രാഷ്‌ട്രീയത്തിലുണ്ട് ഇങ്ങനെയും ചില മനുഷ്യർ

എത്ര രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ അഴിമതിക്കാരായി മാറിയാലും സത്യസന്ധര്‍ക്ക് അങ്ങനെയാവാനാവില്ല.
Special column on politicians

രാഷ്‌ട്രീയത്തിലുണ്ട് ഇങ്ങനെയും ചില മനുഷ്യർ

Updated on

ജോഷി ജോര്‍ജ്

ആ ഫോട്ടൊ കണ്ടിട്ടുള്ളവരെല്ലാം അദ്ഭുതം കൂറി നിന്നിട്ടുണ്ട്. അതില്‍ പല കണ്ണുകളിലും ഈറനണിയാതിരുന്നിട്ടുണ്ടാവില്ല. അത്രയ്ക്ക് ഹൃദയസ്പര്‍ശിയായിരുന്നു ആ ഫോട്ടൊ..! 61 വര്‍ഷം മുമ്പാണിത്. 1963 ഫെബ്രുവരിയില്‍ ഇന്ത്യയുടെ ആദ്യ പ്രസിഡന്‍റ് ഡോ. രാജേന്ദ്രപ്രസാദ്, കാലയവനികയ്ക്കുള്ളില്‍ മറഞ്ഞനാളുകള്‍. അക്കാലത്ത് ബോംബെയില്‍നിന്ന് പ്രസിദ്ധികരിച്ചു കൊണ്ടിരുന്ന "പര്‍പ്പസ്' എന്ന ഇംഗ്ലീഷ് മാസികയില്‍ രാജേന്ദ്രപ്രസാദിന്‍റെ ഒരു മുഖചിത്രം വന്നു. ബോംബെയിലെ കല്യാണ്‍ റെയ്‌ല്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ ഒരു പൈപ്പിനു കീഴെ കൗപീനം മാത്രം ധരിച്ച് തന്‍റെ ദോത്തിയും ഷര്‍ട്ടും രാജേന്ദ്രപ്രസാദ് അലക്കിക്കൊണ്ടിരിക്കുന്നതായിരുന്നു ആ ഫോട്ടൊ. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുന്നതിനു 13 വര്‍ഷം മുമ്പെടുത്ത ഒരു ഫോട്ടൊ ആയിരുന്നു അത്. അന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ അഖിലേന്ത്യ പ്രസിഡന്‍റായിരുന്നു രാജേന്ദ്രപ്രസാദ്. ബോംബെയില്‍ നടക്കുന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു അദ്ദേഹം. ബോംബെ റെയ്‌ല്‍വേ സ്റ്റേഷനില്‍

ചെന്നിറങ്ങുമ്പോള്‍ ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ രഥത്തിലേറ്റി ഘോഷയാത്രയായി സമ്മേളന വേദിയിലേക്ക് ആനയിക്കും.

പക്ഷേ, ബോംബെയിലേക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് വരുമ്പോള്‍ ആകെയുണ്ടായിരുന്നത് ആ ഷര്‍ട്ടും ദോത്തിയും മാത്രമായിരുന്നു. മൂന്നാം ക്ലാസ് കംപാര്‍ട്ടുമെന്‍റില്‍ യാത്ര ചെയ്ത് ആ ഉടുപ്പു വല്ലാതെ മുഷിഞ്ഞിരുന്നു. അതുകൊണ്ട് ബോംബെ നഗരത്തിന്‍റെ പ്രാന്തത്തിലുള്ള കല്യാൺ സ്റ്റേഷനിലിറങ്ങി പ്ലാറ്റ്ഫോമിലെ പൈപ്പില്‍ ഷര്‍ട്ടും ദോത്തിയും അലക്കിയെടുക്കുകയായിരുന്നു അദ്ദേഹം. അലക്കിയ ഉടുപ്പ് പ്ലാറ്റ്ഫോമിലെ തിണ്ണയില്‍ വിരിച്ച് ഒരു കൗപീനമുടുത്ത് അത് ഉണങ്ങാന്‍ രാജന്‍ബാബു കാവലിരുന്നു. ഉണങ്ങിയിട്ടുവേണം അതുടുത്തു കൊണ്ട് ജനസഹസ്രങ്ങളുടെ സ്വീകരണം ബോംബെയില്‍ ചെന്ന് ഏറ്റുവാങ്ങാന്‍.

