ഗവർണറും സർക്കാരും: വേണ്ടത് ആരോഗ്യകരമായ ജനാധിപത്യം

ഇപ്പോഴത്തെ ഗവർണർ തന്‍റെ ചില മുൻഗാമികളേക്കാൾ തികച്ചും മാന്യനും സൗമ്യനും ആണെന്ന കാര്യത്തിൽ സംശയമില്ല.
Special article on Kerala government and Governor

ഗവർണറും സർക്കാരും: വേണ്ടത് ആരോഗ്യകരമായ ജനാധിപത്യം

Updated on

ജ്യോത്സ്യൻ

നമ്മുടെ രാഷ്‌ട്രപതി കേന്ദ്ര ക്യാബിനറ്റിന്‍റെ ശുപാർശ പ്രകാരം നോമിനേറ്റ് ചെയ്യുന്ന ഭരണഘടനാ സ്ഥാപനമാണ് സംസ്ഥാന ഗവർണർമാർ. ജനങ്ങൾ തെരഞ്ഞെടുത്ത സംസ്ഥാന സർക്കാരും ഭരണഘടനാ സ്ഥാപനമായ ഗവർണറും പരസ്പരം അംഗീകരിച്ച് മുന്നോട്ടു പോകേണ്ടതാണ്.

രാജ്യം സ്വാതന്ത്ര്യം നേടിയ ആദ്യ 60 വർഷക്കാലം കേന്ദ്രവും സംസ്ഥാനങ്ങളും ഭരിച്ചിരുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസാണ്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ലാൽ ബഹാദൂർ ശാസ്ത്രി തുടങ്ങിയ പ്രധാനമന്ത്രിമാരും ഡോ. രാജേന്ദ്രപ്രസാദ്, എസ്. രാധാകൃഷ്ണൻ തുടങ്ങിയ രാഷ്‌ട്ര നായകന്മാരും ജനാധിപത്യ മൂല്യങ്ങളെ കാത്തുസൂക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധരായിരുന്നു.

എന്നാൽ കുറച്ച് കാലങ്ങളായി കോൺഗ്രസ് ഇതര സർക്കാർ രാജ്യം ഭരിക്കുകയും സംസ്ഥാനങ്ങളിൽ പ്രാദേശിക രാഷ്‌ട്രീയ പാർട്ടികൾ വരെ അധികാരത്തിൽ വരികയും ചെയ്തതോടു കൂടി രാഷ്‌ട്രപതിയുടെ നോമിനിമാരായ ഗവർണർമാരും ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരുകളും തമ്മിൽ ഏറ്റുമുട്ടലുകൾ തുടങ്ങി.

അമെരിക്കൻ പ്രസിഡന്‍റ് സമ്പ്രദായവും ബ്രിട്ടീഷ് ക്യാബിനറ്റ് സമ്പ്രദായവും കൂട്ടിച്ചേർത്തുകൊണ്ടുള്ള ഒരു സമ്മിശ്ര ഭരണ സംവിധാനമാണ് ഇന്ത്യൻ ഭരണഘടനാ ശില്പികൾ സുദീർഘമായ ചർച്ചകൾക്ക് ശേഷം അംഗീകരിച്ചത്. അതിന്‍റെ ദോഷങ്ങളും ഗുണങ്ങളും ഉണ്ട്.

ഭരണഘടനയ്ക്ക് രൂപം നൽകിയ കാലഘട്ടം മുതൽ ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരുകൾ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഉള്ളപ്പോൾ എന്തിനാണ് രാഷ്‌ട്രപതിയും ഗവർണർമാരും എന്ന ചോദ്യം പലപ്പോഴായി ഉയർന്നിട്ടുണ്ട്. രാഷ്‌ട്രപതിമാർ കേന്ദ്ര സർക്കാരിന്‍റെ റബ്ബർ സ്റ്റാംപുകൾ മാത്രമാണെന്ന് പാർലമെന്‍റിനകത്തും പുറത്തും നടന്ന ചർച്ചകളിൽ സജീവമായി. രാജ്യത്ത് ഭവനവും ഭക്ഷണവും ഇല്ലാത്ത ഒരു ജനസമൂഹം ഉള്ളപ്പോൾ ആഡംബരപൂർവവും വലിയ ചെലവേറിയതുമായ രാഷ്‌ട്രപതി ഭവനും രാജ്ഭവനകളും എന്തിനാണെന്നാണ് അവർ ഉയർത്തിയ ചോദ്യം.

ബ്രിട്ടീഷ് ഭരണകാലത്ത് ഡൽഹിയിലെ റൈസീന കുന്നിൽ ബ്രിട്ടീഷുകാരായ ല്യൂട്ടിയൻസ് പടുത്തുയർത്തിയ ആർഭാട മന്ദിരമായ വൈസ്രോയിയുടെ ആസ്ഥാനം നല്ലൊരു ഹോട്ടലാക്കിക്കൂടെ എന്നു പോലും ഇക്കൂട്ടർ ചോദിക്കുന്നു. ചിലർ ദീർഘകാലം രാഷ്‌ട്രീയ പ്രവർത്തനം നടത്തി റിട്ടയർമെന്‍റിലേക്ക് നീങ്ങുമ്പോൾ ഗവർണർമാരായി നിയമിക്കപ്പെട്ട് അവരുടെ ശിഷ്ടകാല സുഖജീവിതം സംസ്ഥാനങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുന്ന സംവിധാനമല്ലേ ഇതെന്നും ഇക്കൂട്ടർ ഉന്നയിച്ചു.

