പിരിയാനാകാതെ രാഗനീലിമ

സമ്മാനദാന ചടങ്ങില്‍ വിജയികള്‍ സമ്മാനർഹമായ ഇനങ്ങൾ അവതരിപ്പിച്ചപ്പോൾ യേശുദാസിന്‍റെ കച്ചേരിക്ക് മൃദംഗം വായിച്ചത് ജയചന്ദ്രൻ കുട്ടൻ എന്ന പി. ജയചന്ദ്രനായിരുന്നു!
Special article on singer p jayachandran
പിരിയാനാകാതെ രാഗനീലിമ
Updated on

എം.ബി. സന്തോഷ്

രണ്ടാമത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൃദംഗത്തിൽ ഒന്നാം സ്ഥാനവും വായ്പാട്ടിൽ രണ്ടാം സ്ഥാനവും നേടിയ "പി. ജയചന്ദ്രൻ കുട്ടൻ' നിത്യതയിലേക്ക് യാത്രയായത് 63ാം സ്കൂൾ കലോത്സവത്തിന് തിരശീല വീണതിന്‍റെ പിറ്റേന്ന്. 1958ലായിരുന്നു അദ്ദേഹം സ്കൂൾ കലോത്സവത്തിൽ മത്സരിച്ചത്. ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലെ വിദ്യാർഥിയായിരുന്നു ജയചന്ദ്രൻ കുട്ടൻ. അന്ന് വായ്പാട്ടിലെ ഒന്നാമന്‍റെ പേര്: കെ.ജെ. യേശുദാസ്. അന്നും സ്കൂൾ കലോത്സവം തിരുവനന്തപുരത്തായിരുന്നു. സമ്മാനദാന ചടങ്ങില്‍ വിജയികള്‍ സമ്മാനർഹമായ ഇനങ്ങൾ അവതരിപ്പിച്ചപ്പോൾ യേശുദാസിന്‍റെ കച്ചേരിക്ക് മൃദംഗം വായിച്ചത് ജയചന്ദ്രൻ കുട്ടൻ എന്ന പി. ജയചന്ദ്രനായിരുന്നു!

അത് യഥാർഥത്തിൽ കാലം മുൻകൂട്ടി കാട്ടിത്തന്ന ഒരു ചിത്രമായിരുന്നു ഒരേ ‌മേഖലയിൽ യേശുദാസും ജയചന്ദ്രനും ഉണ്ടാവുമെന്ന കണ്ടെത്തൽ. പക്ഷേ, ഇരുവരുടെയും വഴികൾ വേറിട്ടതാണ്. യേശുദാസ് എന്ന ഗന്ധർവ സംഗീതത്തിന്‍റെ പ്രഭാവത്തിൽ സിനിമാ സംഗീതം മുഗ്ധമായപ്പോൾ വേറിട്ട ആലാപനവുമായി പിടിച്ചുനിൽക്കാൻ ജയചന്ദ്രന് ഏറെ പണിപ്പെടേണ്ടി വന്നു. പ്രതിഭാവിലാസം മാത്രമായിരുന്നു കൈമുതൽ.

ഏഴുകൊല്ലം കഴിഞ്ഞ്, 1965ൽ പുറത്തിറങ്ങിയ "കുഞ്ഞാലി മരയ്ക്കാര്‍' എന്ന സിനിമയിലൂടെ പി. ഭാസ്കരൻ - ചിദംബരനാഥ്‌ കൂട്ടുകെട്ടിൽ പിറന്ന "ഒരുമുല്ലപ്പൂമാലയുമായ്' എന്ന ഗാനമാലപിച്ചു കൊണ്ടാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് ജയചന്ദ്രൻ കടന്നുവന്നത്. എന്നാൽ, ജയചന്ദ്രന്‍റെ ആലാപന ഭംഗി ആദ്യമായി മലയാളികള്‍ കേട്ടത് "കളിത്തോഴനി'ലൂടെയായിരുന്നു. "മഞ്ഞലയിൽ മുങ്ങിത്തോർത്തി ധനുമാസ ചന്ദ്രിക വന്നു' എന്ന ഗാനത്തിലൂടെ ജയചന്ദ്രൻ വരവറിയിച്ചു.

