
മമ്മൂട്ടി നായകനായ "കോട്ടയം കുഞ്ഞച്ചൻ' എന്ന സൂപ്പർ ഹിറ്റ് സിനിമയിലെ ഒരു രംഗത്തിൽ "മോഹൻലാൽ വരുമോ?' എന്നു ജഗതിയുടെ കഥാപാത്രം ചോദിക്കുന്നുണ്ട്. ഒരു ഗ്രാമത്തിലെ ചെറിയൊരു പ്രസംഗ വേദിയാണു രംഗം. കുഞ്ഞച്ചൻ വിളിച്ചാലും അവിടെ പ്രസംഗിക്കാൻ മോഹൻലാൽ വരുമെന്ന് ആരും കരുതുന്നില്ല. ഇപ്പഴിതാ, വയനാട്ടിലെ ഉറവ വറ്റാത്ത കണ്ണീർപ്പാടത്തേക്കു മോഹൻലാൽ വരുമോ, ഇല്ലയോ എന്ന് ആരും ചോദിച്ചില്ല. ആരും പറഞ്ഞതുമില്ല.
എന്നിട്ടും മോഹൻലാൽ വന്നു!
ടെറിട്ടോറിയൽ ആർമിയിലെ തന്‍റെ ബറ്റാലിയനായ 122 ഇൻഫൻട്രിക്കൊപ്പം വയനാടിന്‍റെ കണ്ണീരൊപ്പാൻ ലെഫ്. കേണൽ മോഹൻലാൽ എത്തിച്ചേർന്നു.
ഒരു താരത്തിന് എന്തു കാര്യം?
..........................................................
വേർപാടുകളുടെ വിരൽപ്പാടുകൾ പതിഞ്ഞ ശ്മശാന ഭൂമിയിലേക്ക് ഒരു ചലച്ചിത്ര താരത്തിന്‍റെ വരവ് ഒരർഥത്തിൽ നോക്കിയാൽ പലർക്കും തമാശയായിത്തോന്നും.
45 വർഷത്തിലധികമായിത്തുടരുന്ന അഭിനയ ജീവിതത്തിൽ വിവിധ തരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടി വന്നിട്ടുള്ള മോഹൻലാലിന്‍റെ അഭിനയ ജീവിതത്തിലെ ഏതോ ഒരു സീൻ പോലെ നാടകീയവും ബാലിശവുമാണ് ഈ സന്ദർശനമെന്നു കരുതുന്നവരുണ്ടാവാം. അവർ, അവരുടെ മനസിനെ ദുരന്തഭൂമിയിലെ മനുഷ്യസങ്കടങ്ങളിലേക്ക് കന്മഷമേതുമില്ലാതെ വ്യാപരിപ്പിക്കണമെന്നു മാത്രമേ പറയാനുള്ളൂ.
ഇതിനു പല കാരണങ്ങളുമുണ്ട്. സമാനതകളില്ലാത്ത ദുരന്തനാടകമാണ് ഇവിടെ പ്രകൃതി ആടിത്തീർത്തത്. ഈ ദുരന്തത്തിന്‍റെ ഇംപാക്ടിനെക്കുറിച്ച് നമുക്ക് ഒരു ധാരണയുമില്ല. ഇത് നമ്മൾ ഇതിനു മുമ്പ് അനുഭവിച്ചിട്ടില്ലാത്ത ആഴത്തിലുള്ള ദുരന്തമാണ്. ദൈവങ്ങളും മനുഷ്യരും ആധുനികയന്ത്രങ്ങളും തളർന്നു പോകുന്ന ഒരു ഇരുണ്ട ഭൂമിയിൽ കടുകട്ടിയായ ഉപദേശങ്ങളും ധർമ ശാസ്ത്രങ്ങളും വിളമ്പിയിട്ട് കാര്യമില്ല. പുതിയ മനഃശാസ്ത്ര തന്ത്രങ്ങളും പഴയ മന്ത്രങ്ങളുമൊന്നും വിലപ്പോയെന്നും വരില്ല.
മനുഷ്യജീവിതമെന്ന കരുക്ഷേത്രത്തിലെ സങ്കീർണ നിമിഷങ്ങളിൽ സംഭവിക്കുന്ന അരക്ഷിതാവസ്ഥയാണിത്.
പിന്നെ, എന്താണ് മാർഗം?
.................................................
ഈ സങ്കട ഭൂമിയിൽ ശേഷിക്കുന്നവരെ ചെറിയ ചെറിയ ആനന്ദവഴികളിലൂടെ ജീവിതത്തിലേക്കു തിരിച്ചു നടത്തുകയാണ് ഒരു മാർഗം. ഇതിന് ബാലിശവും ലളിതവുമായ ചില നാടകങ്ങളും പൊറാട്ടുവേലകളും ആവശ്യമാണ്. ചിലപ്പോൾ, ഒരു വലിയ സിനിമാ നടന്‍റെ വരവു കൊണ്ട് അവിടത്തെ അന്തരീക്ഷം ഒരു പക്ഷെ, മാറിമറിഞ്ഞേക്കാം. ചിലർക്കെങ്കിലും മനസിന്‍റെ വിഭ്രമക്കാഴ്ചകളിൽ നിന്നു മോചനം കിട്ടിയേക്കാം. അതിന് മോഹൻലാൽ നിമിത്തമായെങ്കിൽ നല്ല കാര്യമെന്നേ പറയാനുള്ളൂ.
