അറിഞ്ഞിരിക്കേണ്ട സഭാ നടപടികൾ

തെരഞ്ഞെടുക്കപ്പെട്ട സഭയിലെ പ്രവൃത്തി ദിനത്തിലെ ആദ്യ മണിക്കൂറാണ് ചോദ്യോത്തര വേള.
Special article on parliament processes

അറിഞ്ഞിരിക്കേണ്ട സഭാ നടപടികൾ

Updated on

സുധീര്‍ നാഥ്

പാര്‍ലമെന്‍റ് സമ്മേളനം പൂര്‍ത്തിയായി. നിയമസഭാ സമ്മേളനം പൂര്‍ത്തിയാകുന്നു. ഈ അവസരത്തില്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ കേട്ട വാചകങ്ങളാണ് ചോദ്യോത്തരവും സീറോ അവറും നടുത്തളവും അവശ്വാസ പ്രമേയവും. ഇതേക്കുറിച്ച് വളരെ മുന്‍പുതന്നെ മാധ്യമങ്ങളിലൂടെ വായിക്കുവാനും കേള്‍ക്കുവാനും ഇടയായിട്ടുണ്ട്. ചോദ്യോത്തരവേള കഴിഞ്ഞുള്ള സീറോ അവര്‍ അഥവാ ശൂന്യവേള കണ്ടിരിക്കുവാന്‍ വളരെ രസമാണെന്ന് പറഞ്ഞു കേട്ടിരുന്നു. ചോദ്യോത്തര വേള ശാന്തമായിട്ടാകും മിക്കവാറും നടക്കുക. എന്നാല്‍ ശൂന്യവേള മിക്കവാറും അങ്ങിനെയാകില്ല. നടുത്തളത്തില്‍ ഇറങ്ങുക എന്നത് പ്രതിഷേധത്തിന്‍റെ ഭാഗവുമാണ്. ഒരു സര്‍ക്കാരിനെ മറിച്ചിടാനായി കൊണ്ടുവരുന്ന ഒന്നാണ് അവിശ്വാസ പ്രമേയം. സര്‍ക്കാരിന്‍റെ വിശ്വാസ്യത അളക്കുന്ന അളവ് കോലായും അവിശ്വാസ പ്രമേയം പരിഗണിക്കപ്പെടുന്നു.

കാര്‍ട്ടൂണിസ്റ്റ് ആവുക എന്ന ലക്ഷ്യം മനസ്സില്‍ കൊണ്ടുനടന്നിരുന്ന ചെറുപ്പകാലത്ത് ഗുരുവായ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ പറഞ്ഞു, വരയ്ക്കപ്പെടുന്ന നേതാക്കളെ നേരില്‍ കാണുക എന്നുള്ളത് ഒരു കാര്‍ട്ടൂണിസ്റ്റിന് ഗുണം ചെയ്യും. അങ്ങനെ കേരള നിയമസഭയുടെ സമ്മേളന നാളില്‍ തിരുവനന്തപുരത്തെ പഴയ സെക്രട്ടേറിയേറ്റിലെ നിയമസഭാ സമ്മേളനം കാണാന്‍ പോയത് ഓര്‍മയില്‍ എത്തുകയാണ്. ചോദ്യോത്തരവേള നടക്കുന്ന സമയത്താണ് എത്തിയത്. അതുകഴിഞ്ഞ ഉടനെ സീറോ അവറായിരുന്നു. നിയമസഭാ അംഗങ്ങള്‍ ആവേശപൂര്‍വം ചോദിച്ച ചോദ്യങ്ങളും അതിനുള്ള മറുപടിയും കൗതുകത്തോടെ കേട്ടിരുന്നു. അന്നാണ് സീറോ അവറിനെ കുറിച്ച് ഞാന്‍ കൂടുതല്‍ അറിയുന്നത്. അന്നു തന്നെ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങുന്നതിനും സാക്ഷിയായി.

തെരഞ്ഞെടുക്കപ്പെട്ട സഭയിലെ പ്രവൃത്തി ദിനത്തിലെ ആദ്യ മണിക്കൂറാണ് ചോദ്യോത്തര വേള. ഭരണപരമായ പ്രവര്‍ത്തനങ്ങളുടെ ഏതെങ്കിലും വിഷയത്തില്‍ തെരഞ്ഞെടുത്ത അംഗങ്ങള്‍ക്ക് വകുപ്പിനെ നയിക്കുന്ന അംഗത്തോട് ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്ന സമയമാണ് ചോദ്യോത്തര വേള. ചോദ്യോത്തര വേളയില്‍ ഒരംഗം ഉന്നയിക്കുന്ന ചോദ്യത്തിന് ബന്ധപ്പെട്ട വകുപ്പിനെ നയിക്കുന്ന അംഗം വാമൊഴിയായോ രേഖാമൂലമോ ഉത്തരം നല്‍കാന്‍ ബാധ്യസ്ഥനാണ്.

