താഹാ കുഞ്ഞും. കൊല്ലം നഗരത്തിലെ പിതാവിന്‍റെ വസ്ത്രവ്യാപാര കടയില്‍ പ്രവര്‍ത്തിച്ചിരുന്ന മലയാളമന്ദിരം സ്‌കൂളിലാണ് അവരുടെ പ്രാഥമിക വിദ്യാഭ്യാസം. പിതാവിന്‍റെ മരണശേഷം കറ്റാനത്ത് മാതാവിന്‍റെ വീട്ടിലേയ്ക്കു താമസം മാറ്റി. കറ്റാനം പോപ്പ് പയസ് ഇംഗ്ലീഷ് ഹൈസ്‌ക്കൂളില്‍ പഠിച്ച് എസ്എസ്എല്‍സി പാസായി. തിരുവനന്തപുരം ഗവണ്‍മെന്‍റ് വിമന്‍സ് കോളെജിലായിരുന്നു തുടര്‍വിദ്യാഭ്യാസം. ആലപ്പുഴ എസ്ഡി കോളെജില്‍ നിന്നു ഡിഗ്രി പാസായി എറണാകുളം ലോ കോളെജില്‍ പഠനത്തിനു ചേര്‍ന്ന അവര്‍ അവിടെ നിന്ന് ബിഎല്‍ പാസായി.

ഇതിനിടെ വിവാഹിതയായി. മകള്‍ ഡോ. ആരിഫ സൈനുദ്ദീനു ജന്മം നല്‍കിയതും പഠനകാലത്തു തന്നെയാണ്. സ്‌ക്കൂള്‍ പഠനകാലത്തു തന്നെ പിതാവിനെ നഷ്ടപ്പെട്ട നഫീസത്തു ബീവി വളരെയേറെ കഷ്ടപ്പെട്ടാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതും കുടുംബം കെട്ടിപ്പടുത്തതും പൊതുജീവിതം നയിച്ചതും.

ഭര്‍ത്താവ് അബ്ദുള്ളക്കുട്ടിയുടെ നാടായ ആലപ്പുഴയിലാണ് അവര്‍ അഭിഭാഷകവൃത്തിയില്‍ പ്രവേശിക്കുന്നതും പൊതുപ്രവര്‍ത്തനത്തില്‍ സജീവമായി ഇടപ്പെട്ടു തുടങ്ങുന്നതും. കോണ്‍ഗ്രസ് രാഷ്‌ട്രീയത്തില്‍ അവര്‍ സജീവമായി. 1957ലെ ഒന്നാം കേരള നിയമസഭയിലേക്ക് ആലപ്പുഴ നിയോജകമണ്ഡലത്തില്‍ നിന്ന് ടി.വി. തോമസിനോട് പൊരുതിത്തോറ്റു. എന്നാൽ 1960ല്‍ രണ്ടാം കേരള നിയമസഭാംഗമായി ആലപ്പുഴയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് ലോകശ്രദ്ധ പിടിച്ചുപറ്റിയ വലിയ വിജയമാണ്. ആലപ്പുഴയിലെ ശക്തനായ കമ്മ്യൂണിസ്റ്റ് നേതാവ് ടി.വി. തോമസിനെ തോല്‍പിച്ച് അവര്‍ നേടിയ വിജയം അത്രയ്ക്ക് വലിയ അട്ടിമറി വിജയമായിരുന്നു.

മന്ത്രിയാകുമെന്ന് എല്ലാവരും കരുതിയെങ്കിലും ഡെപ്യൂട്ടി സ്പീക്കറായാണ് രണ്ടാം നിയമസഭാ കലായലവില്‍ അവര്‍ നിയോഗിക്കപ്പെട്ടത്. സ്പീക്കറായിരുന്ന സീതി സാഹിബ് മണപ്പെട്ട കാലയളവിലും സി.എച്ച്. മുഹമ്മദുകോയ രാജിവച്ചപ്പോഴും അവര്‍ സ്പീക്കറുടെ പൂര്‍ണചുമതലകള്‍ വഹിച്ചു. ബജറ്റ് സെഷന്‍ മുഴുവന്‍ നിയന്ത്രിക്കാനും അവര്‍ക്കു കഴിഞ്ഞു. സഭയിലെ പുതിയൊരംഗമായിരുന്നെങ്കിലും അതിന്‍റെ പ്രയാസങ്ങളൊന്നും പ്രദര്‍ശിപ്പിക്കാതെ തന്‍റേടത്തോടെ അവര്‍ തന്‍റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചു. കോണ്‍ഗ്രസിന്‍റെ ഒരു പോരാളിയായി പില്‍ക്കാല തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കേണ്ടി വന്ന അവര്‍ക്ക് പക്ഷേ, വിജയസാധ്യത കുറഞ്ഞ മണ്ഡലങ്ങളാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ പാര്‍ലമെന്‍ററി രംഗത്തേക്കു മടങ്ങാന്‍ കഴിഞ്ഞില്ല.

1996ല്‍ കേരളത്തില്‍ രൂപീകൃതമായ വനിതാ കമ്മിഷനില്‍ അവര്‍ അംഗമായി. ചെയര്‍പേഴ്‌സണായിരുന്ന സുഗതകുമാരിയോടൊപ്പം നിന്ന് കേരളത്തിലെ വനിതകളുടെ ക്ഷേമത്തിനായി അവര്‍ നല്‍കിയ സംഭാവനകള്‍ ഇന്ന് ചരിത്രത്തിന്‍റെ ഭാഗമാണ്. കെപിസിസിയിലും എഐസിസിയിലും ദീര്‍ഘകാലം അഗംമായിരുന്ന അവര്‍ നെഹ്റു കുടുംബത്തിലെ ഒരംഗത്തെപ്പോലെ ആയിരുന്നു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവരെല്ലാം അവരുടെ അഭ്യുദയകാംക്ഷികളായിരുന്നു. 2015 മെയ് 11ന് അന്ത്യശ്വാസം വലിയ്ക്കുന്നതുവരെ അവര്‍ കോണ്‍ഗ്രസില്‍ എല്ലാവരുടെയും അമ്മയായി തുടർന്നു. നിരവധി വിദ്യാഭ്യാസ- സാംസ്‌കാരിക -ഭരണ സംഘടനകള്‍ക്കു നേതൃത്വം കൊടുക്കുവാന്‍ കഴിഞ്ഞ അവര്‍ പെന്‍ഗ്വിന്‍ രാഷ്‌ട്രീയ ദ്വൈവാരികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡോ. ആരിഫ (കോണ്‍ഗ്രസ് സംസ്ഥാന അച്ചടക്കസമിതി അംഗം), ഡോ. സലാഹുദ്ദീന്‍ (അമെരിക്ക), അഡ്വ. സാദിഖ, അഡ്വ. റഷീദ എന്നിവരാണ് നഫീസത്തു ബീവിയുടെ മക്കള്‍. സൈനുദ്ദീന്‍, ഡോ. നിസാര്‍ അഹമ്മാദ്, ഷാജഹാന്‍, നാസിക് അല്‍ അറബ് (ലെബനീസ് അമെരിക്കന്‍) എന്നിവരാണ് മരുമക്കള്‍.

(ലേഖകന്‍റെ ഫോൺ: 9446308600)

Trending

No stories found.

Latest News

No stories found.