റാഗിങ്, റാഗിങ്...

ശക്തമായ നിയമങ്ങൾ നിലവിൽ ഉണ്ടായിട്ടും റാഗിങ് വിരുതർ ഇങ്ങനെ വിലസുന്നതെങ്ങനെ?
Special article over ragging
റാഗിങ്, റാഗിങ്...
Updated on

എം.ബി. സന്തോഷ്

അവർ, ഇപ്പോൾ, ജയിൽ മോചിതരായിട്ടുണ്ടാവും. ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുമ്പോൾ "ഇതൊന്നും വേണ്ടിയിരുന്നില്ല' എന്ന് അവർ ആലോചിച്ചുകാണുമോ?

കോട്ടയത്തെ സ്കൂൾ ഒഫ് മെഡിക്കൽ എഡ്യുക്കേഷനിൽ 2005ലാണ് 17കാരിയായ ഒന്നാം വർഷ വിദ്യാർഥിനി റാഗിങ്ങിന്‍റെ മറവിൽ ബലാത്സംഗം ചെയ്യപ്പെട്ടത്. അതിനുത്തരവാദികളിൽ 2 സീനിയർ വിദ്യാർഥികൾക്ക് 10 വർഷവും മറ്റൊരാളിന് 3 വർഷവും കഠിന തടവ് വിധിച്ചു. റാഗിങ്ങിനിരിയായതിന്‍റെ പേരിൽ ശിക്ഷിക്കപ്പെട്ട ആദ്യ കേസായിരുന്നു ഇത്.

നാട്ടകം പോളിടെക്നിക്കിലെ ഒന്നാം വർഷ വിദ്യാർഥികളെ റാഗ് ചെയ്ത കേസിൽ സീനിയർ വിദ്യാർഥികളായ 9 പേരെ 2 വർഷം വീതം തടവിനു ശിക്ഷിച്ചു. 12,000 രൂപ വീതം പിഴയൊടുക്കാനും ഉത്തരവുണ്ട്. കോളെജ് ഹോസ്റ്റലിൽ 2016 ഡിസംബർ 2നു രാത്രിയാണ് സംഭവം. വീട്ടിൽ പോകാനിരുന്ന വിദ്യാർഥികളെ നിർബന്ധിച്ച്, ഹോസ്റ്റലിൽ നഗ്നരാക്കി നിർത്തി വെള്ളമില്ലാത്ത തറയിൽ നീന്തിച്ചു, ഒറ്റക്കാലിൽ നിർത്തി തപസു ചെയ്യിപ്പിച്ചു, അലമാരയ്ക്കുള്ളിൽ കയറ്റിയിരുത്തി പാട്ടുപാടിച്ചു, മദ്യം നിർബന്ധിച്ച് കുടിപ്പിച്ചു, തലയിൽ വെള്ളം കോരി ഒഴിച്ചു എന്നിങ്ങനെയായിരുന്നു പരാതി. റാഗിങ്ങിനു വിധേയരായവരിൽ ഇരിങ്ങാലക്കുട സ്വദേശിക്കായിരുന്നു കൂടുതൽ പരിക്ക്. വീട്ടിലെത്തിയ അയാൾക്ക് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു. വൃക്ക തകരാറിലായെന്നു കണ്ടെത്തിയതോടെ ചികിത്സ ഏറെ നാൾ നീണ്ടു. പ്രതികളിൽ നിന്ന് ഈടാക്കുന്ന പിഴയിൽനിന്ന് 50,000 രൂപ ഈ വിദ്യാർഥിക്ക് നൽകാനും കോടതി ഉത്തരവുണ്ട്.

ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുമ്പോൾ ഈ 9 വിദ്യാർഥികളും "ഇതൊന്നും വേണ്ടിയിരുന്നില്ല' എന്ന് ആലോചിച്ചു കാണുമോ? ഒരു പാവപ്പെട്ട ചെറുപ്പക്കാരന്‍റെ വൃക്ക തകർത്തതുൾപ്പെടെയുള്ള ക്രൂരത തിരിച്ചറിഞ്ഞുകാണുമോ?

ഈ 2 കേസുകളുമേ റാഗിങ് വിഭാഗത്തിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ എന്നാണറിവ്.