മരണഗന്ധം പടരുന്ന ഭൂമിയിലെ പ്രതീക്ഷകൾ വറ്റിയ മനുഷ്യർക്ക് പ്രത്യാശയും സ്വപ്നങ്ങളും അദ്ദേഹം പകർന്നു നൽകിയിട്ടുണ്ടെങ്കിൽ, അഗാധമായ പ്രേതഭൂമികളിൽ ജീവിതകാമനകളുടെ വിത്തുകൾ പാകിയിട്ടിട്ടുണ്ടെങ്കിൽ, അതൊരു ചെറിയ കാര്യമല്ല. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട കുട്ടികൾക്കും കണ്ണീർവറ്റിയ യുവത്വത്തിനും ഈ സന്ദർശനം പുതിയ കിനാവുകൾ നെയ്യാൻ ഉപകരിക്കാനും ഇടയുണ്ട്.
അതെ!....
മോഹൻലാലിനെ പോലെയൊരു കലാകാരന്‍റെ ആഗമനം ശ്മശാന ഭൂമികളെ സ്വർഗവാടിയാക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ മറ്റുള്ളവർ എന്തിനെതിർക്കണം?
പ്രളയവും പട്ടാളവും
..........................................
മോഹൻലാലിന്‍റെ സൈനിക വേഷം ദുരന്ത ഭൂമിയിലെ പട്ടാളക്കാർക്കും ഊർജം പകർന്നിട്ടുണ്ട്. ഒരു പക്ഷെ, സൈന്യത്തോടുള്ള ശരാശരി മലയാളിയുടെ മനോഭാവം മാറ്റാൻ കൂടിയായിരിക്കണം ഈ വരവെന്നു തോന്നുന്നു.
2018ലെ പ്രളയസമയത്ത് മത്സ്യത്തൊഴിലാളികളുടെയും സോഷ്യൽ മീഡിയയുടെയും സഹായത്തോടെയാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതെന്നും കേന്ദ്രത്തിൽ നിന്നുമെത്തിയ സൈനികർക്ക് ഒരു ചുക്കും ചുണ്ണാമ്പും ചെയ്യാൻ സാധിച്ചില്ലെന്നുമായിരുന്നല്ലോ നവോത്ഥാന വാദികൾ അക്കാലത്ത് പറഞ്ഞു പരത്തിയത്. പട്ടാളത്തിന് പട്ടും വളയും പോയിട്ട് ഒരു സർബത്തു പോലും ആരും കൊടുത്തതുമില്ല. ഉശിരുംവീറും വോട്ടുമുള്ള മത്സ്യത്തൊഴിലാളികളെയാണ് മഞ്ഞളും കുങ്കുമവും ചാർത്തി നമ്മളന്ന് ആദരിച്ചത്. ഇലക്‌ഷൻ വന്നപ്പോൾ അവരുടെ വോട്ട് ഒന്നൊഴിയാതെ പെട്ടിയിലാകാൻ ഈ കിടിലൻ ബുദ്ധി സഹായകരമായി. വോട്ടും നോട്ടുമില്ലാത്ത പട്ടാളം കൂടും കുടുക്കയുമെടുത്ത് ആരുവാമൊഴി കടന്നുപോയി.
ഒരു ബൂർഷ്വാ ഭരണകൂടത്തിന്‍റെ ഭാഗമായി പ്രവർത്തിക്കേണ്ടിവരുന്ന പുരോഗമന ശക്തികളുടെ വീക്ഷണ പ്രകാരം നോക്കുമ്പോൾ പട്ടാളമെന്നത് ഒരുതരം പിന്തിരിപ്പൻ മൂരാച്ചി സംവിധാനമാണെന്ന് സമ്മതിക്കുന്നു. ശത്രുരാജ്യങ്ങളോ അതിർത്തികളോ ഇല്ലാത്ത നമുക്ക് പട്ടാളവും തോക്കും പീരങ്കിയുമൊക്കെ അധികപ്പറ്റാണുതാനും. "പോക്കറ്റാൽപട്ടാളത്തിൽ' എന്ന ചൊല്ലിൽ ഒരു നവോത്ഥാന പുച്ഛം കലർന്നിട്ടുണ്ടെന്നാണ് പഴഞ്ചൊല്ലിൽ പതിരന്വേഷിക്കുന്നവർ പറയുന്നത്.
ഒരു ഇരയെ വേണം!
..........................................
പക്ഷെ, മോഹൻലാലിന്‍റെ സൈനിക യൂണിഫോമിനെതിരേയും മറ്റും സോഷ്യൽ മീഡിയകളിൽ അസഭ്യം വിതറുന്നവരുടെ മാനസികാവസ്ഥ മറ്റുള്ളവരിൽ ഭയം ജനിപ്പിക്കുന്നുണ്ട്. അദ്ദേഹം ഓഫർ ചെയ്ത സഹായത്തുകയുടെ വലുപ്പം മനസിലായിട്ടും അപഹാസം ചൊരിയുന്നവർ ശാന്തരാകുന്നില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
നമ്മൾക്ക് എപ്പോഴും ഒരു ഇരയെ വേണം എന്നാണ് ഇതിനർഥം. മരണം ഇരതേടിയ ദുരന്തഭൂമിയിലും ഇരതേടിനടക്കുന്ന മനുഷ്യർ ഒരു പ്രതീകമാണ്. നവ മലയാളിയുടെ ഉപഭോഗ - കമ്പോള സംസ്കാരങ്ങളുടെ സിംബൽ!
(ലേഖകന്‍റെ ഫോൺ- 9447809631)