രാജ്യകാര്യത്തിൽ കക്ഷിരാഷ്ട്രീയം തടസമാകരുത്

അമേരിക്കയുടെ പ്രസിഡൻഷ്യലിസത്തിന്‍റെയും ബ്രിട്ടന്‍റെ ക്യാബിനറ്റ് സിസ്റ്റത്തിന്‍റെയും നല്ല വശങ്ങൾ സ്വീകരിച്ചിരിക്കുന്നു എന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്‍റെ പ്രത്യേകത.
special column jyolsyan on indian democracy
രാജ്യകാര്യത്തിൽ കക്ഷിരാഷ്ട്രീയം തടസമാകരുത്
Updated on

ജ്യോത്സ്യൻ

1950ൽ റിപ്പബ്ലിക് ആയ ഇന്ത്യ ലോകത്തിലെ ഏറ്റവും ശക്തിയേറിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായി മാറിയിരിക്കുന്നു. നീണ്ട 74 വർഷങ്ങൾ കൊണ്ട് ജനാധിപത്യം, മതേതരത്വം. ഫെഡറിലിസം എന്നിവയുടെയെല്ലാം വേരുകൾ ഈ മണ്ണിൽ ആഴ്ന്നിറങ്ങിയിട്ടുണ്ട്. അമേരിക്കയുടെ പ്രസിഡൻഷ്യലിസത്തിന്‍റെയും ബ്രിട്ടന്‍റെ ക്യാബിനറ്റ് സിസ്റ്റത്തിന്‍റെയും നല്ല വശങ്ങൾ സ്വീകരിച്ചിരിക്കുന്നു എന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്‍റെ പ്രത്യേകത. നമുക്ക് ഒരു പ്രസിഡന്‍റും വൈസ് പ്രസിഡന്‍റുമാണുള്ളത്. രാജ്യം ഭരിക്കുന്നത് പ്രസിഡന്‍റാണെങ്കിലും പ്രധാനമന്ത്രി നേതൃത്വം കൊടുക്കുന്ന ക്യാബിനറ്റ് തീരുമാനങ്ങളാണ് പ്രസിഡന്‍റ് നടപ്പിലാക്കുന്നത്. ക്യാബിനറ്റാകട്ടെ പാർലമെന്‍റിനോട് കടപ്പെട്ടിരിക്കുന്നു. പാർലമെന്‍റിൽ ഭൂരിപക്ഷമുള്ള പാർട്ടിക്കു മാത്രമേ പ്രധാനമന്ത്രിയെയും സർക്കാരിനെയും രൂപീകരിക്കാനാവൂ. രാഷ്‌ട്രീയ പാർട്ടികൾക്ക് ഇന്ത്യൻ ജനാധിപത്യത്തിൽ വലിയ സ്വാധീനമുണ്ട്.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുകയും സ്വാതന്ത്ര്യം കിട്ടിയതിനുശേഷം അരനൂറ്റാണ്ടിലധികം രാജ്യത്തെ നയിക്കാൻ ജനകീയ അംഗീകാരം കിട്ടിയ കോൺഗ്രസ് ഇന്ത്യൻ ജനാധിപത്യത്തിന്‍റെ വളർച്ചയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്. ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു മുതൽ ഇപ്പോൾ നരേന്ദ്ര മോദി വരെ ഭരണഘടനയുടെ തണലിലാണ് ഇന്ത്യയെ വളർത്തിയെടുത്തിട്ടുള്ളത്.

ഇന്ത്യൻ ജനത വളരെ പക്വതയുള്ള ഒരു സമൂഹമാണെന്ന് പല തെരഞ്ഞെടുപ്പുകളിലും തെളിയിച്ചിട്ടുണ്ട്. ജനാധിപത്യത്തിൽ ജനങ്ങളാണ് അന്തിമ തീരുമാനം എടുക്കുന്നതെന്ന് ഇന്ത്യയിൽ ഇതുവരെ നടന്നിട്ടുള്ള തെരഞ്ഞെടുപ്പുകൾ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് ഫലപ്രവചനങ്ങൾ തെറ്റിച്ചുകൊണ്ടാണ് പലപ്പോഴും സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും അധികാരത്തിൽ കടന്നു വരുന്നത്. അടിയന്തിരാവസ്ഥയ്ക്ക് ശേഷം നടന്ന പൊതു തെരഞ്ഞടുപ്പിൽ പരാജയപ്പെട്ട ഇന്ദിര ഗാന്ധിയെ വീണ്ടും അധികാരത്തിൽ കൊണ്ടു വന്നതും ഇന്ത്യൻ ജനാധിപത്യത്തിന്‍റെ പ്രത്യേകതയാണ്.