രാജ്യത്ത് 5 വർഷത്തിനിടെ റാഗിങ്ങിനിരയായ 25 വിദ്യാർഥികൾ ജീവനൊടുക്കിയെന്നാണ് യുജിസിയുടെ കണക്ക്.

പത്തനംതിട്ട ചുട്ടിപ്പാറ നഴ്‌സിങ് കോളെജിലെ വിദ്യാർഥിനി അമ്മു എസ്. സജീവിന്‍റെ മരണത്തിൽ സഹപാഠികളായ 3 വിദ്യാർഥിനികളെ പത്തനംതിട്ട പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

ആ നാലാം വർഷ നഴ്‌സിങ് വിദ്യാർഥിനികൾ അപ്പോഴെങ്കിലും "ഇതൊന്നും വേണ്ടിയിരുന്നില്ല' എന്ന് ആലോചിച്ചുകാണുമോ?

ക്രൂരമായ റാഗിങ്ങിനിരയായ വയനാട് പൂക്കോട് വെറ്ററിനറി കോളെജ് വിദ്യാർഥി സിദ്ധാർഥൻ മരിച്ചിട്ട് ഒരു വർഷമായത് കഴിഞ്ഞ ദിവസമാണ്. കേരളീയ സമൂഹത്തിൽ ആഴത്തിൽ ചർച്ച ചെയ്യപ്പെട്ട സംഭവമായിട്ടും അതിനുശേഷവും, ഏറ്റവുമൊടുവിൽ കാര്യവട്ടത്തും റാഗിങ്ങിന്‍റെ പേരിൽ വിദ്യാർഥികൾ പീഡിപ്പിക്കപ്പെടുന്നു എന്നത് ഗൗരവകരമാണ്.

നഴ്സിങ് എന്നാൽ ആർദ്രതയും കരുണയും ഒക്കെ വേണമെന്ന് വിശ്വസിക്കപ്പെടുന്ന തൊഴിലായാണ് കരുതപ്പെടുന്നത്. അത് പഠിക്കാൻ വന്നവരാണ് റാഗിങ്ങിന്‍റെ പേരിൽ കോട്ടയത്തും പത്തനംതിട്ടയിലും വിശ്വസിക്കാനാവാത്ത വിധത്തിൽ ക്രൂരമായ റാഗിങ് നടത്തിയതെന്ന് പറയുമ്പോൾ ഇവർ ചികിത്സിക്കാനിരുന്ന രോഗികളുടെ അവസ്ഥയെക്കുറിച്ച് ഓർക്കാൻ തന്നെ ഭയം തോന്നുന്നു.

കോട്ടയത്ത് റാഗിങ് നടന്ന മുറിയിൽ നിന്നും പൊലീസ് കത്തിയും കോംപസും ഡമ്പലുകളും കരിങ്കൽ കഷണങ്ങളും കണ്ടെടുത്തു. സഹപാഠിയുടെ പച്ചയിറച്ചിയിലേക്ക് കോംപസ് കുത്തിക്കയറ്റുക, എരിവും വേദനയും കൂട്ടാന്‍ ആ മുറിവില്‍ ലോഷന്‍ ഒഴിക്കുക, നഗ്നരാക്കിയ ശേഷം സ്വകാര്യ ഭാഗങ്ങളില്‍ ജിംനേഷ്യത്തില്‍ ഉപയോഗിക്കുന്ന ഡംബല്‍ കെട്ടിത്തൂക്കുക, മുഖത്തു തേക്കുന്ന ക്രീം വായില്‍ ഒഴിക്കുക.

കോട്ടയത്തെ ഗവണ്‍മെന്‍റ് നഴ്സിങ് കോളെജ് ഹോസ്റ്റലില്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ അനുഭവിച്ച അതിക്രൂരമായ റാഗിങ്ങിനെ "മൃഗീയ'മെന്ന് ഒരിക്കലും പറയാനാവില്ല. കാരണം, മൃഗങ്ങള്‍ക്ക് ഒരിക്കലും സഹജീവിയോട് ഇങ്ങനെ ക്രൗര്യം തീര്‍ക്കാന്‍ സാധിക്കില്ലല്ലോ. സംഭവത്തിൽ പ്രതികളായ 5 വിദ്യാർഥികളുടെയും തുടർപഠനം തടയാനാണ് നഴ്സിങ് കൗൺസിൽ തീരുമാനം. അത് ശരിയായതു തന്നെ. കാരണം, മനഃസാക്ഷി മരവിപ്പിക്കുന്ന ഇത്തരം ക്രൂരത നഴ്സിങ് വിദ്യാർഥികൾക്ക് ചേരില്ല.

