
ഡോ. മീനേഷ് ഷാ
പ്രതിവർഷം 231 ദശലക്ഷം ടൺ പാൽ ഉത്പാദിപ്പിക്കുന്ന ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ പാൽ ഉത്പാദദക രാജ്യമാണ്. ആഗോള ഉത്പാദനത്തിന്‍റെ ഏകദേശം നാലിലൊന്ന് ഇന്ത്യ സംഭാവന ചെയ്യുന്നു. സഹകരണ സംഘങ്ങളിലൂടെ ദശലക്ഷക്കണക്കിന് ചെറുകിട നാമമാത്ര കർഷകരെ ഏകോപിപ്പിച്ച് രാജ്യത്ത് 1.7 ലക്ഷത്തിലധികം ക്ഷീര സഹകരണ സംഘങ്ങളുടെ ശൃംഖല സൃഷ്ടിക്കുകയും പ്രതിദിനം 100 ദശലക്ഷം ലിറ്റർ പാൽ സംസ്കരണ ശേഷിയുള്ള കൂറ്റൻ പ്ലാന്‍റുകൾ സ്ഥാപിക്കുകയും ചെയ്തു.
7 പതിറ്റാണ്ടുകളായി രാജ്യത്തുടനീളമുള്ള സഹകരണ സ്ഥാപനങ്ങളുടെ അശ്രാന്ത പരിശ്രമത്തിന്‍റെ ഫലമാണ് ഈ ചരിത്ര വിജയം. ഇന്ത്യയിൽ, ക്ഷീരോത്പാദനം പാൽ ഉത്പാദനത്തിൽ മാത്രം ഒതുങ്ങുന്നില്ല; ഇത് 80 ദശലക്ഷത്തിലധികം കുടുംബങ്ങൾക്ക് ഉപജീവന മാർഗമായി വർത്തിക്കുന്നു; സ്ത്രീകളെ ശാക്തീകരിക്കുന്നു; പോഷകാഹാരവും സാമ്പത്തിക സുരക്ഷയും നൽകുന്നു; ഒപ്പം, ഏവരെയും ഉൾക്കൊള്ളുന്ന ഗ്രാമീണ വികസനത്തിന്‍റെ പ്രധാന ചാലകമായി വർത്തിക്കുന്നു.
2019-ൽ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോത്പാദനം എന്നിവയ്ക്കായി പ്രത്യേക മന്ത്രാലയം സ്ഥാപിച്ചതും തുടർന്ന് 2021ൽ സഹകരണ മന്ത്രാലയത്തിന്‍റെ രൂപീകരണവും, സഹകരണ മാതൃകയിലുള്ള ഇന്ത്യൻ ഗവണ്മെന്‍റിന്‍റെ വിശ്വാസത്തെയും രാജ്യത്തിന് അഭിവൃദ്ധി കൊണ്ടുവരാനുള്ള പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നു.
രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള "സഹകാർ സേ സമൃദ്ധി' എന്ന കാഴ്ചപ്പാട് ഇത് മുന്നോട്ട് കൊണ്ടുപോയി. 3 വർഷത്തിനുള്ളിൽ, മുഴുവൻ സഹകരണ മേഖലയുടെയും സമഗ്രമായ വികസനത്തിന് മന്ത്രാലയം നിരവധി സുപ്രധാന നടപടികൾ ആരംഭിച്ചു.
ഇന്ത്യയിലെ ക്ഷീര സഹകരണ സംഘങ്ങൾ
ഇന്ത്യയിൽ 29 വ്യത്യസ്ത മേഖലകളിലായി പ്രവർത്തിക്കുന്ന 8 ലക്ഷത്തിലധികം സഹകരണ സംഘങ്ങളുണ്ട്. ഇത് ഏകദേശം 29 കോടി അംഗങ്ങൾക്ക് സേവനം നൽകുന്നു. ഇവയിൽ, പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ (പിഎസിഎസ്), ഡയറി, ഫിഷറീസ് സഹകരണ സംഘങ്ങൾ തുടങ്ങിയ കാർഷിക സഹകരണ സംഘങ്ങൾ, ഗ്രാമീണ സമൂഹങ്ങൾക്ക് വിപണി, വായ്പ, സാങ്കേതിക സേവനങ്ങൾ എന്നിവ ലഭ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഈ സഹകരണസംഘങ്ങൾ ഉത്പന്നങ്ങളുടെ സംഭരണത്തിനും വിപണനത്തിനും സൗകര്യമൊരുക്കുന്നു. കർഷകർക്ക് വിപണിയിൽ ന്യായവില ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.