ഇതുപോലെ തന്നെയാണ് ജുഡീഷ്യറിയും. തികച്ചും സ്വതന്ത്രമായ ജുഡീഷ്യറിയാണ് നമ്മുടേതെന്ന് അഭിമാനപൂർവം പറയാം. "Eternal vigilance is the price of liberty' എന്ന് സൂചിപ്പിക്കുന്നതു പോലെ നിതാന്ത ജാഗ്രത ജനാധിപത്യ സംരക്ഷണത്തിന് ആവശ്യമാണ്. അടുത്ത കാലത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് തന്‍റെ പിതാവിന്‍റെ മഹത്തായ പാരമ്പര്യം മറികടന്നുകൊണ്ടും ഇന്ത്യൻ ജുഡീഷ്യറിയുടെ അന്തഃസത്ത തകർത്തുകൊണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വന്തം വീട്ടിലെ പൂജയ്ക്ക് കർമിയായി കൊണ്ടുവന്നത് വലിയ ചോദ്യങ്ങൾക്ക് ഇടയാക്കിയ സംഭവം വിസ്മരിക്കാനാവില്ല. ജുഡീഷ്യറിയിൽ ചെറിയ പാളിച്ചകൾ പലപ്പോഴും ഉണ്ടായിട്ടുണ്ടെങ്കിലും മറ്റ് പല രാജ്യങ്ങളിലുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ ജുഡീഷ്യറി ഉയർന്നതാണ്.

മറ്റൊന്നാണ് മാധ്യമങ്ങൾ. ഭരണകർത്താക്കളുടെ അവിഹിത ഇടപാടുകൾ തുറന്നുകാട്ടാൻ ഇന്ത്യൻ മാധ്യമങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ആധുനിക സാങ്കേതികവിദ്യയുടെ വളർച്ച ഉപയോഗപ്പെടുത്തി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും ജനാധിപത്യ പ്രതിബദ്ധതയും തകർക്കുന്നതായി കാണുന്നു. ജനാധിപത്യത്തിന്‍റെ കാവൽക്കാരായ മാധ്യമങ്ങളെ ഇന്ത്യയിലെ കോർപ്പറേറ്റ് ഹൗസുകൾ നിയന്ത്രിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറരുത്.

ഫെഡറലിസമാണ് മറ്റൊന്ന്. ശക്തമായ കേന്ദ്രവും തുല്യ ശക്തിയുള്ള സംസ്ഥാനങ്ങളുമാണ് ഇന്ത്യൻ ജനാധിപത്യത്തിന്‍റെ പ്രത്യേകത. സ്വാതന്ത്ര്യത്തിന്‍റെ ആദ്യകാലങ്ങളിൽ കേന്ദ്രവും സംസ്ഥാനവും ഭരിച്ചിരുന്നത് കോൺഗ്രസാണ്. ഇന്ന് കേന്ദ്രം ബിജെപി ഭരിക്കുമ്പോൾ പല സംസ്ഥാനങ്ങളും ബിജെപി ഇതര പാർട്ടികളാണ് ഭരിക്കുന്നത്. അത്തരം സംസ്ഥാനങ്ങളിൽ രാഷ്‌ട്രപതി ഗവർണറെ നിയോഗിക്കുമ്പോൾ സംസ്ഥാനത്തിന്‍റെ സ്വതന്ത്രമായ ഭരണത്തെ തകർക്കാൻ ഗവണർമാർ ശ്രമിക്കുന്നത് നാം കാണുന്നു. മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിസഭയും നിയമസഭയോടും സംസ്ഥാനത്തെ ജനങ്ങളോടുമാണ് കടപ്പെട്ടിരിക്കുന്നത്. നയപ്രഖ്യാപന വേളകളിൽ "എന്‍റെ സർക്കാർ' എന്ന് ഗവർണർമാർ പറയുമെങ്കിലും ഭരിക്കുന്നത് മുഖ്യമന്ത്രി നേതൃത്വം കൊടുക്കുന്ന ക്യാബിനറ്റാണ്. അത് തകർക്കാനുള്ള ശ്രമങ്ങൾ ബോധപൂർവം ഉണ്ടാക്കരുത്. ഗവർണറും മുഖ്യമന്ത്രിയും പരസ്പരം ഏറ്റുമുട്ടുന്നത് ഇന്ത്യയുടെ ഫെഡറലിസത്തെ തകർക്കും.