പൂക്കോട് വെറ്റിറനറി കോളെജിലെ സിദ്ധാർഥൻ മുതൽ തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരുന്ന മിഹിർ അഹമ്മദ് വരെ റാഗിങ് താങ്ങാനാകാതെ ജീവനൊടുക്കിയ കുട്ടികൾ നമ്മുടെ സംസ്ഥാനത്തുണ്ട്.

ശക്തമായ നിയമങ്ങൾ നിലവിൽ ഉണ്ടായിട്ടും റാഗിങ് വിരുതർ ഇങ്ങനെ വിലസുന്നതെങ്ങനെ?

വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പുതിയതായി പ്രവേശനം നേടിയ വിദ്യാര്‍ഥിക്കോ ജൂനിയര്‍ വിദ്യാര്‍ഥിക്കോ നേരെയുള്ള ശാരീരിക അതിക്രമമോ ആക്രമണമോ മാനസിക പീഡനമോ ആണ് റാഗിങ് എന്ന് 1998ല്‍ നിലവില്‍ വന്ന നിയമം ചൂണ്ടിക്കാട്ടുന്നു. ഭീഷണിപ്പെടുത്തുന്നതും ഏതെങ്കിലും കാര്യം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതും നിര്‍ബന്ധിത പണപ്പിരിവും റാഗിങായി പരിഗണിക്കപ്പെടും. 1998ലെ കേരള റാഗിങ് തടയല്‍ നിയമവും 2009ലെ യുജിസി

റഗുലേഷനും അനുസരിച്ചാണ് സര്‍വകലാശാലകൾക്കു കീഴിലുള്ള കോളെജുകളില്‍ റാഗിങ് വിരുദ്ധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കേണ്ടത്. പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ നടപടിയെടുത്തില്ലെങ്കില്‍ സ്ഥാപന മേധാവിക്കെതിരേയും കേസെടുക്കാമെന്നാണു ചട്ടം. കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ 2 മാസം മുതല്‍ 2 വര്‍ഷം വരെ സസ്പെന്‍ഡ് ചെയ്യാനോ കോളെജില്‍ നിന്ന് പുറത്താക്കാനോ കമ്മിറ്റിക്ക് അധികാരമുണ്ട്. കേരള റാഗിങ് വിരുദ്ധ നിയമമനുസരിച്ച് 2 വര്‍ഷം തടവും 10,000 രൂപ വരെ പിഴയുമാണ് ശിക്ഷ.

റാഗിങ് വിരുദ്ധ സമിതികളുടെ പ്രവര്‍ത്തനം മിക്കയിടത്തും ഫലപ്രദമല്ല. അധ്യാപകര്‍ വിദ്യാര്‍ഥി ഗ്യാങ്ങുകളെ ഭയന്നാണ് കഴിയുന്നത്. നടപടികളിലേക്ക് നീങ്ങാന്‍ തയാറാകുന്ന അധ്യാപകരെ കേസില്‍ കുടുക്കുന്ന സ്ഥിതിയുമുണ്ട്.

ഒരു വര്‍ഷം റാഗിങ് അനുഭവിച്ചവര്‍ അടുത്ത വര്‍ഷം അതിനേക്കാള്‍ മാരകമായ റാഗിങ്ങിന് നേതൃത്വം നല്‍കുന്നു എന്നതാണ് വിചിത്രം. മദ്യവും മയക്കുമരുന്നും റാഗിങ് ക്രൂരതകളെ പൊലിപ്പിക്കുന്നു.

