ബഹിരാകാശം, ഇന്ത്യയും

ബഹിരാകാശ ശാസ്ത്ര രംഗത്ത് സുനിത വില്യംസിനെയും കൽപന ചൗളയേയും രാകേഷ് ശര്‍മ്മയേയും പോലെ ഒട്ടേറെ ഇന്ത്യക്കാരുണ്ട്.
Special article on space missions and India

ബഹിരാകാശം, ഇന്ത്യയും

Updated on

സുധീര്‍ നാഥ്

കുറച്ചു ദിവസങ്ങളായി ലോകമെമ്പാടും ചര്‍ച്ച ചെയ്യുന്നത് ബഹിരാകാശത്തെക്കുറിച്ചാണ്. നാസയുടെ രണ്ടു ഗവേഷകർ ബഹിരാകാശത്ത് കുടുങ്ങിപ്പോയി എന്നത് എല്ലാവര്‍ക്കും അറിയാമല്ലോ. അവര്‍ ഭൂമിയിലേക്കു തിരിച്ചുവരുന്നത് ലോകമാകമാനം ആഗ്രഹിച്ചതാണ്. ബുച്ച് വില്‍ മോറും സുനിതാ വില്യംസുമാണ് 9 മാസത്തിലേറെ നീണ്ടുനിന്ന ബഹിരാകാശ താമസത്തിനൊടുവില്‍ ഭൂമിയിലെത്തിയത്. 8 ദിവസത്തേക്കാണ് ഇരുവരും ബഹിരാകാശത്തേക്ക് ഗവേഷണത്തിന്‍റെ ഭാഗമായി പോയതെങ്കില്‍ 257 ദിവസം അവിടെ കഴിച്ചുകൂട്ടിയാണ് അവര്‍ തിരിച്ചെത്തിയിരിക്കുന്നത്. മടക്ക യാത്രയ്ക്ക് 17 മണിക്കൂർ യാത്ര ചെയ്യേണ്ടിവന്നു.

ബഹിരാകാശ യാത്രയെക്കുറിച്ച്, അല്ലെങ്കില്‍ ബഹിരാകാശ ഗവേഷണത്തെക്കുറിച്ച് പറയുമ്പോള്‍ മനസില്‍ ഓടിയെത്തുന്ന പേരാണ് സുനിതാ വില്യംസ്. അവര്‍ ഇന്ത്യന്‍ വംശജയാണ് എന്നത് അഭിമാനത്തോടു കൂടിയാണ് ഓരോ ഇന്ത്യക്കാരും പറയുന്നത്. ബഹിരാകാശ യാത്രക്ക് അമെരിക്കൻ ഗവേഷണ കേന്ദ്രമായ നാസ തെരഞ്ഞെടുക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജയാണ് സുനിത. ആദ്യത്തേത് കൽപന ചൗള ആയിരുന്നു.

ദീപക് പാണ്ഡ്യയുടെയും ബോണി പാണ്ഡ്യയുടെയും മകളായി സുനിത 1965 സെപ്റ്റംബര്‍ 19ന് ഓഹിയോവിലെ യൂക്ലിഡിലാണ് ജനിച്ചത്. അമേരിക്കന്‍ പൗരത്വമുള്ള സുനിത, പിതാവിലൂടെയും മാതാവിലൂടെയും യഥാക്രമം ഇന്ത്യന്‍- സ്ലൊവേനിയന്‍ വംശപാരമ്പര്യം പിന്തുടരുന്നു. ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന ഹരേണ്‍ പാണ്ഡ്യയുടെ സഹോദരപുത്രിയാണ് സുനിത. മൈക്കേല്‍ ജെ. വില്യംസ് എന്ന പൊലീസ് ഓഫിസറെയാണ് സുനിത വിവാഹം കഴിച്ചിരിക്കുന്നത്.

1998 ജൂണ്‍ മാസത്തിലാണ് സുനിത നാസയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഓഗസ്റ്റില്‍ തന്നെ അവര്‍ അവിടെ പരിശീലനം തുടങ്ങുകയും ചെയ്തു. ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ പ്രാവശ്യം നടന്ന വനിത എന്ന ബഹുമതി സുനിത കരസ്ഥമാക്കിയിട്ടുണ്ട്. 2007 ജനുവരി 31ന് അവര്‍ ആദ്യമായി ബഹിരാകാശത്ത് നടന്നു. പിന്നീട് ഫെബ്രുവരി 7, 9 ദിവസങ്ങളില്‍ രണ്ടു നടത്തങ്ങള്‍ കൂടി. 9 ദിവസങ്ങള്‍ക്കുള്ളില്‍ 3 പ്രാവശ്യമായി ഇവര്‍ 6 മണിക്കൂറും 40 മിനിറ്റും ബഹിരാകാശത്ത് നടന്നു. നാലാമത്തെ ബഹിരാകാശ നടത്തം കൂടി കഴിഞ്ഞതോടെ അവര്‍ 29 മണിക്കൂറും 17 മിനിറ്റും ബഹിരാകശത്ത് നടന്ന് റെക്കോഡ് ഇടുകയായിരുന്നു. 2002ല്‍ നീമോ 2 ദൗത്യത്തില്‍ അംഗമായി. സമുദ്രാടിത്തട്ടിലെ ആവാസവ്യവസ്ഥയെ കുറിച്ച് പഠിക്കാനുള്ള ദൗത്യമായിരുന്നു നീമോ 2. നാസയുടെ ഡപ്യൂട്ടി ചീഫ് ഓഫ് ആസ്‌ട്രോനോട്ടിക്‌സ് ഓഫീസിലേക്ക് 2008ല്‍ സുനിതയുടെ പ്രവര്‍ത്തനമണ്ഡലം മാറി.