പിന്നീട്, മലയാളി പ്രണയിച്ചപ്പോൾ കൂട്ടിനെത്തിയത് ജയചന്ദ്രന്‍റെ പാട്ട്. ആ പ്രണയം പാതിവഴിയിൽ പിരിഞ്ഞപ്പോൾ കൂടെക്കരഞ്ഞതും അതേ ശബ്ദം. താരാട്ടിലൂടെ ഉറക്കുന്നതും അതേ സ്വരത്തിൽ. വിരഹത്തിൽ വേദനിച്ചതും അതേ ശബ്ദം. ആഹ്ലാദത്തിൽ പൊട്ടിച്ചിരിച്ച പാട്ടും ജയചന്ദ്രന്‍റേതായിരുന്നു. നമ്മുടെയൊക്കെ ഉള്ളിൽ തൊടുന്ന ആ മാസ്മരികതയിലൂടെ ആ ഗായകൻ ഓരോ മലയാളിയുടെയും പ്രിയപ്പെട്ടവനായി. അതോടെ, ജയചന്ദ്രൻ കേരളത്തിന് ഭാവഗായകനായി.

"നുണക്കുഴിക്കവിളിൽ...' നിന്നെത്ര വ്യത്യസ്തമായിരുന്നു ജി. ദേവരാജൻ തന്നെ ഈണമിട്ട "ഇഷ്ട പ്രാണേശ്വരീ...'. " യദുകുല രതിദേവനെവിടെ' എന്നാരായുന്ന ശബ്ദത്തിൽനിന്ന് എത്ര വേറിട്ടതാണ് എം.കെ. അർജുനന്‍റെ തന്നെ ഈണത്തിൽ പിറന്ന "പഞ്ചവടിയിലെ വിജയശ്രീയോ...'. എം.എസ്. വിശ്വനാഥന്‍റെ "സ്വർണഗോപുര നർത്തകീ ശില്പവും' നീലഗിരിയുടെ സഖി'കളും കേൾക്കുമ്പോൾ ആലാപനത്തിലെ മാന്ത്രികത തിരിച്ചറിയാം. "ഒന്നിനി ശ്രുതി താഴ്ത്തി' എന്ന ദേവരാജന്‍റെ ലളിതഗാന ഈണം അനശ്വരമാക്കിയ ജയചന്ദ്രൻ "ജയദേവ കവിയുടെ ഗീതികൾ'ക്ക് നിത്യത നൽകി സംഗീത സംവിധായകൻ എം.ജി. രാധാകൃഷ്ണനെയും അമരനാക്കി.

സിനിമാ പാട്ടുകൾ രവീന്ദ്രന് സുഹൃത്തായ ജയചന്ദ്രനായി എന്തുകൊണ്ടോ അധികം നൽകാനായില്ല. എന്നാൽ, അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ച് 1980ൽ എവിഎം പുറത്തിറക്കിയ ആദ്യ ആൽബമായ "ദീപം മകരദീപ'ത്തിലെ ഹിറ്റായ 10 പാട്ടുകളും പാടിയത് ജയചന്ദ്രനായിരുന്നു. ബിച്ചു തിരുമലയുടേതാണ് രചന. "കുളത്തൂപ്പുഴയിലെ ബാലകനെ', "മനസിനെ മാംസത്തിൽ', "വിഷ്ണു മായയിൽ' തുടങ്ങിയവ ഇപ്പോഴും നാം കേട്ടുകൊണ്ടേയിരിക്കുന്നു...

ആറുപതിറ്റാണ്ടോളം നീണ്ട സംഗീത ജീവിതത്തില്‍ ജയചന്ദ്രൻ സംഗീത സംവിധാനം നിര്‍വഹിച്ച ഒരേ ഒരു ഗാനം പുറത്തുവന്നത് 2022 മാര്‍ച്ചിലാണ്. ആ പാട്ടു പാടിയതും സ്വന്തമായിത്തന്നെ. ബി.കെ. ഹരിനാരായണനാണ് പാട്ടെഴുതിയത്. മറ്റൊരു ഗാനത്തിന്‍റെ റെക്കോഡിങ്ങിന്‍റെ ഇടവേളയില്‍ ഒപ്പമുണ്ടായിരുന്ന ഹരിനാരായണനോട് തനിക്ക് ഈണമിടാനായി ഒരു പല്ലവി കുറിക്കാന്‍ ജയചന്ദ്രന്‍ ആവശ്യപ്പെട്ടു. അത് പിന്നീട് മുഴുനീള ഗാനമായി വളരുകയായിരുന്നു. മഞ്ജു വാര്യരുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ ജയചന്ദ്രന്‍റെ 78ാം പിറന്നാള്‍ ദിവസമാണ് ഗാനം റിലീസ് ചെയ്തത്. "നീലിമേ, നീലിമേ, വാനനീലിമേ... നീലിമേ, നീലിമേ, രാഗനീലിമേ... ഒരുമാത്ര നിന്നെ പിരിഞ്ഞതില്ല...' എന്ന ഹൃദ്യഗാനമായിരുന്നു അത്.

മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം 1986ൽ "ശ്രീനാരായണ ഗുരു' എന്ന സിനിമയിലെ "ശിവശങ്കര സർവ ശരണ്യവിഭോ' എന്ന ഗുരുദേവ കീർത്തനത്തിന് ലഭിച്ചു. മികച്ച ഗായകനുള്ള കേരള സംസ്ഥാന പുരസ്കാരം 6 തവണ ജയചന്ദ്രനെ തേടിവന്നു.1972ൽ "പണിതീരാത്ത വീട്' എന്ന സിനിമയിലെ "സുപ്രഭാതം' എന്ന ഗാനത്തിനായിരുന്നു ആദ്യ പുരസ്കാരം.1978ൽ "ബന്ധനം' എന്ന സിനിമയിലെ "രാഗം ശ്രീരാഗം' എന്ന ഗാനത്തിന് കിട്ടിയപ്പോൾ 22 വർഷത്തിനു ശേഷം ചെറുപ്പക്കാർ ആവേശത്തോടെ ഇന്നും ഏറ്റുപാടുന്ന "നിറം' എന്ന സിനിമയിലെ "പ്രായം നമ്മിൽ മോഹം നൽകി' എന്ന ഗാനത്തിന് 2000ൽ സംസ്ഥാന അവാർഡ്. 2004ൽ "തിളക്കം' എന്ന സിനിമയിലെ "നീയൊരു പുഴയായ്' എന്ന ഗാനത്തിന് പുരസ്കാരം ലഭിച്ചപ്പോൾ 2015ൽ "ഞാനൊരു മലയാളി..' (ജിലേബി), "മലർവാകക്കൊമ്പത്തെ..' (എന്നും എപ്പോഴും), "ശാരദാംബരം...' (എന്നു നിന്‍റെ മൊയ്തീൻ) എന്നീ പാട്ടുകൾക്കായിരുന്നു സംസ്ഥാന അംഗീകാരം. 1994ൽ "കിഴക്കേ ശീമയിലെ' എന്ന സിനിമയിലെ "കട്ടാഴം കാട്ടുവഴി' എന്ന ഗാനത്തിന് മികച്ച ഗായകനുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരം തേടിയെത്തി.1997ൽ 30 വർഷങ്ങൾ തമിഴ് സംഗീത ലോകത്ത് പ്രവർത്തിച്ചതിന് തമിഴ്നാട് ഗവർമെന്‍റിന്‍റെ കലൈ മാമണി പുരസ്കാരം ലഭിച്ചു. 2021ൽ ജെ.സി. ഡാനിയേൽ പുരസ്കാരത്തിന് അർഹനായി.

1973ൽ "പാവങ്ങൾ പെണ്ണുങ്ങൾ' എന്ന സിനിമയ്ക്കു വേണ്ടി വയലാർ എഴുതി ദേവരാജൻ ഈണമിട്ട് ജയചന്ദ്രൻ പാടിയ പാട്ടിന്‍റെ വരികൾ:

"പോകൂ... മരണമേ, പോകൂ..

നിൻ ഏകാന്തതയിൽ

വന്നുടുതുണി മാറാൻ

എനിക്ക് മനസില്ല..

എനിക്ക് മരണമില്ല...'

അതെ, പരശ്ശതം ഗാനങ്ങൾ ജയചന്ദ്രന്‍റെ സ്വരത്തിൽ പാടിക്കൊണ്ടേയിരിക്കുക തന്നെ ചെയ്യും. ആ രാഗനീലിമ പിരിയാനാവില്ല. അതുൾപ്പെടെ പാടിയ ജയചന്ദ്രന് മരണില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com