പ്രവചനങ്ങളാകുന്ന കാർട്ടൂണുകൾ
സുധീര്‍ നാഥ്
പല സംഭവങ്ങളും പ്രവചനമായി ചിലര്‍ പറയുക സ്വാഭാവികമാണ്. അത്തരത്തില്‍ പ്രവചന സ്വഭാവമുള്ള കാര്‍ട്ടൂണുകളും നമുക്കുണ്ട്. നടക്കുവാന്‍ പോകുന്ന സംഭവങ്ങള്‍ മുന്‍കൂട്ടി മനസിലാക്കുക എന്നതാണ് അതിന് വേണ്ടത്. ഒരു വിഷയത്തില്‍ ആഴത്തിലുള്ള പഠനം മൂലം ഇത് സാധ്യമാകാവുന്നതാണ്. കാര്‍ട്ടൂണിസ്റ്റുകള്‍ സങ്കല്‍പ്പിക്കാന്‍ കഴിവുള്ളവരായിരിക്കണം. സാങ്കല്‍പ്പികമായി വരയ്ക്കപ്പെട്ട പലതും പില്‍കാലത്ത് യാഥാര്‍ത്ഥ്യമായി വന്നിട്ടുണ്ട്. സങ്കല്പങ്ങള്‍ പലപ്പോഴും യാഥാര്‍ത്ഥ്യമായി വരുന്നത് നമ്മള്‍ പലപ്പോഴും പലയിടത്തും കണ്ടിട്ടുള്ളതാണ്. അത്തരത്തില്‍ ഒട്ടേറെ അനുഭവങ്ങള്‍ വര്‍ത്തമാനകാലത്ത് പോലും നാം നേരില്‍ കണ്ടിട്ടുള്ളതാണ്.
24 കോമിക് പുസ്തകങ്ങളുടെ പരമ്പരയാണ് ടിന്‍ ടിന്‍. ബെല്‍ജിയന്‍ കാര്‍ട്ടൂണിസ്റ്റായ ജോര്‍ജെസ് റെമിയാണ് ഈ പുസ്തകങ്ങളുടെ സ്രഷ്ടാവ്. ഹെര്‍ജ് എന്ന തൂലികാനാമത്തിലാണ് അദ്ദേഹം എഴുതിയിരുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തമായ യൂറോപ്യന്‍ കോമിക് പരമ്പരകളായി ഇത് വാഴ്ത്ത്‌പ്പെടുന്നു. മനുഷ്യന്‍ ബഹിരാകാശത്തേക്ക് പോകുമെന്നുള്ള സാധ്യത ഉണ്ടാകുന്നതിന് എത്രയോ കാലം മുമ്പാണ് ടിന്‍ ടിന്‍ കോമിക്ക് പുസ്തകത്തില്‍ റോക്കറ്റുകളുടെ രൂപം കാര്‍ട്ടൂണിസ്റ്റായ ജോര്‍ജെസ് റെമി വരച്ചുവെച്ചത്. ബഹിരാകാശത്തേക്ക് ടിന്‍ ടിനും സംഘവും പോകുന്ന ചിത്രീകരണം തന്നെ ശാസ്ത്രത്തെ നയിച്ചു എന്നുവേണം നമുക്ക് പറയുവാന്‍. റോക്കറ്റിന് സമാനമായ രൂപം തന്നെയാണ് കാര്‍ട്ടൂണിസ്റ്റ് ടിന്‍ടിന്‍ കോമിക്‌സില്‍ വരച്ചു കാണിച്ചിരിക്കുന്നത്. ഇന്ന് നമ്മള്‍ റോക്കറ്റിനെ സങ്കല്‍പ്പിക്കുമ്പോള്‍ യഥാര്‍ത്ഥ റോക്കറ്റുകള്‍ തന്നെ നമ്മുടെ മനസ്സിലേക്ക് വരുന്നു. ഏതാണ്ട് അതേ രൂപം തന്നെയാണ് റോക്കറ്റുകള്‍ നിര്‍മ്മിക്കുന്നതിന് വളരെ മുമ്പ് തന്നെ കാര്‍ട്ടൂണിസ്റ്റായ ജോര്‍ജെസ് റെമി ആവിഷ്‌കരിച്ചിരിക്കുന്നത്. ബഹിരാകാശത്തെ സാങ്കല്പിക പരവതാനി ടിന്‍ ടിന്‍ കോമിക്‌സിലെ സങ്കല്പങ്ങള്‍ പലപ്പോഴും യാഥാര്‍ത്ഥ്യമായി വരുന്നത് നമുക്ക് കാണാം. ഏതാണ്ട് അതുതന്നെയാണ് ബഹിരാകാശത്തെ സ്ഥിതി എന്ന് നാം ഇന്ന് തിരിച്ചറിയുന്നു.