2006 ഡിസംബര്‍ 9നാണ് ഡിസ്‌കവറി ബഹിരാകാശ പേടകത്തില്‍ സുനിത തന്‍റെ ആദ്യത്തെ ബഹിരകാശ യാത്രക്ക് തുടക്കമിട്ടത്. 2007 ഏപ്രില്‍ 16ന് അന്താരാഷ്‌ട്ര ബഹിരകാശ നിലയത്തിലെ ട്രെഡ് മില്ലില്‍ 4 മണിക്കൂറും 24 മിനിറ്റും ഓടി അദ്യമായി ബഹിരാകാശത്ത് ഭൂമിയെ വലംവെച്ച് മാരത്തോണ്‍ മത്സരത്തില്‍ പങ്കെടുത്തു. സുനിത 4 പ്രാവശ്യം ബഹിരാകാശത്ത് നടക്കുകയുണ്ടായിട്ടുണ്ട്. 195 ദിവസം ബഹിരാകാശത്ത് താമസിച്ച പരിചയമുള്ളതാണ് ഇപ്പോഴത്തെ അവരുടെ വിജയ രഹസ്യം. 2007ല്‍ സുനിത ഇന്ത്യയിലെത്തി സബര്‍മതി ആശ്രമവും ഗുജറാത്തില്‍ അവരുടെ പിതാവിന്‍റെ ജന്മഗ്രാമമായ ഝുലാസനും സന്ദര്‍ശിച്ചിരുന്നു.

ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യ ഇന്ത്യന്‍ വംശജയാണ് കല്‍പന ചൗള. ഹരിയാനയിലെ കര്‍ണാലിലാണ് കല്‍പന ചൗള ജനിച്ചത്. ടയര്‍ നിര്‍മ്മാണ പ്ലാന്‍റിന്‍റെ ഉടമയായ ബനാര്‍സി ലാല്‍ ചൗളയുടെയും സഞ്‌ജോഗ്ത ഖര്‍ബന്ദയുടെയും മകൾ. ഇന്ത്യ- പാക്കിസ്ഥാന്‍ വിഭജന സമയത്ത് അഭയാർഥികളായി ഇന്ത്യയിലേക്ക് വന്ന പാകിസ്ഥാനിലെ ഗുജ്രന്‍വാലയില്‍ നിന്നുള്ള പഞ്ചാബി ഹിന്ദുക്കളായിരുന്നു കുടുംബം. ചെറുപ്പം മുതലേ ചൗള എയ്‌റോസ്‌പേസ് എൻജിനീയറിങ്ങില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയും ദയാല്‍ സിങ് കോളെജിലും പഞ്ചാബ് എൻജിനീയറിങ് കോളെജിലും ക്ലാസുകള്‍ എടുക്കുകയും ചെയ്തു. 1982ല്‍ വിദ്യാഭ്യാസം തുടരാന്‍ അമെരിക്കയിലേക്ക് പോയി. യുടിഎയില്‍ ആയിരിക്കുമ്പോള്‍ പൈലറ്റ് ജീന്‍-പിയറി ഹാരിസണെ അവര്‍ കണ്ടുമുട്ടി. 1983 ഡിസംബര്‍ 2ന് ഇരുവരും വിവാഹിതരായി.