ഇന്ന്, ഇന്ത്യയുടെ ക്ഷീര സഹകരണ ശൃംഖലയിൽ 23 സംസ്ഥാനതല വിപണന ഫെഡറേഷനുകളും അപെക്സ് സംഘടനകളും, 268 ജില്ലാ പാൽ യൂണിയനുകളും, ഏകദേശം 1.72 കോടി അംഗങ്ങളുള്ള 1.44 ലക്ഷത്തിലധികം ഗ്രാമതല സഹകരണസംഘങ്ങളും ഉൾപ്പെടുന്നു. ഈ ശൃംഖല പ്രതിദിനം 660 ലക്ഷം കിലോഗ്രാം പാൽ ശേഖരിക്കുകയും പ്രതിദിനം 440 ലക്ഷം ലിറ്റർ പാൽ വിൽക്കുകയും ചെയ്യുന്നു.
ക്ഷീര തൊഴിലാളികളിൽ 70 ശതമാനവും സ്ത്രീകളാണ്. ഈ ക്ഷീര സഹകരണ സ്ഥാപനങ്ങൾ സ്ത്രീകൾക്ക് സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണത്തിന് അതുല്യമായ അവസരങ്ങൾ നൽകുന്നു. ആത്മവിശ്വാസം, മനോവീര്യം, നേതൃത്വപരമായ കഴിവുകൾ എന്നിവ വളർത്തിയെടുക്കാൻ അവർ സ്ത്രീകളെ പ്രചോദിപ്പിക്കുന്നു. ഇന്ന്, ക്ഷീര സഹകരണ സംഘങ്ങളിലെ മൊത്തം അംഗത്വത്തിന്‍റെ 35% സ്ത്രീകളാണ്. 61 ദശലക്ഷത്തിലധികം സ്ത്രീകൾ സജീവ അംഗങ്ങളാണ്. കൂടാതെ, രാജ്യത്തുടനീളം 48,000-ത്തോളം സ്ത്രീ കേന്ദ്രീകൃത പ്രത്യേക ക്ഷീര സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അതുപോലെ, ക്ഷീരോത്പാദക സംഘടനകളും (എംപിഒ) സ്ത്രീകൾക്ക് സജീവ പങ്കാളിത്തത്തിനുള്ള അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലെ സഹകരണ ക്ഷീരമേഖല "സ്ത്രീകളുടെ പങ്കാളിത്തം" എന്നതിൽ നിന്ന് "സ്ത്രീകളുടെ നേതൃത്വം' എന്ന നിലയിലുള്ള ക്ഷീര വ്യവസായമായി പരിണമിക്കുകയാണ്.
സഹകരണ നവോത്ഥാനം
"സഹകാർ സേ സമൃദ്ധി' എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന് സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയും താഴേത്തട്ടിൽ എത്തിക്കുകയും ചെയ്യുക എന്നതാണ് പ്രാഥമിക ലക്ഷ്യം. കേന്ദ്ര സഹകരണ മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നിലവിൽ പ്രാഥമിക കാർഷിക വായ്‌പാസൊസൈറ്റികൾ ഇല്ലാത്ത പഞ്ചായത്തുകളിലും ഗ്രാമങ്ങളിലും പുതിയ പിഎസിഎസ് (പ്രാഥമിക കാർഷിക വായ്‌പ്പാ സൊസൈറ്റികൾ), ക്ഷീര- മത്സ്യബന്ധന സഹകരണ സംഘങ്ങൾ എന്നിവ സ്ഥാപിക്കുക എന്ന ലക്ഷ്യം സഹകരണ മന്ത്രാലയം മുന്നോട്ടുവച്ചിട്ടുണ്ട്. കൂടാതെ, നിലവിലുള്ള പിഎസിഎസ്, ക്ഷീര- മത്സ്യബന്ധന സഹകരണ സംഘങ്ങൾ നബാർഡ് (നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡവലപ്‌മെന്‍റ്), എൻഡിഡിബി (നാഷണൽ ഡയറി ഡവലപ്‌മെന്‍റ് ബോർഡ്), എൻഎഫ്‌ഡിബി (നാഷണൽ ഫിഷറീസ് ഡവലപ്‌മെന്‍റ് ബോർഡ്) എന്നിവയുടെ പിന്തുണയോടെ കൂടുതൽ ശാക്തീകരിക്കും.