ചോദ്യോത്തര വേളയില്‍ നാല് തരം ചോദ്യങ്ങളുണ്ടാകാറുണ്ട്. നക്ഷത്രചിഹ്നമിട്ടത്, നക്ഷത്രചിഹ്നമിടാത്തത്, ഹ്രസ്വകാല ചോദ്യങ്ങള്‍, സ്വകാര്യ അംഗങ്ങളോടുള്ള ചോദ്യങ്ങള്‍. നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ വാമൊഴിയായി ഉത്തരം പ്രതീക്ഷിക്കുന്നവയാണ്. ബന്ധപ്പെട്ട വകുപ്പ് നയിക്കുന്ന അംഗത്തില്‍ നിന്ന് ചോദ്യത്തിനുള്ള മറുപടി ലഭിച്ചതിന് ശേഷവും അംഗത്തിന് അനുബന്ധ ചോദ്യങ്ങള്‍ ചോദിക്കാവുന്നതാണ്. നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങള്‍ക്ക് രേഖാമൂലമുള്ള മറുപടി പ്രതീക്ഷിക്കാം. മറുപടി നല്‍കിയ ശേഷം അനുബന്ധ ചോദ്യങ്ങളൊന്നും ചോദിക്കാന്‍ പാടില്ല. അടിയന്തര പൊതു പ്രാധാന്യമുള്ള വിഷയങ്ങളില്‍ ചോദിക്കുന്നവയാണ് ഹ്രസ്വകാല അറിയിപ്പ് ചോദ്യങ്ങള്‍. അതിനാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍, അതായത് 10 ദിവസത്തില്‍ താഴെ സമയത്തിനുള്ളില്‍ ചോദിക്കാം. ഈ ചോദ്യങ്ങള്‍ക്ക് വാമൊഴിയായി ഉത്തരം നല്‍കാനും അനുബന്ധ ചോദ്യങ്ങള്‍ ചോദിക്കാനും കഴിയും. സ്വകാര്യ അംഗങ്ങളോടുള്ള ചോദ്യങ്ങള്‍ മന്ത്രിമാരല്ലാത്ത അംഗങ്ങളോട് ചോദിക്കുന്നവയാണ്. ഈ ചോദ്യങ്ങള്‍ സ്വകാര്യ അംഗങ്ങളുടെ ബില്ലുകള്‍, പാര്‍ലമെന്‍ററി കമ്മിറ്റികള്‍, സ്വകാര്യ അംഗ പ്രമേയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ്.

എന്നിരുന്നാലും, ഒരു അംഗം ഒരു ചോദ്യം അടിയന്തരമായി ചോദിക്കാന്‍ ശ്രമിക്കുകയും നോട്ടീസ് കാലാവധി വരെ കാത്തിരിക്കാന്‍ കഴിയാതിരിക്കുകയും ചെയ്താല്‍, സ്പീക്കര്‍ അത് അംഗീകരിച്ചാല്‍ അംഗത്തിന് അങ്ങനെ ചെയ്യാം. അത്തരം ചോദ്യങ്ങളെ അനുബന്ധ ചോദ്യങ്ങള്‍ എന്ന് വിളിക്കുന്നു. പാര്‍ലമെന്‍റില്‍ ഒരു ചോദ്യത്തിനു മറുപടി നല്‍കുന്നതിനായി ഇപ്പോള്‍ 15 ദിവസത്തെ നോട്ടീസ് പിരീഡ് നല്‍കേണ്ടതുണ്ട്. മുമ്പ് നോട്ടീസ് ദൈര്‍ഘ്യം കുറഞ്ഞത് 10 ദിവസമോ പരമാവധി 21 ദിവസമോ ആയിരുന്നു.