സാമ്പത്തിക രംഗത്തും സംസ്ഥാനങ്ങൾക്ക് നീതി ലഭിക്കണം. ജിഎസ്ടി വന്നതോടെ വരുമാന സ്രോതസുകളെല്ലാം കേന്ദ്രത്തിന്‍റെ കൈയിലൊതുങ്ങി. ഈ സാഹചര്യത്തിൽ സാമ്പത്തിക സ്രോതസിലുള്ള പങ്കാളിത്തം നീതിപൂർവമായിരിക്കണം. ഇപ്പോൾ മൊത്തം വരുമാനത്തിന്‍റെ 60 ശതമാനം കേന്ദ്രത്തിനും 40 ശതമാനം സംസ്ഥാനങ്ങൾക്കുമാണ് ലഭിക്കുന്നത്. മാത്രമല്ല സെസും, സ്പെഷ്യൽ നികുതിയും ശേഖരിക്കുന്നത് കേന്ദ്രം പൂർണമായി കൈവശപ്പെടുത്തിയിരിക്കുകയാണ്.

പ്രകൃതി ദുരന്തമുണ്ടായാൽ ആവശ്യമായ കേന്ദ്ര സഹായം സമയബന്ധിതമായി ലഭ്യമാക്കേണ്ട ചുമതല കേന്ദ്രത്തിനുണ്ട്. ഓരോ സംസ്ഥാനങ്ങളുടെയും സാഹചര്യം നോക്കിയാണ് സഹായം എത്തിക്കേണ്ടത്. കേരളത്തിലെ മാനദണ്ഡമല്ല ഉത്തർപ്രദേശിൽ. അതുകൊണ്ട് യുപിക്ക് നൽകുന്ന മാനദണ്ഡമനുസരിച്ചാവരുത് കേരളത്തിന് സഹായം നൽകുന്നത്.

ചില പ്രത്യേക രംഗങ്ങളിൽ ഓരോ സംസ്ഥാനങ്ങളും മുന്നിൽ എത്തിയിട്ടുണ്ട്. വിദ്യാഭ്യാസം, ടൂറിസം, അടിസ്ഥാന വികസനം എന്നിവയിൽ കേരളം ഇന്ത്യയ്ക്ക് മാതൃകയാണ്. അത്തരം സാഹചര്യത്തിൽ കേരളത്തിന്‍റെ മുന്നോട്ടുള്ള കുതിപ്പിന് ആവശ്യമായ കേന്ദ്ര സഹായം ലഭ്യമാക്കണം.

സംസ്ഥാനത്തോട് പക്ഷപാതം കാണിക്കുന്നതിന് ഉദാഹരണമാണ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് (എയിംസ്). മിക്ക സംസ്ഥാനങ്ങൾക്കും എയിംസ് അനുവദിച്ചപ്പോൾ കേരളം, തമിഴ്നാട്, ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് അനുവദിച്ചില്ല. വളരുന്ന ഭാരതത്തിന്‍റെ നേട്ടങ്ങൾ എല്ലാ ജനവിഭാഗങ്ങൾക്കും എത്തിക്കുന്നതിൽ കക്ഷിരാഷ്‌ട്രീയത്തിന് അതീതമായ കാഴ്ചപ്പാട് കേന്ദ്രത്തിനുണ്ടാവണം എന്നാണ് ജോത്സ്യന്‍റെ അഭിപ്രായം.

Trending

No stories found.

Latest News

No stories found.