പൊട്ടക്കിണറ്റിലെ കാമ മണ്ഡൂകങ്ങൾ

ഷിരൂരിലെയും വയനാട്ടിലെയും വേർപാടുകളുടെ ദുഃഖങ്ങൾ എരിവും പുളിയും ചേർത്തു വിറ്റു കാശാക്കിയ ഇക്കൂട്ടർക്ക് പുതിയ അവസരമാണ് തുറന്നുകിട്ടിയിരിക്കുന്നത്
quarantine
പൊട്ടക്കിണറ്റിലെ കാമ മണ്ഡൂകങ്ങൾ
Updated on

മോണിങ് ഷോ, നൂൺ ഷോ, മാറ്റിനി, ഈവ്നിങ് ഷോ, സ്പെഷ്യൽ ഷോ, സെക്കൻഡ് ഷോ ന്യൂസ് ഷോ, കാരവനിലെ ന്യൂഡ് ഷോ! - സിനിമാ രംഗത്തെ ഇത്തരം വർണാഭമായ ഷോകളാണ് പരശുരാമ ഭൂമിയിലെ ഇന്നത്തെ ചിന്താവിഷയം. ഈ ചന്തവിഷയം ചാനലുകളും നവമാധ്യമങ്ങളും ഏറ്റെടുത്തുകഴിഞ്ഞു. "അമ്മ'യെ "എ.എം.എം.എ' എന്നാക്കി മാറ്റുന്ന ചാനൽപ്പൈതങ്ങൾ "അമ്മ'യെച്ചൊല്ലി ചിന്നൻ ബാധിച്ചതു പോലെ അലമുറയിട്ട് ഉറഞ്ഞുതുള്ളുകയാണ്.

ആരാന്‍റമ്മയ്ക്ക് ഭ്രാന്തു വന്നാൽ കാണാൻ ആളുണ്ടാകുമെന്നും ശരാശരി മനുഷ്യരുടെ അസൂയനിറഞ്ഞ ആകാംക്ഷകളെ തൃപ്തിപ്പെടുത്തിയാൽ വരുമാനവും റേറ്റിങ്ങും കൂടുമെന്നും ഈ സൃഗാലന്മാർക്കറിയാം. ഷിരൂരിലെയും വയനാട്ടിലെയും വേർപാടുകളുടെ ദുഃഖങ്ങൾ എരിവും പുളിയും ചേർത്തു വിറ്റു കാശാക്കിയ ഇക്കൂട്ടർക്ക് പുതിയ അവസരമാണ് തുറന്നുകിട്ടിയിരിക്കുന്നത്. ഈ മാധ്യമ പരജീവികൾ തുപ്പുന്ന വിഷം സമൂഹഗാത്രത്തെ വല്ലാതെ ബാധിച്ചുകഴിഞ്ഞു.

വഴിയെ പോകുന്നവരെ തടഞ്ഞുനിർത്തി കിടപ്പറ വിശേഷങ്ങൾ അന്വേഷിക്കുന്ന, മറ്റുള്ളവരെ തമ്മിൽത്തല്ലിച്ചു രസിക്കുന്ന ചാനൽ സിംഹങ്ങൾ ഈ വിധം വിശ്വസംസ്കാര പാലകരാകുന്ന അവസ്ഥ ഭയജനകമാണ്. നവോത്ഥാന സമൂഹത്തിനും നവസാംസ്കാരിക ബോധത്തിനും ചേരുന്നതല്ല ഇത്തരം മൃഗയാ വിനോദങ്ങൾ. പക്ഷേ, പത്രപ്രവർത്തനത്തിന്‍റെ അഭിജാതമായ മേൽവിലാസം ഉപയോഗിച്ചു പനപോലെ വളരുന്ന ഈ പരാന്നഭോജികളെ ആരും തടയാൻ ധൈര്യം കാട്ടുന്നില്ല.

അപ്രതീക്ഷിതമായി കിട്ടിയ കോളിൽ ഇക്കൂട്ടർ മതിമറന്ന് ആർപ്പുവിളിക്കുന്നതു കേൾക്കുമ്പോൾ ആരുമൊന്ന് മതിവരുവോളം കൂവിപ്പോകും. "കൊല്ലം വണ്ടിക്ക് കുഞ്ഞാണ്ടിക്കൊരു കോളു കിട്ടി' എന്നു പറഞ്ഞതു പോലെയാണു സംഗതികൾ.

"പണ്ടൊരു നാളിൽ പട്ടണ നടുവിൽ പാതിരനേരം നവോത്ഥാന സൂര്യൻ ഉദിച്ച' സ്ഥിതിയാണിപ്പോൾ. പരദൂഷണങ്ങളും അപവാദങ്ങളും ഇക്കിളിക്കഥകളും കേബിളുകൾ വഴി ഇറ്റിറ്റായി ഒഴുകി വന്ന് ഗൃഹാന്തരീക്ഷങ്ങളെ മലിനമാക്കുന്നതും സ്വർഗജാതരായ താര ചക്രവർത്തിമാർ ഇടിമിന്നൽ കണ്ട ഉരഗങ്ങളെപ്പോലെ ഭയപരവശരായി മാളങ്ങളിലൊളിക്കുന്നതും പാതിരാസൂര്യന്‍റെ നാട്ടിൽ സ്ഫടിക സമാനമായി തെളിയുന്നു.

"കേരളം വളരുന്നു

പശ്ചിമഘട്ടങ്ങളെ-

ക്കേറിയും കടന്നും

ചെന്നന്യമാം രാജ്യങ്ങളിൽ'

എന്നു ക്രാന്തദർശിയായ മഹാകവി പാടിയത് നന്ദിയോടെ നമ്മൾ സ്മരിക്കേണ്ട സമയമാണിത്.