ചില ചോദ്യങ്ങളുടെ ഉത്തരം എല്ലാവര്‍ക്കും അറിയാമെങ്കിലും അത് സഭയില്‍ മറുപടിയായി വന്നാല്‍ രേഖകളില്‍ ഉണ്ടാകും. ചോദ്യോത്തര വേളയിലെ രസകരമായ ഒരു സംഭവം ഇക്കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഉണ്ടായി. ഇന്ത്യയില്‍ ഒരു സംസ്ഥാനം ആദ്യമായി ശാസ്ത്ര നയം കൊണ്ടുവരുന്നത് കേരളത്തിലാണ് എന്ന സത്യം എല്ലാവര്‍ക്കും അറിയാം. 1974 ല്‍ സി. അച്യുതമേനോന്‍ മുഖ്യമന്ത്രി ആയിരിക്കുന്ന അവസരത്തിലാണ് കേരളം ശാസ്ത്രനയം കൊണ്ടുവന്നത്. ചരിത്രസത്യം ഇതായിരിക്കെ, ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ 2022 ജൂലൈ 21ന് ഇത് സംബന്ധിച്ച ചോദ്യത്തിന് രാജ്യസഭാ അംഗം പി. സന്തോഷ് കുമാറിന് കേന്ദ്ര മന്ത്രി നല്‍കിയ മറുപടിയില്‍ പറഞ്ഞത് ഗുജറാത്താണ് 2018 ആദ്യമായി ശാസ്ത്രനയം നടപ്പിലാക്കിയത് എന്നാണ്. എന്നാല്‍ വീണ്ടും ഇതേ ചോദ്യം ഉന്നയിച്ചപ്പോള്‍ 2025 മാര്‍ച്ച് 21ന് ശാസ്ത്രസാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിംഗ് രാജ്യസഭയില്‍ നല്‍കിയ മറുപടി കേരളമാണ് 1974 ല്‍ ആദ്യമായി ശാസ്ത്രനയം നടപ്പാക്കിയത് എന്നാണ്. ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ രേഖകളില്‍ അതുകൊണ്ട് തന്നെ രണ്ടു തരം ഉത്തരം ഇപ്പോള്‍ കാണുവാന്‍ സാധിക്കും.

ഇനി സീറോ അവറിലേക്കു കടക്കാം. നിയമനിര്‍മാണ സഭകളില്‍ അടിയന്തര പൊതു പ്രാധാന്യമുള്ള വിഷയങ്ങള്‍ ഉന്നയിക്കാന്‍ കഴിയുന്ന സമയമാണ് ശൂന്യവേള അഥവാ സീറോ അവര്‍. ബ്രിട്ടിഷ് പാര്‍ലമെന്‍റിലാണ് ഇതിന്‍റെ ഉദ്ഭവം. അവിടെ 12 നും 1 മണിക്കും ഇടക്കാണ് അംഗങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. സാധാരണ ഗതിയില്‍ ശൂന്യവേള ചോദ്യോത്തരവേളയ്ക്കും സഭയിലെ സാധാരണ നടപടിക്രമങ്ങള്‍ക്കും ഇടയിലായിരിക്കും സാധാരണ നിയമനിര്‍മാണ സഭകളില്‍ അംഗങ്ങള്‍ക്ക് ഏതെങ്കിലും വിഷയത്തെപ്പറ്റി പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതിനു നിരവധി പ്രക്രിയകളിലൂടെ കടന്നു പോകേണ്ടതുണ്ട്. സഭയിലെ മറ്റു നടപടിക്രമങ്ങള്‍ക്ക് കാത്തു നില്‍ക്കാന്‍ കഴിയാതെയുള്ള അത്യാവശ്യമുള്ള കാര്യങ്ങളാണ് ചോദ്യരൂപേണ ഉന്നയിക്കുന്നത്. സിറ്റിങ് ദിവസം രാവിലെ 10നു മുമ്പ് സ്പീക്കറിനോ ചെയര്‍മാനോ നോട്ടീസ് നല്‍കണം. നോട്ടീസില്‍ അവര്‍ സഭയില്‍ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്ന വിഷയം വ്യക്തമാക്കണം. എന്നിരുന്നാലും, ലോക്സഭ / രാജ്യസഭാ ചെയര്‍മാന്‍ സ്പീക്കര്‍ക്ക് ഒരു അംഗത്തിന് പ്രാധാന്യമുള്ള ഒരു വിഷയം ഉന്നയിക്കാന്‍ അനുവദിക്കുകയോ നിരസിക്കുകയോ ചെയ്യാം. അംഗങ്ങളുടെ ചോദ്യങ്ങളെ സഭയില്‍ ഉന്നയിക്കുന്നതിന് അനുവദിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് പ്രിസൈഡിങ് ഓഫിസറാണ്. ഇന്ത്യയില്‍ ഇത് 1962 മുതലാണ് നിലവില്‍ വന്നത്.