സഹകരണ സംഘങ്ങളെ പുനരുജ്ജീവിപ്പിക്കാൻ താഴെത്തട്ടിലുള്ള സഹകരണ സംഘങ്ങളെ വ്യവസായ സ്ഥാപനങ്ങളാക്കി മാറ്റേണ്ടത് അത്യാവശ്യമാണ്. എല്ലാ പഞ്ചായത്തുകളുടെയും/ഗ്രാമങ്ങളുടെയും പരിധിയിൽ ശേഷിയുള്ള പിഎസിഎസ്/ക്ഷീര/മത്സ്യബന്ധന സഹകരണസംഘമുണ്ടാകുന്നത് വളരെ പ്രധാനമാണ്. ഇത് ദശലക്ഷക്കണക്കിന് ചെറുകിട നാമമാത്ര കർഷക അംഗങ്ങളെ പ്രാദേശിക വികസനത്തിൽ നിന്ന് തുല്യ നേട്ടങ്ങൾ നേടുന്നതിനും ഗ്രാമീണ മേഖലയ്ക്ക് അഭിവൃദ്ധി കൈവരിക്കുന്നതിനും സഹായിക്കും.
രാജ്യത്ത് ഏകദേശം 2.7 ലക്ഷം ഗ്രാമപഞ്ചായത്തുകൾ (ജിപി) ഉണ്ട്. ഏകദേശം 1.6 ലക്ഷം ഗ്രാമപഞ്ചായത്തുകളിൽ PACS (പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് സൊസൈറ്റി) ഇല്ല. കൂടാതെ ഏകദേശം 2 ലക്ഷം ഗ്രാമപഞ്ചായത്തുകളിൽ ക്ഷീര സഹകരണ സംഘങ്ങൾ ഇല്ല. ഇതുമായി ബന്ധപ്പെട്ട്, 2023 ഫെബ്രുവരിയിൽ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2 ലക്ഷം പിഎസിഎസ്, ക്ഷീര- മത്സ്യബന്ധന സഹകരണ സംഘങ്ങൾ സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാനും നിരീക്ഷിക്കാനുമായി, കേന്ദ്ര സഹകരണ മന്ത്രി അംഗീകൃത പ്രവർത്തന പദ്ധതി പുറത്തിറക്കി. പദ്ധതിപ്രകാരം, നബാർഡ് ഏകദേശം 70,000 പുതിയ വിവിധോദ്ദേശ്യ പിഎസിഎസ് (എം- പിഎസിഎസ്) സ്ഥാപിക്കും. എൻഡിഡിബി 1,03,000 ക്ഷീര സഹകരണ സംഘങ്ങൾ (ഡിസിഎസ്) രൂപീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. ദേശീയ മത്സ്യബന്ധന വികസന ബോർഡ് (എൻഎഫ്ഡിബി) ഏകദേശം 11,500 ഫിഷറീസ് സഹകരണ സംഘങ്ങൾ (എഫ്സിഎസ്) സ്ഥാപിക്കും. കൂടാതെ, സംസ്ഥാന ഗവണ്മെന്‍റുകൾ ഏകദേശം 25,000 പുതിയ M-PACS, ഡയറി, ഫിഷറീസ് സഹകരണ സംഘങ്ങൾ സ്ഥാപിക്കും.
ധവളവിപ്ലവം 2.0
കഴിഞ്ഞ 6 പതിറ്റാണ്ടിനിടെ, എൻഡിഡിബിയുടെയും സംസ്ഥാന-കേന്ദ്ര ഗവണ്മെന്‍റുകളുടെയും സഹകരണത്തോടെ രാജ്യത്തുടനീളം ഏകദേശം 1.44 ലക്ഷം ക്ഷീര സഹകരണ സംഘങ്ങൾ സ്ഥാപിക്കപ്പെട്ടു. ഇപ്പോൾ, "ധവള വിപ്ലവം 2.0' ഉദ്യമത്തിന് കീഴിൽ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1.03 ലക്ഷം പുതിയ വിവിധോദ്ദേശ്യ ക്ഷീര സഹകരണ സംഘങ്ങൾ (എം- ഡിസിഎസ്) രൂപീകരിക്കാനും നിലവിലുള്ളവയെ ശാക്തീകരിക്കാനും പദ്ധതിയുണ്ട്. ഇത് സുപ്രധാന നേട്ടമാകും. കൂടാതെ രാജ്യത്തെ പാൽ ഉത്പാദനവും വിതരണവും പുതിയ ഉയരങ്ങളിലെത്തുകയും ചെയ്യും.