1988ല്‍, ചൗള നാസയുടെ അമേസ് ഗവേഷണ കേന്ദ്രത്തില്‍ ജോലി ചെയ്യാന്‍ തുടങ്ങി. 1990കളുടെ തുടക്കത്തില്‍ യുഎസ് പൗരയായി. 1993ല്‍ കാലിഫോര്‍ണിയയിലെ ലോസ് ആള്‍ട്ടോസില്‍ ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാത്ത ഗവേഷണ സ്ഥാപനമായ ഓവര്‍സെറ്റ് മെത്തേഡ്‌സ്, ഇന്‍കോര്‍പ്പറേറ്റഡില്‍ ചൗള ഒരു ഗവേഷണ ശാസ്ത്രജ്ഞയായും സംഘടനയുടെ വൈസ് പ്രസിഡന്‍റായും ചേര്‍ന്നു. 1994 ഡിസംബറില്‍ നാസ ആസ്‌ട്രോനട്ട് ഗ്രൂപ്പ് 15 ന്‍റെ ഭാഗമായി ജോണ്‍സണ്‍ സ്‌പേസ് സെന്‍ററില്‍ ഒരു കാന്‍ഡിഡേറ്റ് ബഹിരാകാശ യാത്രികയായി പരിശീലനം നേടുന്നതിനായി അവര്‍ നാസയിലേക്ക് മടങ്ങി. 95ല്‍ നാസ ആസ്‌ട്രോനട്ട് കോര്‍പ്‌സിന്‍റെ ഇവിഎ, റോബോട്ടിക്‌സ് വിഭാഗത്തിലേക്ക് നിയമിക്കപ്പെട്ടു.

1997 നവംബര്‍ 19 ന് കൊളംബിയ സ്‌പേസ് ഷട്ടില്‍ ഫ്ലൈറ്റ് എസ്ടിഎസ് 87 പറത്തിയ 6 ബഹിരാകാശ യാത്രിക സംഘത്തിന്‍റെ ഭാഗമായി ചൗളയുടെ ആദ്യ ബഹിരാകാശ ദൗത്യം ആരംഭിച്ചു. അതു വിക്ഷേപിച്ചപ്പോള്‍ ബഹിരാകാശത്തേക്ക് പോകുന്ന ആദ്യ ഇന്ത്യന്‍ വംശജയായ വനിതയായി ചൗള മാറി.

2000 ജൂലൈ 27ന്, എസ്ടിഎസ് 107ന്‍റെ ക്രൂവിന്‍റെ ഭാഗമായി ചൗള രണ്ടാമത്തെ പറക്കലിനായി തെരഞ്ഞെടുക്കപ്പെട്ടു. 2003 ജനുവരി 16 ന് വിക്ഷേപിച്ചു. 17 ദിവസത്തെ ഗവേഷണങ്ങള്‍ക്കു ശേഷം 2003 ഫെബ്രുവരി ഒന്നിന് ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്‍ററില്‍ തിരിച്ചിറങ്ങാന്‍ മിനിറ്റുകള്‍ ബാക്കിയുള്ളപ്പോള്‍ കൊളംബിയ ചിന്നിച്ചിതറി. കല്‍പനയടക്കം 7 ബഹിരാകാശ സഞ്ചാരികളും മരണമടഞ്ഞു. ഭൗമമണ്ഡലത്തിലേക്കു പ്രവേശിച്ചയുടന്‍ കൊളംബിയ പൊട്ടിത്തെറിക്കുകയായിരുന്നു. അപ്പോള്‍ കല്‍പ്പനയുടെ പ്രായം 40 വയസ്.

അമേരിക്കന്‍ ബഹിരാകാശ രംഗത്തെപ്പോലെ സോവിയറ്റ് യൂണിയനും ഇന്ത്യയും തമ്മിലും ബഹിരാകാശ ശാസ്ത്ര രംഗത്ത് നീണ്ട ചരിത്രമുണ്ട്. ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട 1975 ഏപ്രില്‍ 19ന് സോവിയറ്റ് യൂണിയന്‍ കപുസ്റ്റിന്‍ യാറില്‍ നിന്ന് വിക്ഷേപിച്ചു.