1879ല്‍ ജോര്‍ജ്ജ് ഡു മൗറിയര്‍ പഞ്ചില്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ ഇപ്പോള്‍ വ്യാപകമായ വീഡിയോ കോളുകളെ അനുസ്മരിപ്പിക്കുന്ന ഒന്നാണ്. ശബ്ദവും വെളിച്ചവും പ്രക്ഷേപണം ചെയ്യുന്ന എഡിസന്റെ കണ്ടെത്തലിനെ അനുസ്മരിപ്പിച്ച് എഡിസണ്‍സ് ടെലിഫോണോസ്‌ക്കോപ്പ് എന്നാണ് കാര്‍ട്ടൂണിന് തലക്കെട്ട് നല്‍കിയത്. ബെഡ്‌റൂമിലെ സ്‌ക്രീനില്‍ തെളിയുന്ന ദൂരെയുള്ള മകളുമായി തത്‌സമയ ദ്യശ്യത്തെ നോക്കി മാതാപിതാക്കള്‍ സംസാരിക്കുന്നതാണ് കാര്‍ട്ടൂണ്‍ ചിത്രത്തിലുള്ളത്.
പിതാവ് : ബിറ്ററീസ്, കുറച്ച് കൂടി അടുത്ത് വരൂ, എനിക്ക് സംസാരിക്കണം.
ബിറ്ററീസ് : ശരി പപ്പാ
പിതാവ് : ചാര്‍ലിയുടെ അടുത്ത് നിന്ന് കളിക്കുന്ന മിടുക്കിയായ പെണ്‍കുട്ടി ആരാണ്...?
ബിറ്ററീസ് : പപ്പാ, അവള്‍ ഇംഗ്ലണ്ടില്‍ നിന്ന് പുതുതായി വന്നവളാ. കളി കഴിഞ്ഞാലുടന്‍ ഞാന്‍ പരിചയപ്പെടുത്താം.
കാര്‍ട്ടൂണിസ്റ്റ് ജോര്‍ജ്ജ് ഡു മൗറിയര്‍ അന്ന് സങ്കല്‍പ്പിച്ച് വരച്ചത് ഇന്ന് യാഥാര്‍ത്ഥ്യമായി.
1906ല്‍ ഡിസംബര്‍ 26ലെ പഞ്ച് മാസികയില്‍ ലൂയീസ് ബൂമര്‍ വരച്ച കാര്‍ട്ടൂണ്‍ ഇന്നത്തെ സ്മാര്‍ട്ട് ഫോണിനെ അനുസ്മരിപ്പിക്കുന്ന ഒന്നാണ്. അക്കാലത്ത് സ്മാര്‍ട്ട് ഫോണ്‍ എന്നത് കാര്‍ട്ടൂണിസ്റ്റിന്റെ സങ്കല്‍പ്പം മാത്രമായിരുന്നു. ഒരു പാര്‍ക്കില്‍ ഒരു പുരുഷനും സ്ത്രീയും ഇരുന്ന് തങ്ങളുടെ മടിയില്‍ വെച്ച ഉപകരണം വഴി ആശയം ക്കൈമാവുന്നതാണ് കാര്‍ട്ടൂണ്‍. നേര്‍ക്കു നേര്‍ നോക്കാതെ ആശയം കൈമാറുന്ന കാലം വരുമെന്ന മുന്നറിയിപ്പായിരുന്നു പ്രസ്തുത കാര്‍ട്ടൂണില്‍. അതു തന്നെയാണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും.