ഈയാംപാറ്റകളുടെ

കോടമ്പാക്കം

പണ്ട്, എഴുപതുകളിൽ നാട്ടിലെ കുമാരീകുമാരന്മാരുടെ റോൾ മോഡലുകൾ സിനിമാ താരങ്ങളായിരുന്നു. പ്രേമത്തിന്‍റെയും ലൈംഗികതയുടെയും മായാരഹസ്യങ്ങൾ വശമാക്കാൻ സിനിമയല്ലാതെ ടിവിയും മൊബൈലും സോഷ്യൽ മീഡിയയുമൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല താനും.

സിനിമയിലെ നായകന്മാർ പുരുഷ സൗന്ദര്യത്തിന്‍റെ അടയാളങ്ങളും നടിമാർ സ്വപ്ന നായികമാരുമായി മാറിയതിൽ തന്മൂലം തെല്ലും അത്ഭുതമില്ല.

അഭിനയ മോഹം തലയ്ക്കു പിടിച്ച ആണുങ്ങളും പെണ്ണുങ്ങളും മലയാള സിനിമയുടെ തലസ്ഥാനമായിരുന്ന മദ്രാസിലെ കോടമ്പാക്കത്തേക്ക്, അഗ്നിയിലേക്ക് ഈയലുകളെന്ന പോലെ വീണെരിഞ്ഞു തുടങ്ങിയതും അക്കാലത്തായിരുന്നു. ആ ഹോമാഗ്നിയിൽ വെന്തുപോയ ജീവിതങ്ങളുടെ കഥകളല്ല, വിജയം നേടിയവരുടെ ചരിതങ്ങളാണ് നമ്മളെ എക്കാലവും മോഹിപ്പിച്ചത്. മലയാള സിനിമാ മാസികകളും ചില പത്രങ്ങളും ഗോസിപ്പുകൾ എഴുതി നിറച്ച് ഇക്കാര്യത്തിൽ - ഇപ്പോഴത്തെ നവമാധ്യമങ്ങളെപ്പോലെ - അവരുടേതായ പങ്കു വഹിക്കുകയും ചെയ്തു.

രതിമന്മഥ നവോത്ഥാനം

.എന്തായാലും ശ്രീപത്മനാഭപുരത്തെ ഹജൂർ കച്ചേരിയുടെ നിലവറയ്ക്കുള്ളിൽ വിഷസർപ്പങ്ങളുടെ കാവലിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന സിനിമാ കമ്മിറ്റി റിപ്പോർട്ട് നാട്ടിലെ ധർമച്യുതിയുടെ ആഴങ്ങൾ വ്യക്തമാക്കുന്നുണ്ട്. ആയുസു തീരാറായിട്ടും ആഗ്രഹം തീരാത്ത കാമത്തവളകൾ പൊട്ടക്കിണറ്റിലെ ഫണീന്ദ്രന്മാരായി വിലസുകയായിരുന്നെന്ന ധാരണ ഇപ്പോൾ വ്യാപിച്ചിട്ടുണ്ടെങ്കിലും ഇനിയും ഏറെക്കഥകൾ പുറത്തു വരാനുണ്ടെന്നാണ് കേൾക്കുന്നത്. ഇപ്പോഴത്തെ ബഹളങ്ങൾക്കു പിന്നിൽ വേറേതോ ശക്തികളാണുള്ളതെന്നും പറയുന്നവരുണ്ട്. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണു പൊന്തി വന്നിരിക്കുന്നത് എന്നത്രേ സൂചനകൾ.

മിന്നുന്നതെല്ലാം പൊന്നല്ല

മിന്നുന്നതെല്ലാം പൊന്നല്ലെന്നും കാണുന്നതെല്ലാം വിശ്വസിക്കരുതെന്നുമാണ് മലയാളിയുടെ ഒന്നാം പ്രമാണം. തിളങ്ങുന്ന താരങ്ങളും ചന്ദ്രനും വിലസുന്ന നക്ഷത്ര മണ്ഡലം ദുരൂഹതകൾ നിറഞ്ഞതാണെന്ന അന്വഷണ സമിതി റിപ്പോർട്ടിലെ നിരീക്ഷണത്തിന് അതുകൊണ്ടു തന്നെ അനേകം അർഥതലങ്ങളുണ്ട്. പഞ്ചസാരയും ഉപ്പും പോലെ സത്യം ആപേക്ഷികമായി വർത്തിക്കുമ്പോൾ ഉലകം വെല്ലാൻ ഉഴറിയ താരങ്ങളുടെ കാര്യത്തിലും ഈ ആപേക്ഷികതാ സിദ്ധാന്തം കർമപാശം പോലെ ക്രൂരമായി പ്രവർത്തിക്കുന്നു. കർമപാശത്തിന്‍റെ, കർമ ചക്രത്തിന്‍റെ ഗതിനിയമങ്ങൾ ഗുഹ്യവും ഗഹനവുമാണ്.

കർമം ഓരോരുത്തരുടെ പിന്നിലും നിഴൽപോലെ നിലകൊള്ളന്നു. അതവരുടെ വിധി നിർണയിക്കുന്നു. ഇത് പ്രകൃതി നിയമമാണ്. ഇതു തന്നെയാണ് യഥാർഥ നിയമവാഴ്ച, റൂൾ ഓഫ് ലോ!

(ലേഖകന്‍റെ ഫോൺ: 9447809631)

Trending

No stories found.

Latest News

No stories found.