പ്രൊഫഷണൽ കോളെജിലെ ഒരു അധ്യാപകൻ പറഞ്ഞതിങ്ങനെ: "റാഗിങ്ങിനെ എതിർത്താൽ എതിർക്കുന്നവരെ മാത്രമല്ല, അവരുടെ മക്കളെയും ഭാര്യയും വരെ നേരിട്ടും സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കും. മെഡിക്കൽ രംഗത്താണെങ്കിൽ ചികിത്സ ശരിയായില്ലെന്നു പറഞ്ഞ് രോഗികളെ ഇളക്കിവിടാനും ശ്രമിക്കും. അതുകൊണ്ട് അധ്യാപകർ ഇതൊന്നും കണ്ടില്ല, കേട്ടില്ല എന്ന് നടിക്കാൻ നിർബന്ധിതരാവും. "

അപൂർവം ചില ഇടങ്ങളിലെങ്കിലും റാഗിങ്ങിന്‍റെ പേരിൽ ചില അധ്യാപകർ പകരം ചോദിക്കാനിറങ്ങിയ സംഭവങ്ങളുമുണ്ട്. തലസ്ഥാനത്തെ ഒരു പ്രൊഫഷണൽ കോളെജിൽ ഇതരസംസ്ഥാന വിദ്യാർഥിയുടെ താടിവടിപ്പിച്ചു എന്നായിരുന്നു പരാതി. രണ്ടാം വർഷക്കാരായിരുന്നു പ്രതിസ്ഥാനത്ത്. എന്നാൽ, അതിൽ ഉൾപ്പെട്ടത് മൂന്നാം വർഷക്കാരായിരുന്നു. മൂന്നാം വർഷക്കാർ അന്വേഷണത്തിന് ചുമതലപ്പെട്ട അധ്യാപകന്‍റെ "വേണ്ടപ്പെട്ടവർ.' രണ്ടാം വർഷക്കാരിൽ ഈ അധ്യാപകന്‍റെ ചില ചെയ്തികളെ പരസ്യമായി ചോദ്യം ചെയ്ത വിദ്യാർഥി സംഘടനാ നേതാക്കൾ ഉണ്ടായിരുന്നു. അവരിൽ ചിലർ പ്രതിയായതോടെ സസ്പൻഷനിലായി. ഈ അധ്യാപകൻ "കണ്ടെത്തിയ' മുഖ്യപ്രതി അന്ന് ഹോസ്റ്റലിൽ മാത്രമല്ല, ജില്ലയിലേ ഇല്ലാതിരുന്നതിനാൽ, അതിന്‍റെ തെളിവ് ഹാജരാക്കിയതിനാൽ സസ്പെൻഷൻ പിൻവലിക്കാൻ അധികൃതർ നിർബന്ധിതരായി. റാഗിങ്ങിന്‍റെ മറവിൽ ഇത്തരം ചില കാര്യങ്ങൾ കൂടി നടക്കുന്നുണ്ടെന്ന് മറക്കരുത്.

സംസ്ഥാന തലത്തിൽ റാഗിങ് വിരുദ്ധ സംവിധാനം ഒരുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പറയുന്നു. റാഗിങ്ങിന് പിന്നിൽ രാഷ്‌ട്രീയമില്ലെന്നും എസ്എഫ്ഐ ഇല്ലാത്ത ക്യാംപസുകളിലും റാഗിങ്ങ് നടന്നിട്ടുണ്ടെന്നും എല്ലാം എസ്എഫ്ഐയുടെ തലയിൽ കെട്ടിവയ്ക്കാതെ കാര്യങ്ങൾ മനസിലാക്കണമെന്നും മന്ത്രി പറയുന്നു.

സംസ്ഥാനത്തെ ഭൂരിപക്ഷ വിദ്യാർഥി സംഘടന എന്ന നിലയിൽ റാഗിങ് പ്രതികളിൽ എസ്എഫ്ഐക്കാരുണ്ടാവുന്നത് സ്വാഭാവികം. എന്നാൽ, റാഗിങ് ഒരു കാമ്പസിൽ നടന്നാൽ അത് ആ കാമ്പസിലെ എസ് എഫ്ഐയുടെ ജാഗ്രതക്കുറവും പോരായ്മയുമായി പരിഗണിച്ച് അവിടത്തെ കമ്മിറ്റി പിരിച്ചുവിടുന്നതടക്കമുള്ള കഠിന നടപടി സ്വീകരിക്കേണ്ടേ? അതിനു പകരം പ്രതികളെ സംരക്ഷിക്കുന്ന നിലപാട് ഒട്ടും ന്യായീകരിക്കാനാവില്ല.