രാജ്യം നാളെ ആരൊക്കെ ഭരിക്കും എന്ന് ഊഹിക്കുന്നതിന് വളരെ ആഴത്തിലുള്ള രാഷ്ട്രീയ ബോധം ഉണ്ടാകണം. രാഷ്ട്രീയ പാര്‍ട്ടികളിലെ ഉള്ളുകള്ളികളും മറ്റും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അതൊക്കെ ഉണ്ടായത് കൊണ്ടാണ് ശങ്കര്‍ ഭാവി പ്രധാനമന്ത്രിമാരെ പ്രവചിച്ച് കാര്‍ട്ടൂണ്‍ വരച്ചത്. 1964 മെയ് 17ന് ഇന്ത്യന്‍ നേതാക്കള്‍ ഒളിമ്പിക്ക് സ്പിരിറ്റില്‍ എന്ന കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ കാര്‍ട്ടൂണില്‍ ഇന്ത്യയുടെ ഭാവി ചരിത്രം പ്രവചിക്കുന്നതായിരുന്നു. അത്രമാത്രം രാഷ്ട്രീയ ചരിത്രത്തിന്റെ ആഴത്തിലുള്ള അറിവ് ശങ്കറിനുണ്ടായതാണ് ഇങ്ങനെ പ്രവചന കാര്‍ട്ടൂണുകള്‍ വരയ്ക്കാന്‍ ശങ്കറിന് സാധിച്ചത്. ദീപശിഖ പിടിച്ച് ഓടി ക്ഷീണിതനായ നെഹ്‌റു ഓടുകയാണ്. നെഹ്‌റുവിന് തൊട്ട് പിന്നാലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഗുല്‍സാരിലാല്‍ നന്ദ, ഇന്ദിരാ ഗാന്ധി, വി കെ ക്യഷ്ണ മേനോന്‍, മൊറാര്‍ജി ദേശായി... കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് പത്ത് ദിവസം കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രി നെഹ്‌റു മരിക്കുന്നു. ശങ്കറിന്റെ കാര്‍ട്ടൂണില്‍ വരയ്ക്കപ്പെട്ട വ്യക്തികള്‍ ക്രമപ്രകാരം ഇന്ത്യന്‍ പ്രധാനമന്ത്രിമാരായി: വി കെ ക്യഷ്ണ മേനോന്‍ ഒഴികെ.
' ഇതില്‍ ഒരാള്‍ എന്നെ ഒറ്റികൊടുക്കും, മറ്റൊരാള്‍ എന്നെ തള്ളി പറയും...' 1990 ഏപ്രില്‍ 13ലെ ദുഃഖവെള്ളിയാഴ്ച്ച മലയാള മനോരമയില്‍ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ വരച്ച കാര്‍ട്ടൂണിലെ സംഭാഷണമാണിത്. വി പി സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലം, അവസാന അത്താഴം വിഷയമാക്കിയാണ് ഈ കാര്‍ട്ടൂണ്‍. അത്താഴ മേശയില്‍ വിപി സിംഗ്, പിന്നിലെ ഇരു കര്‍ട്ടനുകള്‍ക്ക് പിന്നില്‍ ദേവിലാലും ചന്ദ്രശേഖറും. ഈ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെ ചൊല്ലി ഒട്ടേറെ വിവാദങ്ങളും ഉണ്ടായി. ദുഃഖവെള്ളിയാഴ്ച്ച ഇത്തരം കാര്‍ട്ടൂണുകള്‍ കൊടുത്തത് ശരിയായില്ല എന്നതായിരുന്നു പ്രധാന എതിര്‍പ്പ്. ഈ കാര്‍ട്ടൂണില്‍ പറയും പോലെ ഒരാള്‍ ഒറ്റികൊടുക്കുകയും, മറ്റൊരാള്‍ തള്ളി പറയുകയും ചെയ്തതോടെയാണ് കാര്‍ട്ടൂണ്‍ പ്രവചനമായി മാറിയത്.
