ജ്യോത്സ്യൻ
ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ഇന്തോനേഷ്യ, പാപുവ ന്യൂ ഗിനിയ, ഈസ്റ്റ് ടിമോര്‍, സിംഗപ്പുര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സന്ദർശനം യേശുവിന്‍റെ വചനങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്. മത്തായി സുവിശേഷം 10, 5-15 വരെയുള്ള വാക്യങ്ങൾ: "അവൻ 12 പേരെയും വിളിച്ച് സകല പിശാചുക്കളുടെയും മേൽ അവർക്ക് അധികാരവും ശക്തിയും കൊടുത്തു. അതോടൊപ്പം രോഗങ്ങൾ സുഖപ്പെടുത്താനും. ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി അവൻ അവരെ അയച്ചു. അവൻ പറഞ്ഞു: യാത്രയ്ക്ക് വടിയോ സഞ്ചിയോ അപ്പമോ പണമോ ഒന്നും എടുക്കരുത്. രണ്ട് ഉടുപ്പും ഉണ്ടായിരിക്കരുത്. നിങ്ങൾ ഏത് വീട്ടിൽ പ്രവേശിക്കുന്നുവോ അവിടെ താമസിക്കുക. അവിടെ നിന്ന് പുറപ്പെടുകയും ചെയ്യുക. അവർ പുറപ്പെട്ട് ഗ്രാമങ്ങൾ തോറും ചുറ്റി സഞ്ചരിച്ച് സുവിശേഷം പ്രസംഗിക്കുകയും എല്ലായിടത്തും രോഗശാന്തി നൽകുകയും ചെയ്തു'.
ഈ വചനങ്ങൾ പിന്തുടർന്നു കൊണ്ടാണ് മാർപാപ്പമാർ കാലാകാലങ്ങളിൽ ലോകം ചുറ്റി സഞ്ചരിച്ചിക്കുന്നത്. യേശുവിന്‍റെ ശിഷ്യനായ സെന്‍റ് തോമസ് ഭാരതത്തിൽ എത്തിയതും ഈ തീർഥാടനത്തിന്‍റെ ഭാഗമാണ് . യേശു വചനങ്ങളുടെ പ്രവാചകന്മാരായ ഇവർ രോഗശാന്തിയും മനഃസമാധാനവും നൽകുന്ന വചനങ്ങൾ ജനമധ്യത്തിൽ എത്തിക്കുന്നു.
1986 ഫെബ്രുവരി 1 മുതൽ 10 വരെ ജോൺ പോൾ മാർപാപ്പ രണ്ടാമൻ ഡൽഹിയിൽ എത്തിയപ്പോൾ അന്നത്തെ ജനസമുദ്രത്തോടൊപ്പം പങ്കുചേരാൻ ജ്യോത്സ്യന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ സന്ദർശനം ഡൽഹിയിൽ നിന്ന് ആരംഭിച്ച് കേരളത്തിൽ എത്തി തിരിച്ചു പോയപ്പോൾ സമാധാനത്തിന്‍റെയും മാനവിക മൈത്രിയുടെയും പുതിയ വെളിച്ചമാണ് ഇന്ത്യയിൽ പരന്നത്. വേദനിക്കുന്നവർക്കും, ഒറ്റപ്പെടുന്നവർക്കും, പരദേശികളായവർക്കും വേണ്ടി ക്രൈസ്തവ സഭ പിന്തുടരുന്ന എല്ലാ പ്രവർത്തനങ്ങളും യേശുവിന്‍റെ വചനങ്ങളുടെ പിന്തുടർച്ചയാണ്.
എല്ലാ വിശ്വാസങ്ങളുടെയും മതങ്ങളുടെയും ലക്ഷ്യം ഒന്നുതന്നെയാണ്. "വസുധൈവ കുടുംബകം' എന്ന സംസ്കൃത വാക്യവും "മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന ഗുരുദേവ വചനവും, ലോകത്തിലെ എല്ലാ മനുഷ്യർക്കും സുഖവും ആശ്വാസവും നൽകുന്നതാണ്. എല്ലാ മതങ്ങളും നമ്മെ നല്ലവരാകാനും സത്യം പറയാനും ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാനും ധാർമികമായ മറ്റ് തത്വങ്ങളുമാണ് പഠിപ്പിക്കുന്നത്.