ആലപ്പുഴ മെഡിക്കൽ കോളെജ് ഒരു കാലത്ത് കുപ്രസിദ്ധമായിരുന്നു. അവിടെ സർവകലാശാലാ മത്സര ഭാഗമായി കളിക്കാൻ വന്ന കോളെജ് ടീം ആലപ്പുഴ ടീമിനെ തോല്പിച്ചതിന്‍റെ പേരിൽ അവരെ പൊതിരെ തല്ലിയോടിച്ചതുൾപ്പെടെയുള്ള സംഭവമുണ്ടായിട്ട് അധികകാലമായില്ല. 2018ൽ റാഗിങ്ങിനെ തുടർന്ന് അവിടെ ഒരു വിദ്യാർഥി ആത്മഹത്യ ചെയ്തിട്ടും റാഗിങ് പിന്നെയും തുടരുകയായിരുന്നു. പക്ഷെ, കഴിഞ്ഞ 2 വർഷമായി അവിടെ റാഗിങ്ങില്ല.

എന്താണ് കാരണമെന്നറിയാമോ? 2 വർഷം മുമ്പ് ഇവിടെ ഒന്നാം വർഷ വിദ്യാർഥികൾ "പതിവുപോലെ' ക്രൂരമായ റാഗിങ്ങിന് വിധേയമായി.' എൻട്രൻസ് പാലാ ബ്രോയില'റുകളിൽ അട വച്ചിറക്കുന്നവർക്ക് അപരിചിതമായ പ്രാദേശികമായി സംഘടനാ പ്രവർത്തനം നടത്തുന്നവരിലൊരാളും റാഗ് ചെയ്തതിലുണ്ടായിരുന്നു. വിവരമറിഞ്ഞ നാട്ടുകാർ അന്ന് രാത്രി ഹോസ്റ്റലിൽ കയറി അടിയോടടി. സീനിയേഴ്സിനെ "അടിച്ചുപഞ്ചറാക്കി' എന്നുപറഞ്ഞാൽ മതിയാവില്ല! മെഡിക്കൽ കോളെജിലെങ്ങാനും പോയി കിടന്നാൽ കൊന്നുകളയുമെന്ന ഭീഷണി കാരണം നേരെ ചൊവ്വേ കിടക്കാൻ കഴിയാത്തവർ പോലും ജില്ല വിട്ടുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. ഒന്നാം വർഷക്കാരെ കൈ വച്ചാൽ തടി കേടാവുമെന്നായതോടെ ആലപ്പുഴ "നന്നായി'! റാഗിങ് നിർത്താൻ പലേടത്തും സമാന "ചികിത്സ' ഫലപ്രദമായി കണ്ടുവരുന്നുണ്ട്. ആ ഉത്തരവാദിത്തം പ്രാദേശിക യുവജന- ബഹുജന പ്രസ്ഥാനങ്ങൾ ഏറ്റെടുക്കണം.

ഒരു കാര്യം കൂടി:

സമീപ കാലത്തെ ചില സിനിമകൾ, ക്രൈം പരമ്പരകൾ... അവയിലെ ചോര ഉറഞ്ഞുപോവുന്ന ഭീകരമായ രംഗങ്ങൾ...

നമ്മുടെ കുട്ടികളിൽ കുട്ടിക്കാലത്തെ ആർദ്രതയുടെയും കരുണയുടെയും സഹജീവി സ്നേഹത്തിന്‍റെയും അനുഭവങ്ങൾ പകർന്നുനൽകുക തന്നെ വേണം. ഒരു പാത്രത്തിലെ ചോറ് പങ്കിട്ട് കഴിക്കുമ്പോൾ കിട്ടുന്ന രുചി അനുഭവിപ്പിക്കണം. വീടില്ലാത്ത കുട്ടിക്ക് വീട് വച്ചുകൊടുക്കുമ്പോഴുള്ള ചിരി തിരിച്ചറിയാൻ അവസരമൊരുക്കണം. എസ്കർഷന് പോകാൻ പാങ്ങില്ലാത്ത സഹപാഠിക്കായി കുടുക്ക പൊട്ടിക്കാനോ സേവിങ്സ് ബാങ്കിലെ പണം പിൻവലിക്കാനോ മുതിരുന്ന മക്കളെ പ്രോത്സാഹിപ്പിക്കണം. അവരുടെ മനസിലെ നന്മ നട്ടുനനച്ച് വന്മരമാക്കാം...

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com