അതിഭയങ്കരമായൊരു ഭൂകമ്പം നാശനഷ്ടങ്ങള്‍ വാരിവിതറിയ ബീഹാറില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയിലാണ് രാജേന്ദ്രപ്രസാദ് ബോംബെ സമ്മേളനത്തിനു പുറപ്പെട്ടത്. കൈയിലുള്ളതെല്ലാം അവിടെ കഷ്ടപ്പെടുന്ന മനുഷ്യര്‍ക്ക് അദ്ദേഹം കൊടുത്തുകഴിഞ്ഞിരുന്നു.

പറ്റ്നയില്‍ ഏറ്റവും തിരക്കുള്ള വക്കീലായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് രാജന്‍ബാബു എല്ലാം ഉപേക്ഷിച്ച് സ്വാതന്ത്ര്യസമരത്തിലേക്ക് എടുത്തുചാടിയത്. മുപ്പതു വര്‍ഷക്കാലം ബീഹാറില്‍ ദിവാനായിരുന്ന ചൗധരിലാലിന്‍റെ സഹോദരപുത്രനാണ് അദ്ദേഹം. എംഎ പരീക്ഷയിലും ബിഎല്‍ പരീക്ഷയിലും ഒന്നാം ക്ലാസോടെ പാസായ ശേഷം കൊല്‍ക്കത്ത ലോ കോളെജില്‍ പ്രൊഫസറായി ഉദ്യോഗം സ്വീകരിച്ചു.

പിന്നീടാണ് അതു രാജിവച്ച് പറ്റ്ന ഹൈക്കോടതിയില്‍ പ്രാക്റ്റീസ് ആരംഭിച്ചത്. അതിനിടയില്‍ നിയമഗവേഷണം നടത്തി അദ്ദേഹം ഡോക്റ്ററേറ്റും നേടിക്കഴിഞ്ഞിരുന്നു. സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ടപ്പോള്‍ രാജേന്ദ്രപ്രസാദിന് അഭിഭാഷകന്‍റെ കറുത്ത കോട്ടില്‍ ഒതുങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല. വക്കീല്‍പ്പണിയുപേക്ഷിച്ച് അദ്ദേഹം സമരവീഥിയിലേക്കിറങ്ങി. പിന്നീട് തുടര്‍ച്ചയായി ജയില്‍വാസവും യാതനകളുമായിരുന്നു. എല്ലാം നാടിനുവേണ്ടി ത്യജിച്ചുകൊണ്ട് ആ വലിയ മനുഷ്യന്‍ ഗാന്ധിജിയുടെ കാല്‍പ്പാടുകളെ പിന്തുടര്‍ന്നപ്പോള്‍ അവശേഷിച്ചത് ഉടുത്തിരുന്ന ദോത്തിയും ഷര്‍ട്ടുമാണ്. അതൊക്കെ പഴയചിത്രങ്ങള്‍.

സ്വാതന്ത്ര്യം കിട്ടിയതിനുശേഷവും അങ്ങനെയുള്ള ഹൃദയസ്പര്‍ശിയായ ചിത്രങ്ങള്‍ നമ്മുടെ മുമ്പില്‍ തെളിഞ്ഞിട്ടുണ്ട്. രംഗം കോഴിക്കോട് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്.

സന്ധ്യസമയത്ത് യാത്രക്കാര്‍ നിറഞ്ഞ ബസില്‍ കയറിപ്പറ്റാനുള്ള മനുഷ്യരുടെ പങ്കപ്പാട്. കയറിപ്പറ്റാനുള്ള തള്ളിനിടയില്‍ നേര്‍ത്തു ശോഷിച്ച പ്രായം ചെന്ന ഒരു മനുഷ്യന്‍ നിലത്തുവീണുപോയി. അതു മറ്റാരുമായിരുന്നില്ല. കേരളത്തിലെ ഒരു മന്ത്രിയായിരുന്ന സോഷ്യലിസ്റ്റ് നേതാവ് ഒ. കോരന്‍. അദ്ദേഹം മന്ത്രി പദത്തില്‍ നിന്നിറങ്ങിയിട്ട് അന്ന് അധികനാള്‍ പോലുമായിരുന്നില്ല. എന്തിന് രണ്ടാം ക്ലാസ് തീവണ്ടിയില്‍ യാത്ര ചെയ്യുന്ന മുന്‍മുഖ്യമന്ത്രി പി.കെ. വാസുദേവന്‍നായരുടെയും സൈക്കിളില്‍ യാത്ര ചെയ്യുന്ന മുന്‍ഭക്ഷ്യമന്ത്രി ടി.എസ്. ജോണിന്‍റെയുമൊക്കെ ചിത്രം മുമ്പിലുണ്ട്.