പാപുവ ന്യൂ ഗിനിയ സന്ദർശനത്തിനുശേഷം ഏറ്റവും കൂടുതൽ പട്ടിണി അനുഭവിക്കുന്ന കിഴക്കൻ ടിമോറിൽ ലക്ഷക്കണക്കിന് ആളുകളാണ് മാർപാപ്പയുടെ ദർശനത്തിനായി ദിവസങ്ങളോളം പിന്നിട്ട് കാൽനടയായി എത്തിയത്. മാർപാപ്പ ചെല്ലുന്ന എല്ലാ പ്രദേശങ്ങളിലും അദ്ദേഹം ആദ്യം സ്വീകരിക്കുന്നത് കുഞ്ഞുങ്ങളെയും അമ്മമാരെയുമാണ്. കുഞ്ഞുങ്ങളെ രണ്ട് കൈയ്യും കൊണ്ട് കെട്ടിപ്പിടിച്ച് സ്വീകരിക്കുന്ന യേശുവിന്‍റെ മാർഗം തന്നെയാണ് ഇതും. ശിശുക്കൾ എന്‍റെയടുത്ത് വരാൻ അനുവദിക്കുക അവരെ തടയരുത് എന്തെന്നാൽ ദൈവരാജ്യം അവരെപോലുള്ളവരുടേതാണ്. സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, ശിശുവിനെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതിൽ പ്രവേശിക്കുകയില്ല. അവൻ ശിശുക്കളെ എടുത്ത്, അവരുടെമേൽ കൈകൾ വച്ച് അനുഗ്രഹിച്ചു.
ലോകമെമ്പാടും കോടിക്കണക്കിന് ആളുകളാണ് പട്ടിണിയും, യുദ്ധവും, അനാരോഗ്യവും മൂലം കഷ്ടപ്പെടുന്നത്. ഇസ്രയേൽ- പലസ്തീൻ യുദ്ധത്തിൽ മരിച്ചു വീണ കുഞ്ഞുങ്ങളെ ഓർത്ത് ലോകം കേഴുകകയാണ്. വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കയുടെ നാപാം ബോംബാക്രമണത്തിൽ നിന്ന് രക്ഷനേടുവാനായി ഉടുതുണി കത്തി വീണ് നഗ്നയായി നിലവിളിച്ചോടുന്ന പെൺകുട്ടിയുടെ ചിത്രം ലോക മനഃസാക്ഷിയെ പിടിച്ചു കുലുക്കി.
ലോകത്തിനാവശ്യം സമാധാനവും സ്നേഹവുമാണ്. രാജ്യങ്ങളുടെ അതിർത്തികൾ വലുതാക്കുന്നതിന് പകരം മനുഷ്യഹൃദയങ്ങളാണ് വലുതാകേണ്ടത്. ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിലൂടെ ലോകം മുഴുവൻ സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സഹവർത്തിത്വത്തിന്‍റെയും സന്ദേശം പരക്കട്ടെ എന്നാണ് പ്രതീക്ഷ.
അതോടൊപ്പം ദീർഘകാലമായി ഫ്രാൻസിസ് മാർപാപ്പയുടെ ഭാരത സന്ദർശനത്തിന് വേണ്ടിയുള്ള ജനകോടികളുടെ അഭ്യർഥന ഇതുവരെയും യാഥാർഥ്യമായിട്ടില്ല. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികം താമസിയാതെ ഒരു തീരുമാനമെടുത്ത് 2026ൽ മാർപാപ്പയുടെ ഇന്ത്യ സന്ദർശനം യാഥാർഥ്യമാക്കണം എന്നാണ് ജ്യോത്സ്യന്‍റെ പ്രാർഥന.