കുട്ടികളുടെ പ്രസിദ്ധീകരണത്തില്‍ കാര്‍ട്ടൂണിസ്റ്റ് വേണു ഒരു കാര്‍ട്ടൂണ്‍ പംക്തി കൈകാര്യം ചെയ്തിരുന്നു. തലമാറട്ടെ എന്നതായിരുന്നു അതിന്റെ പേര്. തലമാറട്ടെ എന്ന് പറയുമ്പോള്‍ തലകള്‍ പരസ്പരം മാറുന്നതാണ് ഈ സങ്കല്‍പ്പ കാര്‍ട്ടൂണ്‍ പംക്തി. ബാലരമയുടെ താളുകളില്‍ നിറഞ്ഞു നിന്നിരുന്ന ഹാസ്യ കഥാപാത്രമാണ് ദാമു. ഒരിക്കല്‍ മലമ്പുഴയില്‍ വിനോദ യാത്രയ്ക്ക് പോയപ്പോള്‍ അവിടെ വച്ച് നാടുചുറ്റാനിറങ്ങിയ ശിവനെയും പാര്‍വതിയെയും കണ്ടു. അവരുടെ വാഹനമായ കാള കിടന്നിടത്തുനിന്ന് എഴുന്നേല്‍ക്കുന്നില്ല. ചില കര്‍ഷകര്‍ എഴുന്നേല്‍ക്കാതെ കിടക്കുന്ന കാളയെ എഴുന്നേല്‍പ്പിക്കാന്‍ കാണിക്കുന്ന തന്ത്രം ദാമുവും എടുത്തു. കടികൊണ്ട കാള ചാടി എഴുന്നേറ്റു. ശിവനും പാര്‍വ്വതിക്കും സന്തോഷമായി. അവര്‍ ദാമുവിന് ഒരു വരം കൊടുത്തു. ആരുടേയും തലമാറ്റാനുള്ള വിചിത്രമായ വരമായിരുന്നു അത്. തലമാറട്ടെ എന്ന ചിത്രകഥ ആരംഭിക്കുന്നത് ഇങ്ങനെയാണ്. ദാമു എല്ലാ ലക്കവും തന്റെ തലമാറട്ടെ പ്രയോഗം നടത്തുന്നതാണ് സംഭവം. കാര്‍ട്ടൂണിസ്റ്റ് വേണു ഒരു സങ്കല്‍പ്പ കഥ ഉണ്ടാക്കിയതാണ്. ഇപ്പോള്‍ ഇത് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു എന്നതാണ് ശാസ്ത്ര ലോകം പറയുന്നത്. പ്രശസ്ത ഇറ്റാലിയന്‍ ന്യൂറോളജിസ്റ്റ് ഡോക്ടര്‍ സെര്‍ജിയോ കനാവിറോ, ചൈനനയിലെ പ്രശസ്തനായ സര്‍ജന്‍ ഡോക്ടര്‍ സിയാഓപിങ്ങ് റെന്നുമായി ചേര്‍ന്ന് തലമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ 2017ല്‍ നടത്താന്‍ ഒരുങ്ങുകയാണ്. 31 വയസുള്ള റഷ്യന്‍ യുവാവ് വലേറി സ്പിരിഡോനോവ് സ്വമേധയാ തലമാറ്റിവെയ്ക്കുന്ന ശസ്ത്രക്രിയയ്ക്ക് ഒരുങ്ങിയിരിക്കയാണ്. വലേറിയുടെ ശരീരത്തോട് യോജിക്കുന്ന ആരുടെയെങ്കിലും മസതിഷ്‌ക മരണം സംഭവിച്ചാല്‍ ഉടനെ ശസ്ത്രക്രിയ നടത്താമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പല പ്രമുഖ ശാസ്ത്രജ്ഞരും ഇവരുടെ നീക്കത്തിനെതിരെ രംഗത്ത് വന്നിരിക്കയാണ്. റഷ്യന്‍ സര്‍ക്കാരും ചൈനാ സര്‍ക്കാരും ശസ്ത്രക്രിയയ്ക്ക് അംഗീകാരം നല്‍കാത്തതുകൊണ്ട് എവിടെ വെച്ച് ഇത് നടക്കുമെന്ന് തീരുമാനമായില്ല.
2016 ആഗസ്ത് 13ന് കന്നഡ പത്രമായ പ്രജാവാണിയുടെ ഒളിംമ്പിക്ക് സ്‌പെഷല്‍ പേജില്‍ കാര്‍ട്ടൂണിസ്റ്റ് പ്രകാശ്‌ഷെട്ടി ഒരു നിശബ്ദ സ്‌പോര്‍ട്ട്‌സ് കാര്‍ട്ടൂണ്‍ വരച്ചു. ഫിനിഷിങ്ങ് ലൈനില്‍ വെച്ച് ഒരാള്‍ ഒന്നാമനാകാന്‍ എടുത്ത് ചാടുന്നതായിരുന്നു കാര്‍ട്ടൂണില്‍. ആഗസ്ത് 15ന് റിയോ ഒളിംമ്പിക്‌സിന്റെ 400 മീറ്റര്‍ സ്ത്രീകളുടെ ഫൈനല്‍ മത്‌സരത്തില്‍ ബഹാമാസിന്റെ ഷോണീ മില്ലര്‍ സ്വര്‍ണ്ണം നേടിയതും സമാനമായി ഫിനിഷിങ്ങ് ലൈനിലേയ്ക്ക് എടുത്ത് ചാടിയാണ്. അത്‌ലറ്റിക്ക് നിയമ പ്രകാരം ഏതു താരത്തിന്റെ ശരീരത്തിന്റെ മുകള്‍ ഭാഗമാണോ ഫിനിഷിങ്ങ് ലൈന്‍ ആദ്യം കടക്കുന്നത്, അവരാണ് വിജയി.