ഇപ്പോഴിത് ഓര്‍മിക്കാന്‍ കാരണം മറ്റൊന്നുമല്ല. കെപിസിസി പ്രസിഡന്‍റായിരുന്നിട്ടുള്ള തെന്നല ബാലകൃഷ്ണപിള്ള രാഷ്‌ട്രീയത്തിലിറങ്ങുമ്പോള്‍ പിതാവ് നല്‍കിയ 22 ഏക്കര്‍ ഭൂമിയുടെ ഉടമയായിരുന്നു.

പദവി ലക്ഷ്യമിട്ടു രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കിടയിലുള്ള സ്വത്ത് രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനിറങ്ങി തുലച്ചു കളഞ്ഞ കളങ്കരഹിതരായ നേതാക്കളും ഉണ്ടെന്നു പറയാനാണ്. ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കാന്‍ പറഞ്ഞപ്പോള്‍ തന്നേക്കാള്‍ മുതിര്‍ന്ന പ്രവര്‍ത്തകരുണ്ട്. അതിനാല്‍ അവര്‍ക്കാര്‍ക്കെങ്കിലും ആ സീറ്റ് നല്‍കാന്‍ പറഞ്ഞതും തെന്നല തന്നെ. മന്ത്രിക്കസേര വച്ചു നീട്ടിയപ്പോഴും തന്നേക്കാള്‍ അര്‍ഹനായ ഒരു യുവനേതാവിന് അത് കൊടുത്തോളൂ എന്നു പറയാന്‍ മാത്രം വലുപ്പം ഉണ്ടായിരുന്നു അദ്ദേഹത്തിന്.

ഇതിനേക്കാള്‍ പെരുത്ത നഷ്ടം സഹിച്ച മറ്റൊരു നേതാവുണ്ടായിരുന്നു കൊച്ചിയില്‍. കേരള രാഷ്‌ട്രീയത്തിലെ അതികായന്മാരില്‍ ഒരാളായ സേവ്യര്‍ അറയ്ക്കന്‍. ട്രിച്ചി സെന്‍റ് ജോസഫ്സ് കോളെജില്‍ നിന്നും ധനതത്വശാസ്ത്രത്തില്‍ ബിരുദമെടുത്തു. തുടര്‍ന്ന് ലണ്ടനിലെ ലിങ്കണ്‍സി യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനം. ബാര്‍ അറ്റ് ലോ പാസായ ശേഷം നാട്ടിലെത്തി ഹൈക്കോടതിയില്‍ പ്രാക്റ്റീസ് ആരംഭിച്ചു. പിന്നീട് രാഷ്‌ട്രീയത്തിലിറങ്ങി.

കേരളത്തില്‍ ഇന്ദിരാ കോണ്‍ഗ്രസ് പിറവിയെടുത്തത് അദ്ദേഹത്തിന്‍റെ വീട്ടില്‍ വച്ചായിരുന്നു. അന്ന് കെ. കരുണാകരന്‍ പോലും ഇന്ദിരാ കോണ്‍ഗ്രസിലേക്കെത്തിയിരുന്നില്ല. എംഎല്‍എയും എംപിയുമായി. പിതൃസ്വത്തായി ലഭിച്ച 56 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥനായിരുന്നു അറയ്ക്കല്‍. എന്നാല്‍ എക്‌സ് എംപി ആകുമ്പോള്‍ പത്തര സെന്‍റ് സ്ഥലവും താമസിക്കുന്ന എറണാകുളത്തെ വീടും, പിന്നെയൊരു ഗോഡൗണും മാത്രം. ആസ്തിയായുണ്ടായിരുന്ന കാര്‍ ബാധ്യതയായി. ഒടുവില്‍ അതു വിറ്റ് ബാധ്യത തീര്‍ത്ത കളങ്കരഹിതനായ നേതാവ്.

ഇതില്‍ നിന്നൊരു കാര്യം വ്യക്തം. എത്ര രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ അഴിമതിക്കാരായി മാറിയാലും സത്യസന്ധര്‍ക്ക് അങ്ങനെയാവാനാവില്ല. ഇന്ന് രാഷ്‌ട്രീയ പ്രവര്‍ത്തനം ഉപജീവന മാര്‍ഗത്തേക്കാള്‍ വന്‍ സമ്പാദ്യ മാര്‍ഗമാക്കി കൂടി പലരും മാറ്റിയിരിക്കുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com