ഇന്‍റര്‍കോസ്‌മോസ് ബഹിരാകാശ പരിപാടിയുടെ കീഴില്‍ സോവിയറ്റ് യൂണിയന്‍ ബഹിരാകാശം സന്ദര്‍ശിച്ച ഏക ഇന്ത്യക്കാരനായ രാകേഷ് ശര്‍മ്മയും അതിലുണ്ടായിരുന്നു. ബഹിരാകാശത്തെത്തിയ പ്രഥമ ഭാരതീയനാണ് രാകേഷ് ശര്‍മ്മ. 1949 ജനുവരി 13ന് പഞ്ചാബിലെ പട്യാലയില്‍ ഒരു പഞ്ചാബി കുടുംബത്തിലാണ് രാകേഷ് ശര്‍മ്മയുടെ ജനനം. ഇന്ത്യന്‍ വ്യോമസേനയിലെ ഉയര്‍ന്ന യോഗ്യതയുള്ളതും പരിചയസമ്പന്നരുമായ 150 പൈലറ്റുമാരില്‍ നിന്ന് രാകേഷ് ശര്‍മ്മയും രവീഷ് മല്‍ഹോത്രയുമാണ് ബഹിരാകാശ യാത്രയ്ക്കായി തെരഞ്ഞെടുക്കപ്പെട്ടത്. ഇവർ സോവിയറ്റ് യൂണിയനിലെ യൂറി ഗഗാരിന്‍ സെന്‍ററില്‍ പരിശീലനം നേടി. രാകേഷ് ശര്‍മ്മയ്ക്ക് മാത്രമേ ബഹിരാകാശത്തേക്കു പോകാന്‍ സാധിച്ചുള്ളൂ. 1984ല്‍, കസാഖ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിലെ ബൈക്കോണൂര്‍ കോസ്മോഡ്രോമില്‍ നിന്ന് 1984 ഏപ്രില്‍ 3-ന് വിക്ഷേപിച്ച സോവിയറ്റ് റോക്കറ്റ് സോയൂസ് ടി-11- ല്‍ പറന്നപ്പോള്‍, ബഹിരാകാശത്ത് പ്രവേശിച്ച ആദ്യ ഇന്ത്യന്‍ പൗരനായി ശര്‍മ്മ മാറി. ബഹിരാകാശത്തേയ്ക്ക് മനുഷ്യനെ അയച്ച 14ാമത്തെ രാജ്യമായി ഇന്ത്യ മാറി. സല്യൂട്ട് -7 എന്ന ബഹിരാകാശ നിലയത്തില്‍ 8 ദിവസം അദ്ദേഹം ചെലവഴിച്ചു. ശൂന്യാകാശത്തിലെത്തുന്ന ലോകത്തിലെ 138ാമത്തെ സഞ്ചാരിയായി.

ബഹിരാകാശ ശാസ്ത്ര രംഗത്ത് സുനിത വില്യംസിനെയും കൽപന ചൗളയേയും രാകേഷ് ശര്‍മ്മയേയും പോലെ ഒട്ടേറെ ഇന്ത്യക്കാരുണ്ട്. പ്രശസ്ത ചിത്രകാരന്‍ എ. രാമചന്ദ്രന്‍റെ മകന്‍ രാഹുല്‍ രാമചന്ദ്രന്‍ നാസയിലെ ശാസ്ത്രജ്ഞനാണ്. നാസ അമേരിക്കയുടെ അഭിമാനമാണെങ്കില്‍ ഇന്ത്യയുടെ അഭിമാനമായി ഐഎസ്ആര്‍ഒ എന്ന ഇസ്രൊയുണ്ട്. ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനമാണ് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍. 1969 ആഗസ്റ്റ് 15ന് നിലവില്‍ വന്നു. ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്രൊയില്‍ ഏതാണ്ട് 20,000 ജോലിക്കാര്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണപദ്ധതിയുടെ പിതാവായി കണക്കാക്കുന്നത് ഡോ. വിക്രം സാരാഭായിയേയാണ്. സോവിയറ്റ് യൂണിയന്‍ 1957ല്‍ സ്പുട്‌നിക് വിക്ഷേപണം നടത്തിയ നാള്‍ മുതല്‍ കൃത്രിമോപഗ്രഹങ്ങളുടെ ഗുണഗണങ്ങളെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു. ഭാരതത്തിന്‍റെ പുരോഗതിയ്ക്ക് ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വികാസം അത്യന്താപേക്ഷിതമാണ് എന്ന കാഴ്ചപ്പാടുണ്ടായിരുന്ന പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു എല്ലാ പ്രോത്സാഹനം നല്‍കിയതും ചരിത്രം.

ബഹിരാകാശ- മിസൈൽ ശാസ്ത്ര- ആണവ ശാസ്ത്ര രംഗത്ത് ഇന്ത്യക്കാരായ എത്രയോ പേര്‍ ഇന്നും അഭിമാനത്തോടെ ലോകത്തിന്‍റെ മുന്നില്‍ നില്‍ക്കുന്നു. രാഷ്‌ട്രപതിയായിരുന്ന ഡോ. എ.പി.ജെ. അബ്ദുല്‍ കലാമും, ഐഎസ്ആര്‍ഒ ചെയര്‍മാന്മാരായിരുന്ന മലയാളികളായ ഡോ. കെ. മാധവന്‍ നായരും, ഡോ. രാധാകൃഷ്ണനും ഡോ. എസ്. സോമനാഥും നമ്മുടെ മിസൈല്‍ വുമണായ ഡോ. ടെസി തോമസും തുടങ്ങി എത്രയോ പേര്‍ നമുക്ക് അഭിമാനം നല്‍കുന്ന പേരുകളാണ്. ബഹിരാകാശ ശാസ്ത്ര രംഗത്ത് പ്രശസ്തരായ ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും മലയാളികളാണ് എന്നുള്ളതില്‍ നമുക്ക് ഇരട്ടിമധുരമാണ് നല്‍കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com