മാത്യഭൂമിയില്‍ കാര്‍ട്ടൂണിസ്റ്റ് ഉണ്ണിക്യഷ്ണന്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായ അവസരത്തില്‍ വരച്ച ഒരു കാര്‍ട്ടൂണുണ്ട്. ഒരു വോട്ടര്‍ മാറ്റത്തിനായി നരേന്ദ്ര മോദി തെങ്ങിന്റെ തൈ എന്ന് തോന്നിപ്പിക്കുന്ന ഒരു ചെടി നടുന്നു. അയാള്‍ അതിന് വെള്ളവും മറ്റും നല്‍കുന്നത് വലിയ പ്രതീക്ഷയോടെയാണ്. അങ്ങിനെ പ്രതീക്ഷയോടെ മാറ്റം പ്രതീക്ഷിക്കുന്ന അയാള്‍ക്ക് മുന്നില്‍ വളരുന്ന ചെടിയില്‍ മുള്ളുകളും താമരയും മൊട്ടിടുന്നു. താമര വിരിഞ്ഞ് പഴയ പ്രധാനമന്ത്രി ഡോക്ടര്‍ മന്‍ മോഹന്‍ സിംഗായി മാറുന്നു. പെട്രോളിനും ആവശ്യ സാധനങ്ങള്‍ക്കും പഴയത് പോലെ വില കയറി കൊണ്ടിരുന്നു. തലപ്പത്ത് മാറ്റം വന്നു എന്ന് കരുതി രാജ്യത്തിന്റെ സാമ്പത്തിക വികസനരംഗത്ത് മാറ്റങ്ങള്‍ ഒന്നും സംഭവിച്ചില്ല എന്നതാണ് കാര്‍ട്ടൂണ്‍ പറഞ്ഞത്. കാലം കഴിയും തോറും കാര്‍ട്ടൂണില്‍ പറഞ്ഞത് അതേപോലെ സംഭവിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നു.
1991 മെയ് 21ന് ശ്രീപെരുംപത്തൂരില്‍ ഇലക്ഷന്‍ പ്രചരണത്തിന്റെ ഭാഗമായ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു രാജീവ് ഗാന്ധി കൊല ചെയ്യപ്പെടുന്നത്. അതിന് ഒരാഴ്ച്ച മുന്‍പ് ഇറങ്ങിയ കുങ്കുമം വാരികയില്‍ പി വി ക്യഷ്ണന്‍ വരച്ച സാക്ഷി എന്ന കാര്‍ട്ടൂണ്‍ പംക്തിയില്‍ ഒരു പ്രവചനം പോലെ അപകടം സൂചിപ്പിച്ചിരുന്നു. മരണം അദ്ദേഹം പ്രവചിച്ചു എന്നല്ല, അപകടം അദ്ദേഹം സൂചിപ്പിച്ചു എന്നതായിരുന്നു ഈ കാര്‍ട്ടൂണിന്റെ പ്രത്യേകത. സാഹചര്യങ്ങളായിരിക്കും കാര്‍ട്ടൂണിസ്റ്റിനെ ഇത്തരം കാര്‍ട്ടൂണ്‍ വരയ്ക്കുവാന്‍ പ്രരിപ്പിച്ചത്. മരണം ഒരിക്കലും കാര്‍ട്ടൂണിസ്റ്റും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഇത് പിന്നീട് രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യുകയും ഉണ്ടായി.
ഇത്തരത്തില്‍ പ്രവചന സ്വഭാവത്തോടുള്ള കാര്‍ട്ടൂണുകളും ലേഖനങ്ങളും നമുക്ക് കാണുവാന്‍ സാധിക്കും. നാളെ ഇങ്ങനെയൊക്കെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന് മുന്‍ കൂട്ടി കാണുവാന്‍ അതേ വിഷയത്തിലുള്ള അറിവ് കൊണ്ട് സാധിക്കും. മറ്റ് ചില അവസരങ്ങളില്‍ സന്ദര്‍ഭത്തിനൊത്ത് വരയ്ക്കപ്പെടുന്ന കാര്‍ട്ടൂണ്‍ പ്രവചന സ്വഭാവമുള്ളതായി തീരുകയാണ്.