വിവിധോദ്ദേശ്യ പിഎസിഎസ് (M-PACS) വാണിജ്യ കേന്ദ്രങ്ങളായി ഉയർന്നുവരികയാണ്. പുതിയ മാതൃകാ ബൈലോകൾ സ്വീകരിക്കുന്നതിലൂടെ, ഈ സഹകരണ സംഘങ്ങൾ ഇപ്പോൾ ക്ഷീരമേഖല ഉൾപ്പെടെ 25ലധികം വ്യത്യസ്ത വ്യാവസായിക പ്രവർത്തനങ്ങൾ നടത്തുന്നു.
ആഗോള തലത്തിലേക്ക്
താഴേത്തട്ടിലുള്ള സഹകരണ സംഘങ്ങളെ ദേശീയ അന്തർദേശീയ മൂല്യ ശൃംഖലകളുമായി ബന്ധിപ്പിക്കുന്നതിന് ദേശീയ തലത്തിലുള്ള 3 ബഹുസംസ്ഥാന സഹകരണസംഘങ്ങൾ സ്ഥാപിച്ചിട്ടുണ്ട്:
1. നാഷണൽ കോ- ഓപ്പറേറ്റീവ് ഓർഗാനിക്‌സ് ലിമിറ്റഡ് (NCOL)
2. ഭാരതീയ ബീജ് സഹകാരി സമിതി ലിമിറ്റഡ് (BBSSL)
3. നാഷണൽ കോഓപ്പറേറ്റീവ് എക്‌സ്‌പോർട്ട് ലിമിറ്റഡ് (NCEL)
ഈ സംരംഭങ്ങൾ ഇന്ത്യയുടെ സഹകരണ പ്രസ്ഥാനത്തിന്‍റെ ചരിത്രത്തിലെ വിപ്ലവകരമായ ചുവടുവയ്പാണ്. പ്രാദേശിക സഹകരണ സംഘങ്ങളെ വിശാലമായ വിപണികളുമായി ബന്ധിപ്പിക്കാനും കഴിവുകൾ വർധിപ്പിക്കാനും വളർച്ചയ്ക്ക് പുതിയ വഴികൾ തുറക്കാനും അവ ലക്ഷ്യമിടുന്നു. ജൈവ ഉത്പന്നങ്ങൾ, ഗുണമേന്മയുള്ള വിത്തുകൾ, കയറ്റുമതി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ഈ സഹകരണ സംഘങ്ങൾ, രാജ്യത്തുടനീളമുള്ള കർഷകർക്കും ഗ്രാമീണ സമൂഹങ്ങൾക്കും പ്രയോജനം ചെയ്യുന്ന സഹകരണ സംരംഭങ്ങളെ ആഗോള ശ്രദ്ധയിലേക്ക് കൊണ്ടുവരും.
നാഷണൽ കോഓപ്പറേറ്റീവ് ഓർഗാനിക്‌സ് ലിമിറ്റഡ് (എൻസിഒഎൽ) ജൈവ ഉത്പന്നങ്ങളുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് ആരോഗ്യകരമായ കാർഷിക ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു. ഭാരതീയ ബീജ് സഹകാരി സമിതി ലിമിറ്റഡ് (ബിബിഎസ്എസ്എൽ) ഉയർന്ന ഗുണമേന്മയുള്ള വിത്തുകളുടെ ഉത്പാദനം, സംസ്കരണം, വിതരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നു. അതേസമയം, നാഷണൽ കോഓപ്പറേറ്റീവ് എക്‌സ്‌പോർട്ട് ലിമിറ്റഡ് (എൻസിഇഎൽ) സഹകരണ വ്യാപാരം മെച്ചപ്പെടുത്തുന്നതിനും ആഗോളതലത്തിൽ ഇന്ത്യൻ ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രവർത്തിക്കുന്നു.