നടുത്തളത്തില്‍ ഇറങ്ങുക എന്നുള്ളത് എപ്പോഴും ഭരണപക്ഷത്തിനെതിരായുള്ള പ്രതിപക്ഷത്തിന്‍റെ ശക്തമായ പ്രതിരോധത്തിന്‍റെ ഒരു മാര്‍ഗമാണ്. തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ പാര്‍ലമെന്‍റിലായാലും നിയമസഭയിലായാലും അവരുടെ പ്രതിഷേധം അറിയിക്കുവാന്‍ സ്പീക്കറിന്‍റെ തൊട്ടുമുന്നില്‍ കാണുന്ന പ്രദേശത്തേക്ക് ഇറങ്ങി വരികയും അവരുടെ ആവശ്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുപറയുകയും ചെയ്യുന്ന ഒരു പതിവ് കാലങ്ങളായി ഉണ്ട്. നടുത്തളത്തില്‍ ഇറങ്ങിയതിനു ശേഷം ആവശ്യങ്ങള്‍ ഉന്നയിച്ച് അവര്‍ സഭയുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നു. അത് പരാജയപ്പെടുന്ന അവസരത്തിലാണ് സഭയില്‍ നിന്നിറങ്ങിപ്പോകുന്ന നടപടിയിലേക്ക് പ്രതിപക്ഷം സാധാരണ കടക്കാറുള്ളത്. നടുത്തളത്തില്‍ ഭരണപക്ഷവും ഇറങ്ങിവരുന്ന അവസരങ്ങള്‍ നമ്മുടെ പാര്‍ലമെന്‍ററി സമ്പ്രദായത്തില്‍ ധാരാളമായി കണ്ടിട്ടുണ്ട്. പ്രതിഷേധത്തിന്‍റെ മാന്യമായ പ്രതിരൂപമാണ് നടുതളത്തില്‍ ഇറങ്ങിയുള്ള അംഗങ്ങളുടെ പ്രതിഷേധം.

ഒരു സഭയുടെ ഭരണകര്‍ത്താക്കളില്‍ സഭയിലെ അംഗങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ഭരണത്തില്‍ തുടരാന്‍ ഭൂരിപക്ഷമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം എന്ന് വിശേഷിപ്പിക്കാവുന്ന അംഗങ്ങള്‍ കൊണ്ടുവരുന്ന പ്രമേയത്തെയാണ് അവിശ്വാസ പ്രമേയം എന്ന് പറയുന്നത്. ഒരു വ്യക്തിക്കെതിരേയും അവിശ്വാസ പ്രമേയം കൊണ്ടുവരാം. ഇന്ത്യയിലെ നിയമനിര്‍മാണ സഭകളില്‍ ഏതൊരങ്കത്തിനും അവിശ്വാസ പ്രമേയം അവതരിപ്പിക്കാമെങ്കിലും സാധാരണയായി പ്രതിപക്ഷ പാര്‍ട്ടികളാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുക. പ്രമേയം അവതരിപ്പിക്കാനുള്ള അനുമതി ലഭിച്ചു കഴിഞ്ഞാല്‍ അതിന്മേല്‍ ചര്‍ച്ചനടക്കും. ശേഷം വോട്ടെടുപ്പും നടക്കും. ഒരൊറ്റ വാചകത്തിലാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്.

അവിശ്വാസ പ്രമേയം പാസാക്കിയാല്‍ മുഴുവന്‍ ഭരണപക്ഷ അംഗങ്ങളും രാജിവെക്കണം. വ്യക്തിക്കെതിരെയാണെങ്കില്‍ അയാള്‍ രാജിവെയ്ക്കണം. ഇന്ത്യ-ചൈന യുദ്ധത്തിന് തൊട്ടുപിന്നാലെ ആചാര്യ കൃപലാനി 1963 ഓഗസ്റ്റില്‍ ലോക്സഭയില്‍ ആദ്യമായി അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയാണ് ഏറ്റവും കൂടുതല്‍ അവിശ്വാസ പ്രമേയങ്ങളെ അഭിമുഖീകരിച്ചിട്ടുള്ളത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com