അടുത്ത കാലത്ത് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും സിപിഐയും തമ്മിൽ "അഖണ്ഡഭാരത സങ്കൽപത്തിനു മുന്നിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിന്‍റെ' പേരിൽ ഏറ്റുമുട്ടിയപ്പോൾ ഈ അഭിപ്രായങ്ങൾ വീണ്ടും ഉയർന്നു. ഇപ്പോഴത്തെ ഗവർണർ തന്‍റെ ചില മുൻഗാമികളേക്കാൾ തികച്ചും മാന്യനും സൗമ്യനും ആണെന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ടാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ തന്‍റെ സഹപ്രവർത്തകനായ സിപിഐക്കാരൻ ഉന്നയിച്ച ""രാജ്ഭവൻ ആർഎസ്എസ് ഭരിക്കുന്നു, അവിടം ആർഎസ്എസ് ശാഖയാക്കുന്നു'' തുടങ്ങിയ ആരോപണത്തെക്കുറിച്ച് മൗനം പാലിക്കുന്നത്. കൂട്ടുകക്ഷി ഭരണത്തിൽ കാണിക്കേണ്ട മാന്യതയും പക്വതയുമാണ് കേരള മുഖ്യമന്ത്രി പുലർത്തിയത്.

തന്‍റെ ആസ്ഥാനവും ഓഫിസും താമസസ്ഥലവുമായ രാജ്ഭവനിൽ എന്തൊക്കെ നടക്കണമെന്ന് തീരുമാനിക്കേണ്ട അധികാരം ഗവർണർക്കു തന്നെയാണ്. ഭാരതാംബയുടെ ചിത്രം ആരുടെയും സ്വകാര്യ സ്വത്തല്ല. കാലാകാലങ്ങളായി അംഗീകരിക്കപ്പെട്ട ചില കാഴ്ചപ്പാടുകളാണത്. അത് ഇത്ര വലിയ ചിന്തയ്ക്കും സംവാദത്തിനും കാരണമാകേണ്ട കാര്യമില്ല. ഗവർണർ തന്നെ പറഞ്ഞതു പോലെ ഓരോരുത്തരും ബഹുമാനിക്കുന്ന അവരവരുടെ അമ്മയെപ്പറ്റി ചർച്ചയുടെ ആവശ്യമേയില്ലല്ലോ..!

ആർഎസ്എസ് നിരോധിക്കപ്പെട്ട ഒരു സംഘടനയല്ല. വ്യക്തിപരമായി കേരള ഗവർണർക്ക് ആർഎസ്എസുമായി ബന്ധമുണ്ട്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ഒരു കാലത്ത് ആർഎസ്എസ് യൂണിഫോമിട്ട് ചില ചടങ്ങുകളിൽ പങ്കെടുത്തു എന്ന് ചിലർ പറയുന്നു. റിപ്പബ്ലിക് ദിന പരേഡിൽ ആർഎസ്എസ് വോളന്‍റിയർമാരെ നെഹ്റു ക്ഷണിച്ചിരുന്നതായി അവർ അവകാശപ്പെടുന്നു. നമ്മുടെ രാഷ്‌ട്രപതിയായിരുന്ന ഡോ. പ്രണബ് കുമാർ മുഖർജി നാഗ്പുരിയലെ ആർഎസ്എസ് ആസ്ഥാനത്തെത്തി തന്‍റെ സ്വതന്ത്രമായ രാഷ്‌ട്രീയ അഭിപ്രായം ആർഎസ്എസ് മേധാവി ഡോ. മോഹൻ ഭഗവതിനു മുന്നിൽത്തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. അന്ന് അദ്ദേഹത്തെ വിമർശിച്ചവരുണ്ട്. അവരിൽ ഒരാൾ അദ്ദേഹത്തിന്‍റെ പുത്രി തന്നെയായിരുന്നു.

ഗവർണർമാരും സംസ്ഥാന സർക്കാരും പരസ്പരം സഹകരിച്ച് പോകുന്നതാണ് നല്ലത്. കേന്ദ്ര സർക്കാരിൽ വലിയ രാഷ്‌ട്രീയ സ്വാധീനമുള്ള ആളാണ് ഇപ്പോഴത്തെ ഗവർണർ. കേരളത്തിന്‍റെ വികസന പാതയിൽ കേന്ദ്ര സഹായം എത്തിക്കുന്നതിന് ഗവർണർ തന്‍റെ രാഷ്‌ട്രീയ സ്വാധീനം പ്രയോജനപ്പെടുത്താനുള്ള മനസ് തുറന്നു കാണിച്ചിട്ടുണ്ട്. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രി പിണറായിയുമായി നടത്തിയ പ്രഭാത വിരുന്നിൽ ഗവർണർ പങ്കെടുക്കുകയും സംസ്ഥാനത്തോടൊപ്പമാണ് താനെന്ന് തെളിയിക്കുകയും ചെയ്തു. അടുത്തിടെ മുഖ്യമന്ത്രിയുടെ ജന്മദിനത്തിൽ ക്ലിഫ് ഹൗസിൽ നേരിട്ടെത്തി ആശംസകൾ നേർന്നത് ഗവർണറുടെ സ്വഭാവ വൈശ്യഷ്ട്യത്തിന് ഉത്തമോദാഹരണമാണ്. സർക്കാർ സമർപ്പിച്ച ചില ഫയലുകളിൽ ഗവർണർ മാന്യമായ കമന്‍റ് എഴുതി തിരിച്ചയക്കുകയും ചെയ്തിട്ടുണ്ട്. ആരോഗ്യകരമായ ജനാധിപത്യമായി ഇതിനെ ജോത്സ്യൻ കാണുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com