NCOLനെ പ്രധാനമായും പ്രോത്സാഹിപ്പിക്കുന്നത് NDDB ആണ്. NCOL സ്ഥാപിച്ചത് ഗവൺമെന്‍റിന്‍റെ "സർവതോമുഖ സമീപന'ത്തിന് അനുസൃതമായാണ്. ബന്ധപ്പെട്ട മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഏജൻസികൾ എന്നിവയുമായി സഹകരിച്ചാണ് അതു പ്രവർത്തിക്കുന്നത്. ജൈവ ഉത്പന്നങ്ങളുടെ ശേഖരണം, സംഭരണം, സർട്ടിഫിക്കേഷൻ, ടെസ്റ്റിങ്, ബ്രാൻഡിങ്, സംസ്കരണം, സംഭരണം, വിപണനം എന്നിവയ്‌ക്കായുള്ള സമഗ്ര സ്ഥാപനമായി NCOL പ്രവർത്തിക്കുന്നു.
അതുപോലെ, വിളവ് മെച്ചപ്പെടുത്തുന്നതിനും തദ്ദേശീയ പ്രകൃതിദത്ത വിത്തുകളുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമുള്ള സംവിധാനം വികസിപ്പിക്കുന്നതിനുമാണ് BBSSL സ്ഥാപിച്ചത്. സഹകരണ സംഘങ്ങളുടെ ശൃംഖലയിലൂടെ ഒരൊറ്റ ബ്രാൻഡിന് കീഴിൽ ഗുണനിലവാരമുള്ള വിത്തുകൾ ഉത്പാദിപ്പിക്കാനും സംഭരിക്കാനും വിതരണം ചെയ്യാനും BBSSL സഹായിക്കും. സഹകരണ സംഘങ്ങൾ വഴി ഇന്ത്യയിൽ ഗുണമേന്മയുള്ള വിത്തുകളുടെ ഉത്പാദനം വർധിപ്പിക്കുന്നതിനും ഈ സംവിധാനം പ്രയോജനപ്പെടും.
ആഭ്യന്തര സഹകരണ ഉത്പന്നങ്ങൾക്ക് ആഗോള സ്വത്വം സൃഷ്ടിക്കുന്നതിനായി, രാജ്യത്തിന്‍റെ മുഴുവൻ സഹകരണ മേഖലയ്ക്കും കയറ്റുമതി സുഗമമാക്കുന്നതിന് സംരക്ഷണമേകുന്ന സംഘടനയായി NCEL സ്ഥാപിച്ചു. കൃഷി, ഹോർട്ടികൾച്ചർ, ക്ഷീര മേഖല, കോഴിവളർത്തൽ, കന്നുകാലികൾ, മത്സ്യബന്ധനം, പഞ്ചസാര, സുഗന്ധ വ്യഞ്ജനങ്ങൾ, ജൈവ ഉത്പന്നങ്ങൾ, വളങ്ങൾ തുടങ്ങിയ മേഖലകളിലെ സഹകരണ ശ്രമങ്ങൾ ഈ സമിതി പ്രോത്സാഹിപ്പിക്കും.
സഹകരണ സ്ഥാപനങ്ങൾ രാജ്യത്ത് കരുത്തുറ്റ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഈ വിഭവങ്ങളുടെ മികച്ച ഏകോപനവും ഉപയോഗവും വഴി, കൂട്ടായ സ്വാധീനം കൂടുതൽ മെച്ചപ്പെടുത്താൻ കഴിയും. അംഗത്വമുള്ള കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിന് സഹകരണ സംഘങ്ങൾ പുതിയ തന്ത്രങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. നൂതനവും ആധുനികവുമായ സാങ്കേതിക വിദ്യകളുടെ ഉപയോഗം, പ്രവർത്തനക്ഷമത മെച്ചപ്പെടുത്തൽ, വരുമാന സ്രോതസുകൾ വൈവിധ്യവൽക്കരിക്കൽ, പങ്കാളിത്തം പ്രോത്സാഹിപ്പിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ സംരംഭങ്ങൾ നടപ്പാക്കുന്നതിലൂടെ, സഹകരണ സ്ഥാപനങ്ങൾക്ക് പുതിയ സാധ്യതകൾ കണ്ടെത്താനും സമ്പദ്‌വ്യവസ്ഥയിൽ അവരുടെ പങ്കിനു കരുത്തേകാനും കഴിയും.
(നാഷണൽ ഡയറി ഡവലപ്‌മെന്‍റ് ബോർഡ്, നാഷണൽ കോ- ഓപ്പറേറ്റീവ് ഓർഗാനിക്‌സ് ലിമിറ്റഡ്, നാഷണൽ കോഓപ്പറേറ്റീവ് ഡയറി ഫെഡറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ് എന്നിവയുടെ ചെയർമാനാണ് ലേഖകൻ)